Thursday 23 April 2020 03:13 PM IST

ബിപിയിലെ വ്യതിയാനം, ഹൃദയമിടിപ്പ് കൂടുക, ശ്വാസഗതി ഉയരുക ;കോവിഡ് രോഗിക്ക് ഐസിയു അടിയന്തര സാഹചര്യമാകുന്പോൾ

Santhosh Sisupal

Senior Sub Editor

icu77rtfygf

ഒരു കോവിഡ് -19 രോഗിയെ തീവ്ര പരിചരണ വിഭാഗത്തില്‍( ഐസിയു) പ്രവേശിപ്പിക്കേണ്ടി വരുന്നത് എപ്പോഴാണെന്നും ഐസിയു/വെന്റിലേറ്റർന്റെ ആവശ്യകതയെ കുറിച്ചും വിവരിക്കുകയാണ് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ കൺസൽട്ടൻറ് ആയ ഡോ. അനുരൂപ് വിശ്വനാഥ്.

കൊറോണ വൈറസ്/കോവിഡ് 19 ഒരു റെസ്പിറേറ്ററി വൈറസ് ആണ്. അത് രോഗിയുടെ ശ്വാസ കോശത്തെ ആണ് പ്രധാനമായും ബാധിക്കുന്നത്. 85%ആൾക്കാരിലും വരണ്ട ചുമ, പനി തുടങ്ങിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകുന്നുള്ളൂ എങ്കിലും 10-15% ആൾക്കാരിൽ അത് ശ്വാസ തടസ്സം പോലുള്ള തീവ്രമായ ബുദ്ധിമുട്ടുകളിലേക്ക് നീങ്ങാം.ഇതിൽ 5% ആളുകളിൽ ഐസിയു കെയർ (ICU care) വേണ്ടിവരികയും 2-3% ആളുകളിൽ ജീവന് ആപത്ത് ഉണ്ടാകുകയും ചെയ്യുന്നു.

● എപ്പോഴാണ് ഒരു കൊറോണ രോഗിയെ ഐസിയു(I C U)ൽ പ്രവേശിപ്പിക്കപ്പിക്കുന്നത്?

ശരീരത്തിലെ കാർബൺ ഡൈയോക്സൈഡിനെ പുറം തള്ളുകയും ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഓക്സിജൻ കലർന്ന ശുദ്ധ വായു അകത്തേക്ക് എടുക്കുകയും ചെയ്യുക എന്നുള്ളതാണ് ശ്വാസകോശത്തിന്റെ പ്രധാന ധർമ്മം. ഇങ്ങനെ എടുക്കുന്നതായിട്ടുള്ള ഓക്സിജൻ രക്തത്തിൽ കലർന്ന് രക്തക്കുഴലുകൾ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. ശ്വാസകോശത്തിന് ഒരു അണുബാധ ഉണ്ടാകുമ്പോൾ ശ്വാസകോശത്തിൽ നിന്നും രക്തത്തിലേക്ക് കലരുന്ന ഓക്സിജന്റെ അളവ് കുറയുകയും(ഹൈപോക്സിയ) ശ്വാസം മുട്ടൽ അനുഭവപ്പെടുകയും ചെയ്യുന്നു.ഇത്‌ ഒരു പരിധിക്കപ്പുറം ആയാൽ മറ്റ് അവയവങ്ങളിൽ ഓക്സിജൻ എത്താതെ വരികയും മൾട്ടി ഓർഗൻ ഡിസോർഡർ സിൻഡ്രോം (MODS) എന്ന അവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നു.

ഇങ്ങനെ വരുന്ന രോഗികളിൽ ഓക്സിജൻ മാസ്കുകളും മറ്റും പര്യാപ്തമല്ലാതെ വരികയും ഇവരെ ഐസിയു വിലേക്ക് മാറ്റുകയും ആണ് ചെയ്യുന്നത്.ഇത് കൂടാതെ ബിപിയിലുള്ള വ്യതിയാനം, ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുക, ശ്വാസമിടിപ്പ് വർധിക്കുക തുടങ്ങിയ അവസ്ഥകളിലും രോഗിയെ ഐസിയൂവിലേക്ക് മാറ്ററുണ്ട്.

● ഐസിയു(ICU)വിന് അകത്തുള്ള ചികിത്സകൾ

സാധാരണയായി നമ്മൾ ശ്വസിക്കുന്ന വായുവിൽ ഉള്ള ഓക്‌സിജന്റെ അളവ് 21% ആണ്. ഒരു മാസ്‌ക് വഴി നമുക്ക് 40-50% ഓക്സിജൻ നൽകാൻ സാധിക്കും. അതിനും മുകളിലായി ഓക്സിജൻ ആവശ്യമായി വരുമ്പോൾ ആണ് രോഗിയെ ഐസിയുവിലേക്ക് മാറ്റുന്നത്.

ഐസിയു (ICU)ൽ പ്രധാനമായും രണ്ടു കാര്യങ്ങൾ ആണ് ചെയ്യുന്നത്.

1.അഡ്വാൻസ്ഡ് മോണിറ്ററിങ് ടെക്‌നിക്ക്സ്(Advanced monitoring techniques)

2.അഡ്വാൻസ്ഡ് ട്രീറ്റ്‌മെന്റ്

പ്രൊസീജെർസ്(Advanced treatment procedures).

ഐസിയു ൽ രോഗിയുടെ ശ്വാസഗതി, ഹൃദയ മിടിപ്പ്,ബി പി(arterial blood pressure),രക്തത്തിലെ ഓക്സിജന്റെ അളവ്, ECG മുതലായ വൈറ്റൽ സൈൻസ്(vital signs) കൃത്യമായി വിലയിരുത്തുകയും രോഗിക്ക് ആവശ്യമായ ചികിത്സകൾ നൽകുകയും ചെയ്യുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് നിയന്ത്രിക്കുന്നതിനായി പല തരത്തിലുള്ള വെന്റി ലേറ്ററുകൾ (invasive and non invasive ventilators) ഉപയോഗപ്പെടുത്തുന്നു.

● വെന്റിലേറ്ററിന്റെ പ്രാധാന്യം

വെന്റിലെറ്ററിനെ കുറിച്ച് നമുക്ക് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. ഒരു രോഗി വെന്റിലേറ്ററിൽ ആയാൽ പിന്നെ ഒരിക്കലും തിരിച്ചു വരില്ല എന്നും , രോഗികളെ വെന്റിലേറ്ററിൽ വെച്ച് ആശുപത്രികൾ പണം വാങ്ങുന്നു തുടങ്ങി അനവധി ചീത്ത പേരുകൾ വെന്റിലേറ്ററിന്റെ കുറിച്ച് കേൾക്കാറുണ്ട്. എന്നാൽ വെന്റിലേറ്ററിന്റെ സഹായം ഇല്ലായിരുന്നെങ്കിൽ ഇന്ന് ഉള്ളത്തിലും എത്രയോ അധികം മരണങ്ങൾ സംഭവിച്ചിട്ടുണ്ടാകും. വെന്റിലേറ്റർ ഒരു ലൈഫ് സേവിങ് ഇക്വിപ്മെന്റ് (life saving equipment) ആണ്. മരണനിരക്ക് കുറക്കുന്നതിൽ വെന്റിലേറ്ററിനുള്ള പങ്ക് വളരെ വലുതാണ്.കൊറോണ എന്ന ഈ മഹാമാരി കൊണ്ട് ഒരു നല്ല കാര്യം ഉണ്ടാവുകയാണെങ്കിൽ അത് വെന്റിലേറ്ററിനുള്ള ശാപമോക്ഷം ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നു.

രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുമ്പോൾ രോഗിയുടെ ശ്വാസനാളങ്ങളിലേക്ക് ഒരു ട്യൂബ് ഇടുന്നു(Endotracheal intubation).ഈ ട്യൂബ് വഴിയാണ് ഡോക്ടർ നിയന്ത്രിതമായ അളവിൽ ഓക്സിജൻ കലർന്ന വായു രോഗിക്ക് നൽകുന്നത്. എത്ര മില്ലിലിറ്റർ വായു എത്ര പ്രഷറിൽ ഉള്ളിൽ എത്തണം എന്നു വരെ വെന്റിലേറ്ററിന്റെ സഹായത്തോടെ നിയന്ത്രിക്കാൻ സാധിക്കും. രോഗിക്ക് അസുഖം മാറുന്നത് വരെയോ/ ശ്വാസകോശം പൂർവ അവസ്ഥയിൽ എത്തുന്നത് വരെയോ ഓക്സിജന്റെ കുറവ് മൂലം മറ്റ്‌ അവയവങ്ങൾക്ക്‌ ക്ഷതം സംഭവിക്കാതിരിക്കാനും രോഗിക്ക് മരണം സംഭവിക്കാതിരിക്കാനും ആണ് വെന്റിലേറ്റർ ഉപയോഗിക്കുന്നത്.

വെന്റിലേറ്റർ ഒരു സപ്പോർട്ടീവ് ട്രീറ്റ്‌മെന്റ്(supportive treatment) ആണ്.അതിനോടൊപ്പം തന്നെ രോഗത്തിനുള്ള ചികിത്സയും നൽകണം.രോഗം മാറുന്നത് വരെ ജീവൻ നിലനിർത്താൻ സഹായിക്കുകയാണ് വെന്റിലേറ്റർ ചെയ്യുന്നത്.രോഗം ഭേദമാവുകയും ഓക്സിജന്റെ അളവ് സ്വമേധയാ രോഗിക്ക് നിലനിർത്താൻ കഴിയുകയും ചെയ്യുമ്പോൾ വെന്റിലേറ്ററിന്റെ സഹായം പതുക്കെ കുറച്ചു കൊണ്ടു വരവുന്നതാണ്. ഇതിനെ വീനിങ്(weaning)എന്നു പറയുന്നു.വെന്റിലേറ്ററിന്റെ സഹായം ഇല്ലാതെ തീവ്രമായ ന്യൂമോണിയ ചികിത്സിക്കുക എന്നുള്ളത് നീന്തൽ അറിയാവുന്ന ഒരാളെ കൈകാലുകൾ ബന്ധിച്ച് വെള്ളത്തിലേക്ക് തള്ളിയിടുന്നതിന് തുല്യമാണ്.

● ഐസിയുവിൽ നിന്നും രോഗിയെ മാറ്റുന്നത് എപ്പോൾ?

നമ്മൾ അടുത്തിടെ അറിയുകയുണ്ടായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സൻ ഐസിയുവിൽ ആയിരുന്നെന്നും പിന്നീട് രോഗം മെച്ചപ്പെട്ടതിനെ തുടർന്ന് ഐസിയുൽ നിന്നും മാറ്റി എന്നും മറ്റും. ന്യൂമോണിയ എന്ന അസുഖം ഭേദമായാൽ ശ്വാസകോശത്തിന്റെ അറകളിലേക്ക് വായു എത്തുകയും അത് വികസിക്കുകയും ഓക്സിജൻ വേണ്ട അളവിൽ രക്തത്തിലേക്ക് ലയിക്കുകയും ശ്വാസകോശത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിൽ ആവുകയും ചെയ്യുന്നു.

ഇതിന് പുറമെ മുൻപ് പറഞ്ഞ വൈറ്റൽ സൈൻസ് എല്ലാം നോർമലിലേക്ക് അടുക്കുകയും ചെയ്താൽ ആണ് രോഗിയെ ഐസിയുവിൽ നിന്നും മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ഇങ്ങനെ അസുഖം ഭേദമായ രോഗിയെ 12 മുതൽ 24 മണിക്കൂർ വരെ നിരീക്ഷിച്ചു സ്ഥായിയായ മാറ്റം ആണെന്ന് ഉറപ്പിച്ച ശേഷമാണ് ഐസിയുവിൽ നിന്നും മാറ്റുന്നത്.

കടപ്പാട്: ഡോ. അനുരൂപ് വിശ്വനാഥ്, കൺസൽട്ടന്റ് ഇൻ ക്രിട്ടിക്കൽ കെയർ മെഡിസിൻ, മെയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്

Tags:
  • Manorama Arogyam