തിരക്കുള്ള സിനിമാ നടന്റെ ഭാര്യ, ഇരട്ടകളായ നാലു കുട്ടികളുടെ അമ്മ... ഇതിനപ്പുറം എന്തുവേണം ഒരു ശരാശരി വീട്ടമ്മയ്ക്ക് സമയം തികയാതിരിക്കാൻ. പക്ഷേ, കൊച്ചി സ്റ്റേഡിയം ലിങ്ക് റോഡിലെ ‘ടൂല ലൂല’യിലെത്തുന്ന ആരും പറയില്ല ഈ തിരക്കുകൾക്കിടയിൽ നിന്നാണ് അവർ ബുട്ടീക്കിലേക്ക് എത്തുന്നതെന്ന്. നടൻ അജു വർഗീസിന്റെ ഭാര്യയും നാലു മക്കളുടെ അമ്മയുമായ ടീന എന്നു വിളിപ്പേരുള്ള അഗസ്റ്റീനയ്ക്ക് ഇഷ്ടമുള്ള കരിയർ വഴിയിൽ വിട്ടുകളയാൻ തോന്നിയില്ല. ഡിസൈനിങ്ങിന്റെ വഴിയിൽ നിന്ന് ബുട്ടീക്കിലേക്ക് ചുവടുവച്ച വിശേഷങ്ങളാണ് ടീന ‘വനിത ഓൺലൈനോ’ടു പറഞ്ഞത്.
ഡിസൈനിങ് മോഹം
അനിയത്തി സാനിയോ ഫാഷൻ ഡിസൈനിങ്ങാണ് പഠിച്ചത്. അന്നേ അവൾക്കുള്ള പ്രോജക്ടുകൾ ഞാൻ ചെയ്തു കൊടുക്കുമായിരുന്നു. ഫ്രഞ്ച് നോട്ട് പോലുള്ള ഹാൻഡ് വർക്കുകളൊക്കെ ചെയ്യാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അങ്ങനെയാണ് ഡിസൈനിങ്ങിനോട് ഇഷ്ടം തോന്നി തുടങ്ങിയത്. ഞാൻ ബികോമിനു പഠിക്കുന്ന കാലത്ത് സാനിയോയുടെ വർക്കുകൾക്ക് സഹായിയായി പോകുമായിരുന്നു. അവൾക്കു വേണ്ടി ഞാൻ സംസാരിക്കുന്നത് കേട്ട് പലരും ഞാനാണ് ഡിസൈനർ എന്നുവരെ തെറ്റിദ്ധരിച്ചിട്ടുണ്ട്.
എംകോമിനു പഠിക്കുന്നതിന്റെ കൂടെ ഞാനും കൂട്ടുകാരിയായ എൽസയും കൂടി ഓൺലൈൻ ഡിസൈനർ ഷോപ് തുടങ്ങി. ‘മിയ സിഗ്നേച്ചർ ഡിസൈൻസ്’ എന്നായിരുന്നു പേര്. ഓർഡറുകൾക്കനുസരിച്ച് അളവെടുത്ത ഡിസൈൻ ടെയ്‌ലർക്കു കൊടുത്ത് തയ്പ്പിച്ചു നൽകുന്ന ഷോപ്പായിരുന്നു അത്. കുറേ ഓർഡറൊക്കെ കിട്ടി അത്യാവശ്യം നല്ല നിലയിൽ പോകുന്നതിനിടയിലാണ് അതു സംഭവിച്ചത്.
ഒരു കുർത്ത തര്വോ...
‘മലർവാടി ആർട്സ് ക്ലബി’ൽ അഭിനയിച്ച ഗീവർഗീസ് എന്റെ സുഹൃത്താണ്. ഗീവർഗീസ് വഴി ‘തട്ടത്തിൻ മറയത്തി’ന്റെ പ്രമോഷനു വേണ്ടി അജുവിനും നിവിൻ പോളിക്കും കുർത്ത ചെയ്യാനുള്ള ഓർഡർ കിട്ടി. ആ വർക്ക് ഇഷ്ടപ്പെട്ടതോടെ അജു പതിവായി ഓർഡർ തരാൻ തുടങ്ങി. ആ പരിചയമാണ് പിന്നെ പ്രണയത്തിലും വിവാഹത്തിലുമൊക്കെ എത്തിയത്.
കല്യാണം കഴിഞ്ഞ് ഉടനേ തന്നെയാണ് ഇവാനും ജുവാനയും ഉണ്ടായത്. അവർക്കു മൂന്നു വയസ്സു തികയും മുമ്പ് ജേക്കും ലൂക്കും ജനിച്ചു. എന്റെ ഫാമിലിയിൽ ഇരട്ടകളുടെ പാരമ്പര്യമുണ്ട്, മൂന്നു കുട്ടികൾ ഉള്ളവരുമുണ്ട്. മൂത്തവരെ നോക്കിയതു കാരണം എനിക്ക് ഇളയവരെ നോക്കാൻ ഒരു പ്രശ്നവുമില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്റെയും അജുവിന്റെയുമൊക്കെ വീട്ടിൽ നിന്ന് ആളുവരും. പക്ഷേ, ഈ തിരക്കിനൊക്കെ ഇടയിൽ മറ്റൊന്നു സംഭവിച്ചിരുന്നു, ഞങ്ങളുടെ ‘മിയ സിഗ്നേച്ചർ ഡിസൈൻസ്’ നിന്നുപോയി.
‘ടൂല ലൂല’ പിറക്കുന്നു
ജൂവാന ഒന്നു വലുതായപ്പോഴാണ് ഡിസൈനിങ്ങിന കുറിച്ച് വീണ്ടും ചിന്തിക്കുന്നത്. കുട്ടികൾക്കുള്ള യൂണീക് ഡീസൈനുകളും പാർട്ടിവെയറുകളും വളരെ കുറവാണ്. കാണുന്നതിനെല്ലാം പതിവു നിറങ്ങളും ഡീസൈനും മാത്രം. കുട്ടികൾക്കു വേണ്ടി ഡിസൈനർ ബുട്ടീക് തുടങ്ങയാലോ എന്ന ആലോചന തുടങ്ങിയിട്ട് കുറേ നാളായി. ഷൂട്ടിങ്ങിന്റെ തിരക്കു കഴിഞ്ഞ് ഒരു ദിവസം സൗകര്യമായി അജുവിനെ കൈയിൽ കിട്ടിയപ്പോൾ കാര്യം അവതരിപ്പിച്ചു. കേട്ടപ്പോൾ അജു ത്രില്ലടിച്ചു. ‘എന്റെ തണലിൽ നിന്നു വളരാതെ, ശീമാട്ടി ബീനാ കണ്ണൻ എന്നൊക്കെ പറയുന്ന പോലെ ബ്രാൻഡായി നീ വളരണം’ എന്നാണ് അജു പറഞ്ഞത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
നാലു മക്കളും കൂടിയാണ് ‘ടൂല ലൂല’ ഉത്ഘാടനം ചെയ്തത്. ബൂട്ടീക് മാത്രമല്ല, കുട്ടികൾക്കായി ഹെയർ കട്ടിങ് സലൂണും ‘ടൂല ലൂല’യിലുണ്ട്. ഓർഡർ തരുന്നയാളിന്റെ ഇഷ്ടം കേട്ട ശേഷം കുട്ടിയുടെ അളവനുസരിച്ച് ഡിസൈൻ ചെയ്തു സ്റ്റിച്ച് ചെയ്തു കൊടുക്കുന്നു. ഞങ്ങൾ തന്നെ ഡിസൈൻ ചെയ്ത റെഡിമെയ്ഡ് ഡ്രസ്സുകളും ഉണ്ട്. ബുട്ടീക്കിൽ ഒരു ഡിസൈനറും സ്റ്റിച്ചിങ് യൂണിറ്റിൽ മൂന്നു പേരുമാണുള്ളത്. ഒരാൾ ഹാൻഡ് വർക്കുകൾ ചെയ്യാനും രണ്ടുപേർ സ്റ്റിച്ചിങ്ങിനും. സലൂണിൽ ഹെയർ കട്ടിങ്ങിനായി ഒരു സ്റ്റാഫും.
ഇഷ്ടം തുന്നിയ ഡിസൈൻസ്
മക്കൾക്ക് ഡ്രസ് സിലക്ട് ചെയ്യുമ്പോഴാണ് നമ്മൾ ഏറ്റവും ശ്രദ്ധിക്കുന്നത്. നാലു മക്കളുള്ളതു കൊണ്ട് ആ കാര്യം എനിക്കു നന്നായി അറിയാം. ‘ടൂല ലൂല’യിൽ ഓരോ ഡ്രസ്സും അത്രമാത്രം ഇഷ്ടത്തോടെയാണ് ഡിസൈൻ ചെയ്യുന്നത്.
ഇവാനും ജുവാനയ്ക്കും അഞ്ചുവയസ്സായി, അവർ രണ്ടാളും വിദ്യോദയയിൽ എൽകെജിയിലാണ്. ജേക്കിനും ലൂക്കിനും മൂന്നു വയസ്സേ ഉള്ളൂ, അവർ പ്ലേ സ്കൂളിൽ പോകുന്നു. മക്കളെ സ്കൂളിലേക്ക് വിട്ട ശേഷം ഞാൻ ഷോപ്പിലേക്ക് പോകും. മെറ്റീരിയലുകൾ പർച്ചേസ് ചെയ്യുന്നത് നേരിട്ടു പോയാണ്. നിറങ്ങളിൽ യൂണീക്നെസും വ്യത്യസ്തതയും കൊണ്ടുവരാൻ ആദ്യമേ ശ്രദ്ധിക്കുന്നതു കൊണ്ട് പ്ലെയ്ൻ മെറ്റീരിയൽ വാങ്ങി ഡൈ ചെയ്താണ് എടുക്കുന്നത്. തിരുപ്പൂരിൽ നിന്നോ ഡൽഹിയിൽ നിന്നോ നല്ല മെറ്റീരിയലുകൾ കണ്ടാൽ ഓർഡർ ചെയ്തു വരുത്തും. ഹാൻഡ് വർക്കിനുള്ള മുത്തുകളും കല്ലുകളും കൽക്കട്ടയിൽ നിന്നാണ് വാങ്ങുന്നത്.
ഉച്ചയ്ക്ക് ഒന്നര വരെയാണ് മക്കൾക്കു നാലു പേർക്കും ക്ലാസുള്ളത്. അവരെ പിക് ചെയ്ത് വീട്ടിൽ വന്നാൽ എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിലേ ഷോപ്പിലേക്കു പോകൂ. ഇഷ്ടമുള്ള ജോലി ചെയ്യുന്നതു കൊണ്ടാണ് ഈ തിരക്കിനിടയിൽ ഇതൊക്കെ മാനേജ് ചെയ്യാൻ പറ്റുന്നത്. പിന്നെ, എല്ലാ കാര്യത്തിനും ഫുൾ സപ്പോർട്ടുമായി അജുവുമുണ്ട്.