ശ്രുതിമധുരമായ ഗാനം പോലെയാകണം ദാമ്പത്യം. ഇതിലെ ശ്രുതിയാണ് ലൈംഗികത. അതിൽ തകരാറുകൾ സംഭവിച്ചാൽ ഗാനത്തിന്റെ മാധുര്യവും ഇമ്പവും കുറയും. ലൈംഗികപ്രശ്നങ്ങൾ പലതും തുടക്കത്തിലെ തിരിച്ചറിയുകയും പരിഹാരം തേടുകയും ചെയ്താൽ പരിഹരിക്കാവുന്നതേയുള്ളൂ. വാജീകരണം എന്ന വിഭാഗത്തിലാണ് ലൈംഗിക പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗങ്ങൾ ആയുർവേദം നിർദേശിക്കുന്നത്. പല പരിഹാരമാർഗങ്ങളും വീട്ടിൽ തന്നെ സ്വയം ചെയ്യാവുന്നതുമാണ്. പ്രശ്നം ഉണ്ടെങ്കിൽ അത് മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് ആദ്യം വേണ്ടത്. പലപ്പോഴും സ്വന്തം പ്രശ്നം പങ്കാളിയുടെ മേൽ ചുമത്താനുള്ള ശ്രമം ഉണ്ടാകാറുണ്ട്. ഇത് ദാമ്പത്യത്തിൽ വിള്ളൽ വീഴ്ത്താനുള്ള കാരണമായി വരെ മാറാം.
പലരും പുറത്ത് പറയാൻ പോലും മടിക്കുന്ന പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ആയുർവേദ പരിഹാരങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് അറിയാം.
1. പെട്ടെന്ന് അണയുന്ന സന്തോഷം
രതി പൂർണമായി ആസ്വദിക്കാൻ കഴിയാത്ത പ്രശ്നങ്ങളിൽ പ്രധാനം സ്ഖലനവുമായി ബന്ധപ്പെട്ടവയാണ്. ശീഘ്ര സ്ഖലനം, സ്വപ്ന സ്ഖലനം, സ്ഖലന സ്തംഭനം ഇ ങ്ങനെ പലതരം പ്രശ്നങ്ങളാണ് പുരുഷന്മാരെ അലട്ടുന്നത്. ഇതിന് പൊതുവായി നിർദേശിക്കാവുന്ന ഒന്നാണ് കുറുന്തോട്ടി കഷായം.
∙ കുറുന്തോട്ടി വേരൊടെ ഇടിച്ചുപിഴിഞ്ഞ നീര് തിളപ്പിച്ച് ദിവസം 100 മില്ലിഗ്രാം വീതം രാവിലെയും വൈകുന്നേരവും ഒരാഴ്ചത്തേക്ക് കഴിക്കുന്നത് നല്ലതാണ്.
∙ പത്തു ഗ്രാം ത്രിഫലചൂർണം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കി അത്താഴത്തിനു ശേഷം ഉറങ്ങുന്നതിനു മുൻപ് കഴിക്കുന്നത് സ്ഖലന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമാണ്.
∙ ലൈംഗിക ഉത്തേജനക്കുറവ് അനുഭവപ്പെടുന്നവർക്ക് രാമച്ചവും ചന്ദനവും ചേർത്തരച്ച് തേനിൽ ചേർത്ത് കഴിക്കാം. ലൈംഗിക ബന്ധത്തിന് അരമണിക്കൂർ മുൻപെങ്കിലും കഴിക്കണം. ഇത് പുരുഷനും സ്ത്രീക്കും കഴിക്കാവുന്നതാണ്.
ഉണരാൻ വൈകുമ്പോൾ
ജനിതകപരമായ കാരണങ്ങളാലും മറ്റു രോഗങ്ങൾ മൂല വും ഉദ്ധാരണക്കുറവ് ഉണ്ടാകാം. പ്രസന്നമായ അന്തരീക്ഷവും ദമ്പതികൾ തമ്മിലുള്ള മാനസിക പൊരുത്തവും നല്ല ലൈംഗികതയ്ക്ക് ആവശ്യമാണ്. മനസ്സിൽ വെറുപ്പോ ദേഷ്യമോ സൂക്ഷിച്ച് കിടപ്പുമുറിയിലേക്ക് കടക്കരുത്. അപ്പോൾ ചെയ്യുന്നതെല്ലാം ‘യാന്ത്രികമായി’ പോകും. ഇത്തരം അന്തഃസംഘർഷങ്ങൾ ഉദ്ധാരണത്തെ ബാധിക്കുമെന്ന് മനസ്സിലാക്കുക. നല്ല ആശയവിനിമയം ദമ്പതികൾക്കിടയിൽ ഉണ്ടാകണം. പറഞ്ഞിട്ട് മനസ്സിലാകുന്നതു പോലെ മധ്യമവും പറയാതെ മനസ്സിലാക്കുന്നത് ഉത്തമവും ആണെന്ന് തിരിച്ചറിയുക. പങ്കാളിയുടെ മൂഡ് സ്വിങ്സ് കൃത്യമായി പരസ്പരം മനസ്സിലാക്കാൻ കഴിയുമ്പോഴാണ് ലൈംഗികത ശ്രുതിമധുരമായ ഗാനമായി മാറുന്നത്.
ആരോഗ്യം ലൈംഗികതയിൽ പ്രധാന ഘടകമാണ്. പൊണ്ണത്തടി ചിലരിൽ ലൈംഗികശേഷിക്കുറവിന് കാരണമാകാറുണ്ട്. മതിയായ വ്യായാമം, ഉറക്കം, ദുർമേദസ്സ് ഒഴിഞ്ഞ ശരീരം ഇവയൊക്കെ ചിട്ടയായ ജീവിതക്രമം കൊണ്ട് സ്വന്തമാക്കേണ്ടത്. പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങളുണ്ടെങ്കിലും ആരോഗ്യത്തിലേക്ക് കുറുക്കുവഴികളില്ല എന്നത് മനസ്സിലാക്കുക.
മതിയായ ആരോഗ്യമുണ്ടായിട്ടും ഉദ്ധാരണ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ഭക്ഷണത്തിലെ ചില ക്രമീകരണങ്ങൾ കൊണ്ട് മാറ്റം സ്വന്തമാക്കാൻ കഴിയും. ലൈംഗിക ഉത്തേജകങ്ങളായ ഭക്ഷണം പകരുന്ന ഊർജം പ്രധാനമാണ്. അവ എതൊക്കെയന്ന് മനസ്സിലാക്കാം.
∙ നാടൻ കോഴിയിറച്ചിയും കോഴിമുട്ടയും നേന്ത്രപ്പഴവുമൊക്കെ ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്.
∙ വൈറ്റമിൻ ഇ ചേർന്ന പഴങ്ങളും ധാന്യങ്ങളും ഒക്കെ ലൈംഗികശേഷി വർധിപ്പിക്കുന്നവയാണ്. സ്ട്രോബറി, ബ ദാം, അവക്കാഡോ, ചോക്‌ലെറ്റ്, നിലക്കടല, വനില, ജാതിക്ക, ഇഞ്ചി തുടങ്ങിയവ ഈ ഗണത്തിൽ പെടുന്നു
∙ ഒരുചെറിയ സ്പൂൺ വീതം െനല്ലിക്കാപ്പൊടിയും കൽക്കണ്ടവും ഒരു ചെറിയ സ്പൂൺ തേനിൽ ചാലിച്ച് ഉറങ്ങാൻ സമയത്തു സ്ഥിരമായി കഴിക്കുന്നത് പുരുഷന്മാരിലെ ലൈംഗിക ബലക്കുറവിനുള്ള പരിഹാരമാണ്. ഉത്തേജനക്കുറവുള്ള സ്ത്രീകൾക്കും ഇത് സേവിക്കാം.
∙ വീട്ടിലുണ്ടായ ഇളം വെണ്ടയ്ക്ക ഒന്നോ രണ്ടോ രാവിലെ പച്ചയ്ക്ക് കഴിക്കുന്നത് ആരോഗ്യദായകവും ലൈംഗിക ഉണർവ് പകരുന്നതുമാണ്.
∙ പാലും പാലുൽപന്നങ്ങളും ലൈംഗിക ഉത്തേജനത്തിന് കാരണമാകുന്നുണ്ട്. രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ലതാണ്. പാലിൽ ചില ചേരുവകൾ കൂടി ചേര്‍ന്നാൽ ഫലം വർധിക്കും. പാലിൽ ഉണക്കമുന്തിരി ചേർത്ത് തിളപ്പിച്ചു കുടിക്കുന്നത് ലൈംഗിക ഉത്തേജനം വർധിപ്പിക്കും. ആടിന്റെ പാലാണെങ്കിൽ ഗുണം കൂടും.
4. അണുബാധയെ നേരിടാം
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരെയാണ് ലൈംഗിക പ്രശ്നങ്ങൾ അധികമായി അലട്ടുന്നത്. പക്ഷേ, പ്രശ്നങ്ങൾ പുറത്തു പറയാൻ മടി സ്ത്രീകൾക്കാണ് കൂടുതൽ.
∙ അണുബാധ അകറ്റാൻ ത്രിഫലക്കഷായം നല്ലതാണ്. സ്ത്രീ ലൈംഗികാവയവങ്ങൾ ത്രിഫലക്കഷായം ഉപയോഗിച്ചു കഴുകുന്നത് അണുബാധകളെ ഒരുപരിധി വരെ തടയും. സ്വാഭാവിക ആരോഗ്യം നിലനിർത്താനും നല്ലതാണ്.
∙ നാൽപാമര ചൂർണം കഷായമാക്കി അതുകൊണ്ട് സ്വകാര്യഭാഗങ്ങൾ കഴുകുന്നത് ചുവപ്പ്, ചൂട്, പുകച്ചിൽ ഇവ ഒഴിവാക്കാൻ സഹായിക്കും.
∙ രാമച്ചം, ചന്ദനം, പതിമുഖം, ദേവദാരു എന്നീ ഔഷധങ്ങളിട്ടു വെന്ത വെള്ളത്തിൽ കുളിക്കുന്നതും കഴുകുന്നതും ശരീരത്തിന്റെ ദുർഗന്ധം അകറ്റും.
∙ യോനിഭാഗത്ത് വേദന അനുഭവപ്പെടുന്നവർക്ക് പശുവിൻപാലും തേങ്ങാപ്പാലും 100 മില്ലി വീതം ചേർത്ത് തിളപ്പിച്ച് 100 മില്ലിയാക്കി വറ്റിച്ച് ദിവസം രണ്ടു നേരമായി കഴിക്കാം.
∙ 50 മില്ലി കരിമ്പിൻ നീരിൽ അമുക്കുരം പൊടി ചേർത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് വെള്ളപോക്ക് കുറയ്ക്കാൻ നല്ലതാണ്.
∙ ത്രിഫല, ചിറ്റമൃത് തുടങ്ങിയവ ചേർത്ത് തിളപ്പിച്ച വെള്ളം തണുപ്പിച്ച് യോനി കഴുകുന്നത് വെള്ളപ്പോക്ക് മൂലമുള്ള അസ്വസ്ഥകൾ ശമിപ്പിക്കും.
∙ കൊത്തമല്ലി, ജീരകം, നറുനീണ്ടിക്കിഴങ്ങ് എന്നിവ തുല്യ അളവിലെടുത്ത് തുല്യമായി ശര്‍ക്കര ചേർത്തു പത്തു ഗ്രാം വീതം രണ്ടു നേരമായി കഴിക്കുന്നതും വെള്ളപോക്ക്
പരിഹരിക്കാൻ നല്ലതാണ്.
∙ എള്ള്, ഗോതമ്പ്, നേന്ത്രപ്പഴം, തേങ്ങ, വെളുത്തുള്ളി ഇവ ലൈംഗിക ഹോർമോണുകൾക്ക് ഉത്തേജനം പകരുന്നവയാണ്. ഇവയൊക്കെയും പൊതുവായി നിർദേശിക്കാവുന്ന പരിഹാരമാർഗങ്ങളാണ്. എന്നാൽ രോഗാവസ്ഥകളിൽ വൈദ്യസഹായം തേടുക തന്നെ വേണം.
5. ഹോ... എന്തൊരു േവദന
ലൈംഗികബന്ധസമയത്തും ആർത്തവകാലത്തുമുള്ള അ മിത വേദന അലട്ടുന്ന സ്ത്രീകൾ നിരവധിയാണ്. വേദന രോഗമല്ല. എന്നാൽ ചില രോഗങ്ങളുടെ ലക്ഷണമാകാനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല. അതുകൊണ്ട് വേദനയ്ക്ക് ഡോക്ടറെ കാണുന്നതാണ് നല്ലത്. എന്നാൽ വീട്ടിൽ തന്നെ സ്വീകരിക്കാവുന്ന വേദനസംഹാരികളെക്കുറിച്ച് ആയുർവേദം പറയുന്നുണ്ട്.
∙ ആർത്തവകാലത്ത് കഠിനമായ വേദന അലട്ടുന്നവർ ഒരു പിടി ഉലുവ അല്ലെങ്കിൽ എള്ള് എടുത്ത് അഞ്ചു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിക്കുക. വെള്ളം മുക്കാൽ ഗ്ലാസാക്കി വറ്റിച്ചു കുടിക്കുന്നത് വേദന ശമിപ്പിക്കും.
∙ ആർത്തവത്തിന് രണ്ടു മൂന്നു ദിവസം മുൻപ് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണ്. ആർത്തവത്തിന് മൂന്നു ദിവസം മുൻപ് ത്രിഫല കഷായം പോലെയുള്ള മരുന്നുകൾ കഴിക്കുന്നത് വിരേചനത്തിന് നല്ലതാണ്. ഒഴിഞ്ഞ വയർ ആർത്തവ വേദനകൾ കുറയ്ക്കും.
∙ യൂറിനറി ഇൻഫക്‌ഷൻ അലട്ടുന്നവരിലാണ് പൊതുവേ ലൈംഗികബന്ധത്തിനിടെ വേദന ശക്തമായി അനുഭവപ്പെടുന്നത്. വ്യക്തിശുചിത്വം പാലിക്കുക. ഒപ്പം ചെമ്പരത്തി കഷായം സേവിക്കാം.
അഞ്ചു ചെമ്പരത്തി പൂവ് അഞ്ച് ഗ്ലാസ് വെള്ളത്തിലിട്ട് അഞ്ചു മിനിറ്റ് തിളപ്പിക്കുക. പൂവ് മാറ്റിയ ശേഷം ഒരു നാരങ്ങയുടെ നീര് ഒഴിക്കുക. ഇതിൽ അൽപം ഉപ്പും പഞ്ചസാരയും ചേർത്തിളക്കി അൽപാൽപമായി കുടിക്കുന്നത് മൂത്രത്തിലെ അണുബാധ തടയും.
ഉത്തേജക മരുന്നുകൾ
പാല്, തേൻ, വെണ്ണ, കരിമ്പിൻ നീര്, ഉഴുന്ന്, കുങ്കുമപ്പൂവ്, ശതാവരി, അടപതിയൻ കിഴങ്ങ്, ഞെരിഞ്ഞിൽ, അമുക്കുരം, നായ്ക്കുരണ, നെല്ലിക്കാത്തോട്, കുറുന്തോട്ടി, ചിറ്റീന്തൽപഴം തുടങ്ങിയവ ലൈംഗിക ഉത്തേജക കാരകങ്ങളായി ആയുർവേദം കരുതുന്നു.
ഇവ ചേർത്ത നിരവധി ഔഷധങ്ങളുണ്ട്. പക്ഷേ, ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വൈദ്യനിർദേശപ്രകാരം കഴിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പൊതുവായ നിർദേശം സാധ്യമല്ല.
തെറ്റിദ്ധാരണ മാറ്റാം
ലൈംഗികബന്ധത്തിന്റെ ദൈർഘ്യം മണിക്കൂറുകൾ അല്ലമറിച്ച് മൂന്ന് മുതൽ പതിമൂന്ന് മിനിറ്റ് വരെയാണ് എന്നാണ് ആയുർവേദം പറയുന്നത്. പുരുഷ ലൈംഗിക അവയവത്തിന്റെ നീളത്തെ സംബന്ധിച്ചും തെറ്റിധാരണയുണ്ട്.
ഏഴു മുതൽ 16 സെൻറീമീറ്റർ വരെയാണ് ഉദ്ധരിച്ച ലിംഗത്തിന്റെ സ്വാഭാവികമായ നീളം. അഞ്ചു സെന്റിമീറ്റർ ആണ് യോനിയുടെ സംവേദനക്ഷമമായ ഭാഗം. ആത്മവിശ്വാസമാണ് പ്രധാനം. മറ്റ് തെറ്റിധാരണകൾ ഉണ്ടെങ്കിൽ മനസ്സിൽ നിന്നു നീക്കികളയണം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ഹരികുമാർ ഭാസ്കർ
മെഡിക്കൽ സൂപ്രണ്ട്
കെ.എൻ.എം. എൻഎസ്എസ് ആയുർവേദ ഹോസ്പിറ്റൽ
വള്ളംകുളം, തിരുവല്ല
ഡോ. പി.എം. മധു
അസിസ്റ്റന്റ് പ്രഫസർ, ഗവൺമെന്റ് ആയുർവേദ കോളജ്, പരിയാരം, കണ്ണൂർ.