Friday 11 June 2021 02:47 PM IST : By റെസിപ്പി: അമല ഷാജി

അന്ന് ചക്കക്കുരു ഷെയ്ക്കാണ് താരമെങ്കിൽ ഇന്ന് കൊതിപ്പിക്കാൻ ചക്കക്കുരു ലഡ്ഡു; വായിൽ കപ്പലോടിക്കും റെസിപ്പി

chakkakuru-ladduu77

ചക്കയോട് മലയാളികൾക്കുള്ള ഇഷ്ടം ഒന്ന് വേറെ തന്നെയാണ്. ചക്കയുടെ തൊലി ഒഴികെ മറ്റെല്ലാം നമ്മൾ ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ചക്കക്കുരു ഷെയ്ക്കാണ് കഴിഞ്ഞ ലോക് ഡൗണിൽ ട്രെന്‍ഡായതെങ്കിൽ ഇത്തവണ ചക്കക്കുരു ലഡ്ഡുവാണ് ഭക്ഷണപ്രേമികളുടെ വായിൽ കപ്പലോടിക്കാൻ എത്തുന്നത്. കിടിലൻ റെസിപ്പി ഇതാ... 

ചേരുവകൾ 

ചക്കക്കുരു – 500ഗ്രാം

തേങ്ങ – ഒരു കപ്പ്

ശർക്കര – 350ഗ്രാം

ഏലക്കാ (പൊടിച്ചത്)- അര ടീസ്പൂൺ

നാരങ്ങ നീര്- 1 ടീസ്പൂൺ

ഉപ്പ്- പാകത്തിന്

തയാറാക്കുന്ന വിധം

1. ആദ്യം ചക്കക്കുരു 3 വിസിൽ അടിച്ച് 3 മിനിറ്റ് സിമ്മിൽ വച്ച് വേവിച്ച് എടുക്കുക.ഇതിന് ശേഷം,വേവിച്ച് വച്ചിരിക്കുന്ന ചക്കക്കുരു തൊണ്ട് പൊളിച്ച് ഉടച്ച് മാറ്റിവയ്ക്കുക.

2. ഇതിന് ശേഷം ഒരു കപ്പ് തേങ്ങ ചിരവിയത് ഒരു പാനിൽ ഇട്ട് കളർ മാറാത്ത രീതിയിൽ വറുത്തെടുക്കുക. (ആവശ്യമെങ്കിൽ അൽപം നെയ്യ് ചേർക്കാവുന്നതാണ്)

3. ശേഷം അര കപ്പ് വെള്ളത്തിൽ 350 ഗ്രാം ശർക്കര ചേർത്ത് പാനി ആക്കുക. അതിലേക്ക് അര ടീസ്പൂൺ ഏലക്ക പൊടി ചേർത്ത് ഇളക്കുക. ശർക്കര പാനി ഒറ്റനൂൽ പരുവം ആകുമ്പോൾ ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർക്കുക.

4. അടുത്തതായി ഉടച്ചുവച്ചിരിക്കുന്ന ചക്കക്കുരുവും വറുത്ത് വച്ചിരിക്കുന്ന തേങ്ങയും ഒരു നുള്ള് ഉപ്പും ചേർത്ത് ചെറുതീയിൽ ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക.

5. ഇതിന് ശേഷം ചെറു ചൂടോട്കൂടി ഉരുട്ടി ഉരുളകൾ ആക്കി ചൂട് മാറിയതിനു ശേഷം സ്വാദിഷ്ടമായ ചക്കക്കുരു ലഡ്ഡു എല്ലാവർക്കും കഴിക്കാം.

റെസിപ്പി: അമല ഷാജി, മരിയൻ കോളേജ് കുട്ടിക്കാനം

Tags:
  • Pachakam