Wednesday 29 April 2020 05:06 PM IST

കാൽമുട്ട് സന്ധിയിൽ നിന്ന് ശബ്ദം: മുട്ടുതേയ്മാനത്തിന്റെ സൂചനയാകാം

Sruthy Sreekumar

Sub Editor, Manorama Arogyam

Knee-story

നടക്കുമ്പോഴും കുത്തിയിരിക്കുമ്പോഴും കാൽ മടക്കുമ്പോഴും കാൽമുട്ട് സന്ധിയിൽ നിന്ന് ശബ്ദം കേൾക്കുന്നതായി പലരും പറയാറുണ്ട്. പല കാരണങ്ങൾ കൊണ്ടും മുട്ട് സന്ധിയിൽ ഇത്തരം ശബ്ദങ്ങൾ കേൾക്കാം. സന്ധി ദ്രവങ്ങളിൽ മർദ്ദത്തിലുണ്ടാകുന്ന വ്യതിയാനം വായുകുമിളകൾ ഉണ്ടാക്കുകയും അത് പൊട്ടുന്നതുമാണ് ഞൊട്ട വിടുന്നതു പോലെയുള്ള ശബ്ദത്തിന് കാരണം. ഇതൊരു സാധാരണ പ്രക്രിയ ആണ്. വളരുന്ന പ്രായത്തിൽ, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് മുട്ടുചിരട്ടയിലെ പേശികൾക്ക് ഉണ്ടാകുന്ന വ്യതിയാനങ്ങൾ ശബ്ദം ഉണ്ടാകുന്നു. വളരുംതോറും ഇടുപ്പെല്ല് വികസിക്കുന്നതും കാലിന്റെ മുട്ടുസന്ധിയിലെ വ്യതിയാനം കാരണവും ഇത് ഉണ്ടാകാം. കായിക വ്യായാമങ്ങൾ കൂടുതൽ ചെയ്താൽ ശബ്ദത്തിനൊപ്പം വേദനയും അനുഭവപ്പെടാം. തുടർച്ചയായി കുറെ നേരം നിന്നോ ഇരുന്നോ ജോലി ചെയ്യുന്നവരിൽ മുട്ടിനു ചുറ്റുമുള്ള പേശികൾ ചുരുങ്ങി പോകാം. ഇതും ശബ്ദമുണ്ടാക്കാം.

തുടർച്ചയായി ഇരുന്നോ ജോലി ചെയ്യുന്നവർ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുകയും മുട്ടു സ്ട്രെച്ച് ചെയ്യുന്ന വ്യായാമം ചെയ്യുകയും വേണം. അതു പോലെ തുടർച്ചയായി നിന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്ക് മുട്ട് മടക്കിയുള്ള വ്യായാമങ്ങൾ ചെയ്യണം. അല്ലെങ്കിൽ ഇടയ്ക്ക് ഇരുന്ന് കൊണ്ട് ജോലി ചെയ്യാം.

മുട്ടുചിരട്ടയുടെ മുന്നിലുള്ള ക്വാട്രിസെപ്സ് പേശികളെയും മുട്ടുചിരട്ടയുടെ പിന്നിലുള്ള ഹാംസ്ട്രിങ്‌സ് പേശികളെയും ബലപ്പെടുത്തുകയും അവ സ്ട്രെച്ച് ചെയ്തു കൊണ്ടുള്ള വ്യായാമങ്ങളുമാണ് ഇത്തരം ശബ്ദം ഒഴിവാക്കാനുള്ള പ്രധാന പരിഹാരം. മുട്ടിന്റെ ചലനം കൂടുതൽ ലഭിക്കുന്നതിനുള്ള ഫ്ലെക്സിബിലിറ്റി വ്യായാമങ്ങളും നല്ലതാണ്.

ചില വ്യായാമ മുറകൾ ഇതാ:

• ഹാoസ്ട്രിങ്സിനു വേണ്ടിയുള്ളത്: കാൽ നീട്ടി, നിലത്ത് ഇരിക്കുക. പാദം മുഖത്തോടു ചരിച്ച്, ഇടുപ് വളച്ച് മുന്നോട്ടാഞ്ഞ് കാൽ വിരലുകളിൽ തൊടുക. ഏകദേശം 30 സെക്കൻഡ് ഈ നില തുടരുക. തുടർന്ന് റിലാക്സ് ചെയ്യുക. വീണ്ടും ആവർത്തിക്കുക.

• ക്യാട്രിസെപ്സ് സ്ട്രെച്ചിങ് വ്യായാമം: കമഴിന്ന് കിടന്ന് മുട്ടു മടക്കി ഹീൽ നിതംബത്തിൽ മുട്ടിക്കാൻ ശ്രമിക്കുക.

• കാഫ് മസിൽ സ്ട്രെച്ചിങ് വ്യായാമം: പടിയുടെ അറ്റത്ത് കാൽവിരലുകളിൽ ഊന്നി നിൽക്കുക. തുടർന്ന് ഉപ്പൂറ്റി മുകളിലേക്ക് ഉയർത്തുക.

• നിലത്തിരിക്കുക. കാൽമുട്ടിനു താഴെ ടൗവ്വലോ ചെറിയ തലയിണയോ മടക്കി വയ്ക്കുക. മുട്ടു നിവർത്തി തലയിണയിലേക്ക് അമർത്താൻ ശ്രമിക്കുക.

ചെറുപ്പത്തിൽ കാൽ മുട്ടിൽ നിന്ന് കേൾക്കുന്ന ശബ്ദങ്ങൾ ഭാവിയിലെ മുട്ട് തേയ്മാനത്തിന്റെ ലക്ഷണമാകാം.

മുട്ടിൽ നിന്ന് കേൾക്കുന്ന ശബ്ദങ്ങൾ വേദനയും നീരും ഉണ്ടാക്കുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്. മുട്ടു സന്ധിയിലെ പരിക്കുകൾ മൂലം ഇങ്ങനെ സംഭവിക്കാം. ചില ശസ്ത്രക്രിയകൾ, മുട്ടു മാറ്റിവയ്ക്കൽ പോലുള്ള ചെയ്താലും ചിലരിൽ ശബ്ദം ഉണ്ടാകാം. സൈനോവിയൽ സ്തരത്തിൽ ഉണ്ടാകുന്ന ചില നീർവീക്കങ്ങളും വേദനയും ശബ്ദവും ഉണ്ടാക്കും. മുട്ടു സന്ധിക്ക് അമിതമായ സമ്മർദ്ദം ഉണ്ടാക്കാത്ത വ്യായാമങ്ങൾ - നീന്തൽ, സൈക്ലിങ് പോലുള്ളവ ചെയ്യാം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. വി. രാജേഷ് ,

ഓർത്തോപീഡിഷൻ,

മാതാ ഹോസ്പിറ്റൽ,

കോട്ടയം

Tags:
  • Manorama Arogyam
  • Health Tips