Friday 03 February 2023 11:49 AM IST : By സ്വന്തം ലേഖകൻ

പെട്രോളിലെ എഥനോളിന്റെ ഗന്ധം ആകർഷിച്ചെത്തുന്ന ചെറുവണ്ടുകൾ; ഫ്യൂവൽ പൈപ്പ് തുരന്നാലും അഗ്നിബാധയുണ്ടാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

gas-can-beetle566

കണ്ണൂർ ജില്ലാ ആശുപത്രി റോഡിൽ പ്രജിത്ത്- റീഷ ദമ്പതികളും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ആശുപത്രിയിലെത്താൻ 300 മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് തീയിൽ അമർന്നത്. മുന്നിലെ ഡോർ തുറക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രജിത്തിന്റെയും റീഷയുടെയും ജീവനെടുത്തുകൊണ്ട് തീ ആളിപ്പടർന്നത്. തീപിടിച്ച കാറിനകത്ത് സീറ്റ് ബെൽറ്റ് കുരുങ്ങുകയും ഡോർ തുറക്കാനാവാതെ വരുകയും ചെയ്തതാണ് വലിയ ദുരന്തത്തിനു കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

വണ്ടുകളും വില്ലന്മാർ

ഇന്ധന ടാങ്കിൽ നിന്ന് എൻജിലേക്ക് പോകുന്ന ഫ്യൂവൽ പൈപ്പ് ഒരിനം വണ്ടുകൾ തുരക്കുന്നത് ഇന്ധന ചോർച്ചയ്ക്കു കാരണമാകുന്നതായി നേരത്തേ വാർത്തകളുണ്ടായിരുന്നു. ഇന്ധന ചോർച്ച അഗ്നിബാധയ്ക്കു പ്രധാന കാരണമായി പറയുന്നുണ്ട്. വണ്ടുകൾ ഫ്യൂവൽ പൈപ്പ് നശിപ്പിക്കുന്നുണ്ടോ എന്ന കാര്യം വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുന്നതു നന്നായിരിക്കും. ഇന്നലെ കാർ കത്തിയ സംഭവവും ഇതുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലെങ്കിലും ഭാവിയിൽ, ഇന്ധന ചോർച്ച മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇതു സഹായകമാകും. 

ഫ്യൂവൽ പൈപ്പ് വണ്ടുകൾ തുരന്നതുമായി ബന്ധപ്പെട്ട് അറ്റകുറ്റ പണികൾക്കായി ഒട്ടേറെ വാഹനങ്ങൾ എത്തുന്നതായി വർക്ക് ഷോപ്പുകാർ പറയുന്നുണ്ട്. പെട്രോളിലെ എഥനോളിന്റെ ഗന്ധം ആകർഷിച്ചെത്തുന്ന ചെറുവണ്ടുകൾ പൈപ്പ് തുരക്കും എന്നാണ് കണ്ടെത്തൽ. ഇന്ധന ടാങ്കിൽ നിന്നുള്ള പൈപ്പിൽ നിന്ന് പെട്രോൾ ചോർന്നാൽ ചെറിയൊരു തീ പൊരി മതി അഗ്നിബാധയുണ്ടാകാനെന്നു വിദഗ്ധരും സമ്മതിക്കുന്നു.

വണ്ടുകളെ പ്രതിരോധിക്കുന്ന പൈപ്പുകൾ ഉപയോഗിക്കുകയാണ് പ്രതിവിധിയെന്നും മെക്കാനിക്കുകൾ പറയുന്നു. വാഹനം ഓടിക്കുന്നതിന് മുന്‍പ് സ്റ്റാർട്ട് ചെയ്ത് നന്നായി ആക്സിലറേറ്റർ കൊടുത്താൽ ഇന്ധന പൈപ്പിന് ചോർച്ചയുണ്ടോ എന്ന് കണ്ടെത്താൻ പറ്റും. രൂക്ഷമായ പെട്രോൾ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇന്ധന ടാങ്കിൽ നിന്നുള്ള പൈപ്പിന് ചോർച്ചയുണ്ടെന്ന് ഉറപ്പിക്കാമെന്നും വാഹന മേഖലയിലുള്ളവർ പറയുന്നു.

Tags:
  • Spotlight