Thursday 22 September 2022 04:55 PM IST

ന്നാ താൻ ഫോട്ടോയെട്...! ; ഒരു കല്യാണ ഫോട്ടോ റോഡ് നന്നാക്കിയ കഥ...

Shyama

Sub Editor

wedding-photo-on-gutter-road-cover ആഷിക് ചിത്രമെടുക്കുന്നു

‘കല്യാണ ഫോട്ടോ എടുക്കാൻ ചെന്ന ഫൊട്ടോഗ്രഫർ കുണ്ടും കുഴിയും താണ്ടി എത്തിയ ശേഷം ചെയ്തതറിഞ്ഞാൽ നിങ്ങൾ ഞെട്ടും...!’ എന്ന് പറഞ്ഞ് പോസ്റ്റിട്ട് ആരേയും ഞെട്ടിക്കണം എന്ന ഉദ്ദേശത്തിലല്ല ആരോ വെഡ്ഡിങ് കമ്പനിയിലെ ആഷിക് ആ ഫോട്ടോ എടുത്തത്...

‘‘വൈറലാകണം എന്നൊന്നും ഉദ്ദേശിച്ചിട്ടേയില്ല, അങ്ങനെ ലൈറ്റപ്പും റോഡ് തടസപ്പെടുത്തിയും എടുത്തൊരു ചിത്രവുമല്ല അത്.’’ ആഷിക് ആരോ പറയുന്നു. ‘‘നിലംമ്പൂർ പൂക്കോട്ടുംപാടം എന്ന സ്ഥലത്തായിരുന്നു സെപ്റ്റംബർ 11ന് ഷൂട്ടിനായി എത്തേണ്ടിയിരുന്നത്. ഫോട്ടോഷൂട്ടിനായി പോകുന്ന പോക്കിലാണ് റോഡിന്റെ ഈ ശോചനീയാവസ്ഥ കാണുന്നത്. എന്റെയുള്ളിലെ സാമൂഹിക ജീവിയുടെ പ്രതിഷേധമാണ് ആ ഐഡിയ. കല്യാണ വേഷത്തിൽ വധു പൊട്ടിപ്പൊളിഞ്ഞൊരു റോഡിലൂടെ നടക്കുന്ന ചിത്രം കണ്ടാൽ കുറച്ച് പേരെങ്കിലും അതൊന്ന് ശ്രദ്ധിക്കുമെന്ന് തോന്നി. അങ്ങനെ മുൻകൂട്ടി പ്ലാൻ ചെയ്ത് എടുത്തതല്ല ആ ചിത്രം. അത് നിങ്ങൾക്ക് കണ്ടാൽ മനസിലാകും.

wedding-photo-on-gutter-road തകര്‌ന്ന റോഡിലൂടെ വധു സുജിഷ

താലികെട്ടും മുൻപേയുള്ള ചിത്രമെടുക്കാനാണ് അവിടെ ചെല്ലുന്നത്. അന്നേരം തോന്നിയൊരു ചിന്ത വധു സുജിഷയുമായി പങ്കുവച്ചു. പുള്ളിക്കാരി സോഷ്യൽ മീഡിയയിലൊന്നും ഇല്ല, പക്ഷേ, സാമൂഹിക പ്രതിബദ്ധതയുള്ളൊരാളാണ്. ഇങ്ങനൊരു കാര്യത്തിന് വേണ്ടി ഫോട്ടോ എടുക്കാം എന്ന് പറഞ്ഞതും സുജിഷ സമ്മതിച്ചു. സുജിഷ സമ്മതിച്ചില്ലായിരുന്നെങ്കിൽ ഇത് നടക്കില്ലായിരുന്നു...

കല്യാണത്തിനായി മേക്കപ്പ് ചെയ്തിരുന്ന സ്ഥലവും താലികെട്ട് നടക്കുന്ന അമ്പലവും അതിനടുത്തായിരുന്നു. അമ്പലത്തിലേക്ക് പോകും വഴി റോഡിലേക്ക് ഒന്ന് ഇറങ്ങി നടക്കാന്‍ വധുവിനോട് പറഞ്ഞിട്ട് ആ നടക്കുന്നതിന്റെ ചിത്രങ്ങളാണ് പകർത്തിയത്. ചിത്രത്തിൽ കാണുന്ന റോഡിന്റെ നൂറ് മീറ്റർ അപ്പുറവും ഇപ്പുറവുമൊക്കെ ഇതേപൊലെ കുഴികളാണ്. ആളുകൾ നന്നായി കഷ്ടപ്പെട്ടാണ് അതിലേ വണ്ടിയോടിച്ചിരുന്നത്. ഉള്ള ബുദ്ധിമുട്ടിനു പുറമേ മറ്റൊരു പ്രയാസം കൂടി നാട്ടുകാർക്ക് ഉണ്ടാക്കാത്ത തരത്തിലാണ് ചിത്രങ്ങളെടുത്തത്.

വളരെ നല്ല പ്രതികരണമാണ് ആ ഫോട്ടോയ്ക്ക് കിട്ടിയത്. അർഹതപ്പെട്ടൊരു വൈറലാകലായിരുന്നു ആ ഫോട്ടോ. ദേശീയ മാധ്യമങ്ങളിലടക്കം ഇക്കാര്യം ചർച്ചാവിഷയമായി. അതിൽ എടുത്ത് പറയാനുള്ള കാര്യം രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ പൊലീസ് ഇടപെട്ട് ക്വാറി വെയ്സ്റ്റും മറ്റുമിട്ട് കുഴി നികത്തി റോഡ് സഞ്ചാരയോഗ്യമാക്കി എന്നതാണ്. ഒരു ഫൊട്ടോഗ്രഫർ എന്ന് നിലയ്ക്ക് അഭിമാനം തോന്നിയ കാര്യമായിരുന്നു അത്. ഇനി ആ വഴിക്ക് പോകുമ്പോള്‍ ആ റോഡിന്റെ നിലവിലെ ചിത്രമെടുത്ത് സൂക്ഷിക്കണം.’’ ഫൊട്ടോഗ്രഫറുടെ മുഖത്ത് അഭിമാനച്ചിരി...

wedding-photo-on-gutter-road-latest റോഡ് കുഴികൾ നികത്തിയ ശേഷം