Friday 05 June 2020 03:37 PM IST

‘പനി ലക്ഷണങ്ങൾ ഉള്ളവർ ദർശനത്തിനു ഒരുങ്ങരുത്; കുട്ടികളും മുതിർന്നവരും വിട്ടുനിൽക്കുക’; ആരാധനാലയങ്ങൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

Dr. B. Padmakumar

Professor Medicine,medical College, Trivandrum

templegfyervfyg

കോവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് മാസങ്ങളായി ആരാധനാലയങ്ങളും അടഞ്ഞു കിടക്കുകയാണ്. വരുന്ന ജൂൺ എട്ടു മുതൽ നിബന്ധനകളോടെ ആരാധനാലയങ്ങൾ തുറക്കാനാണ്‌ സർക്കാർ തീരുമാനം. ഭക്തർക്ക് ആശ്വാസം പകരുന്ന തീരുമാനം ആണെങ്കിലും കോവിഡ് കേസുകൾ വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഈ വിഷയത്തിൽ ഡോ. ബി പദ്മകുമാർ എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്. 

ഡോ. ബി പദ്മകുമാർ എഴുതിയ കുറിപ്പ് വായിക്കാം; 

ദേവാലയ മണികൾ വീണ്ടും മുഴങ്ങുമ്പോൾ...

കോവിഡ് നിയന്ത്രണത്തെ തുടർന്ന് വിശ്വാസികൾക്ക് മുൻപിൽ മാസങ്ങളായി അടഞ്ഞുകിടന്ന ആരാധനാലയങ്ങൾ ജൂൺ 8 മുതൽ നിബന്ധനകളോടെ തുറക്കുകയാണ്. അടഞ്ഞുകിടന്ന ദേവാലയ വാതിലുകൾ കണ്ട്‌ നെടുവീർപ്പിട്ടിരുന്ന ഭക്തമനസ്സുകൾക്ക് ഏറെ ആശ്വാസകരമാകുന്നതാണീ തീരുമാനം. ദേവാലയങ്ങളിലെ ഉദാത്തമായ ആത്മീയാന്തരീക്ഷത്തിന്‌ ഒട്ടും ഭംഗം വരാതെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച സുരക്ഷാ നിർദേശങ്ങൾ പാലിച്ചു കൊണ്ട് സർവേ ഭുവന്തി നിരാമയ (സർവരും രോഗത്തിൽ നിന്ന് മുക്തരാകട്ടെ )എന്ന പ്രാര്ഥനയോടാകണം ഭക്തജനങ്ങൾ ദർശനം നടത്തേണ്ടത്. അനുഷ്ടാനങ്ങൾക്കും ചടങ്ങുകൾക്കും ഏറെ വൈകാരിക സ്പർശമുള്ള ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് കൂടുതൽ കരുതലും ജാഗ്രതയും ഉണ്ടാവുകയും വേണം.

ക്ഷേത്ര ദർശനം 

1. ക്ഷേത്രദർശനത്തിന് വരുന്നവരെല്ലാം മാസ്ക് ധരിച്ചിരിക്കണം 

2. പ്രധാന വാതിലിനു പുറത്തു കൈ കഴുകാനുള്ള സോപ്പും വെള്ളവും സാനിറ്റിസറും ഉണ്ടായിരിക്കണം 

3. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ഇൻഫ്ളുവൻസാ പനിയുടെ ലക്ഷണങ്ങൾ ഉള്ളവർ ദർശനത്തിനു ഒരുങ്ങരുത്.  

4. പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, 65കഴിഞ്ഞവർ ,ഗുരുതര രോഗം ബാധിച്ചവർ തുടങ്ങിയവർ തത്കാലം ദർശനത്തിൽ നിന്ന്‌ വിട്ടുനിൽക്കണം

5. ക്ഷേത്രത്തിനകത്തെ  സ്ഥലസൗകര്യം അനുസരിച്ചു തിക്കും തിരക്കും ഉണ്ടാകാതെ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട്‌ ദർശനം നടത്താൻ സാധിക്കണം .കഴിയുന്നതും കുറച്ചു സമയം മാത്രം ക്ഷേത്രത്തിനുള്ളിൽ ചിലവഴിക്കുക. മണ്ഡപത്തിലിരുന്ന് ജപം, ധ്യാനം ഇവ ഒഴിവാക്കുക.

6. മിക്ക ക്ഷേത്രങ്ങളിലും നാലമ്പലത്തിനുള്ളിൽ സ്ഥലസൗകര്യം കുറവാണ് .കഴിയുന്നതും നാലമ്പലത്തിനുള്ളിൽ പ്രവേശിച്ചുള്ള ദർശനവും പ്രദക്ഷിണവും ഒഴിവാക്കണം .പ്രധാന പൂജകൾ നടത്തുന്നവർ മാത്രം പ്രവേശിച്ചാൽ തിരക്ക് ഒഴിവാക്കാം 

7. സാഷ്ടാംഗപ്രണാമം, ശയനപ്രദക്ഷിണം തുടങ്ങിയവ കുറച്ചുനാളത്തേക്ക് ഒഴിവാക്കുക 

8. അന്യസംസ്ഥാനത്തിൽ നിന്നുള്ള  പൂക്കൾ വേണ്ട .പലർ കൈമാറി എത്തുന്ന പൂക്കൾസുരക്ഷിതമല്ല .അമ്പലത്തിനുള്ളിലെ പൂക്കളാണ് ഏറ്റവും നല്ലത്. 

9.പാക്കറ്റിലുള്ള പൂജാദ്രവ്യങ്ങൾ എടുത്ത ശേഷം ശാന്തിക്കാർ കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം 

10.തത്കാലം തീർത്ഥം ,പ്രസാദം ,എന്നിവ നൽകുന്നത് ഒഴിവാക്കാം .മാസ്ക് ധരിച്ചിരിക്കുമ്പോൾ ഇവ അസൗകര്യം ആയിരിക്കും 

11.കാണിക്ക നേരെ വഞ്ചിയിൽ ഇടുക .ശാന്തിക്കാർക്കുള്ള ദക്ഷിണ മറ്റൊരു പാത്രത്തിൽ വെക്കാം .കഴിയുന്നതും നേരിട്ട് സ്പർശിച്ചു കൊണ്ടുള്ള കൊടുക്കൽ -വാങ്ങൽ ഒഴിവാക്കുക 

12.വിശേഷാൽ പൂജകൾക്ക്3-5 പേരെ മാത്രം അനുവദിക്കുക 

13.ഭജന ,സത്സംഗം ,തുടങ്ങിയവ കുറച്ചുനാളത്തേക്ക് ഒഴിവാക്കുക 

14.അന്യ സംസ്ഥാനങ്ങളിലെ ക്ഷേത്രദർശനങ്ങൾ കുറച്ചു നാളത്തേക്ക് ഒഴിവാക്കുക 

15.വസ്ത്രധാരണത്തിനു മാനദണ്ഡങ്ങൾ ഉള്ള ക്ഷേത്രത്തിൽ പോകുമ്പോൾ സ്വന്തമായിആവശ്യമുള്ള വസ്ത്രങ്ങൾ കരുതുക

16.ക്ഷേത്ര ജീവനക്കാർക്ക് പുതിയ നിയന്ത്രണങ്ങളെ കുറിച്ച് അറിവും പ്രായോഗിക പരിശീലനവും നൽകണം .സുരക്ഷാ ഉപാധികൾ അവരും സ്വീകരിച്ചിരിക്കണം 

മുസ്ലിം പള്ളികൾ 

1. വിശ്വാസികളെല്ലാം മാസ്ക് ധരിച്ചിരിക്കണം 

2. ഉളു എടുക്കുന്നതിനു മുമ്പ് കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം 

3. സാമൂഹിക അകലം പാലിച്ചുകൊണ്ട്‌ നിസ്കരിക്കാൻ പറ്റുന്ന രീതിയിൽ വേണം ഘട്ടം ഘട്ടമായി വിശ്വാസികളെ പള്ളിക്കുള്ളിൽ പ്രവേശിപ്പിക്കേണ്ടത് 

4. കൈകൊടുക്കുക ,ആലിംഗനം ചെയ്യുക കൂട്ടം കൂടി ഇരിക്കുക തുടങ്ങിയവ ഒഴിവാക്കണം 

5. കഴിയുന്നതും കുറച്ചു സമയം മാത്രം പള്ളിയിൽ ചിലവഴിക്കാൻ ശ്രദ്ധിക്കുക 

6. ഓരോ പ്രാർത്ഥനയും കഴിഞ്ഞു തറ അണുനാശിനി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം .പറ്റുമെങ്കിൽ നിസ്കരിക്കാൻ സ്വന്തമായി മുസല്ല ((നിസ്കാര പായ )കൊണ്ടുവന്നാൽ നല്ലത്

7. പ്രായമേറിയവരും ഗുരുതര രോഗങ്ങളുള്ളവരും സ്വന്തം ഭവനങ്ങളിൽ ഇരുന്ന്‌ നിസ്കരിക്കാൻ ശ്രദ്ധിക്കണം

ക്രിസ്ത്യൻ ദേവാലയം 

1.പൊതുവെയുള്ള കോവിഡ് സുരക്ഷാ നിർദേശങ്ങളെല്ലാം പാലിച്ചിരിക്കണം 

2.പള്ളിക്കുള്ളിലെ വാതലുകളും ജനാലകളും തുറന്നിട്ട് നല്ല വായുസഞ്ചാരം ഉറപ്പാക്കണം 

3.പള്ളിക്കുള്ളിലെ സ്ഥല സൗകര്യം അനുസരിച്ചു ബാച്ചു ബാച്ചായി വിശ്വാസികളെ അകത്തു പ്രവേശിപ്പിക്കണം .നേരത്തെ തന്നെ അനുവദനീയമായ ആളുകളുടെ എണ്ണം തീരുമാനിച്ചാൽ ആശയകുഴപ്പം ഒഴിവാക്കാം 

4.സി സി ടി വി ,ഓൺ ലൈൻ ടെലികാസ്റ്റ്‌ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്താവുന്നതാണ് 

5.കുറച്ചു നാളത്തേക്ക് അപ്പവും വീഞ്ഞും നൽകുന്ന ഹോളി കമ്മ്യൂണിയൻ ഒഴിവാക്കുന്നതാണ് സുരക്ഷിതം 

6.ബാപ്റ്റിസം പോലെയുള്ള അത്യാവശ്യ ചടങ്ങുകൾ നടത്തുമ്പോഴും തുടർന്നുള്ള സൽക്കാരങ്ങൾക്കും സുരക്ഷാ നിർദേശങ്ങൾ എല്ലാം പാലിച്ചിരിക്കണം 

7.പള്ളി പിരിയുമ്പോളുള്ള സൽക്കാരങ്ങൾ ഒഴിവാക്കി ടേക്ക് എവേ പാർസൽ ആക്കുന്നതാണ് നല്ലത് 

സുഖദർശനം -സുരക്ഷിത ദർശനം അതാകട്ടെ നമ്മുടെ ലക്‌ഷ്യം. ലോകാ സമസ്താ സുഖിനോ ഭവന്തു അതാകട്ടെ നമ്മുടെ പ്രാർത്ഥന... പ്രണാമം 

Tags:
  • Spotlight