Saturday 23 May 2020 11:20 AM IST

വാർഷികാഘോഷം വെർച്വലാക്കി ആഗ്നേയ; ലോക്ഡൗണിൽ കയ്യടിവാങ്ങി വനിതകളുടെ ഫെയ്സ്ബുക് കൂട്ടായ്മ

Tency Jacob

Sub Editor

aagneya

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മലയാളി വനിതകളെ ഒരു കുടകീഴിൽ ചേർത്ത് നിറുത്തുന്ന ഫേസ്ബുക് കൂട്ടായ്മയാണ് ആഗ്നേയ.2018 ലും 2019 ലും കൊച്ചിയിൽ വെച്ച് ഗംഭീരമായി വാർഷികാഘോഷ പരിപാടികൾ ഇവർ സംഘടിപ്പിച്ചിരുന്നു. സാമൂഹ്യ സിനിമാ രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ രണ്ടു കൊല്ലത്തെ ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. ഈ കൊല്ലത്തെ വാർഷികാഘോഷങ്ങൾ മെയ് പതിനാറിന് ആഘോഷമാക്കാനുള്ള ആലോചനകൾ നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് ലോക്‌ ഡൗൺ എല്ലാം തകിടം മറിച്ചത്. മുന്നോട്ടുവെച്ച കാൽ പിന്നോട്ട് വയ്ക്കുന്ന സ്വഭാവം ആഗ്നേയയിലെ സുന്ദരികൾക്ക് ചിന്തിക്കാൻ കൂടി വയ്യ. ഫേസ്ബുക് എന്ന മാധ്യമത്തിന്റെ സാദ്ധ്യതകൾ ഉപയോഗിച്ചു പരിപാടികൾ നടത്താൻ അവർ തീരുമാനിച്ചു. ലോക്‌ ഡൗൺ കാലത്ത് ആഗ്നേയ അംഗങ്ങളെയെല്ലാം സജീവമാക്കുക എന്ന ചിന്തയും ഇതിന് പിന്നിലുണ്ടായിരുന്നു. അങ്ങനെയാണ് 'വെർച്വൽ ഫെസ്റ്റ് ' എന്ന ആശയം മുന്നോട്ടു വരുന്നത്. ഓരോരുത്തർ അവതരിപ്പിക്കേണ്ട പരിപാടികൾ തീരുമാനിച്ച് ഒരുക്കങ്ങൾ തുടങ്ങി.മുൻകൂട്ടി തീരുമാനിച്ച ദിവസം തന്നെ ആഗ്നേയയുടെ ക്ലോസ്ഡ് ഗ്രൂപ്പിൽ കലാപരിപാടികൾ അരങ്ങേറി .രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുമണി വരെ നീണ്ട പരിപാടിയിൽ അംഗങ്ങളും അവരുടെ മക്കളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്വാഗതവും റിപ്പോർട്ട് വായനയും ആശംസകളും കേക്ക് മുറിക്കലും എല്ലാം ലൈവ് ആയി തന്നെ നടന്നു. പിന്നീട് നൃത്തവും പാട്ടും തമാശകളും.കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ കാണികൾ ലൈവ് ആയി തന്നെ ഉണ്ടായിരുന്നു. ഒരു പക്ഷേ ഫേസ്ബുക്കിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാവാം ഇങ്ങനെ ഒരു virtual fest നടക്കുന്നത്.

വാർഷികാഘോഷത്തോടനുബന്ധിച്ച നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളും കൊറോണയ്ക്ക് മുടക്കാൻ സാധിച്ചില്ല. ബസ്സപകടത്തിൽ കയ്യിന് സ്വാധീനം നഷ്ടപ്പെട്ട കോഴിക്കോടുള്ള പെയിന്റിംഗ് തൊഴിലാളിക്ക് ആഗ്നേയ സ്വരുക്കൂട്ടിയ ധനസഹായം എത്തിച്ചു കൊടുക്കുകയുണ്ടായി . തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ നാവിനു കാൻസർ ബാധിച്ചു ചികിത്സയിലായ അംബികക്കും ധനസഹായം കൈമാറി. ആഗ്നേയ അഡ്മിൻ ദീപ റാമിന്റെ നേതൃത്വത്തിൽ നടന്ന ചെറിയ ചടങ്ങിൽ കാട്ടാക്കട നിയോജക മണ്ഡലം MLA ശ്രീ. ഐ.ബി സതീഷാണ് സഹായം കൈമാറിയത് . മലപ്പുറത്ത് ജന്മനാ എല്ലു പൊടിയുന്ന രോഗാവസ്ഥയിൽ കഴിയുന്ന ബിന്ദുവിന് ആഗ്നേയയുടെ അഡ്മിൻ സ്മിത വിനോദിന്റെ നേതൃത്വത്തിൽ സഹായം കൈമാറി . കൊച്ചി അമൃതയിൽ Takayasu arteritis മൂലം ഓപ്പറേഷൻ കാത്തു കഴിയുന്ന ഇന്ദ്രജ എന്ന യുവതിക്കും സഹായം എത്തിക്കാൻ ആഗ്നേയക്കു കഴിഞ്ഞു .

2018 ലും 19 ലും കൊച്ചിയിൽ വെച്ചു നടന്ന വാർഷികാഘോഷ പരിപാടിയിൽ, സ്ത്രീകളുടെ മാത്രമായ ഈ ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ രചനകൾ അടങ്ങിയ " പെണ്ണടയാളങ്ങൾ, കാണാമറയത്തെ കയ്യൊപ്പുകൾ " എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .2019 ൽ ഇറക്കിയ പുസ്തകത്തിൽ പാണാവള്ളി ഹൈസ്കൂളിൽ ഉച്ചക്കഞ്ഞി വെച്ചിരുന്ന നിഷ എന്ന സ്ത്രീയുൾപ്പടെ സാമൂഹ്യമാധ്യമങ്ങളിൽ ഒന്നും എഴുതിയിട്ടില്ലാത്ത 3 സ്ത്രീകളുടെ അക്ഷരങ്ങളിൽ അച്ചടി മഷി പുരളാനും ആഗ്നേയ നിമിത്തമായി .

ആഗ്നേയ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് ക്രിയാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ കാഴ്ച വയ്ക്കുന്നുണ്ട്. മഹാപ്രളയങ്ങൾ കേരളത്തെ ആക്രമിച്ചപ്പോഴും 24 മണിക്കൂർ ഹെല്പ് ലൈൻ തുറന്നു വെച്ചു. ക്യാമ്പുകളിൽ സാധനങ്ങൾ എത്തിക്കുവാനും രക്ഷാ പ്രവർത്തനങ്ങളിൽ ഭാഗമാവാനും ആഗ്നേയയിലെ അംഗങ്ങൾക്ക് കഴിഞ്ഞു . പ്രളയനാന്തരം ഒരുപാടു ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാനും ഗ്രൂപ്പിനു സാധിച്ചു .ഒരു പറ്റം സ്ത്രീകൾ തങ്ങളുൾക്കൊള്ളുന്ന സമൂഹത്തിന്റെ പുരോഗതിക്കായി സ്ത്രീകളുടെ സമഗ്ര ഉന്നമനത്തിന് ഊന്നൽ നൽകണമെന്ന കാഴ്ചപ്പാടിൽ നിന്നാണ് ആഗ്നേയയുടെ പിറവി.സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഒതുങ്ങിപ്പോവേണ്ടി വന്ന ഒരു കൂട്ടം സ്ത്രീകൾക്ക് അവരുടെ സ്വകാര്യത കാത്തു സൂക്ഷിച്ചു കൊണ്ട് തന്നെ താങ്ങും തണലുമേകുകയാണ് ആഗ്നേയ. അംഗങ്ങളിലോരോരുത്തരുടേയും ഉള്ളിലുറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്തെടുക്കുന്നതിനും അതുവഴി അവരെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാനും ആഗ്നേയക്ക് കഴിഞ്ഞിട്ടുണ്ട്.

സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരാണ് ആഗ്നേയയിലെ അംഗങ്ങൾ. ഇതു കൊണ്ടു തന്നെ അംഗങ്ങൾക്ക് ആവശ്യമെങ്കിൽ തങ്ങളുടെ സഹായങ്ങൾ ഏതു സമയത്തും ലഭ്യമാക്കാൻ ആഗ്നേയയ്ക്ക് കഴിയുന്നു.നിയമപരമായ സഹായം ചെയ്യുവാൻ കഴിവുറ്റ വക്കീലുമാർ, ആരോഗ്യരംഗത്ത് ഉപദേശങ്ങൾക്കായി എല്ലാ വിഭാഗങ്ങളിലുമുള്ള ഡോക്ടർമാർ, നഴ്സുമാർ, അധ്യാപന രംഗത്തെ പ്രഗത്ഭർ, സർക്കാർ ജീവനക്കാർ, കാർഷിക മേഖലയിൽ നൂതന ആശയങ്ങളുള്ളവർ, ബ്യൂട്ടിഷ്യൻമാർ, ഹോംമേക്കർമാർ, കൈത്തൊഴിലുകാർ തുടങ്ങി നാട്ടറിവുകൾ പുതിയ തലമുറയിലേക്കെത്തിക്കുന്ന മുതിർന്നവർ വരെ ആഗ്നേയയിലെ കണ്ണികളാണ്.വിവിധ രാജ്യങ്ങളിലുള്ള അംഗങ്ങൾ അവർ പങ്കെടുക്കുന്ന അവിടുത്തെ പ്രധാന ആഘോഷങ്ങളുടെ അറിവുകൾ പങ്കുവെക്കുക വഴി വൈവിധ്യമാർന്ന കലാ സാംസ്കാരിക സാമൂഹ്യ സ്ഥിതികളെപ്പറ്റിയുള്ള ലോകാവബോധം അംഗങ്ങളിലുണ്ടായിട്ടുണ്ട്.

ദീപ റാം , ധന്യ മോഹൻ , സ്മിത വിനോദ് എന്നിവരാണ് ആഗ്നേയയുടെ നേതൃ സ്ഥാനം കയ്യാളുന്നത് . ഗീത കെ. എ ., നവ്യ , പ്രീത ലതീഷ് , ലക്ഷ്മി ഹരികൃഷ്ണൻ , നിഷ സുരേഷ് , നിശ സുജിത് എന്നിവരാണ് മോഡറേറ്റർസ്.

Tags:
  • Spotlight