Wednesday 27 October 2021 02:33 PM IST : By സ്വന്തം ലേഖകൻ

‘അവളുടെ ആത്മാവ് എനിക്കൊപ്പമുണ്ട്, സത്യം പുറത്തു കൊണ്ടുവന്നതും അവൾ’: ചെയ്യാത്ത തെറ്റിന്റെ പേരിൽ ഉരുകിയ ജീവിതം: ടിജിൻ പറയുന്നു

pta-murder

സ്നേഹിച്ച പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെടുക, അതിന്റെ കുറ്റം ചാർത്തപ്പെട്ട് ജീവിതം നരകതുല്യമാവുക..... എല്ലാവരും ആട്ടിയകറ്റുക. 2019 ഡിസംബർ 15 മുതൽ കഴിഞ്ഞ തിങ്കളാഴ്ചവരെ അപവാദങ്ങളുടെ തീച്ചൂളയിൽ ഉരുകുകയായിരുന്നു ടിജിൻ ജോസഫ് (29). ഇന്ന് നിരപരാധിയെന്നു വിധി വരുമ്പോഴും മനസ്സുതുറന്ന് ചിരിക്കാൻപോലും പറ്റാത്ത സ്ഥിതിയിലാണു കോട്ടാങ്ങൽ കണയുങ്കൽ ടിജിൻ ജോസഫും പിതാവും. 2019 ഡിസംബർ 15 മുതൽ ഒറ്റപ്പെടലും അപവാദങ്ങളുടെ പെരുമഴയുമായിരുന്നു ജീവിതം. പിടിച്ചുനിന്നത് സത്യംജയിക്കുമെന്ന വിശ്വാസം കൊണ്ടു മാത്രമായിരുന്നുവെന്ന് ടിജിൻ.

‘അവളുടെ ആത്മാവ് എന്റെ കൂടെയുണ്ട്. എന്റെ സത്യം പുറത്തുകൊണ്ടുവന്നത് അവളാണ്..’ ടിജിന്റെ വാക്കുകളിൽ കണ്ണീരിന്റെ നനവും നഷ്ടത്തിന്റെ ആഴവും നിറയുന്നു.  ചെറുപ്പംമുതൽ സ്നേഹിച്ച പെൺകുട്ടി, ഒരുപാടു ദുരിതകാലത്തിനു ശേഷം തിരികെയെത്തിയതായിരുന്നുവെന്നു ടിജിൻ പറയുന്നു. നിയമത്തിന്റെ നൂലാമാലകളെല്ലാം ഒരുവിധം തീർത്ത് ജീവിതം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. എല്ലാ സന്തോഷത്തിനും മേൽ പതിച്ച തീഗോളമായിരുന്നു പെൺകുട്ടിയുടെ മരണം. ‘അച്ഛനും ഞാനും ചേർന്നു കൊന്നെന്നും എന്റെ പാവം അച്ഛൻ അവളോടു മോശമായി പെരുമാറിയെന്നുപോലും പറഞ്ഞു. അച്ഛന് അവൾ സ്വന്തം മോളായിരുന്നു. എന്റെ കുഞ്ഞിന് അമ്മയും’.

പെരുമ്പെട്ടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പല തവണ ചോദ്യം ചെയ്യലിന് വിധേയനായി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ പണം ആവശ്യപ്പെട്ടു.  നൽകാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടിൽ എത്തി വിലപിടിച്ച വസ്തുകൾ എടുക്കുവാൻ ശ്രമിച്ചപ്പോൾ തടഞ്ഞു. തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സർക്കിളിന് മുന്നിൽ ഹാജരായപ്പോൾ ചോദ്യംചെയ്യലിന് മറ്റൊരു  മുറിയിലേക്ക് വരാൻ എസ്ഐ നിർദേശിച്ചു. അവിടെ കൊടിയ മർദനം നേരിട്ടെന്നും ടിജിൻ പറയുന്നു. നട്ടെല്ലിനും കൈക്കും ഗുരുതരമായി പരുക്കേറ്റു.  വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ അസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ പോകാൻ ടാക്സികൾ പോലും വന്നില്ല. മറ്റൊരിടത്തുനിന്നുമാണ് വാഹനം എത്തിയത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 7 ദിവസം ചികിത്സയിൽ കഴിഞ്ഞു. ഓട്ടോ ഓടിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്. രണ്ടു വർഷത്തിനിടെ ഓട്ടം വിളിക്കാൻ പോലും ആളുകൾക്കു മടിയായിരുന്നു.  മുഖ്യമന്ത്രിക്കും ഡിജിപിക്കും കോടതിയിലും മർദന വിവരം കാട്ടി പരാതി നൽകി. അന്വേഷണത്തിൽ എസ്ഐക്ക് എതിരെ റിപ്പോർട്ട് വന്നതിനെ തുടർന്ന് സസ്പൻഷൻ ലഭിച്ചതായിരുന്നു നീതിയുടെ ആദ്യ ജയമെന്ന് ടി‍ജിൻ പറയുന്നു. ഒടുവിൽ, 2020ൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പല തവണ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ മൊഴി നൽകാൻ പോയി. നീതിയുക്തമായ അന്വേഷണം എങ്ങനെയെന്നത് അവിടെ നിന്നു മനസ്സില്ലായതെന്നും ടിജിൻ പറയുന്നു.