Thursday 15 October 2020 04:14 PM IST

നിങ്ങൾക്കു കൊളസ്ട്രോൾ ഉണ്ടോ? ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ...

Santhosh Sisupal

Senior Sub Editor

cholsymp45

കൊളസ്ട്രോളിനു  ലക്ഷണമോ? കേള്‍ക്കുന്ന വിദഗ്ദ്ധരെല്ലാം പറയുന്നത് ഒരൊറ്റ മറുപടി. “ശരീരത്തില്‍ കൊളസ്ട്രോള്‍ അളവു കൂടുന്നതിന് ഒരു ലക്ഷണവുമില്ല. രക്തപരിശോധന നടത്തിനോക്കിയാല്‍ മാത്രമേ കൊളസ്ട്രോള്‍ കൂടുതലാണോ എന്നറിയാനാവൂ” ശരിയാണ് ശരീരത്തില്‍ അസാധാരണമായ നിലയില്‍ കൊളസ്ട്രോള്‍ ഘടകങ്ങള്‍ ഉയരുന്ന ഡിസ്‌ലിപിഡിമിയ (Dyslipidemia) എന്ന അവസ്ഥക്ക് പ്രത്യക്ഷത്തില്‍ ലക്ഷണങ്ങള്‍ കാണാറില്ല.

എന്നാൽ പല രോഗികളും ഡോക്ടറോട് പറയാറുണ്ട്, “ഈ ഇടയായി എനിക്ക് ഭയങ്കര ക്ഷീണം, കൊളസ്ട്രോൾ കൂടിയോ എന്നു സംശയമുണ്ട് ഡോക്ടര്‍’’ എന്ന്. മിക്കപ്പോഴും ഡോക്ടര്‍മാർ ഇത്തരം ലക്ഷണം പറയലുകളെ കാര്യമായി എടുക്കാറുമില്ല. കാരണം ക്ഷീണം പോലുള്ള ലക്ഷണം മറ്റൊരുപാട് രോഗങ്ങളുടെ സൂചനയാകാം. അക്കാര്യത്തിൽ ശ്രദ്ധകൊടുക്കുകയാവും ഡോക്ടർ ചെയ്യുക. ആവശ്യമെന്നു കണ്ടാൽ കൊളസ്ട്രോൾ പരിശോധനക്ക് നിര്‍ദേശിക്കും.

മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ട രക്തപരിശോധനകളുടെ ഭാഗമായിട്ടാവും മിക്കപ്പോഴും രക്തത്തിലെ കൊഴുപ്പിന്റെ അളവുകളും പരിശോധിക്കാൻ ‍ഡോക്ടർ നിർദേശിക്കുക. അപ്പോഴായിരിക്കും ഉയര്‍ന്ന അളവിൽ നിൽക്കുന്ന കൊളസ്ട്രോൾ തിരിച്ചറിയുന്നത്‌. കാര്യമായ ലക്ഷണങ്ങള്‍ ഇല്ലാത്തതുകൊണ്ട് തന്നെ പലരും നിര്‍ദേശിക്കപ്പെട്ട ജീവിതശൈലീമാറ്റമോ മരുന്നുകളോ തുടരാനും താൽപര്യം കാണിക്കില്ല. പിന്നീട് ഹൃദയാഘാതം പോലുള്ള ഗുരുതരാവസ്ഥയിൽ എത്തുമ്പോഴാവും കാര്യങ്ങൾ തിരിച്ചറിയുക. അപ്പോഴേക്കും ജീവിതകാലം മുഴുവൻ ചികിത്സ തുടരേണ്ട രോഗിയായിക്കഴിഞ്ഞിരിക്കും.

രക്തപരിശോധനയിലൂടെ കൊളസ്ട്രോൾ അളവ് മനസിലാക്കുന്നതാണ് ശരിയായ രീതിയെങ്കിലും അതിനു സാധിച്ചിട്ടില്ലാത്തവരുണ്ടാകും. അങ്ങനെയുള്ളവർ ഉടന്‍തന്നെ രക്തപരിശോധനയോ വിദഗ്ധ ഡോക്ടറുടെ നിര്‍ദേശമോ സ്വീകരിക്കേണ്ട 5 ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്. ഓര്‍ക്കുക, കൊളസ്ട്രോൾ സാന്നിധ്യം അറിയുന്നതിനെക്കാളും അതിന്റെ ഗുരുതര സാന്നിധ്യം സൂചിപ്പിക്കുന്നവയാണ് ഈ പറയുന്ന ലക്ഷണങ്ങള്‍.

1 നെഞ്ചുവേദന

അമിത കൊളസ്ട്രോളിന്റെ സുപ്രധാനവും അപകടകരവുമായ ലക്ഷണങ്ങളിൽ ഒന്നാമനാണ് നെഞ്ചുവേദന. നെഞ്ചിലുണ്ടാകുന്ന വേദനയും അസ്വസ്ഥതയുമൊക്കെ മറ്റു കാരണങ്ങളാലും ഉണ്ടാകാമെങ്കിലും ഹൃദ്രോഗവുമായി ബന്ധമില്ലെന്ന് ഉറപ്പാക്കണം. ഹൃദയത്തിനു രക്തമെത്തിക്കുന്ന കൊറോണറി ധമനികളിലെ അടവാണ് ഹൃദയാഘാതം. ഈ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹം കുറഞ്ഞാണ് ക്രമേണ പൂര്‍ണ അടവിലേക്ക് എത്തുന്നത്‌. ഉയര്‍ന്ന കൊളസ്ട്രോൾ ഉള്ളവരിൽ കൊഴുപ്പ് അടിയുന്ന (അതിറോസ്ക്ലിറോസിസ്) പ്രക്രിയയുടെ വേഗം കൂടും. ഇങ്ങനെ കൊഴുപ്പ് അടിയുന്നത് തുടരുന്തോറും ധമനിക്കുള്ളിലെ വ്യാസം കുറഞ്ഞുവരും. അപ്പോൾ ആ ധമനി രക്തം എത്തിച്ചിരുന്ന ഹൃദയപേശികള്‍ക്ക് കിട്ടുന്ന രക്തത്തിന്റെ അളവ് കുറയും. ഇത് നെഞ്ചിനുള്ളിൽ ഭാരമോ വേദനയോ ഒക്കെയായി പ്രകടമാകും. പലരിലും ഈ വേദന തുടക്കത്തിൽ കയറ്റം കയറുമ്പോഴോ , പടികൾ കയറുമ്പോഴോ കായിക അധ്വാനങ്ങളിൽ ഏര്‍പ്പെടുമ്പോഴോ ഒക്കെയാവും കാണുക. വിശ്രമിക്കുമ്പോൾ മാറുകയും ചെയ്യും. ഇതാണ് ‘സ്റ്റേബിൾ ആഞ്ചൈന’. എന്നാൽ പിന്നീട് വെറുതെയിരിക്കുമ്പോഴും അപ്രതീക്ഷിതമായി നെഞ്ചിൽ വേദനയോ അസ്വസ്ഥതയോ ഉണ്ടാകും. ഇതാണ് ‘അണ്‍സ്റ്റേബിൾ ആഞ്ചൈന’. ഈ അവസ്ഥ ഹൃദയാഘാതത്തിലേക്കു നയിക്കാനുള്ള സാധ്യത ഏറെയാണ്‌. രക്തത്തിലെ കൊളസ്ട്രോളിന്റെ ഉയര്‍ന്ന അളവാണ് ഈ അവസ്ഥകളിലേക്കു നയിക്കുന്നത്. അതിനാൽ നെഞ്ചിൽ വേദനയോ അസ്വസ്ഥതയോ കാണുകയാണെങ്കിൽ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും വൈകരുത്.

2 തലചുറ്റും ക്ഷീണവും

തലചുറ്റും ക്ഷീണവും പല കാരണങ്ങൾ കൊണ്ടുമുണ്ടാകാം. രക്തസമ്മര്‍ദത്തിലെ വ്യതിയാനങ്ങൾ കൊണ്ടു തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് തലചുറ്റിന്റെ സാധാരണ കാരണം. ശരീരത്തിലെ ഓക്സിജൻ അളവ് കുറയുന്നതും തലചു റ്റും ക്ഷീണവും തളർച്ചയുമൊക്കെ വരുത്തും. ശരീരത്തിലെ പോഷക സന്തുലനത്തിലോ ഇലക്ട്രോലൈറ്റ് സന്തുലനത്തിലോ വരുന്ന വ്യതിയാനങ്ങളും ഈ ലക്ഷണങ്ങൾ വരുത്തും. എന്നാൽ ദീർഘകാലമായി ഉയര്‍ന്നു നിൽക്കുന്ന കൊളസ്ട്രോള്‍, ക്ഷീണത്തിന് കാരണമാകാം. കാരണം ശരീരത്തിലെ എല്ലാ രക്തക്കുഴലുകളിലും കൊളസ്ട്രോൾ അടിഞ്ഞു കൂടുന്നുണ്ട്. ഇത് തീര്‍ക്കുന്ന ധമനികളിലെ ജരിതാവസ്ഥ രക്തപ്രവാഹത്തെ കുറയ്ക്കും. ഈ പ്രശ്‌നം മറികടക്കാൻ ഹൃദയം കൂടുതൽ അദ്ധ്വാനിക്കേണ്ടിവരും. രക്തപ്രവാഹത്തിലെ കുറവും രക്തത്തിലൂടെ കോശങ്ങളിലെത്തിയിരുന്ന ഓക്സിജൻ കുറവും ഹൃദയത്തിന്റെ കഠിനാധ്വാനവും ഒക്കെ കൂടിച്ചേരുമ്പോൾ ക്ഷീണവും മറ്റു പ്രശ്നങ്ങളും ഉണ്ടാവുക സ്വാഭാവികം. ഇനി അകാരണമായി തലചുറ്റോ ക്ഷീണമോ കാണുകയാണെങ്കിൽ ഡോ ക്ടറുടെ നിർദേശപ്രകാരം കൊളസ്ട്രോൾ അളവുകള്‍കൂടി പരിശോധിക്കാൻ മറക്കേണ്ട.

3 അമിതവണ്ണം

അമിതവണ്ണം ഉള്ളവര്‍ക്കെല്ലാം കൊളസ്ട്രോൾ കൂടുതലാണോ?, മെലിഞ്ഞിരിക്കുന്നവര്‍ക്കും കൊളസ്ട്രോൾ കൂടുതലായി കാണുന്നുണ്ടല്ലോ? ഈ സംശയങ്ങൾ നിങ്ങള്‍ക്കും തോന്നിയിട്ടുണ്ടാകാം. ഇക്കാര്യത്തിൽ പല തര്‍ക്കങ്ങളും ഇപ്പോഴും ഉണ്ട്. എന്നാൽ ഏറ്റവും പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ അമിതവണ്ണം ചില കൊളസ്ട്രോൾ ഘടകങ്ങൾ അപായകരമായ നിലയിലാണെന്നതിന്റെ സൂചനയാണ് എന്നു വ്യക്തമാക്കുന്നു. അമിതവണ്ണം നിര്‍ണയിക്കുന്നത് കാഴ്ചയുടെ അടിസ്ഥാനത്തിലല്ല. ബോഡി മാസ് ഇൻഡക്സ് (BMI) ആണ് അതിനുള്ള പ്രമാണം. ഉയരത്തിന്റെയും ശരീരഭാരത്തിന്റെയും അടിസ്ഥാനത്തിൽ കണക്കുകൂട്ടിയെടുക്കുന്നതാണ് ബിഎംഐ. (ഒരു വ്യക്തിയുടെ കിലോഗ്രാം അളവിലുള്ള ഭാരത്തെ, മീറ്ററിൽ കണക്കാക്കിയ ഉയരത്തിന്റെ സ്ക്വയർ കൊണ്ടു ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണ് ബിഎംഐ). ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം ബിഎംഐ പുരുഷന്മാരിൽ 25 ഉം സ്ത്രീകളിൽ 23 ഉം കടന്നാൽ അമിതഭാരമായി. 30 കടന്നാൽ അമിതവണ്ണവും. അമിതവണ്ണത്തിനു ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലുമായി കാര്യമായ ബന്ധമില്ല. എന്നാൽ അമിതവണ്ണം ഉള്ളവരിൽ നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ കുറയുന്നതായും അനാരോഗ്യകരമായ ട്രൈഗ്ലിസറൈഡുകൾ വർധിക്കുന്നതായും വ്യക്തമായി. ഇത് ഹൃദ്രോഗപ്രശ്നങ്ങൾ മാത്രമല്ല, ഇന്‍സുലിൻ റെസിസ്റ്റന്‍സ് കൂട്ടുന്നതിനാൽ പ്രമേഹവും വരുത്തും. ഇക്കാരണങ്ങളാൽ അമിതവണ്ണത്തെ കൊളസ്ട്രോൾ അസന്തുലനത്തിന്റെ ലക്ഷണമായി കണക്കാക്കാം.

‌4 കണ്ണും കാഴ്ചയും

കൊളസ്ട്രോൾ പരിധിവിട്ടുയരുമ്പോൾ കണ്ണും ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. പ്രകാശത്തെ സ്വീകരിക്കുന്ന റെറ്റിനയിലെ രക്തക്കുഴലുകളിൽ കൊഴുപ്പുണ്ടാക്കുന്ന അടവുകൾ കാഴ്ചയെ ബാധിക്കും. കാഴ്ചയെ സാരമായി ബാധിക്കുന്ന പൂര്‍ണ പരിഹാരമില്ലാത്ത രോഗമാണ് ഗ്ലോക്കോമ. ഒരു തരത്തിൽ ഗ്ലോക്കോമക്കും അമിതമായ കൊഴുപ്പ് കാരണമാകാം. കാഴ്ചക്കുറവും തെളിച്ചമില്ലായ്മയും ഉണ്ടാവാം. റെറ്റിനയിലെ രക്തക്കുഴൽ അടയുന്ന അവസ്ഥയിൽ കണ്ണ് മറ്റു ചില ലക്ഷണങ്ങൾ കൂടി കാണിക്കാനിടയുണ്ട്. അതിലൊന്നാണ് കണ്ണിലെ കൃഷ്ണമണിയുടെ ചുറ്റാകെ നീലകലര്‍ന്ന ഒരു വലയം പ്രത്യക്ഷപ്പെടുന്നത്. ഇത് കൊളസ്ട്രോൾ നിക്ഷേപത്തിന്റെ സൂചനയാണ്. അപകടകാരിയല്ലെങ്കിലും ഈ ലക്ഷണം കാണുന്നവർ കൊളസ്ട്രോള്‍ അളവ് പരിശോധിപ്പിക്കുകയും നേത്രചികിത്സയ്ക്കൊപ്പം കൊളസ്ട്രോൾ ചികിത്സയും തുടങ്ങേണ്ടതുണ്ടോ എന്നു ഡോക്ടറോട് ആരായണം.

5 കൺപോളയും ചർമവും

അമിത കൊളസ്ട്രോള്‍ ചര്‍മപ്രശ്‌നങ്ങളായും കാണാം. ചര്‍മത്തില്‍ ചൊറിച്ചിലും തടിപ്പുകളും പാടുമെല്ലാം ഉണ്ടാകാം. ചിലരിൽ കൺപോളകളിൽ മഞ്ഞയോ ഇളം വെളുത്ത നിറത്തിലോ ഉള്ള തടിപ്പുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?. ഇവയാണ് കൊഴുപ്പു തടിപ്പുകള്‍ എന്നു പറയാവുന്ന ‘സാന്തോമ’ (Xanthoma). സാന്തോമ കൂടുതലും കണ്ണിനു ചുറ്റാകെയാണ് കാണുന്നതെങ്കിലും മറ്റുഭാഗങ്ങളിലും വരാം. ഇതുപോലെ ചര്‍മത്തിൽ പലഭാഗത്തും കൊഴുപ്പ് നിറഞ്ഞ കുരുക്കളും മറ്റും പ്രത്യക്ഷപ്പെടുന്നതും കൊളസ്ട്രോൾ കൂടുതലാണോ എന്നു സംശയിക്കേണ്ട ലക്ഷണങ്ങളാണ്.

Tags:
  • Manorama Arogyam
  • Health Tips