Saturday 06 June 2020 04:32 PM IST

പല തവണ കൈ കഴുകൽ, ഡിസ്പോസിബിൾ പ്ലേറ്റും ഗ്ലാസ്സും: പുറത്തുപോയി ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

Asha Thomas

Senior Sub Editor, Manorama Arogyam

rest

പ്രിയപ്പെട്ടൊരു വിഭവം, അത്രമേൽ പ്രിയപ്പെട്ട ആളുകളുടെ കൂടെ ഇഷ്ടപ്പെട്ട റസ്റ്ററന്റിലിരുന്ന് ആസ്വദിച്ച് കഴിച്ചിട്ട് എത്ര നാളായി? ഭക്ഷണം ഒാർഡർ ചെയ്തു  വീട്ടിൽ വരുത്തിച്ച് കഴിക്കാമെങ്കിലും പ്രിയപ്പെട്ട റസ്റ്ററന്റിന്റെ ആംബിയൻസിലിരുന്ന്  ഭക്ഷണം കഴിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. എന്തായാലും കാത്തിരിപ്പ് ഇനി മതിയാക്കാം. ലോക്‌ഡൗൺ ഇളവുകളുടെ ഭാഗമായി ഹോട്ടലുകൾ തുറക്കുന്നതിന് നിർദേശം വന്നിട്ടുണ്ട്.

പക്ഷേ, ശ്രദ്ധിച്ചില്ലെങ്കിൽ വലിയൊരു വിപത്തിലേക്കുളള വാതിൽ തുറന്നുകൊടുക്കലാകും ഇത്. മറ്റു രാജ്യങ്ങളിലെ കോവിഡ് വ്യാപന രീതികൾ പരിശോധിച്ചാൽ ചൈനയിൽ ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും വലിയ വൈറസ് വ്യാപനമുണ്ടായത് റസ്റ്ററന്റുകളിൽ ഒരുമിച്ചിരുന്നുള്ള ഭക്ഷണം കഴിക്കൽ വഴിയാണെന്നു കാണാം. ചൈനയിൽ ഒരു റസ്റ്ററന്റിലിരുന്നു ഭക്ഷണം കഴിച്ച 10 പേർക്കാണ് ഒറ്റയടിക്ക് വൈറസ് വ്യാപനമുണ്ടായത്. എന്നുകരുതി പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അതീവകരുതലും ജാഗ്രതയും പുലർത്തിയില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ട് ; ലക്ഷണങ്ങളില്ലാത്ത രോഗമാണ് കോവിഡ് (ഇൻവിസിബിൾ പാൻഡമിക്) എന്ന് പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ പ്രത്യേകിച്ചും.

റോബോട്ട് വെയിറ്റർമാരും ഗ്ലാസ്സ് സ്ക്രീൻ മറയും, കാഷ്‌ലസ് ബില്ലിങ്ങും ഒക്കെയായി വിദേശ രാജ്യങ്ങളിൽ വൻ തയാറെടുപ്പുകളാണ് റസ്റ്ററന്റുകളിൽ നടത്തുന്നത്. അത്രയും സാധിക്കില്ലെങ്കിലും  ഹോട്ടലുകൾ തുറക്കും മുൻപേ തികഞ്ഞ ജാഗ്രതയോടെയുള്ള ചില മുന്നൊരുക്കങ്ങൾ അത്യാവശ്യമാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. 

കോവിഡ് 19 എന്നത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് സ്രവകണങ്ങൾ വഴി പകരുന്ന രോഗമാണ്. രോഗബാധിതർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തേക്കു തെറിക്കുന്ന സ്രവകണങ്ങളിൽ വൈറസ് ഉണ്ടാകാം. ഏകദേശം ഒന്നര മീറ്റർ ദൂരത്തോളം വൈറസ് കലർന്ന ഈ സ്രവകണങ്ങൾ തെറിക്കാം. ഈ ദൂരപരിധിയിൽ ഉള്ളവരിലേക്ക് വൈറസ് നേരിട്ടു കടക്കാം. മറ്റൊരു സാധ്യതയുള്ളത്, പ്രതലങ്ങളിൽ അതായത് മേശ, കസേര, മൊബൈൽഫോൺ എന്നിവയിൽ വീണ സ്രവകണങ്ങളിലെ വൈറസ് സ്പർശനം വഴി മറ്റൊരാളിലേക്ക് എത്താമെന്നതാണ്. പ്രതലങ്ങളിൽ എത്തുന്ന വൈറസ് മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ അവിടെ ജീവനോടെയിരിക്കാം. ഈ പ്രതലങ്ങളിൽ സ്പർശിച്ച കൈ കൊണ്ട് മുഖത്തോ കണ്ണിലോ പിടിക്കുന്നതു വഴി വൈറസ് ശരീരത്തിലെത്തുന്നു.

റസ്റ്ററന്റുകളിൽ നിന്നു രോഗം പകരുന്നത് ഇങ്ങനെ

ഹോട്ടലുകളിൽ നിന്നുള്ള രോഗവ്യാപനസാധ്യതകൾ എന്തൊക്കെയാണെന്നു നമുക്കൊന്നു നോക്കാം.

റസ്റ്ററന്റിന്റെ വാതിൽ തുറക്കുമ്പോൾ മുതൽ വൈറസ് ശരീരത്തിലെത്താനുള്ള സാധ്യതകൾ തുറക്കുന്നു. വാതിൽപിടിയിൽ രോഗബാധിതനായ ആരെങ്കിലും സ്പർശിച്ചിട്ടുണ്ടെങ്കിൽ അതിൽ വൈറസ് കണങ്ങളുണ്ടാകും. നിങ്ങൾ ആ പിടിയിൽ പിടിക്കുമ്പോൾ സ്രവങ്ങളിലെ വൈറസ് കയ്യിലെത്തുന്നു. ആ കൈ കഴുകാതെ മുഖത്തോ കണ്ണിലോ ഏതെങ്കിലും പ്രതലങ്ങളിലോ തൊട്ടാൽ അവിേടക്കെല്ലാം വൈറസ് വ്യാപിക്കാം.

∙ ഹോട്ടലിൽ പ്രവേശിക്കുന്നതിനു മുൻപ് സാനിറ്റൈസർ കൊണ്ട് കൈ വൃത്തിയാക്കുക. വാതിൽ പിടിയിൽ പിടിച്ചാൽ ഉടൻ കൈ വൃത്തിയായി കഴുകിയശേഷം മാത്രം മറ്റു പ്രതലങ്ങളിൽ തൊടുക. കൈ കഴുകിയാൽ മാത്രം പോര സാധിക്കുമെങ്കിൽ കൈവശം കരുതിയ ടവൽ കൊണ്ടോ ടിഷ്യു കൊണ്ടോ തുടച്ചുണക്കുക.

∙ കസേരകൾ, ടേബിൾ സീറ്റുകൾ, മേശവിരി, മെനു കാർഡ്, കത്തിയും ഫോർക്കും സ്പൂണും എന്നീ പ്രതലങ്ങളിലൊക്കെ രോഗബാധിതരുടെ സ്പർശനം വഴി വൈറസ് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇവയിലൊന്നും അനാവശ്യ സ്പർശനം അരുത്.

ഒാർഡർ എടുക്കാനായി വെയിറ്റർ അടുത്തേക്കു വരുമ്പോൾ നമ്മുടെ ശ്വാസോച്ഛ്വാസ പരിധിയിലേക്ക് (breathing space) കടക്കാം. ഇത് അപകടമാണ്. കോവിഡ് കാലത്ത് ആളുകൾ തമ്മിൽ ഒന്നര മീറ്റർ പരിധിയെങ്കിലും സൂക്ഷിക്കുന്നതാണ് നല്ലതെന്നത് മറക്കരുത്.

ഭക്ഷണപാത്രങ്ങൾ, ഗ്ലാസ്സുകൾ ഇവയൊക്കെ ഒാരോ ഉപയോഗശേഷവും വേണ്ടപോലെ വൃത്തിയാക്കിയില്ലെങ്കിൽ രോഗസാധ്യതയുണ്ട്. അത്തരം റിസ്കുകളും കണക്കിലെടുക്കണം.

ഇനി ഏസി റസ്റ്ററന്റ് ആണെങ്കിൽ, വൈറസ് ബാധിതനായ ഒരാളെങ്കിലും ഉണ്ടെങ്കിൽ, ഇരട്ടി അപകടസാധ്യതയുണ്ട്. ഏസിയിൽ വായൂപ്രവാഹം കൂടുതലായതിനാലും ശുദ്ധവായുസഞ്ചാരം ഇല്ലാത്തതിനാലും ഒന്നര മീറ്റർ പരിധി കടന്നും സ്രവകണങ്ങൾ വഴി വൈറസ് എത്താം. അതുകൊണ്ട് കേന്ദ്രഗവൺമെന്റിന്റെ പുതിയ മാർഗനിർദേശം അനുസരിച്ച് ഏസിയുടെ താപനില 23–30 ന് ഇടയ്ക്ക് നിജപ്പെടുത്തണം. കൂടാതെ ജനലുകൾ തുറന്നിട്ട് വേണ്ടത്ര വായുസഞ്ചാരമുണ്ടെന്ന് ഉറപ്പാക്കണം.

ഭക്ഷണശേഷം ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോഴും ടാപ്പ്, ഫ്ലഷ് പിടി എന്നിങ്ങനെ ഒട്ടേറെ പ്രതലങ്ങളുമായി സമ്പർക്കമുണ്ടാകുന്നുണ്ട്. കൃത്യമായി അണുവിമുക്തമാക്കിയിട്ടില്ലെങ്കിൽ ഇവയൊക്കെ രോഗാണുവാഹകരാകാം. അതുകൊണ്ട് കഴിവതും ഹോട്ടലുകളിലെ ടോയ്‌ലറ്റുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

ഭക്ഷണശേഷം കൈ കഴുകിക്കഴിഞ്ഞ് കൈ ഉണക്കാൻ മറക്കരുത്. നനഞ്ഞ കൈകളിലേക്ക് വൈറസ് പറ്റിപ്പിടിക്കാൻ സാധ്യത കൂടുതലാണ്. ഹോട്ടലുകളിലെ ഹാൻഡ് ഡ്രയർ സംവിധാനം ഉപയോഗപ്പെടുത്താം.

കറൻസി നോട്ടുകൾ വഴി കൊറോണ പകരമെന്നു തെളിവുകളൊന്നുമില്ല. എങ്കിലും മുൻകരുതൽ എന്ന രീതിയിൽ പണമിടപാടിനു ശേഷം കൈ സാനിറ്റൈസ് ചെയ്യുക. കാർഡ് വഴിയുള്ള ഇടപാടുകളിലും പിൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ പലർ സ്പർശിച്ച പ്രതലത്തിലാണ് തൊടുന്നതെന്ന് ഒാർമ വേണം.

∙ ഹോട്ടലിൽ നിന്നു പുറത്തു വന്ന ശേഷവും കൈ വൃത്തിയാക്കാൻ മറക്കരുത്.

∙ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാൻ മറക്കരുതെന്നു പറയേണ്ടതില്ലല്ലൊ. കുട്ടികളെയും 65 വയസ്സിനു മുകളിൽ ഉള്ളവരെയും ഗർഭിണികളെയും പുറത്തു ഭക്ഷണം കഴിക്കാൻ കൊണ്ടുപോകാതിരിക്കുന്നതാണ് ഉത്തമം. കുടുംബം മുഴുവനായി പോയി ഭക്ഷണം കഴിക്കുന്ന ശീലവും കുറച്ചു മാസത്തേക്കെങ്കിലും ഒഴിവാക്കണം.

റസ്റ്ററന്റുകളിൽ ശ്രദ്ധിക്കാൻ

ഉപഭോക്താക്കളുടെ ജീവന് സുരക്ഷ ഉറപ്പുവരുത്താൻ റസ്റ്ററന്റ് ഉടമകളും പ്രത്യേകം ശ്രദ്ധിക്കണം. ഒരുമിച്ച് ഒരുപാട് പേർ റസ്റ്ററന്റിനുള്ളിൽ പ്രവേശിക്കുന്നില്ല എന്ന് അവർ ഉറപ്പു വരുത്തണം. പ്രവേശനവഴിയിൽ ഒരു സാനിറ്റൈസർ വച്ചിരുന്നാൽ കസ്റ്റമർ കൈ സാനിറ്റൈസ് ചെയ്തിട്ടാണ് കയറുന്നതെന്ന് തീർച്ചപ്പെടുത്താം.

∙ ഫ്ളൂ രോഗങ്ങളുടെ ലക്ഷണമുള്ളവർ, അതായത് പനി, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ പ്രശ്നമുള്ള ജീവനക്കാർക്ക് അവധി കൊടുക്കുക. പാചകത്തിനോ ഭക്ഷണവിതരണത്തിനോ ഇവരെ ഉൾപ്പെടുത്തരുത്. 

∙ ആളുകളെ റസ്റ്ററന്റിനുള്ളിൽ ഇരുത്തുമ്പോൾ സാമൂഹിക അകലം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

∙ ഭക്ഷണം പാചകം ചെയ്യുന്നവരും വിളമ്പുന്നവരും ശുചീകരണ ജോലിക്കാരും കൗണ്ടറിൽ ഇരിക്കുന്നവരും ഉൾപ്പെടെ കർശനമായും മുഖാവരണവും കയ്യുറകളും ധരിക്കണം.

∙ ടോയ്‌ലറ്റുകൾ ദിവസം രണ്ടുതവണ വൃത്തിയാക്കണം. ബ്ലീച്ചിങ് സൊല്യൂഷനോ സോഡിയം ഹൈപ്പോക്ലോറേറ്റ് സൊല്യൂഷനോ അണുക്കളെ പൂർണമായി തന്നെ നശിപ്പിക്കും.

∙ പാത്രങ്ങളും ഗ്ലാസ്സുകളും ഒാരോ ഉപയോഗത്തിനു ശേഷവും തിളച്ചവെള്ളത്തിൽ കഴുകി അണുവിമുക്തമാക്കാം. അതിനു സാധിക്കുകയില്ലെങ്കിൽ ഡിസ്പോസിബിൾ പ്ലേറ്റുകളും ഗ്ലാസ്സുകളുമോ ഇല പോലുള്ള പ്രകൃതിദത്ത സംവിധാനങ്ങളോ ഉപയോഗിക്കുന്നതാകും സുരക്ഷിതം.

∙ മേശയും കസേരയും ബ്ലീച്ച് സൊല്യൂഷൻ കൊണ്ട് ദിവസവും മൂന്നു നേരം തുടയ്ക്കണം.

∙ പ്രവർത്തനസമയം കുറച്ചാൽ ക്ലീനിങ്ങിനും മറ്റ് ക്രമീകരണങ്ങൾക്കും കൂടുതൽ സമയം ലഭിക്കും.

റസ്റ്ററന്റുകൾ മാത്രമല്ല വീടുകളിൽ നടത്തുന്ന ആഘോഷപാർട്ടികളിലും മേൽപറഞ്ഞ എല്ലാ അപകടസാധ്യതകളുമുണ്ട്. ആളുകളുടെ എണ്ണം പരിമിതമാക്കിയും ഇടയ്ക്കിടെ കൈ വൃത്തിയാക്കുക, മാസ്ക് ധരിക്കുക പോലുള്ള വ്യക്തിശ്വചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചും അപകടങ്ങൾ കുറച്ചൊക്കെ ഒഴിവാക്കാം. രോഗം തീവ്രമാകാൻ സാധ്യതയുള്ള ആളുകളെ ഇത്തരം ചടങ്ങുകളിലേക്ക് കൊണ്ടുപോകാതിരിക്കുന്നതും ഗുണകരമാണ്.

കോവിഡ് ഭക്ഷണത്തിലൂടെ പകരുന്ന രോഗമല്ല എന്നത് ശരിതന്നെ. പക്ഷേ, ഭക്ഷണവുമായി ബന്ധപ്പെട്ട മേഖലകളിലൂടെ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ജാഗ്രത കൂടിയേ തീരൂ.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ബി. പദ്മകുമാർ

മെഡി. കോളജ്, ആലപ്പുഴ

Tags:
  • Manorama Arogyam
  • Diet Tips
  • Health Tips