Tuesday 02 July 2019 05:52 PM IST

‘കെട്ടിച്ചു വിട്ടൂടെ, പൈസയില്ലെങ്കിൽ പിന്നെന്തിനാ പഠിപ്പിക്കുന്നത്’; ഉപദേശകർക്കുള്ള ശ്രീധന്യയുടെ മറുപടി ഈ ഐഎഎസ്

Tency Jacob

Sub Editor

dhanya ഫോട്ടോ: ബാദുഷ

കടുത്ത ചുമയും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്ന ശ്രീധന്യ ഒട്ടും പ്രതീക്ഷിക്കാതിരിക്കെയാണ് ആ വിളി എത്തിയത്. വയനാട്ടിൽ ഇലക്‌ഷൻ പ്രചാരണത്തിനെത്തുന്ന രാഹുൽ ഗാന്ധി ശ്രീധന്യയെ കാണാൻ ആഗ്രഹിക്കുന്നു. വയനാട്ടിലെ കുറിച്യ സമുദായത്തിലെ ആദ്യ സിവിൽ സർവീസ് ജേതാവായ ശ്രീധന്യയെ നേരത്തേ തന്നെ ഫോണിലൂടെയും തന്റെ ട്വിറ്റിലൂടെയും അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു രാഹുൽ. ‘‘വയനാട്ടിലെ ഗോത്രവിഭാഗങ്ങളുടെ ജീവിത പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം ചോദിച്ചു, അവിവാഹിതകളായ അമ്മമാരെക്കുറിച്ച്, വരൾച്ചയും മറ്റ് വികസന പ്രശ്നങ്ങളും എല്ലാം ചോദിച്ചറിഞ്ഞു. അദ്ദേഹത്തോടൊപ്പം ഉച്ചഭക്ഷണവും കഴിച്ച ശേഷമാണ് മടങ്ങിയത്.’’

ആത്യനാട് പൊഴുതന പഞ്ചായത്തിൽ ഇടിയംവയലിൽ അമ്പലക്കൊല്ലി കുഞ്ഞോത്തുമ്മൽ സുരേഷിന്റേയും കമലയുടേയും മകൾ ശ്രീധന്യ ഇപ്പോൾ വയനാടിന്റെ അഭിമാന താരമാണ്. ഒരാനുകൂല്യങ്ങൾക്കും കാത്തുനിൽക്കാതെ പഠിച്ചു നേടിയ നട്ടെല്ലുള്ള വിജയത്തിനു കിട്ടിയ ആദരവ് മിന്നുന്നുണ്ട്, ആ പെൺകുട്ടിയെ നോക്കുന്ന ഒാരോ കണ്ണിലും.

ഞാൻ വിശ്വസിച്ചു, കഴിയുമെന്ന്

‘‘പനിയും ചുമയും ഇപ്പോൾ വന്നത് നന്നായി. ട്രെയിനിങ്ങിന് പോകാനിരിക്കുന്ന സമയത്താണെങ്കിൽ ബുദ്ധിമുട്ടാകുമായിരുന്നു. പലരുടേയും വിചാരം ഞാൻ സംവരണ വിഭാഗത്തിൽ നിന്നാണ് 410– ാം റാങ്ക് നേടിയതെന്നാണ്. പഠിക്കുന്ന കാലം തൊട്ടേ കേട്ടു തുടങ്ങിയതാണ്.‘നിങ്ങൾക്ക് സംവരണമുള്ളതുകൊണ്ട് എന്തെങ്കിലും വായിച്ചെഴുതിയാൽ മതിയല്ലോ.’എനിക്കങ്ങനെ എന്തെങ്കിലും കിട്ടിയാൽ പോരായിരുന്നു. അത്രയല്ല എന്റെ കഴിവെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടു ഞാനൊരു പരീക്ഷയിലും സംവരണ വിഭാഗത്തിന്റെ ആനുകൂല്യങ്ങൾക്കു വേണ്ടി കാത്തു നിന്നിട്ടില്ല. ജനറൽ കാറ്റഗറിയിൽ തന്നെയാണ് സിവിൽ സർവീസും ഇപ്പോൾ നേടിയിരിക്കുന്നത്.’’

വീട്ടിൽ നിന്ന് എട്ടുകിലോമീറ്ററോളം നടന്നു പോയാണ് ശ്രീധന്യ സ്കൂളിൽ പഠിച്ചത്.‘‘കുട്ടിക്കാലത്ത് വീട്ടിലെന്നെ വിളിച്ചിരുന്നത് സബിത എന്നായിരുന്നു. അങ്കണവാടിയിൽ കളിച്ച് തിമർത്ത് നടന്നിട്ട് ആദ്യമായി ഒന്നാം ക്ലാസ്സിൽ ചേരാൻ പോയ ദിവസം. ടീച്ചർ ഓരോരുത്തരുടെയായി പേര് വിളിച്ച് ഹാജർ രേഖപ്പെടുത്താൻ തുടങ്ങി. ‘ശ്രീധന്യ’ എന്ന പേര് വിളിച്ചിട്ടും ആരും ‘പ്രസന്റ് ടീച്ചർ’ പറയുന്നില്ല.

ഞാനാണെങ്കിൽ എന്റെ പേര് വിളിക്കുന്നത് കാത്തിരിക്കുകയാണ്. ‘എന്താ ഹാജർ പറയാത്തത്?’ ടീച്ചർ എന്റെയടുത്തു വന്ന് ചോദിച്ചു. ‘എന്റെ പേര് സബിതാന്നാ.’ ഞാൻ വളരെ നിഷ്കളങ്കയായി മറുപടി കൊടുത്തു.‘ഏയ്, അങ്ങനെയൊരു കുട്ടി ക്ലാസിലേ ഇല്ലല്ലോ, സ്കൂളിൽ തന്നിരിക്കുന്ന പേര് ശ്രീധന്യാന്നാണ്. ഇനി ശ്രീധന്യ എന്നു വിളിക്കുമ്പോൾ വിളി കേൾക്കണം കേട്ടോ.’ വീട്ടിൽ നിന്ന് സെന്റ് മേരീസ് സ്കൂളെത്തുന്നതു വരെ ചേച്ചി പറഞ്ഞു തന്നതാണ്. പക്ഷേ, ഞാനത് മറന്നു പോയിരുന്നു.

മാലാഖയോട് ഞങ്ങൾ തേടിയ ചോദ്യത്തിനുള്ള ഉത്തരം... ഇസഹാഖ് കുഞ്ചാക്കോ! മാമോദിസയ്ക്ക് പ്രിയ അണിഞ്ഞത് ബൈബിൾ വചനങ്ങൾ തുന്നിയ സ്പെഷ്യൽ അനാർക്കലി

ഭർതൃവീട്ടുകാർ മച്ചിയെന്നു വിളിച്ചു; ജന്മദിനാഘോഷങ്ങളെ പേടിയാണ്; കുഞ്ഞിനായി കണ്ണീരോടെ കാത്തിരിപ്പ്

dhanya

സ്വർണമല്ല ഡിമാന്റ്, നിങ്ങൾ അവളെ എം ടെക്കിന് ചേർക്കൂ! ആണൊരുത്തന്റെ നിലപാടിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ; കുറിപ്പ്

‘ഞങ്ങൾ അവൾക്കു വേണ്ടി കെഞ്ചുമ്പോൾ ഇങ്ങനെ ദ്രോഹിക്കരുത്’! ശരണ്യയുടെ അസുഖം മാറി എന്നത് വ്യാജ പ്രചരണം: തുറന്നു പറഞ്ഞ് സീമ ജി നായർ

ക്ലാസ്സിൽ ഉറങ്ങുന്ന കുട്ടി

ഞാനത്ര പഠിപ്പിസ്റ്റ് ഒന്നുമായിരുന്നില്ല. ആദ്യത്തെ അഞ്ച് റാങ്കുകൾക്കിടയിൽ ഉണ്ടാകും, അത്ര തന്നെ. സ്കൂളിലെ എല്ലാ തല്ലിപ്പൊളിക്കും മുന്നിലുണ്ടാവും. ക്ലാസ് ബോറടിച്ചാൽ ഇരുന്ന് ഉറങ്ങും. അത് മുൻബഞ്ചിലാണെങ്കിലും. ടീച്ചർമാരുടേയും മാഷുമാരുടേയും ഇൻഡിക്കേറ്ററായിരുന്നു അന്ന്. ഞാൻ ഉറങ്ങുന്നതു കണ്ടാൽ അവർക്കറിയാം ക്ലാസ് ബോറടിച്ചു തുടങ്ങിയെന്ന്. ക്ലാസിൽ ഉത്തരങ്ങൾ ഉറക്കെ വിളിച്ചു പറയുന്നതുകൊണ്ട് ടീച്ചർമാർക്ക് ഇഷ്ടമാണെങ്കിലും കുട്ടികൾക്കൊക്കെ ദേഷ്യമായിരുന്നു.

ഡാൻസ്, പാട്ട്, സ്പോർട്സ് അങ്ങനെ ഒന്നിനും ചേരാൻ അച്ഛൻ സമ്മതിക്കില്ല. അതിനുള്ള അവസരങ്ങൾ സ്കൂളി ൽ അധികം ഉണ്ടായിരുന്നുമില്ല. പഠനത്തിന് നല്ല ശ്രദ്ധ കൊടുത്തു. പഠിച്ചില്ലെങ്കിൽ അച്ഛന്റെ കയ്യിൽനിന്ന് തല്ലും കിട്ടും. ബയോളജിയായിരുന്നു ഇഷ്ട വിഷയം. ഹൈസ്കൂളിൽ വെച്ചാണ് മലയാളത്തോട് ഇഷ്ടം തുടങ്ങിയത്.

പത്താം ക്ലാസ്സിൽ 85 ശതമാനം മാർക്കാണ് ഉണ്ടായിരുന്നത്.കോഴിക്കോട് ദേവഗിരി കോളജിൽ ബിഎസ്‌സി സുവോളജിക്കായിരുന്നു ചേർന്നത്. പഠിക്കാൻ തുടങ്ങിയത് ശരിക്കും ബിരുദത്തിനു ശേഷമാണ്. അതുവരെ ക്ലാസ് കട്ട് ചെയ്യുക, സമരത്തിനിറങ്ങുക, അലമ്പുണ്ടാക്കുക ഇതൊക്കെയായിരുന്നു പരിപാടികൾ. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിൽ നിന്ന് എംഎസ്‌സി ‌ അപ്ലൈഡ് സുവോളജി എടുത്തു.

ചെറുപ്പം മുതലേ എന്റെ കാര്യങ്ങൾക്ക് ഞാൻ തന്നെയാണ് പോയിരുന്നത്. അച്ഛനും അമ്മയും ജോലിക്കു പോകുന്നതുകൊണ്ട് സർട്ടിഫിക്കറ്റുകൾ ശരിയാക്കാനോ എന്തെങ്കിലും വാങ്ങണമെങ്കിലോ തനിച്ചു പോകും. എന്റെ കുട്ടിക്കാലത്ത് ഇവിടെയെല്ലാം കാടായിരുന്നു. ആനയും കാട്ടുപന്നിയുമൊക്കെ ഇ പ്പോഴും മലയിറങ്ങി വീട്ടുമുറ്റത്തു വരും.

അന്നു കണ്ട മാസ് എൻട്രി

dhanya-2

ചെറുപ്പത്തിലേ പൊലീസും ഡോക്ടറുമൊന്നുമാകില്ലെന്ന് ഉറപ്പിച്ചിരുന്നു. അഡ്മിനിസ്ട്രേഷൻ ലെവലിൽ തന്നെയായിരുന്നു എനിക്കു താൽപര്യം. ബിരുദാനന്തരബിരുദം കഴിഞ്ഞ് കുറച്ചുനാൾ ഡിടിപിസിയുടെ പ്രോജക്ട് ഓഫിസറായി ജോലി ചെയ്തു. ആ സമയത്ത് വയനാട് സബ് കളക്ടർ ശ്രീറാം സാംബശിവറാവു സാറായിരുന്നു. സർക്കാരിന്റെ ഒരു മീറ്റിങ്ങിൽ ഞാൻ പങ്കെടുക്കുകയുണ്ടായി. വയനാട്ടിലെ ഒട്ടുമിക്ക ഉയർന്ന ഉദ്യോഗസ്ഥരും ആ മീറ്റിങ്ങിലുണ്ടായിരുന്നു. ഞങ്ങളെല്ലാവരും സബ് കലക്ടറെ പ്രതീക്ഷിച്ചിരിക്കുകയാണ്. അപ്പോഴാണ് അദ്ദേഹത്തിന്റെ ഒരു മാസ് എൻട്രി. എല്ലാവരും കലക്ടർക്കു കൊടുക്കുന്ന ബഹുമാനം കണ്ട് ഞാൻ അന്തം വിട്ടുപോയി. അന്നു ഞാനുറപ്പിച്ചു, എനിക്കുമാകണം കലക്ടർ. ആയിടയ്ക്കാണ് ഷെഡ്യൂൾ‍്ഡ് കാസ്റ്റ് ഡെവലപ്മെന്റ് ഡിപാർട്മെന്റിൽ നിന്ന് സിവിൽ സർവീസ് കോച്ചിങ്ങിന് ആപ്ലിക്കേഷൻ വിളിച്ചത്. വെറുതെയൊന്നു എഴുതി നോക്കി, എനിക്കു കിട്ടി. ജോലി രാജിവച്ച് തിരുവനന്തപുരത്ത് കോച്ചിങ്ങിനു ചേർന്നു.

ആ സമയത്താണ് ചേച്ചിയുടെ മൂത്തമകന് ലുക്കീമിയ സ്ഥിരീകരിച്ചത്. ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയായിരുന്നു അഭിരുദ്ധ്. ചേച്ചിയും അമ്മയും കുഞ്ഞുമായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സയ്ക്കു വന്നു. ‍ഞങ്ങളവിടെ ഒരു വീട് വാടകക്കെടുത്തു. ചികിത്സ തുടങ്ങിയതിൽ പിന്നെ അവനു പിറകെയായിരുന്നു ഞങ്ങൾ. ആ വർഷം പരീക്ഷയിൽ കടന്നുകൂടിയില്ല. ശരിക്കും തകർന്നു പോയിരുന്നു. എല്ലാം മാറി സ്കൂളിൽ പോയിത്തുടങ്ങിയയിരുന്നു കുട്ടി. പക്ഷേ, വീണ്ടും പനിയും ജലദോഷവും വന്നു. കഴിഞ്ഞ ദിവസം അവന് ബോൺമാരോ ചെയ്യേണ്ടി വന്നു. ഇപ്പോൾ ഈ നേട്ടത്തിലും പൂർണമായി സന്തോഷിക്കാൻ കഴിയുന്നില്ല. എനിക്കു ചുമയുള്ളതുകൊണ്ട് ചേച്ചിയുടെയും മോന്റെയും അടുത്തേക്കു പോകാൻ പറ്റുന്നില്ല. അവന് പനി പകർന്നാലോ?

മകള‍്‍ ഞങ്ങൾക്ക് ഭാഗ്യം കൊണ്ടുവന്നു

മകളുടെ ഉയർന്നുവന്ന ചുമ തടയാൻ അമ്മ കമലം ചൂടു വെള്ളവുമായെത്തി.കണ്ണിലെപ്പോഴും ചെറിയ നനവുമായി ഒരമ്മ.‘‘അവൾ അധ്വാനിച്ച് നേടിയെടുത്തല്ലോ. എനിക്ക് വലിയ പഠിപ്പില്ല. പക്ഷേ, മക്കൾ പഠിക്കണമെന്നു തന്നെയായിരുന്നു. ഞങ്ങള് രണ്ടാളും തൊഴിലുറപ്പു പണിക്കു പോണവരാണ്. മൂന്നുവർഷമായിട്ട് ഈ വർഷമാണ് എനിക്ക് ഇരുന്നൂറു പണി തികഞ്ഞത്. കുറേ ബുദ്ധിമുട്ടിയിട്ടുണ്ട്. ഫീസടയ്ക്കാൻ കാശില്ലാതെ കടം മേടിക്കാൻ ചെന്നാൽ ചിലർ പരിഹസിക്കും. ‘‘കെട്ടിച്ചു വിട്ടൂടെ, പൈസയില്ലെങ്കിൽ എന്തിനാ ഇങ്ങനെ പഠിപ്പിക്കുന്നത്.’’ അവൾ ഒരാഗ്രഹവും പറയില്ല. കൂട്ടുകാരൊക്കെ നല്ല ഉടുപ്പിട്ട് നടക്കുന്നതു കാണുമ്പോൾ മോഹം തോന്നിയിട്ടുണ്ടാകും. പക്ഷേ, പരാതി പറയില്ല.

മഴക്കാലം വരുമ്പോ താമസിക്കാനായി പഞ്ചായത്തുകാര് ഒരു വീട് കെട്ടിത്തന്നിട്ടുണ്ട്. തൊഴിലുറപ്പു കഴിഞ്ഞു വന്ന് ഞാനതിന്റെ തറയിൽ കുറച്ച് മണ്ണിട്ട് ഒതുക്കുമ്പോളാണ് മോളുടെ ഫോൺ വന്നത്.‘ഞാൻ ജയിച്ചു അമ്മേ’ ഞാനത് അച്ഛനോട് പറഞ്ഞു. അച്ഛന് വലിയ സന്തോഷമായി. തലയിൽ കുറച്ച് എണ്ണ തേച്ച് കുളിക്കാനുള്ള വട്ടം കൂട്ടി. അതിനിടയിൽ മൂത്ത മോളെയും എന്റെ അനിയത്തിയെയും വിളിച്ചു പറഞ്ഞു. അയൽപക്കക്കാർക്ക് കൊടുക്കാനായി കുറച്ചു മിഠായി വാങ്ങണം എന്നൊക്കെ പറഞ്ഞു ഞങ്ങളിരിക്കുമ്പോഴാണ് കുറേ ആളുകൾ വരുന്നത്. ചാനലും പത്രക്കാരും ജനപ്രതിനിധികളും. ഞങ്ങൾക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയാൻ പാടി ല്ലാതായി. എങ്ങനെ പെരുമാറണം എന്തു പറയണമെന്നു പോലും അറിയില്ല. കൈകൂപ്പി നിൽക്കാനേ അറിയൂ. ഇപ്പോൾ ദേ, രാഹുൽഗാന്ധിയേയും കാണാനായി. അവൾ കൊണ്ടുതന്ന ഭാഗ്യം. അല്ലാതെന്ത്?’’

പ്രകൃതിയെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും കേരള രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം കൃത്യമായ ധാരണയുള്ളയാളാണ് ശ്രീധന്യയുടെ അച്ഛൻ. തൊഴിലുറപ്പിനൊപ്പം വയനാട്ടിലെ ‘എൻ ഊര്’ മായി സഹകരിച്ച് കരകൗശല വസ്തുക്കൾ ഉണ്ടാക്കി വിൽപന നടത്തുന്നുണ്ട്.‘‘മക്കളെ ജാതി മത ആചാരങ്ങൾ പിൻതുടരാൻ സമ്മതിച്ചിട്ടില്ല. പഠനമായിരിക്കണം ലക്ഷ്യം എന്നു പറഞ്ഞുകൊടുത്തു. ഞാൻ ഒൻപതാം ക്ലാസ് വരെ പഠിച്ചയാളാണ്. എന്റെ തൊഴിലുടമ പഠിത്തം തുടരാൻ സമ്മതിച്ചില്ല. ഞാനനുഭവിച്ചത് എന്റെ മക്കൾ അനുഭവിക്കാൻ പാടില്ലെന്ന് നിർബന്ധമായിരുന്നു. വിദ്യാഭ്യാസം കൊണ്ടേ മാറ്റം കൊണ്ടുവരാൻ കഴിയൂ. എന്റെ മകൾ അത് കൊണ്ടുവന്നില്ലേ. സന്തോഷം...’’ ശ്രീധന്യയുടെ ചേച്ചി സുശീത ഒറ്റപ്പാലം കോടതിയിൽ അറ്റൻഡറാണ്. അനിയൻ ശ്രീരാഗ് പോളിടെക്നിക്കിൽ രണ്ടാംവർഷ വിദ്യാർഥി.

എന്റെ മനസ്സിൽ സ്വപ്നമുണ്ടായിരുന്നു

‘‘ഈ വർഷം സിവിൽ സർവീസ് മെയിനും ഇന്റർവ്യൂവും ഒറ്റയടിക്കു കിട്ടി.’’ ശ്രീധന്യ പറയുന്നു. ‘‘മലയാളം ഇഷ്ടമായിരുന്നെങ്കിലും ഡിഗ്രിക്ക് സുവോളജി എടുക്കാനാണ് തീരുമാനിച്ചത്. മലയാളം പഠിക്കാനായില്ലല്ലോ എന്ന വിഷമം തീർക്കാനാണ് സിവിൽ സർവീസിന് മലയാളം മെയിൻ എടുത്തത്. ഇംഗ്ലിഷ് പഠിക്കാൻ പുസ്തകങ്ങളും യുട്യൂബും സഹായിച്ചിട്ടുണ്ട്.

ശ്രീലങ്കൻ പ്രശ്നം, രോഹിൻഗ്യ അഭയാർഥി പ്രശ്നം ഇവയെക്കുറിച്ചൊക്കെ ചോദ്യങ്ങളുണ്ടായിരുന്നു. യുഎസ് ഡിഫൻസ് സെക്രട്ടറി എന്തുകൊണ്ടാണ് രാജിവച്ചത് എന്നു ചോദിച്ചതിനു ഉത്തരം പറയാൻ എനിക്കു പറ്റിയില്ല. വെള്ളപ്പൊക്കത്തെ പറ്റിയുള്ള ചോദ്യങ്ങളുണ്ടായിരുന്നു. അത് പ്രതീക്ഷിച്ചിരുന്നു. വെള്ളപ്പൊക്ക കെടുതി ഞങ്ങളും അനുഭവിച്ചതാണ്. വീടിന്റെ മുറ്റത്തുവരെ വെള്ളം വന്നു. വീടിനുള്ളിൽ ഉറവയുണ്ടായിരുന്നതുകൊണ്ട് അകത്തും താമസിക്കാൻ പറ്റുമായിരുന്നില്ല. ഇനി മഴക്കാലം വരുമ്പോൾ മാറി താമസിക്കാതെ പറ്റില്ല.

ചെറുപ്പത്തിലേ കിട്ടുന്നതെല്ലാം വായിക്കും. പത്രമൊന്നും ഈ പ്രദേശത്തു കിട്ടില്ലായിരുന്നു. എംടി യുടെ രണ്ടാമൂഴമാണ് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം. പിന്നെ, പൗലോ കൊയ്‌ലോയുടെ ‘ആൽകെമിസ്റ്റും’. ഗ്രാജ്വേഷൻ സമയത്ത് പ്രസംഗ മത്സരത്തിൽ സമ്മാനം കിട്ടിയതായിരുന്നു അത്. വായിച്ച് വായിച്ച് അതിലെ ഓരോ വരിയും മനഃപാഠമാണ്. ‘ സഫലീകരിക്കാൻ തക്കവണ്ണം ഒരു സ്വപ്നം മനസ്സിലുണ്ടെങ്കിൽ നിങ്ങളുടെ ജീവിതം അർഥപൂർണമാവുക തന്നെ ചെയ്യും.’ കാരണം എന്റെ മനസ്സിൽ ഒരു സ്വപ്നമുണ്ടായിരുന്നു. അതെനിക്കു നേടിയെടുക്കണമായിരുന്നു.

dhanya

എന്റെ ബെസ്റ്റ് ഫ്രണ്ട് തിരുവനന്തപുരത്തുള്ള അശ്വിൻ, നന്നായി സപ്പോർട്ടു ചെയ്തിരുന്നു. പിന്നെ ഗായക്, അമിത് ഇവരെല്ലാം ഒപ്പം നിന്നിരുന്നു. തളർന്നു നിന്നപ്പോഴൊക്കെ പിന്നിലേക്കു നടന്നു വന്ന് എന്നെയവർ കൂട്ടിക്കൊണ്ടുപോയി. രാത്രിയിൽ പഠിക്കാനിഷ്ടപ്പെടുന്ന ആളാണ് ഞാൻ.

പുലർച്ചെ രണ്ടുമണിവരെയൊക്കെ ഇരുന്നു പഠിക്കും. തിരുവനന്തപുരം ഫോർച്യൂൺ അക്കാദമി, തിരുവനന്തപുരം മണ്ണന്തല ഐസിഎസ്ഇടിഎസ് ഇൻസ്റ്റിറ്റ്യൂട്ട്, ശങ്കേഴ്സ് ഇവിടെയെല്ലാം കോച്ചിങ്ങിനു പോയിട്ടുണ്ട്. ഇന്റർവ്യൂവിനു മുൻപ് വയനാട് സബ്കലക്ടർ ഉമേഷ് ഐഎഎസ് ഫോണിലൂടെ മോക് ഇന്റർവ്യൂ നടത്തി. ഞാൻ ജോലി ചെയ്ത പണം സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നു. അച്ഛന്റെ സുഹൃത്തുക്കൾ കുറച്ചുപേർ പണം തന്നു സഹായിച്ചിട്ടുണ്ട്.

ഡൽഹിയിൽ ഇന്റർവ്യൂന് പോയപ്പോൾ ഭയങ്കര ടെൻഷനുണ്ടായിരുന്നു. ആദ്യമായി കേരളം വിട്ടു പുറത്തു പോകുന്നതിന്റെ എല്ലാ ആശങ്കകളുമുണ്ടായിരുന്നു. കൂട്ടുകാരാണ് താമസസ്ഥലം ശരിയാക്കി തന്നതും ഇന്റർവ്യൂന് കൊണ്ടു പോയതുമൊക്കെ. എന്റെ വീടോ ചുറ്റുപാടോ ആർക്കുമറിയാത്തതുകൊണ്ട് ഇടയ്ക്കിടെ അതോർമിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല. പഠിക്കാൻ ഇഷ്ടംപോലെ സമയം കിട്ടി.

ഇനിയിപ്പോൾ സർവീസ് ലൊക്കേഷൻ വരുന്നത് കാത്തിരിക്കുകയാണ്. ട്രെയിനിങ്ങിനുശേഷം സമൂഹത്തിലേക്കിറങ്ങുമ്പോൾ ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. കേരളം വളരെ സജീവമായി നിൽക്കുന്ന സംസ്ഥാനമാണ്. രാഷ്ട്രീയമായി പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാവാം. എന്നാൽപോലും പോസറ്റീവായി ഒരുപാടു കാര്യങ്ങൾ ഇവിടെ ചെയ്യാൻ പറ്റുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.’’

ആദ്യം കണ്ട അധികാരി

സിവിൽ സർവീസിലെത്താനുള്ള എന്റെ പ്രചോദനം എന്റെ മുത്തച്ഛനാണ്. അമ്മയുടെ അച്ഛൻ. ഇപ്പോൾ തൊണ്ണൂറു വയസ്സുണ്ട്. ഞങ്ങളുടേത് മരുമക്കത്തായം പി ൻതുടരുന്ന കുടുംബമാണ്. ചന്തു എന്നാണ് മുത്തച്ചന്റെ പേര്. ഞങ്ങൾ വല്ലാട്ടച്ചൻ എന്നാണു വിളിക്കുക. വലാട് ആയിരുന്നു അമ്മയുടെ വീട്.

ഏതു കാര്യത്തിലും അദ്ദേഹമെടുക്കുന്ന തീരുമാനങ്ങ ൾ എതിർപ്പു കൂടാതെ എല്ലാവരും അനുസരിക്കുന്നതു കണ്ട് ഞാൻ അമ്പരന്നു നിന്നിട്ടുണ്ട്. പിന്നെ ഞാൻ ഒരു സെൽഫ് മോട്ടിവേറ്ററാണ്. തളർന്നു പോകുന്നെന്നു തോന്നുമ്പോഴൊക്കെ ഞാൻ തന്നെ എന്നെ പിടിച്ചെഴുന്നേൽപിച്ചു മുന്നോട്ടു നടത്തും.

സിവിൽ സർവീസ് പേടിക്കേണ്ട

∙ സ്കൂളിലേയും കോളജിലേയും ഒന്നാം റാങ്കുകാർ മാത്രമല്ല സിവിൽ സർവീസ് നേടുന്നത്. ആവറേജ് സ്റ്റുഡന്റ്സിനും ലക്ഷ്യബോധത്തോടെ പഠിച്ചാൽ ഇത് കയ്യെത്തിപ്പിടിക്കാം.

∙ മനസ്സിന് ഇഷ്ടപ്പെട്ട വിഷയം വേണം െഎച്ഛികമായി എടുക്കാൻ. മലയാളം ഞാൻ ഏറെ സ്നേഹിച്ച വിഷയമായിരുന്നത് പഠനത്തെ നന്നായി സഹായിച്ചിട്ടുണ്ട്.

∙ കൂട്ടുകാരൊത്തുള്ള കംബയിൻഡ് സ്റ്റഡി അറിവുമാത്രമല്ല, നല്ല മോട്ടിവേഷനും തരും. ഒരേ ലക്ഷ്യത്തോടെ ഒരുമിച്ച് പറക്കുന്നവർക്കിടയിൽ എപ്പോഴും ഒരേ വൈബ് ഉണ്ടാകുമല്ലോ.

∙ ഈ രംഗത്തെ പ്രമുഖരെ പരിചയപ്പെടാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്. അവരോട് നന്നായി സംസാരിക്കുന്നത് പല കാര്യങ്ങളിലും ഉൾക്കാഴ്ച തരും.