Wednesday 29 August 2018 12:07 PM IST

മഴ തകർത്ത വീടിന്റെ ബലക്ഷയത്തെയോർത്ത് പേടി വേണ്ട; സൗജന്യ ഉപദേശവുമായി സ്ട്രക്ചറൽ എഞ്ചിനീയർമാരുടെ സംഘം

Binsha Muhammed

rain-havoc

ദുരിതപ്രളയത്തെ അതിജീവിച്ച മലയാളി ഇനി തേടുന്നത് പ്രതീക്ഷകളുടെ മറുകരകളാണ്. പേമാരിയിൽ തകർന്നുടഞ്ഞ സ്വപ്നങ്ങളുടെ കണക്കെടുത്ത് പുതുജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് പലരും. സ്വപ്നങ്ങളും ആഗ്രഹങ്ങളും സ്വരുക്കൂട്ടി പടുത്തുയർത്തിയ വീടുകൾ, ജീവിതത്തെ പച്ച പിടിപ്പിച്ച കൃഷിയിടങ്ങൾ, എല്ലാത്തിനും മേലെ മഴ കൊണ്ടു പോയ ഒരുപിടി ജീവനുകൾ. മഴയെടുത്ത നഷ്ടങ്ങളുടെ കണക്ക് ഇങ്ങനെ എണ്ണിത്തിട്ടപ്പെടുത്തുക പ്രയാസം.

വർഷങ്ങളുടെ കഠിനാദ്ധ്വാനങ്ങൾക്കൊടുവിൽ പടുത്തുയർത്തിയ സ്വപ്നഭവനങ്ങൾ നിലംപൊത്തിയതാണ് ഈ മഴക്കാലത്തെ ഏറ്റവും ദുരിതക്കാഴ്ചയെന്ന് നിസംശയം പറയാം. ഒരായുസ്സിന്റെ മുഴുവൻ സ്വത്തു സമ്പാദ്യങ്ങളുടെ ആകെത്തുകയായ ഭവനങ്ങൾ തകർന്നു വീഴുന്നത് കണ്ട് കണ്ണീർ വാർത്ത എത്രയോ പേർ.

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വെള്ളക്കെട്ടിറങ്ങിയ വീടുകളിലേക്ക് തിരികെ നടക്കുമ്പോൾ നമുക്ക് ആശങ്കയേറേയാണ്. നമ്മുടെ വീടുകൾ ഇനി വാസയോഗ്യമോ?, പഴയതു പോലെ പേടി കൂടാതെ താമസിക്കാനാകുമോ? ഇത്തരം ആപത്ഘട്ടങ്ങളെ നേരിടാൻ എന്തെല്ലാം മുൻകരുതലുകൾ വേണം? ചോദ്യങ്ങൾ നിരവധിയാണ്.

മഴയെടുത്തതും നശിച്ചു പോയതുമായ വീടുകളും കണ്ട് കണ്ണീർവാർത്തവരുടെ ആശങ്കയ്ക്കുള്ള ഉത്തരം വനിതാ ഓൺലൈനിലൂടെ നൽകുകയാണ് മുതിർന്ന സ്ട്രക്ടറൽ എഞ്ചിനീയർ ഡോ. കെ എ അബൂബേക്കർ.

മഴയുടെ പ്രഭാവം അതി ഭീകരമാണെങ്കിലും ഒട്ടുമിക്ക വീടുകളും നിലംപൊത്താനുള്ള പ്രധാന കാരണം മോശം നിർമ്മാണ രീതിയാണെന്ന് അബൂബേക്കർ പറയുന്നു. മറ്റൊരു പ്രധാന പ്രശ്നം കാലപ്പഴക്കമാണ്. മഴക്കാലത്ത് നിലം പൊത്തിയ വീടുകളിൽ ഏറിയ ഭാഗവും കാലപ്പഴക്കമുള്ള വീടുകളാണ്.

സിമന്റ് ഉറപ്പുള്ള വീടുകളെ പ്രളയം സാരമായി ബാധിച്ചിട്ടില്ല എന്നു വേണം കരുതാൻ. എന്നാൽ പഴയ കെട്ടുകല്ല് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള വീടുകൾക്ക് നല്ല രീതിയിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്. ചെങ്കുത്തായ പ്രദേശങ്ങളിൽപോലും ഇത്തരത്തിൽ വീടുകൾ നിർമ്മിച്ചിട്ടുള്ളതായി അബൂബേക്കർ സാക്ഷ്യപ്പെടുത്തുന്നു.

നിലവിൽ പല വീടുകളുടേയും ഭിത്തികളിൽ വെള്ളം തങ്ങി നിൽപ്പുണ്ട്. ഇത്തരം ഭിത്തികളോട് ചേർന്ന് സുഷിരം ഇട്ടാൽ ഇതിലുള്ള ജലാംശം കുറച്ച് ഭിത്തികളെ സുരക്ഷിതമായി നിലനിർത്താം. ഫ്ള‍ഡ് സോണുകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കണം. ഭാവിയിൽ ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷ നേടാനും ഇത് വളരെയധികം സഹായകരമാകും.

അതേസമയം പ്രളയം വിതച്ച ഭീതിയിൽ നിന്നും ജനങ്ങൾ ഇനിയും വിട്ടുമാറിയിട്ടില്ലെന്ന് അബൂബേക്കർ സാക്ഷ്യപ്പെടുത്തുന്നു. പലർക്കും വീടുകളിലേക്ക് മടങ്ങാൻ പേടിയാണ്. വീട് ഇനിയും തകർന്നു വീഴുമോ എന്ന ഭീതിയാണ് പലർക്കും. ഇനിയൊരു മഴ വന്നാൽ വീടുകൾ അതിനെ അതിജീവിക്കുമോ എന്ന് പേടിക്കുന്നവരും കുറവല്ല. അത്തരം ആശങ്കകൾ പരിഹരിക്കാൻ തങ്ങളുടെ സ്ട്രക്ചറൽ എഞ്ചിനീയർമാരുടെ ഒരു സംഘം സന്നദ്ധരാണെന്ന് അബൂബേക്കർ പറയുന്നു. പ്രളയത്തിൽ വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നവർ ആവശ്യപ്പെടുന്ന മുറയ്ക്ക് സഹായവുമായി തങ്ങളെത്തും. വേണ്ട ഉപദേശങ്ങൾ നൽകും. തന്റെ നേതൃത്വത്തിലുള്ള കൺസൾട്ടൻസി സഹായവുമായി രംഗത്തുണ്ടാകുമെന്നും അബൂബേക്കർ കൂട്ടിച്ചേർക്കുന്നു.

സംശയങ്ങൾക്കും വിശദാംശങ്ങൾക്കും ബന്ധപ്പെടാം;

Er.(Dr.)K.A.Abubaker

Ph: 729 3000 900, 740 3000 900

EM: baker@bakerassociates.co.in