Friday 13 April 2018 12:38 PM IST : By സ്വന്തം ലേഖകൻ

ബീഫ് നിരോധനം ചാകരയായി, സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

troll1

ബീഫ് നിരോധനം ചാകരയായത് ട്രോളൻമാർക്ക്. സർക്കാർ ഉത്തരവ് പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോൾ അടുപ്പ് പുകഞ്ഞു തുടങ്ങി. വിവിധ സിനിമകളിലെ രംഗത്തിനൊപ്പം പരിഹാസ ഡയലോഗുകൾ കുടി ചേർന്നപ്പോൾ എരിവും പുളിയും പാകത്തിന്. കേന്ദ്ര സർക്കാരിന്റെ നിലപാടിനെ പരിഹസിച്ചായിരുന്നു ട്രോളുകൾ ഏറെയും. ചിലർ നിരോധനത്തിനു ശേഷമുള്ള പശുവിന്റെയും പോത്തിന്റെയും ആഹാളാദം വിഷയമാക്കിയപ്പോൾ ആടുകളുടെ വേദനയും ചിലർ വരച്ചു കാട്ടി. അപ്രതീക്ഷിതമായി പട്ടികയിൽ ഇടം പിടിച്ച ഒട്ടകമായിരുന്നു ചിലരുടെ ഇര.

troll5

ബീഫ് നിരോധിച്ചതോടെ പൊറോട്ട വിധവയായി എന്ന തരത്തിലും ചില വിരുതൻമാർ ട്രോളുകൾ പടച്ചുവിട്ടു. എന്തായാലും ബീഫ് നിരോധനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകാൻ ഇത്തരം ട്രോളുകൾ സഹായകമായി എന്നതിൽ സംശയമില്ല. കോഴിക്കോടൻ രുചി ഖൽബുകളിൽ പൊറോട്ടയും ബീഫ് കറിയും വായിൽ കപ്പലോടിക്കുന്ന കടലാണ്. പോത്തിറച്ചിയും പൊറോട്ടയും കിട്ടുന്ന നഗരത്തിലെ ഹോട്ടലുകളിൽ പകലന്തിയോളം തിരക്കോടു തിരക്കാണ് എന്നു കൂടി ഓർമിക്കണം. ഇനി അതൊക്കെ പഴയ ഓർമയായി മാറുമോ എന്നാണ് ജനം ചോദിക്കുന്നത്.

troll4

ബീഫ് ബിരിയാണിക്കു പേരുകെട്ട നഗരത്തിലെ ഹോട്ടലുകളുടെ കാര്യം ഇനി എന്താവുമോ എന്തോ എന്നു ചോദിക്കുന്നവരുമുണ്ട്. ചിക്കനും മട്ടനും മാത്രമായി ഹോട്ടലുകളിലെ നോൺ വെജ് മെനു കാർഡുകൾ ചുരുങ്ങുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നു കോഴിക്കോട്ടുകാർ. നോമ്പുകാലമെത്തി. വൈകുന്നേരം നോമ്പ് തുറക്കുന്നതിന് ഇറച്ചിപത്തിരി ഒരു ഘടകമാണ്. ഇറച്ചിപ്പത്തിരിയിൽ ബീഫ് ആണ് ഉപയോഗിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇറച്ചിയില്ലാത്ത പത്തിരി കഴിപ്പിക്കുമോ എന്നാണ് ചോദ്യം. ഇറച്ചിയില്ലാത്ത ഇറച്ചിപ്പത്തിരി ഉപ്പില്ലാത്ത കഞ്ഞി പോലെ അരുചിയാകുമെന്നു പറയുന്നു.

troll3

ബ്രോയ്‌ലർ ചിക്കനോടുള്ള വിരോധം കാരണം വലിയൊരു വിഭാഗം ജനങ്ങൾ ബീഫ് കഴിക്കുന്നതിലേക്കു തിരിഞ്ഞിട്ടുണ്ട്. അവരൊക്കെ ഇനി മട്ടൻ കഴിച്ചാൽ മതിയെന്നു പറയേണ്ടി വരുമോ എന്ന ആശങ്കയും പരക്കുന്നുണ്ട്. ഇതൊക്കെ കഴിക്കുന്നവരുടെ കാര്യമാണെങ്കിൽ വിൽക്കുന്നവരുടെ കാര്യമാണ് കഷ്ടം.

troll_2

നോട്ട് നിരോധനം കാരണം നഷ്ടത്തിൽ കൂപ്പുകുത്തിയ കന്നുകാലി വ്യവസായം കരകയറി വരുന്നതേയുണ്ടായിരുന്നുള്ളു. അതിനിടയിൽ നിരോധനം കൂടിയായതോടെ കുടുംബം പട്ടിണിയാവുമെന്നാണു കച്ചവടക്കാർ ഉറപ്പിക്കുന്നത്. പേരുകേട്ട കന്നുകാലി ആഴ്ചച്ചന്തകളായ ഞായറാഴ്ചയിലെ പേരാമ്പ്ര ചന്തയും ചൊവ്വാഴ്ചയിലെ യൂണിവേഴ്സിറ്റി ചന്തയും വ്യാഴാഴ്ചയിലെ കൊടുവള്ളി ചന്തയും ഒക്കെ ഇനി ഓർമകളായി മാറുമോ എന്നു വേദനയോട് ചോദിക്കുകയാണു നാട്ടുകാർ. നോട്ട് നിരോധനത്തിനു ശേഷം ഈ ചന്തകളുടെ കാര്യം കഷ്ടത്തിലായിരുന്നു. കറൻ‍സി ക്ഷാമം കാരണം പല കച്ചവടങ്ങളും നഷ്ടത്തിലാണു നടന്നു വന്നത്.

കോഴിക്കോട് നഗരത്തിൽ മാത്രം ദിവസം 100 മുതൽ 150വരെ മാടുകളെ കശാപ്പു ചെയ്യുന്നുണ്ട്. ഇവ വിറ്റ് ജീവിച്ചിരുന്ന ഇറച്ചിക്കച്ചവടക്കാർ പുതിയ തൊഴിൽ അന്വേഷിക്കേണ്ടി വരുമോ എന്ന സംശയത്തിലാണ്. ശരിയായ രീതിയിൽ കശാപ്പ് നടക്കുന്നില്ല എന്ന ആക്ഷേപം നിരോധനത്തെ അനുകൂലിക്കുന്നവർ ഉന്നയിക്കുന്നു.

troll2

വെറ്ററിനറി ഡോക്ടർ പരിശോധിച്ച ശേഷമേ കശാപ്പു നടത്താവൂ എന്നും അത് അംഗീകൃത കശാപ്പുശാലയിൽ വച്ചാകണമെന്നും ഒക്കെ വ്യവസ്ഥയുണ്ട്. എന്നാൽ ഒരിടത്തും വെറ്ററിനറി ഡോക്ടർ മൃഗത്തെ പരിശോധിച്ചു രോഗമില്ലെന്ന് ഉറപ്പു വരുത്തുന്നില്ല. ഇറച്ചി തുറസ്സായി തൂക്കിയിട്ടു വിൽപന നടത്തുന്നതും പതിവായിരുന്നു. ഈച്ചയാർക്കുന്ന ഈ ഇറച്ചി ആരോഗ്യത്തെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും നിരോധന അനുകൂലികൾ പറയുന്നു.

അഞ്ച് മണിക്കൂറിൽ കൂടുതൽ മാംസം ഇത്തരത്തിൽ വച്ചു വിൽക്കാൻ പാടില്ലെന്നും ഇതൊന്നും പാലിക്കാറുണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു. എന്നാൽ ഇതൊക്കെ പരിശോധിക്കേണ്ടത് കോർപറേഷൻ ആരോഗ്യ വിഭാഗമാണെന്നും അവരും വെറ്ററിനറി വിഭാഗവുമൊക്കെ നടപടി സ്വീകരിക്കേണ്ട കാര്യത്തിനു തങ്ങളെ പട്ടിണിയിലാക്കുന്ന നിരോധനത്തെ ന്യായീകരിച്ചിട്ടെന്തു കാര്യമെന്നാണു കച്ചവടക്കാർ ചോദിക്കുന്നത്.