അവൻ അവളുടെ കണ്ണുകളിൽ നോക്കി ചോദിക്കും,
‘വിൽ യൂ മാരി മീ...’
ആ പ്രണയത്തിന്റെ കടലാഴമറിഞ്ഞ അവള്‍ ചെറുചിരിയോടെ അവനെ നോക്കി പറയും...
യെസ്...
ബ്ലാക്ക് ആൻഡ് വൈറ്റ് കടന്ന് കളറാകുമ്പോഴും പ്രണയത്തിനെന്നും ഒരേ ഭാവമാണ്. സാഹചര്യങ്ങളും കഥകളും മാത്രമേ മാറുന്നുള്ളൂ. മിഴിയിൽ നിന്നും മിഴിയിലേക്കും ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിക്കും പ്രവഹിക്കുന്ന പ്രണയത്തിന്റെ ഹാപ്പി എൻഡിങ്ങ് ഏതാണ്ട് ഇങ്ങനെയൊക്കെയായിരിക്കും. എന്നാൽ ചിലയിടങ്ങളിൽ കഥകളും കഥാപാത്രങ്ങളും മാറി മറിയും. മിഴിയിൽ പ്രണയം നിറയും മുമ്പേ അവരുടെ ഹൃദയങ്ങളില്‍ പ്രണയത്തിന്റെ ഇതളുകൾ വിരിഞ്ഞിട്ടുണ്ടാകും. അങ്ങനെയൊന്നാകും മുമ്പൊരു നിമിഷത്തിൽ നിഥിൻ നിമിഷയോടും ചോദിച്ചു ഇതേ ചോദ്യം.
‘എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരിയാകാമോ?’
അതിന് അവള്‍ നൽകിയ മറുപടി ഒരു സിനിമാക്കഥകളിലും നിങ്ങൾ കേട്ടിട്ടുണ്ടാകില്ല. ഒരു ക്യാമറക്കണ്ണുകളും അങ്ങനെയൊരു റൊമാന്റിക് ഫ്രെയിം ഒപ്പിയെടുത്തിട്ടുണ്ടാകില്ല.
‘നിഥിൻ എനിക്ക് കാൻസറാണ്... മുന്നോട്ടുള്ള ജീവിതം എന്താകുമെന്നറിയില്ല. പക്ഷേ അതുകൊണ്ടൊന്നും എനിക്ക് നിന്നോടുള്ള പ്രണയം ഇല്ലാതാകുന്നില്ല. പക്ഷേ എന്തുറപ്പിലാണ് നമ്മൾ മുന്നോട്ട് പോകുക?’
അസ്ഥിയുരുക്കുന്ന കാൻസറും അസ്ഥിക്കു പിടിച്ച പ്രണയവും പരസ്പരം മത്സരിക്കുകയാണ്. ഏതാണ് വലുതെന്ന് അപ്പോൾ തീരുമാനിക്കാം. പക്ഷേ നമ്മുടെ കഥാനായകൻ പിന്തിരിഞ്ഞില്ല. കെട്ടുന്നെങ്കിൽ നിന്നെ മാത്രമെന്ന് മാസ് ഡയലോഗടിച്ച് അവളെ കൂടെക്കൂട്ടി. ഇതിനിടയിലും വില്ലനായി കാൻസറെന്ന വില്ലൻ ഒന്നു കൂടി പവർ കാട്ടി. കാൻസര്‍ രോഗിയായ പെണ്ണിന് കുഞ്ഞുങ്ങളുണ്ടാകില്ലെന്ന മുൻവിധികളുണ്ടായി.
‘എന്നിട്ടോ, ഇപ്പോൾ നിങ്ങളുടെ ഹീറോ എന്തു ചെയ്യുന്നു. വിൽ ഹീ ഗിവ് അപ്?’ എന്നാണോ ആത്മഗതം...
സിനിമാറ്റിക്ക് സ്റ്റൈലിൽ ബാക്കി കഥ പറയാൻ ആ പ്രണയ ജോഡി തന്നെ വനിത ഓൺലൈനിലൂടെ എത്തുകയാണ്. പ്രണയദിനം ആഘോഷമാക്കുന്ന നെഞ്ചകങ്ങളോട് കാൻസർ തോറ്റുപോയ കഥ പറയുന്നു, നിഥിനും നിമിഷയും.
ആദ്യം കാൻസർ കഥ പറയട്ടെ...
‘പനി.’ എന്നെ വരിഞ്ഞു മുറുക്കിയ കാൻസറിന്റെ വേരുകളെ ഞാനാദ്യം അങ്ങനെയാണ് വിളിച്ചതും വിശേഷിപ്പിച്ചതും. ഇന്നായിരുന്നെങ്കിൽ വിട്ടു മാറാത്ത പനി ഏതു രോഗത്തിന്റെ ലക്ഷണമായിരുക്കും? എന്നു ഞാൻ ഗൂഗിള്‍ ചെയ്തേനെ. അന്ന് ഞാന്‍ എട്ടാം ക്ലാസിലാണ്. പതിമൂന്ന് വയസ് മാത്രം പ്രായം. സുല്ലിടാതെ പിന്നാലെ കൂടിയ പനി എനിക്ക് ദിവസങ്ങളുടെ വ്യത്യാസത്തിൽ പ്രമോഷൻ തന്നു. ജനറൽ ഒപിയിൽ നിന്നും മരുന്നിന്റെ രൂക്ഷഗന്ധം പേറുന്ന കാൻസർ വാർഡിലേക്ക്.’– നിമിഷയാണ് പറഞ്ഞു തുടങ്ങിയത്.
മൂന്നു ദിവസം തുടർച്ചയായി മരുന്ന് കഴിച്ചു. പക്ഷേ പനി കീഴടങ്ങിയില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പനിയുടെ വേരു തേടി പോയത്. രക്തം പരിശോധിക്കാൻ ഡോക്ടറുടെ അറിയിപ്പ്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഫലംമാത്രം കിട്ടുന്നില്ല. ആദ്യ ഫലങ്ങളിൽ ഡബ്ല്യൂബിസി കൗണ്ട് കൂടുതലാണെന്ന് മാത്രം അറിഞ്ഞു. എന്റെ അമ്മയുടെ ചേച്ചി അതേ ആശുപത്രിയിൽ നഴ്സാണ്. അവർക്ക് ആദ്യമേ സംശയം മണത്തു. എന്നെയും അമ്മയേയും കാഴ്ചക്കാരാക്കി ഡോക്ടറുടെ ക്യാബിനിലേക്ക് അവർ വെപ്രാളപ്പെട്ട് ഓടുന്നു. ഈ നിമിഷങ്ങളിലൊക്കെ എന്റെ അമ്മ തീ തിന്നുകയായിരുന്നു. ഒടുവിൽ ഭയന്നതു തന്നെ സംഭവിച്ചു. ഡോക്ടർ അമ്മയോട് ആ സത്യം പറഞ്ഞു. ‘നിമിഷയ്ക്ക് കാൻസറാണ്... ലുക്കീമിയ!’ അച്ഛനാണെങ്കിൽ ഒമാനിലാണ്. നാട്ടിൽ അമ്മ മാത്രം ഒറ്റയ്ക്ക് എന്തു ചെയ്യണമെന്നറിയാതെ പതറിപ്പോയ നിമിഷങ്ങൾ... അപ്പോഴും ഞാനിതൊക്കെ കണ്ട് അന്തംവിട്ട് ഇരിക്കുകയാണ്. എനിക്കെന്താ അമ്മാ... എന്നു ചോദിക്കുമ്പോഴും പനിയാണെന്ന് മാത്രം പറഞ്ഞു.
എന്നെ പുറത്ത് വരാന്തയിൽ നിർത്തി അമ്മയും ഡോക്ടറും നഴ്സാന്റിമാരുമൊക്കെ എന്തൊക്കെയോ കാര്യമായി സംസാരിക്കുകയാണ്. കണ്ണാടിക്കൂടിലൂടെ നോക്കുമ്പോൾ കരഞ്ഞു ചുമന്ന അമ്മയുടെ കണ്ണുകൾ എനിക്കു കാണാം. ഞാൻ ആ വരാന്തയിലൂടെ നടന്നു. നടന്നു നടന്ന് എന്നെ ചികിത്സിക്കുന്ന ഡോക്ടർ മോഹനൻ നായരുടെ മുറിക്കു മുന്നിലെത്തി. നോക്കുമ്പോൾ ഡോക്ടറുടെ നെയിം ബോർഡിന്റെ താഴെ ബ്രാക്കറ്റിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘കാൻസര്‍ സ്പെഷലിസ്റ്റ്’ ആ നിമിഷം ഞാന്‍ തകർന്നു പോയി. ലുക്കീമിയ എന്ന് അവർ പറഞ്ഞത് കാൻസറിനെക്കുറിച്ചായിരുന്നു. എന്റെ അറിവില്‍ അന്ന് കാൻസറെന്നാൽ മരണമായിരുന്നു. സിനിമയിലൊക്കെ കണ്ടിട്ടുണ്ട്. മൂക്കിൽ നിന്ന് രക്തമൊക്കെ ഒഴുകി, മെലിഞ്ഞ് ക്ഷീണിച്ച്, മൂക്കിൽ കൂടി വയറൊക്കെ കടത്തി. അന്ന് ആ നിമിഷം എന്റെ നെഞ്ചു പിടഞ്ഞു. ഞാനിപ്പോൾ മരിക്കുമോ എന്ന പേടി...
പക്ഷേ അമ്മ ആശ്വസിപ്പിച്ചു. ചീത്ത അണുക്കൾ രക്തത്തിൽ ഉണ്ടെന്നും, അതിനെ എടുത്തു കളഞ്ഞാൽ കുഴപ്പമില്ലെന്നും പറഞ്ഞു. അവിടെ തുടങ്ങി എന്റെ കാൻസറുമായുള്ള പോരാട്ടം. ആദ്യമേ ബോൺ മാരോ ചെയ്തു. പത്ത് റേഡിയേഷനുകൾ, കീമോ, തുടർച്ചയായ ചെക്കപ്പുകൾ. ആ മൂന്ന് വർഷങ്ങൾ ജീവിതത്തിലെ വല്ലാത്തൊരു കാലമായിരുന്നു. ഓരോ അണുവിലും വേദന പടർന്നു കയറിയ ദിവസങ്ങൾ. പക്ഷേ അ വേദനകൾക്കിടയിലും പഠനത്തിൽ നിന്നും പിന്നാക്കം പോയില്ല. പ്ലസ് വണ്ണില്‍ ചേരുന്നതു വരെ ആ ബുദ്ധിമുട്ടുകൾ എന്നെ വിടാതെ പിടികൂടി. തലവേദന, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ. ഇടപ്പള്ളിയിലെ സ്കൂളിൽ പ്ലസ് വണ്ണിനു ചേരുമ്പോഴേക്കും രോഗം പതിയെ പിൻവാങ്ങി തുടങ്ങിയിരുന്നു. പക്ഷേ കാൻസർ അവശേഷിപ്പിച്ച എന്നിലെ ശരീരം ഒത്തിരി മാറിപ്പോയി. മുടി പോയി... ക്ഷീണിതയായി വല്ലാത്തൊരു അവസ്ഥ. അവിടെയാണ് നമ്മുടെ കഥാനായകന്റെ എൻട്രി...
പ്രണയമെന്ന ഉറപ്പ്
ഇടപ്പള്ളി സ്കൂളിൽ ഹ്യൂമാനിറ്റിസിന് ചേരുമ്പോൾ സിലബസ് നോക്കും മുമ്പേ ആദ്യം നോട്ടമിട്ടത് നമ്മുടെ നായികയെയാണ്. അതിന് കാരണങ്ങളുണ്ട്. അധികം കൂട്ടുകാരില്ലാത്ത, മുഖത്ത് സങ്കടമുണ്ടെങ്കിലും അതിന് മറക്കാൻ എപ്പോഴും പുഞ്ചിരിക്കുന്ന കുട്ടി. ഈ കുട്ടിക്ക് എന്തേ മുടി അധികമില്ലാത്തത് എന്ന് പലപ്പോഴും മനസിൽ ചോദിച്ചു. നേരിട്ട് ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ മടിച്ചു.– കഥയുടെ മൈക്ക് നിമിഷ നിഥിന് കൈമാറി.
ഒരു ദിവസം എന്തോ കുരുത്തക്കേടിന് സാർ പൊക്കി സ്റ്റാഫ് റൂമിൽ കൊണ്ടു പോയി. കൂട്ടത്തിൽ ഞാൻ പറഞ്ഞത് ആരും പറയാത്തൊരു ന്യായമാണ്. സാറേ വീട്ടിലെ അവസ്ഥ അങ്ങനാ... ഇങ്ങനാ... എന്നൊക്കെ പറഞ്ഞ് തടിയൂരാൻ നോക്കി. അപ്പോഴാണ് സാർ പറഞ്ഞത്, ഇതൊക്കെ ഒരു പ്രശ്നമാണോ?, നിന്നെക്കാളും വലിയ ബുദ്ധിമുട്ടുകളും സങ്കടങ്ങളുമുള്ള കുട്ടി നമ്മുടെ ക്ലാസിലുണ്ടെന്ന്. അത് നിമിഷയെ ഉദ്ദേശിച്ചായിരുന്നു പറഞ്ഞതെന്ന് വൈകിയെങ്കിലും എനിക്ക് മനസിലായി. അന്നു തൊട്ട് ആരോടും കൂട്ടുകൂടാത്ത ആ സുന്ദരിയുമായി കൂട്ടുകൂടാൻ ശ്രമിച്ചു.
അങ്ങോട്ട് മുട്ടുമ്പോഴും അകന്നു മാറാനായിരുന്നു നിമിഷ ശ്രമിച്ചത്. തന്റെ വേദനകളും താൻ കടന്നു വന്ന വഴികളും ആരുമറിയാൻ അവൾ ആഗ്രഹിച്ചില്ല. ആരെങ്കിലും നോക്കി സഹതപിക്കുന്നത് അവൾക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു. ഒരു യൂത്ത് ഫെസ്റ്റിന് ഗിത്താറും തോളിലിട്ട് വാരണം ആയിരത്തിലെ സൂര്യ സ്റ്റൈലിൽ സ്റ്റേജിലേക്ക് കയറി. ഗുരുക്കൻമാരെ മനസിൽ ധ്യാനിച്ച് ഒരു പാട്ടങ്ങ് കാച്ചി. അതായിരുന്നു എന്റെയും അവളുടെടെയും സൗഹൃദത്തിനിടയിലെ ആദ്യ പാലം. ആ അഭിനന്ദനം ഒന്നാന്തരമൊരു സൗഹൃദത്തിന്റെ തുടക്കമായി. എല്ലാം അറിഞ്ഞിട്ടും അവളുടെ രോഗത്തെക്കുറിച്ചോ സങ്കടങ്ങളെക്കുറിച്ചോ ഞാൻ ചോദിച്ച് പിന്നാലെ പോയില്ല. പക്ഷേ പരസ്പരം എല്ലാമറിയുന്ന കൂട്ടുകാരായി ഞങ്ങൾ. ഫോൺ നമ്പറുകൾ പരസ്പരം കൈമാറി. ഇതിനിടയിൽ ഞങ്ങളുടെ വീട്ടുകാരും സുഹൃത്തുക്കളായി. ഒരിക്കലെപ്പോഴോ എന്നോടൊരു ക്രഷ് ഉണ്ടെന്ന് അവൾ പറഞ്ഞുപോയി. ആ വാക്കുകളായിരുന്നു എന്റെ പിടിവള്ളി. അതിന് കാരണം എന്റെ പാട്ടും തോളിൽ തൂങ്ങിയ ആ ഗിറ്റാറുമെന്ന് പറഞ്ഞപ്പോൾ ഞാന്‍ ഡബിള്‍ഹാപ്പി. പിന്നൊന്നും ആലോചിച്ചില്ല, ചങ്കിനകത്തൊളിപ്പിച്ച ചുവപ്പൻ പ്രണയത്തെക്കുറിച്ച് അവളോട് തുറന്നു പറഞ്ഞു.
അപ്പോഴാണ് അവൾ കാൻസറിനെ കുറിച്ചും, അവളുടെ മുന്നിലുള്ള ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞത്.
എന്തുറപ്പിൽ നമ്മള്‍ മുന്നോട്ടു പോകുമെന്ന് ചോദിച്ചു. ജീവിതത്തിന്റെ ഏതെങ്കിലും ക്രോസ് റോഡിൽ വച്ച് യൂ ടേണ്‍ അടിക്കുമോ എന്നും ഓർമിപ്പിച്ചു.
‘കളങ്കമില്ലാത്ത സ്നേഹമില്ലാതെ മറ്റൊരുറപ്പ് തരാനില്ലെന്ന് അന്ന് അവളുടെ കണ്ണുകളെ നോക്കി പറഞ്ഞു. ഒരിക്കലും വേദനിപ്പിക്കില്ലെന്ന് ഹൃദയം സാക്ഷിയാക്കി ആണയിട്ടു.’
അന്ന് എന്റെ നിമിഷയുടെ കണ്ണുകളിൽ കണ്ട തിളക്കം, പൊഴിഞ്ഞു വീണ സന്തോഷക്കണ്ണീർ. അതിലും മനോഹരമായ കാഴ്ച ഞാന്‍ പിന്നെ കണ്ടിട്ടില്ല.
ഡിഗ്രിക്ക് രണ്ടു കോളജുകളിലേക്ക് പോയെങ്കിലും കണക്ഷൻ കട്ടയ്ക്കങ്ങനെ ലൈവായി നിന്നു. ഇതിനിടയ്ക്ക് വീട്ടുകാരെയൊക്കെ ഞങ്ങള്‍ തന്നെ കൺവിൻസ് ചെയ്തു. ഒടുവിൽ എല്ലാവരുടെയും ആശീർവാദത്തോടെ 2019 സെപ്റ്റബർ 22ന് ഞങ്ങൾ ഒന്നായി. ഈ മനോഹരമായ പ്രണയവല്ലരിയിൽ വിരിഞ്ഞ രണ്ട് പൂക്കൾ കൂടിയുണ്ട്. വയലിൻ, വിയോള എന്നിങ്ങനെ ഇരട്ടകളായ മാലാഖപെൺകൊടിമാർ. 2021 സെപ്റ്റംബർ 21നാണ് നിമിഷ എനിക്ക് ആ രണ്ട് നിധികളെ തന്നത്.
ബാങ്ക് ജോലി ഉപേക്ഷിച്ച് സംഗീതത്തിന്റെ വഴി തിരഞ്ഞെടുത്ത ഞാൻ മക്കൾക്ക് ആ പേര് ഇട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ. വയലിന്റെ ഇറ്റാലിയൻ രൂപഭേദമാണ് വിയോള. സൗണ്ട് എഞ്ചിനീയർ കൂടിയായ ഞാൻ വാമനൻ എന്ന സിനിമയിലെ നാലു പാട്ടുകൾക്ക് സംഗീതവും നൽകി. നിരവധി സിനിമകൾക്ക് പശ്ത്താല സംഗീതമൊരുക്കിയിട്ടുണ്ട്. സൗണ്ട് ഡിസൈനറുമാണ്. നിമിഷ ആലുവ സെന്റ് ഫ്രാൻസിസ് ഗേൾസ് എച്ച്എസ്എസിൽ നഴ്സറി അധ്യാപികയാണ് നിമിഷ.
എനിക്ക് 29 വയസാകുന്നു, നിമിഷയ്ക്ക് ഇരുപത്തിയെട്ടും. സഹപാഠിയെ ജീവിത സഹയാത്രികയാക്കി ഈ യാത്ര കടന്നു പോകുമ്പോൾ ഞങ്ങളെ ചേർത്തു നിർത്തുന്നത് കളങ്കമില്ലാത്ത പ്രണയമാണ്. അന്ന് അവളെ പ്രപ്പോസ് ചെയ്യുമ്പോൾ എത്രകാലം ഒന്നിച്ചു ജീവിക്കുമെന്ന ഉറപ്പു പോലും ഇല്ലായിരുന്നു. പക്ഷേ മുൻവിധികളെ മാറ്റിനിർത്തി ഈ ജീവിതം മുന്നോട്ടു പോകുമ്പോൾ കാൻസർ ഇന്ന് അവളുടെ ശരീരത്തിലില്ല. ഒരുപക്ഷേ തോറ്റുപോയതാകാം... ഞങ്ങളുടെ ഈ പ്രണയത്തിനു മുന്നിൽ. അല്ലെങ്കിലും പ്രണയത്തിന് കണ്ണും കാൻസറുമൊന്നും ഇല്ലല്ലോ.– നിമിഷയുടെ കണ്ണുകളില്‍ നോക്കി പ്രണയനോട്ടമെറിയുകയായിരുന്നു നിഥിൻ അപ്പോൾ.