Monday 21 December 2020 10:18 PM IST

ആദ്യം 18 ദിവസത്തെ നിരാഹാര സമരം, പൊലീസ് കസ്റ്റ‍‍ഡിയിൽ മൂന്നു ദിവസം വീണ്ടും, ഒടുവിൽ സംഭവിച്ചത്! തൊണ്ണൂറാം വയസ്സിൽ സമരാവേശത്തിന്റെ കഥ പറഞ്ഞ് ഫിലമിൻ മേരി സിസ്റ്റർ

Priyadharsini Priya

Sub Editor

philamin332213

നാം ഇന്നനുഭവിക്കുന്ന തണല്‍ മറ്റാരോ കൊണ്ട വെയിലിന്റെ ഫലമാണെന്ന് പറയാറുണ്ട്. വർഷങ്ങൾക്ക് മുൻപ് ചരിത്രം തിരുത്താൻ മുന്നിട്ടിറങ്ങിയ ഒരമ്മ, സിസ്റ്റർ ഫിലമിൻ മേരി. മരണം മുന്നിൽ കണ്ടപ്പോഴും നെഞ്ചോടു ചേർത്തുപിടിച്ച ബൈബിളിലെ വചനങ്ങളായിരുന്നു തളരാതെ മുന്നേറാൻ അവരുടെ ആത്മാവിനു ശക്തി പകർന്നത്. ഇന്ന് കർഷകർ അവകാശങ്ങൾക്കു വേണ്ടി തെരുവിൽ പോരാടുമ്പോൾ വർഷങ്ങൾക്കു മുൻപ് മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ മുന്നിട്ടിറങ്ങിയ ഓർമകളിലേക്ക് മാർച്ച് ചെയ്യുകയാണ് ഈ തൊണ്ണൂറാം വയസ്സിൽ ഫിലമിൻ മേരി സിസ്റ്റർ. 

"യേശു വന്നത് വിമോചകനാകാനാണ് എന്നാണ് ബൈബിളിൽ പറയുന്നത്. ഞാനും അതുതന്നെ വിശ്വസിച്ചു, ഞാൻ വന്നിരിക്കുന്നത് മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താനാണ് എന്ന് ചിന്തിച്ചു. ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതല്ലാതെ കുടിക്കാനും ഉണ്ണാനും ഉറങ്ങാനും ഇല്ലാതെ മൃഗങ്ങളെ പോലെ ജീവിക്കേണ്ടവനല്ല മനുഷ്യൻ. കഷ്ടം അനുഭവിക്കുന്നവർക്കൊപ്പം ജീവിക്കുമ്പോൾ അവരുടെ കുറവുകൾ, പ്രയാസങ്ങൾ നമ്മുടെ മനസ്സിനെ സ്പർശിക്കും.

മത്സ്യത്തൊഴിലാളികൾക്കൊപ്പം ഞാൻ ജീവിച്ചു. രോഗം വന്നാൽ പ്രാഥമിക ചികിത്സ  പോലും ലഭിക്കാത്ത തരത്തിൽ, ചുമരിന്റെ അപ്പുറത്തും ഇപ്പുറത്തുമാണ് അവരുടെ ജീവിതം. മഴയും കാറ്റും ഇടിയും വരുമ്പോഴേക്കും അതുവരെ സ്വരുക്കൂട്ടിയതെല്ലാം ഒലിച്ചു പോകും. പിന്നെ എല്ലാം ആദ്യം തൊട്ടു തുടങ്ങണം. അങ്ങനെ അവരുടെ വിഷമങ്ങൾ നേരിട്ട് കണ്ടറിഞ്ഞു. അത് ഞങ്ങളുടേത് കൂടിയായി മാറിയപ്പോഴാണ് മരിച്ചാലും വേണ്ടില്ല ഈ കൊച്ചുങ്ങൾ എങ്കിലും ജീവിക്കട്ടെ എന്നെനിക്ക് തോന്നിയത്."- കടലിന്റെ മക്കൾക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയ 'അമ്മ' പറയുന്നു. 

മരണത്തെ മുറുക്കെ പിടിച്ചു 21 ദിവസത്തോളം നടത്തിയ പോരാട്ടത്തിന്റെ കഥ വനിത ഓൺലൈനുമായി പങ്കുവയ്ക്കുമ്പോൾ മുഖത്ത് പഴയ സമര നായികയുടെ വീര്യം, ശബ്ദത്തിനു ഇടർച്ചയില്ല, ഓർമ്മകൾക്ക് കാലം മങ്ങൽ ഏൽപ്പിച്ചിട്ടില്ല. 

അവരായി അവർക്കൊപ്പം 

ഞാനൊരു മെഡിക്കൽ മിഷൻ സിസ്റ്ററാണ്. സെക്കന്റ് വത്തിക്കാൻ കൗൺസിൽ കഴിഞ്ഞപ്പോൾ തന്നെ ഞങ്ങളുടെ സഭ ഒരു തീരുമാനമെടുത്തിരുന്നു. കൂടുതലും പാവങ്ങൾക്കിടയിലാണ് ഞങ്ങൾ പ്രവർത്തിക്കേണ്ടതെന്ന്. ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകണമെങ്കിൽ മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങൾ കൂടി നിറവേറണമെന്ന അഭിപ്രായമുണ്ടായി. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ സിസ്റ്റർമാർ സാമൂഹിക പ്രവർത്തങ്ങൾക്കായി പല സ്ഥലങ്ങളിലേക്ക് പോകേണ്ടതായി വന്നു. 

ചിലർ നാഗാലാ‌ൻഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് പോയി. എനിക്ക് ഹിന്ദി ഭാഷ അത്ര വശമില്ലാത്തതു കൊണ്ട് കേരളത്തിലെ തീരപ്രദേശങ്ങളിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. ഞാൻ ബി ഫാം കഴിഞ്ഞു ഫാർമസിസ്റ്റായി കുറേ കാലം പ്രവർത്തിച്ചു. പിന്നീട് ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ആയിരുന്നു ഡ്യൂട്ടി. അതിനുവേണ്ടി അക്കാലത്ത് എംബിഎയും സ്വന്തമാക്കിയിരുന്നു. എനിക്ക് പ്രവർത്തിക്കാൻ കിട്ടിയത് തിരുവനന്തപുരത്തെ അഞ്ചുതെങ്ങ് പോലുള്ള തീരദേശ പ്രദേശങ്ങളാണ്. അവിടെ ഹെൽത്ത് ഫീൽഡിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു കാര്യം മനസ്സിലായി. അവർക്കിടയിൽ ഉണ്ടാകുന്ന 80 ശതമാനം രോഗങ്ങളും ചികിത്സിച്ചു ഭേദമാക്കാൻ പറ്റുന്നവയാണ്. എന്നാൽ ഭേദമായി വീട്ടിലേക്ക് പോകുന്നവർ പിന്നീടും അതേ രോഗം പിടിപെടുന്ന മോശം സാഹചര്യത്തിലാണ് ജീവിക്കുന്നത്. വീടില്ലാത്തവർ, ടോയ്‌ലറ്റുകളില്ല, നല്ല കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യത്തിൽ ആരോഗ്യത്തോടെ ഇരിക്കുക പ്രയാസകരമാണെന്ന് എനിക്ക് തോന്നി.

അവരെപ്പോലെ ജീവിച്ചാലേ അവരുടെ കഷ്ടങ്ങൾ മനസ്സിലാകൂ. ഞങ്ങൾ രണ്ടുമൂന്നു സിസ്റ്റർമാർ ചെറിയ ഒരു വീട്ടിൽ താമസം ആരംഭിച്ചു. അപ്പോഴാണ് ട്രോളിങ്ങിന്റെ പ്രശ്നം കൂടുതലായിട്ട് വന്നത്. നോർവെയിലൊക്കെ നിർത്തിയപ്പോഴാണ് കേരളത്തിൽ യന്ത്രവത്കൃത ബോട്ടുകളുടെ ട്രോളിങ് വന്നത്. മത്സ്യ സമ്പത്ത് കുറയുന്നത് മാത്രമല്ല പ്രശ്നം, ഇവർ തീരത്തേക്ക് വരുമ്പോൾ ചെറിയ കട്ടമരം പോലുള്ള തോണികളിൽ തട്ടി മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഉണ്ടായി. നിരവധി മരണങ്ങൾ അങ്ങനെ സംഭവിച്ചു. ഇതോടെയാണ് ഒരു യൂണിയൻ ഉണ്ടാക്കാനും ട്രോളിങ്ങിനെതിരെ സമരം ചെയ്യാനും തീരുമാനിച്ചത്. 

philonnnbgvf

മരണം വരെയും സമരം ചെയ്യും

38 വർഷത്തോളം ഞാൻ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിച്ചു. അതിനിടെ പല സമരത്തിലും പങ്കാളിയായി. ട്രോളിങ്ങിന് എതിരായുള്ള സമരം 1981 ലായിരുന്നു തുടങ്ങിയത്. പിന്നീട് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ കീഴിലാണ് 1984 ൽ ഞാൻ മരണം വരെ നിരാഹാരം ആരംഭിച്ചത്. അന്നെനിക്ക് 54 വയസ്സായിരുന്നു. കുറേപേർ ഒരുമിച്ചാണ് നിരാഹാരം കിടന്നത്. ചിലരുടെയൊക്കെ ആരോഗ്യസ്ഥിതി വളരെ മോശമായതോടെ പത്തും പന്ത്രണ്ടും ദിവസം കഴിഞ്ഞപ്പോൾ നിരാഹാരം അവസാനിപ്പിച്ചു. ഞാൻ നിരാഹാരം തുടങ്ങി 18 ദിവസമായപ്പോൾ ആശുപത്രിയിലായി. ഇതിനിടെ ആറു ദിവസം ജയിലിലും കിടന്നു. ഞങ്ങൾ 13 പേർ, മൂന്നു സിസ്റ്റർമാരും സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട മത്സ്യ തൊഴിലാളികളും അറസ്റ്റ് വരിച്ചു. അന്ന് കെ. കരുണാകരന്റെ മന്ത്രിസഭയായിരുന്നു. സിസ്റ്റർമാർ ഉൾപ്പെടെയുള്ളവർ സെൻട്രൽ ജയിലിൽ ആയതു വലിയ ഒച്ചപ്പാടുണ്ടാക്കി. 

പൊതുജനങ്ങളിൽ നിന്ന് എതിർപ്പ് വന്നതോടെ ഞങ്ങളെ റിലീസ് ചെയ്തു. എന്നാൽ മുന്നോട്ടുവച്ച നിർദേശങ്ങൾ അവർ അംഗീകരിക്കാതെ റിലീസ് ചെയ്തത് ഞങ്ങളും അംഗീകരിച്ചില്ല. അങ്ങനെയാണ് സെക്രട്ടേറിയറ്റിനു മുന്നിൽ വീണ്ടും നിരാഹാരം ഇരുന്നത്. സംസ്ഥാനവ്യാപകമായി നിരവധിപേർ സമരത്തിൽ പങ്കാളികളായിരുന്നു. പലരുടെയും ആരോഗ്യസ്ഥിതി മോശമായി തുടങ്ങി. മരണം സംഭവിച്ചാൽ അതവരുടെ കുടുംബത്തിന് വലിയ നഷ്ടമാകും എന്ന് സംഘടനയ്ക്കും ബോധ്യപ്പെട്ടു. ഇതോടെ സാധാരണക്കാരെ സമരത്തിൽ നിന്ന് മാറ്റി നിർത്തി. ഞാൻ ആദ്യം തൊട്ടേ പറയുമായിരുന്നു സമരത്തിനു ഇറങ്ങിയാൽ മരിക്കുന്നത് വരെ നിരാഹാരം ഇരിക്കാൻ തയാറാണെന്ന്.

ജയിലിൽ ആയിരുന്നപ്പോഴും നിരാഹാരം തുടർന്നിരുന്നു. ഞാൻ 18 ദിവസം വരെ സെക്രട്ടേറിയറ്റിന്റെ നടയിൽ തന്നെ കിടന്നു. പൊലീസുകാരും ഡോക്ടർമാരുമൊക്കെ വന്ന് പരിശോധിക്കുമായിരുന്നു. ആരോഗ്യം വഷളായതോടെ എന്നെ അറസ്റ്റ് ചെയ്തു ഹോസ്പിറ്റലിലാക്കി. അവിടെയും നിരാഹാരം തുടർന്നു. ഐവി എടുക്കാൻ വന്നപ്പോൾ ഞാൻ അതിനു സമ്മതിച്ചില്ല. അങ്ങനെ ഛർദ്ദിൽ കൂടി, രക്തത്തിൽ ക്രിയാറ്റിൽ കൂടി അവശനിലയിലായി. അന്നേരം ബലമായിട്ട് അവരെന്നെ കൊണ്ടുപോയി. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ കിടത്തുന്ന റൂമുണ്ട്, അവിടെ കൊണ്ടുപോയി അടച്ചു. അവിടേക്ക് ആർക്കും പ്രവേശനം ഉണ്ടായിരുന്നില്ല.

അവിടെവച്ച് എന്നെ എല്ലാവരും കൂടെ പിടിച്ചുവച്ച് ഐവിയും മരുന്നുമൊക്കെ തരാൻ ശ്രമിച്ചു. ഞാനതെല്ലാം നിരസിച്ചു. പിന്നീട് പൊലീസുകാർ വന്ന് കാലും കൈയും കെട്ടിയിട്ട് രണ്ടു ദിവസം ഐവിയൊക്കെ തന്നു. ആ സമയത്ത് യൂണിയനിലുള്ള ആളുകളെയൊന്നും അവിടെ കയറ്റില്ലായിരുന്നു. അവർ കേസ് കൊടുത്തിരുന്നു, കോടതിയിൽ ഹാജരാക്കാതെ അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞ്. എന്നെ റിലീസ് ചെയ്യണം എന്ന് അവർ ആവശ്യപ്പെട്ടു. ഡോക്ടർമാർ സമ്മതിച്ചില്ല. പിന്നീട് ഒപ്പിട്ടു കൊടുത്ത ശേഷമാണ് അവിടെ നിന്ന് വിട്ടത്. അപ്പോഴേക്കും 21 ദിവസം കഴിഞ്ഞിരുന്നു. ആരോഗ്യം കൂടുതൽ മോശമായി. നടക്കാനൊന്നും വയ്യാത്ത സ്‌ഥിതിയായിരുന്നു. വീണ്ടും ഞാൻ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടർന്നു. പിന്നെ ചർച്ചയായി, ഞാൻ മരിക്കുകയാണെങ്കിൽ യൂണിയൻകാരാണ് എന്റെ മരണത്തിനു ഉത്തരവാദി എന്ന ആരോപണം വരുമെന്ന് അവർ ഭയന്നു.

മത്സ്യത്തൊഴിലാളികളും പരിഭ്രമിച്ചു പോയി. 'ഞങ്ങൾക്ക് ഇനിയൊന്നും കിട്ടിയില്ലെങ്കിലും വേണ്ട, സിസ്റ്റർ മരിക്കണ്ട' എന്നവർ സങ്കടത്തോടെ പറഞ്ഞു. യൂണിയനിൽ തന്നെ വിരുദ്ധാഭിപ്രായം ഉണ്ടായി. സമരം നിർത്താമെന്ന ആലോചനയൊക്കെ വന്നു. അവകാശം നേടിയെടുക്കുന്നതുവരെ സമരം തുടരാൻ ഞാൻ തയാറായിരുന്നു. പക്ഷെ, എല്ലാവരുടെയും തീരുമാനപ്രകാരം 23 ദിവസം കഴിഞ്ഞപ്പോൾ സമരം നിർത്തി.

അന്ന് സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടിയതാണ് മത്സ്യത്തൊഴിലാളി കുട്ടികളുടെ ലംസം ഗ്രാൻഡ്, പെൻഷൻ, ഓൾഡ് എയ്‌ജ് പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ. കടലിൽ പോയി മരിക്കുകയോ അപകടം പറ്റുകയോ ചെയ്യുന്നവർക്കുള്ള നഷ്ടപരിഹാരവും അവർ കൂട്ടിത്തന്നു. അങ്ങനെ സമരം മൂലം ചില നല്ല തീരുമാനങ്ങളും ഉണ്ടായി. ഇന്ന് അതെല്ലാം ഓർക്കുമ്പോൾ സന്തോഷം തോന്നുന്നു. മനുഷ്യരെല്ലാം ഒരുപോലെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിൽ കഴിയേണ്ടവരാണ്. ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കണം. സ്നേഹത്തോടെ, സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഈ ഭൂമിയിൽ ഉണ്ടാകണം. 

ഇപ്പോൾ ഭരണങ്ങാനത്തെ ശാലോം കേന്ദ്രത്തിൽ വിശ്രമജീവിതത്തിലാണ് സിസ്റ്റർ ഫിലമിൻ മേരി. ഡിസംബർ 11 നായിരുന്നു സിസ്റ്ററിന്റെ നവതി ആഘോഷം.

Tags:
  • Spotlight
  • Inspirational Story