Saturday 15 May 2021 01:52 PM IST : By സ്വന്തം ലേഖകൻ

എന്റെ കുഞ്ഞേ... എനിക്കൊട്ടും സങ്കടമില്ല: നീ ട്രിപ്പ് പോയി അടിച്ചുപൊളിക്കുന്നതാണ് എനിക്കറിയാം: വേദനയൊളിപ്പിച്ച് കുറിപ്പ്

nandu-old-fb

അളവില്ലാത്ത ആത്മവിശ്വാസവും ഹൃദയം കീഴടക്കുന്ന പുഞ്ചിരിയും തന്ന് നന്ദു പോയ്മറഞ്ഞിരിക്കുന്നു. കരളുരുക്കുന് കാന്‍സറിന്റെ വേദനകളെ പിഴുതെറിയാന്‍ അവന്‍ ആവോളം ശ്രമിച്ചു. തന്നെ വിട്ടുപോകില്ലെന്നുറിപ്പിച്ച കാന്‍സറെന്ന കാമുകിയെ പരമാവധി അകറ്റിനിര്‍ത്താന്‍ നോക്കി. പക്ഷേ തന്നെ വിട്ടുപോകാന്‍ ആ കാമുകി ഒരുക്കമായിരുന്നില്ലെന്ന് നന്ദു തന്നെ പറഞ്ഞിരുന്നു. 

എംവിആര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നന്ദുവിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. കാര്‍ന്ന് തിന്നുന്ന അര്‍ബുദത്തോട് തോല്‍ക്കാന്‍ മനസില്ലെന്ന് പറഞ്ഞ് ഓരോ തവണയും നന്ദു ജീവിതത്തെ നോക്കി പുഞ്ചിരിച്ചും മറ്റുള്ളവരില്‍ പുഞ്ചിരി വിടര്‍ത്തിയും മടങ്ങി വന്നു.കീമോയ്ക്ക് പിന്നാലെ പാലിയേറ്റീവും നിര്‍ത്തി അടുത്ത ട്രിപ്പ് പോയതാണ് നന്ദുവെന്ന് അര്‍ബുദത്തെ അതിജീവിച്ച അപര്‍ണ ശിവകാമി പറയുന്നു. വേദനകളില്ലാത്ത ലോകത്ത് പാലിയേറ്റീവും നിര്‍ത്തി അടുത്ത ട്രിപ്പ് പോയി അടിച്ചു പൊളിക്കുന്നതാണെന്നും അവര്‍  കുറിക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പിങ്ങനെ..

നന്ദു പോയി...മെയ് 8 ന് MVR ൽ നിന്ന് കണ്ട് പോന്നതാണ്. അവൻ്റെ മുഖത്ത് തലോടി നെറ്റിയിൽ ഉമ്മ കൊടുത്ത് അടുത്ത ചെക്കപ്പിന് വരുമ്പോ കാണാം.. കൊറോണ കുറഞ്ഞാൽ അതിജീവനം ഗ്രൂപ്പിലെ പറ്റുന്നിടത്തോളം പേരെ കൂട്ടി വരാം.. മ്മക്ക് അടിപൊളിയാക്കാം എന്ന് പറഞ്ഞ് പോന്നതാണ്..എൻ്റെ കുഞ്ഞേ...എനിക്കൊട്ടും സങ്കടമില്ല.കീമോ നിർത്താണ്. ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടർ പറഞ്ഞതിൻ്റെ പിറ്റേന്ന് കൂട്ടുകാർക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ്, നീ..ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത..പക്ഷേ എത്രയോ പേർക്ക് ധൈര്യം പകർന്നത്..നീ പാലിയേറ്റീവും നിർത്തി അടുത്ത ട്രിപ്പ് പോയി അടിച്ച് പൊളിക്കുന്നതാണ്... ന്ന്എനിക്കറിയാം..നീ ചെല്ലൂ...വേദനകളില്ലാത്ത ലോകത്തേക്ക്...