Friday 12 November 2021 02:58 PM IST

‘ഞാനെടുക്കുന്നത് വലിയൊരു റിസ്ക്, മുന്നിലുള്ള യാത്ര കഠിനം’: ഗർഭം ധരിക്കാനൊരുങ്ങി നിവേദ്: വനിത എക്സ്ക്ലൂസീവ്

Binsha Muhammed

nived-shoot

ഒന്നുകിൽ ആണ്, അതുമല്ലെങ്കിൽ പെണ്ണ്. അതിനുമപ്പുറത്ത് ജെൻഡർ ഐഡിന്റിറ്റികൾ ഉണ്ടെന്ന പ്രപഞ്ച സത്യം യാഥാസ്ഥിതിക സമൂഹം ഇനിയും ഉൾക്കൊള്ളാൻ തയ്യാറായിട്ടില്ല. ആണുടലിലോ പെണ്ണുടലിലോ ജന്മംമെടുത്ത് വീർപ്പുമുട്ടലുകളുടെ രാപ്പകലുകൾ താണ്ടി ട്രാൻസ്ജെൻഡറുകളായി മാറുന്ന മനുഷ്യർ പോലും പലർക്കും ‘ആണുംപെണ്ണും’ കെട്ടവരാണ്. നിർഭാഗ്യവശാൽ അവരെ ഉൾക്കൊള്ളാനുള്ള വിശാല മനസ്കതയിലേക്കോ പക്വതയിലേക്കോ ഈ നാട് ഇനിയും നടന്നടുത്തിട്ടില്ല.

കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കേ ആണുടലിൽ ജന്മം കൊണ്ട ഒരുവൻ ഗർഭം ധരിക്കുന്നു എന്നു പറഞ്ഞാലോ? ഉറപ്പാണ്, പലരും മൂക്കത്തു വിരൽ വച്ചുപോകും. മോഡലും ഗേയുമായ നിവേദ് അത്തരത്തിലൊരു വിപ്ലവ പ്രഖ്യാപനം നടത്തിയപ്പോഴും മറിച്ചൊന്നും സംഭവിച്ചില്ല.

‘നിനക്കെവിടെയാ... ഗർഭപാത്രം? നീ ആണല്ലേ...’

ചോദ്യങ്ങളും കുത്തുവാക്കുകളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. ആണായി ജനിച്ച തന്റെ വയറ്റിലും ജീവന്റെ കണിക മൊട്ടിടുമെന്ന് വൈദ്യശാസ്ത്രത്തിന്റെ സാധ്യതകൾ മുൻനിർത്തിയാണ് നിവേദ് പങ്കുവച്ചത്. ഒരു കുഞ്ഞിന് ജന്മം നൽകുക, അതുമല്ലെങ്കിൽ സ്വന്തമാക്കുക... ചങ്കിൽ കൊണ്ടു നടന്ന ആ സ്വപ്നവും വിപ്ലവകരമായ തീരുമാനവും പ്രതീകാത്മകമായി ഫൊട്ടോഷൂട്ട് രൂപത്തിൽ അവതരിപ്പിച്ചപ്പോഴായിരുന്നു ചോദ്യശരങ്ങൾ ഉയർന്നത്.

ആണൊരുത്തന് കുഞ്ഞിന് ജന്മം നൽകാനാകുമോ? അങ്ങനെ കഴിയുമെങ്കിൽ തന്നെ എങ്ങനെ പ്രസവിക്കും? ആണത്വത്തിന്റെ വേരുകളുള്ള ശരീരം ഒരു കുഞ്ഞിനെ താങ്ങുമോ? ചോദ്യങ്ങളങ്ങനെ ഒരുപാടാണ്.

എല്ലാ ചോദ്യത്തിനും തത്കാലം ഉത്തരം നൽകാൻ നിവൃത്തിയില്ലെങ്കിലും നിവേദ് ചിലത് തുറന്നു പറയുകയാണ്. ഇതാദ്യമായി ഒരു മാധ്യമത്തോട്, ‘വനിത ഓൺലൈനോട്’ എക്സ്ക്ലൂസീവ് ആയി നിവേദ് സംസാരിക്കുന്നു.

nived-4

മൊട്ടിടും എന്റെയുള്ളിലും ജീവൻ

പണ്ടേക്കു പണ്ടേ ചങ്കിൽ കൊളുത്തി വലിച്ചൊരു സ്വപ്നം. എന്റെ രക്തത്തിൽ നിന്നും ഒരു കുഞ്ഞ് ജനിക്കുക. ആ കുഞ്ഞിന് ഞാൻ അച്ഛനും അമ്മയും എല്ലാം ആകുക. ആണായ എന്റെ ശരീരത്തിൽ ജീവന്റെ തുടിപ്പ് എങ്ങനെ ഉണ്ടാകും എന്നതാണ് ഇവിടെ പലരുടേയും ആശങ്ക. അങ്ങനെയൊന്ന് ഈ ലോകത്ത് സംഭവിക്കുമോ എന്നാണ് ചോദ്യമെങ്കിൽ വൈദ്യശാസ്ത്രത്തിന്റെ നൂതന സങ്കേതങ്ങളെ കൂട്ടുപിടിച്ച് അതേ എന്നു തന്നെയാണ് എന്റെ ഉത്തരം. എനിക്ക് ‘ഗർഭിണിയാകാനാകും’ കുഞ്ഞിന് ജന്മം നൽകാനും. പക്ഷേ അതിലേക്കുള്ള വഴി കഠിനമാണ്. – നിവേദ് പറഞ്ഞു തുടങ്ങുകയാണ്.

ചെറുപ്പത്തിലേ ഒരു അനിയൻ അല്ലെങ്കിൽ അനിയത്തി ഉണ്ടാകുക എന്ന് ഒത്തിരി കൊതിച്ചതാണ്. എന്റെ മമ്മി എലിസബത്ത് അങ്ങനെയൊരു ഗിഫ്റ്റ് എനിക്ക് തരുമെന്ന് കൊതിച്ചതുമാണ്. പക്ഷേ മമ്മിക്ക് യൂട്രസിന്റെ ഓപ്പറേഷനൊക്കെ കഴിഞ്ഞതോടെ മറ്റൊരു പ്രസവത്തിനുള്ള സാധ്യതമങ്ങി. അന്നു തൊട്ടേ, ഒരു വാവയ്ക്കു വേണ്ടിയുള്ള ആഗ്രഹം മനസില്‍ ചാരം മൂടി കിടന്നിരുന്നു. എനിക്കു മാത്രമായി ഒരു കുഞ്ഞാവ അതു വല്ലാത്ത ഫീൽ ആണത്.

കാലം കടന്നു പോയി. ഒത്തിരി മാറ്റങ്ങൾ ജീവിതത്തിൽ സംഭവിച്ചു. കേരളത്തിലെ ആദ്യത്തെ ഗേ കപ്പിൾസിൽ ഒരാൾ എന്ന നിലയിലും എന്റെ ജീവിതം പലർക്കും പരിചിതമായി. ഒടുവിലെ വേർപിരിയലും മാധ്യമങ്ങൾ ആഘോഷമാക്കി.

nived-5

അങ്ങനെയിരിക്കേയാണ് സാധ്യത തുലോം കുറവാണെങ്കിലും ആൺശരീരത്തിലും ഗർഭധാരണത്തിനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കിയത്. ഈ രംഗത്തെ ഡോക്ടർമാരുമായി സംസാരിച്ചു. ഒത്തിരി റിസർച്ച് ചെയ്തു. പക്ഷേ അതു നേടിയെടുക്കണമെങ്കിൽ പലതും സാക്രിഫൈസ് ചെയ്യണമെന്ന് മനസിലായി. ഒന്നാമതായി, ഇങ്ങനെയൊരു ഗർഭധാരണത്തിന് സാധ്യത വെറും മുപ്പതു ശതമാനം മാത്രമാണ്. പക്ഷേ അപ്പോഴും അകലെയെവിടെയോ ഒരു വെട്ടമുണ്ടായിരുന്നു. എനിക്കും കുഞ്ഞിന് ജന്മം നൽകാനാകുമെന്ന് ചെറുതെങ്കിലും ഒരു പ്രതീക്ഷയുണ്ടായിരുന്നു. മനസിൽ കൂടുകൂട്ടിയ ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ഫൊട്ടോഷൂട്ട് രൂപത്തിൽ പങ്കുവച്ചത്.

വെറുമൊരു സൂചന മാത്രം നൽകി പങ്കുവച്ച ആ ഫൊട്ടോഷൂട്ടിനു നേരെ നൂറു ചോദ്യങ്ങൾ ഉയർന്നു. ചില മാധ്യമങ്ങൾ അകവും പൊരുളുമറിയാതെ ഞാൻ 5മാസം ഗർഭം ധരിച്ചിരിക്കുകയാണെന്നു വരെ പടച്ചുവിട്ടു. എൽജിബിറ്റി കമ്മ്യൂണിറ്റിയില്‍ നിന്നു വരെ ചോദ്യങ്ങളും പരിഹാസങ്ങളും ഉയർന്നു. ഇതൊന്നും നടക്കില്ല. പിന്നെന്തിനാണ് ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത്. നടക്കാത്ത സ്വപ്നത്തിന്റെ പുറകേ പോണോ, റിസ്ക് എടുക്കണോ എന്നിങ്ങനെ നൂറു ചോദ്യങ്ങൾ. വീണ്ടും പറയട്ടേ, മുന്നിലുള്ളത് വലിയൊരു വെല്ലുവിളിയാണ്. പക്ഷേ അതിനു വേണ്ടി ശ്രമിക്കാതിരിക്കാൻ എനിക്കാവുന്നില്ല. കൂടെ നിന്നില്ലെങ്കിലും എന്റെ സ്വപ്നം, അതിന്റെ ആഴം അതെത്രത്തോളം വലുതാണെന്ന് തിരിച്ചറിയാനുള്ള മനസുണ്ടാകണം. കുത്തുവാക്കുകൾ ചൊരിയും മുമ്പ് എല്ലാത്തിനുമുപരി ഇതൊരു വ്യക്തിയുടെ സ്വാതന്ത്ര്യം ആണെന്ന് കൂടി പരിഗണിക്കണം.

nived-2

കടമ്പകൾ അതികഠിനം

ആൺശരീരം ഗർഭംധരിക്കാൻ പ്രധാനമായും മൂന്ന് സാധ്യതകളാണ് മുന്നിലുള്ളത്. അതോരോന്നും അതിന്റെ വിശദാംശങ്ങളും ഇപ്പോൾ പറയാൻ നിർവാഹമില്ല. ഇങ്ങനെയൊരു സാധ്യത അല്ലെങ്കിൽ പരിശ്രമം നടക്കുന്നത് ബംഗളൂരിവിലായിരിക്കും. ഇൻഡോറിൽ നിന്നുള്ള ഒരു ഡോക്ടറാണ് വൈദ്യശാസ്ത്ര രംഗത്തെ തന്നെ റിസ്കിയായ അറ്റംപ്റ്റ് ഏറ്റെടുക്കുന്നത്.

ഡിസംബറിൽ അദ്ദേഹം ബംഗളൂരുവിൽ എത്തുമ്പോൾ ഈയൊരു ഗർഭധാരണത്തിനുള്ള നടപടി ക്രമങ്ങൾക്ക് തുടക്കം കുറിക്കും. അദ്ദേഹവുമായി പ്രാഥമികമായി ഒരു ചർച്ചയുണ്ടാകും. ഏതൊക്കെ ഘട്ടത്തിലൂടെ കടന്നു പോകുമെന്നും ഏതൊക്കെ സർജറിയാണ് വേണ്ടി വരുന്നതെന്നും വിശദമായി ചോദിച്ചു മനസിലാക്കും. അപ്പോഴുള്ള എന്റെ ആരോഗ്യ സ്ഥിതി അനുസരിച്ച് ഈയൊരു പരീക്ഷണം ഫലവത്താകുമോ അങ്ങനെ സംഭവിച്ചാൽ തന്നെ അതിന്റെ അനന്തര ഫലങ്ങൾ എന്തൊക്കെയെന്നൊക്കെ കൃത്യമായി ധാരണ വരുത്തേണ്ടതുണ്ട്. അതിനു ശേഷമേ പൂർണമായും സർജറി പോലുള്ള പ്രോസസുകളിലേക്ക് കടക്കുകയുള്ളൂ.

ഈ പറഞ്ഞതെല്ലാം ഓകെ ആണെങ്കിൽ മാത്രം. ശരീരത്തിലെ ഹോർമോൺ ടെസ്റ്റുകൾ ഉൾപ്പെടെ വിശദമായ പരിശോധനകൾ പ്രാരംഭ നടപടി ക്രമമെന്നോണം ഉണ്ടാകും. അതായത്, എന്റെ ശരീരത്തിലെ ഫീമെയിൽ ഹോർമോണുകൾ എത്രത്തോളം ഉണ്ടെന്ന് ഈ ടെസ്റ്റിലൂടെ അറിയാൻ കഴിയും. ശേഷം സെക്സ് റീ അസൈൻമെന്റ് സർജറി (Sex reassignment surgery) എന്നൊരു ഘട്ടമുണ്ട്. സ്ത്രീയുടേത് പോലെ വജൈന വച്ചു പിടിപ്പിക്കുന്ന സർജറി. അതും സക്സസായാൽ മാത്രമേ ഈ പ്രോസസിന്റെ ഏറ്റവും പ്രധാന ഘട്ടത്തിലേക്കെത്തുന്നത്. കൃത്രിമമായി എന്റെ ശരീരത്തിൽ ഗർഭപാത്രം വച്ചു പിടിപ്പിക്കുന്ന സർജറി. അവിടെയും തീരുന്നില്ല, എന്റെ ശരീരത്തിൽ വച്ചുപിടിപ്പിക്കുന്ന ഗർഭപാത്രത്തെ എന്നിലെ പുരുഷ ശരീരം ഉൾക്കൊള്ളുമോ എന്നുറപ്പിക്കണം. ആ ഉറപ്പ് ഇപ്പോൾ എന്റെ കയ്യിലല്ല. എന്തും സംഭവിക്കാം. അത് എന്താകുമെന്ന് കണ്ടറിയണം. ഞാനിപ്പോൾ അതിനു വേണ്ടിയുള്ള മാനസികമായ തയ്യാറെടുപ്പിലാണ്.

nived-3

എന്തിനീ സാഹസത്തിനു മുതിരുന്നു എന്ന് പലരും ചോദിച്ചേക്കാം. ഒരു കുഞ്ഞെന്ന എന്റെ സ്വപ്നത്തിനു വേണ്ടിയാണ് എന്റെ ഈ ശ്രമങ്ങളും പ്രാർഥനയുമെല്ലാം. ഇതൊന്നും സംഭവിച്ചില്ലെങ്കിലും ഞാനെന്റെ ആഗ്രഹത്തിൽ നിന്നു പിന്നോട്ടു പോകില്ല. എന്റെ സ്പേം സ്വീകരിച്ച് എനിക്കു വേണ്ടി ഗർഭിണിയാകാമെന്ന് എന്റെ കൂട്ടുകാരി പറഞ്ഞിട്ടുണ്ട്. അതുമല്ലെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുക്കും.

പറഞ്ഞതു തന്നെ വീണ്ടും ആവർത്തിക്കുന്നു. ഒത്തിരി റിസ്ക് എലമെന്റ്സ് ഈ പ്രോസസിൽ ഉണ്ട്. നടക്കുമോ എന്ന് ഉറപ്പു പറയാൻ പോലും വയ്യാത്ത അവസ്ഥ. ഒന്നുമാത്രം പറയാം, ഈ സ്വപ്നത്തിന് എന്റെ ജീവിതത്തോളം വിലയുണ്ട്. ഞാൻ കാത്തിരിക്കുകയാണ്, ആ നല്ല നിമിഷത്തിനായി– നിവേദ് പറഞ്ഞു നിർത്തി.

nived-1