Thursday 25 November 2021 03:30 PM IST : By സ്വന്തം ലേഖകൻ

‘ദൈവവുമായി പിടിപാട് കുറവാണ്, എന്നാലും ഒന്ന് ട്രൈ ചെയ്തു നോക്കാം’: നോവുപടർത്തി മോഫിയയുടെ ഉപ്പയുടെ കുറിപ്പ്

mofiya-father

എല്ലാ വേദനകൾക്കും അവധി നൽകി മോഫിയ മരണത്തിന്റെ ലോകത്തേക്ക് മടങ്ങുമ്പോൾ വേദനിക്കുന്ന ഒരുപാട് നെഞ്ചകങ്ങളുണ്ട്. മകളുടെ ഭാവി മാത്രം മുന്നിൽ കണ്ട് അവളെ വളർത്തിയ മാതാപിതാക്കൾ, ചങ്കുപോലെ ചേർന്നു നിന്ന കൂട്ടുകാർ. സ്വാർത്ഥലാഭത്തിനു വേണ്ടി എന്തു നെറികേടും ചെയ്യുന്ന ഒരു കൂട്ടംപേരുടെ ഇടയിൽ ജീവിക്കേണ്ടി വന്നു എന്ന തെറ്റുമാത്രമേ അവൾ ചെയ്തിട്ടുള്ളു. അതിന് അവൾ നൽകേണ്ടി വന്ന വില സ്വന്തംജീവൻ...

മോഫിയയുടെ ആ വേദനകളുടെ എല്ലാ ഭാരവും ഉൾക്കൊണ്ട് പിതാവ് പങ്കുവച്ച കത്തിലെ കൂടുതൽ വരികൾ നോവുപടർത്തുകയാണ്. ''എന്‍റെ മോള്‍ കരളിന്‍റെ ഒരു ഭാഗം. ഞാനും പോകും എന്‍റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും ഞാനായിരുന്നു മോള്‍ക്ക് തുണ. എന്ത് പ്രശ്‌നമുണ്ടെങ്കിലും പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്ക് സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്ത് പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ ഇതിന് മാത്രം എന്നെ വിളിച്ചില്ല. പപ്പേടെ ജീവന്‍കൂടി വേണ്ടെന്ന് വെച്ചിട്ടാകും. പക്ഷേ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ദൈവവുമായി പിടിപാട് കുറവാണ്. എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്കാം''.

മോഫിയയുടെ ആത്മഹത്യ കുറിപ്പിലെ വരികൾ:

പപ്പാ... ചാച്ചാ... സോറി, എന്നോട് ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശരി. അവൻ ശരിയല്ല, പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാന്‍ ഈ ലോകത്ത് ആരെക്കാളും സ്നേഹിച്ചയാൾ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല. അവൻ അനുഭവിക്കും എന്തായാലും. പപ്പ, സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെ ഉണ്ടാകും.

–––––––––––

ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞ് ഉണ്ടാക്കുമെന്ന് അറിയില്ല, അവൻ‌ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും. മാനസിക പ്രശ്നം എന്നു പറയും. ഇനി എനിക്ക് ഇത് കേട്ട് നിൽക്കാൻ വയ്യ....സിഐക്ക് എതിരെ നടപടി എടുക്കണം, സുഹൈൽ മദർ ആൻഡ് ഫാദർ ക്രിമിനൽസാണ്. ശിക്ഷ കൊടുക്കണം...

––––––––

ഞാൻ അവനെ അത്രമേൽ സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കറിയാവുന്ന കാര്യമാണത്, നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. ഞാൻ നിങ്ങളെ സ്നേഹിക്കാൻ പാടില്ലായിരുന്നു...

കുറിപ്പിലെ വരികൾ ഇങ്ങനെ...

നിയമ വിദ്യാർഥിനിയായ എടയപ്പുറം കക്കാട്ടിൽ മോഫിയ പർവീൺ (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), പിതാവ് യൂസഫ് (63) എന്നിവരെ  അറസ്റ്റ് ചെയ്തു. ഐപിസി 304(ബി), 498(എ), 306, 34 എന്നീ  വകുപ്പുകൾ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, വിവാഹിതയ്ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.