Saturday 20 March 2021 04:34 PM IST

പച്ചക്കറി സാലഡിൽ അൽപം എണ്ണ ചേർക്കാം, അന്നജത്തിനൊപ്പം പ്രോട്ടീൻ ചേർത്തു കഴിക്കാം: പ്രമേഹരോഗത്തിന് പരീക്ഷിച്ചു ഫലം കണ്ട പൊടിക്കൈകൾ

Asha Thomas

Senior Sub Editor, Manorama Arogyam

diabtrer

പ്രമേഹം പരിധി വിടുന്നതിനുള്ള കാരണം ഭക്ഷണങ്ങൾ ഒരുമിച്ചു ചേർക്കുന്നതിലെ അപകടമാണ്. ആഘോഷവേളകളിലാണ് പലരൂടേയും പ്രമേഹം പരിധിവിട്ടു വഷളാകുന്നത്. അതിന്റെ പ്രധാന കാരണം ചില അപകടം പിടിച്ച ഭക്ഷണക്കൂട്ടുകളാണ്. നല്ല ത്രീ കോഴ്സ് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിഞ്ഞയുടനേ നമ്മൾ ഡെസേർട്ടു കഴിക്കും. വിശാലമായ സദ്യയ്ക്കുശേഷം രണ്ടു കൂട്ടം പായസം കുടിക്കും.

ഇതെല്ലാം പ്രമേഹരോഗിക്ക് ദോഷകരമാണ്. കാരണം പ്രമേഹരോഗികളിലെ പാൻക്രിയാസിലെ ബീറ്റാകോശങ്ങൾക്ക് ഇൻസുലീൻ രക്തത്തിലേക്ക് ഒഴുക്കാനുള്ള കഴിവു കുറവാണ്. തവിടുള്ള അരിയും പായസവുമാണെങ്കിൽ അത്ര പ്രശ്നം വരില്ല. എന്നാൽ പച്ചരിച്ചോറാണെങ്കിൽ കഴിവതും പായസം കഴിക്കാതിരിക്കുക. കാരണം പച്ചരി വളരെ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമാണ്. വളരെ പെട്ടെന്നു രക്തത്തിലെ ഷുഗർനില ഉയരാനിടയാകും. വയർ നിറച്ചു ഭക്ഷണം കഴിച്ചശേഷം ഐസ്ക്രീം കഴിക്കുന്നതും ദോഷകരം തന്നെ.

എന്നാൽ പയസത്തിനും ഐസ്ക്രീമിനും പകരം ഫ്രൂട്ട് സാലഡുകളാണ് കഴിക്കുന്നതെങ്കിൽ അത്ര പ്രശ്നം വരില്ല. കാരണം പഴങ്ങളിലെ നാരുകൾ ദഹനം സാവധാനത്തിലാക്കും.

അന്നജവും പച്ചക്കറികളും

അതുപോലെ തന്നെ അന്നജമടങ്ങിയ ഭക്ഷണത്തോടൊപ്പം വീണ്ടും അന്നജമുള്ള വിഭവങ്ങൾ ചേർക്കാത്തതാണ് ഉത്തമം. ഉദാഹരണത്തിന് പുട്ടിനൊപ്പം ഗ്രീൻപീസോ കടലയോ കഴിക്കുന്നത് ആകെ കാർബോഹൈഡ്രേറ്റ് നില ഉയരാനേ ഇടയാക്കൂ. പകരം തേങ്ങ അധികം ചേർക്കാത്ത വെജിറ്റബിൾ കറിയാകും നല്ലത് അപ്പത്തിനൊപ്പം തേങ്ങാപ്പാൽ ചേർത്ത് സ്റ്റൂ കഴിക്കുന്നതും ഒഴിവാക്കണം.

ഹോട്ടലിൽനിന്നു കഴിക്കുമ്പോൾ

പുറത്തുപോയി കഴിക്കുമ്പോൾ മെനു ശ്രദ്ധിക്കുക. കാലറി കൂടിയ ഭക്ഷണങ്ങൾ ഓർഡർ ചെയ്യരുത്. ഉദാഹരണത്തിന് റൈസുകൾക്കൊപ്പം തേങ്ങാപ്പാൽ ചേർത്തതോ ക്രീമി ആയതോ ആയ കറികൾ എടുക്കരുത്. ഗ്രില്ലു ചെയ്തതോ ബാർബിക്യൂ ചെയ്തതോ ആയതെടുക്കാം. സൂപ്പിലാണ് തുടങ്ങുന്നതെങ്കിൽ ഹോട്ട് ആൻഡ് സോർ ക്ലിയർ വിഭാഗത്തിലുള്ള സൂപ്പുകൾ പറയുക. ക്രീം സൂപ്പ് വേണ്ട.

അനുയോജ്യമായ ഭക്ഷണക്കൂട്ട് ഏത്?

പ്രമേഹരോഗികൾക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണക്കൂട്ടെന്നു പറയുന്നത് ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ കാർബോഹൈഡ്രേറ്റിനൊപ്പം (അന്നജം കുറഞ്ഞ പച്ചക്കറികളും (ഉദാ: പച്ചിലക്കറികൾ) മുഴുധാന്യങ്ങളും ഓട്സും നട്സും പച്ചക്കറികളും ഉദാഹരണം) പ്രോട്ടീനും ആരോഗ്യകരമായ അളവിൽ കൊഴുപ്പും ചേരുന്നതാണ്. ഇത് ഭക്ഷണത്തിലെ ഘടകങ്ങൾ ദഹിച്ച് ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വലിയ ഏറ്റക്കുറച്ചിലില്ലാതെ സ്ഥിരമായി നിൽക്കുകയും ചെയ്യും.

പ്രോട്ടീനുകൾ വിശപ്പടങ്ങാൻ ഏറെ നല്ലതാണ്. ഉപാപചയ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും എന്നാൽ പ്രോട്ടീൻ അമിതമാകാതെ ശ്രദ്ധിക്കണം. ഇത് കാലറി കൂടാനിടയാക്കും. പ്രോട്ടീനിലേയും അന്നജത്തിലേയും കാലറി ഏതാണ്ട് ഒരുപോലെയാണ്. അതിനാൽ അളവിൽ ശ്രദ്ധിക്കണം. പ്രോട്ടീനുകളുടെ ഗുണമേന്മയും പ്രധാനമാണ്. മൃഗമാംസത്തിൽ നിന്നുള്ള പ്രോട്ടീനുകൾ പൂർണമാണ്. ശരീരാരോഗ്യത്തിനാവശ്യമായ എല്ലാ അമിനോ ആസിഡുകളും ഇതിലുണ്ട്.

വ്യത്യസ്തത വേണം

എന്നാൽ പയർ വർഗങ്ങൾ, പരിപ്പ് എന്നിങ്ങനെ സസ്യസ്രോതസ്സുകളിൽ നിന്നുള്ള പ്രോട്ടീൻ അപൂർണമാണ്. അതുകൊണ്ട് പ്രോട്ടീൻ സ്രോതസ്സുകളായ സസ്യവിഭവങ്ങൾ യോജിപ്പിച്ച് കഴിക്കണം. ഉദാഹരണത്തിന് പയറുവർഗങ്ങളില്‍ ലൈസിൻ എന്ന അമിനോ ആസിഡുണ്ട്. തിവിടു നീക്കാത്ത ധാന്യങ്ങളിൽ സിസ്റ്റിനും മെതിയോണൈനും ഇവ രണ്ടും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഈ മൂന്ന് അമിനോ ആസിഡുകളും ലഭിക്കും. ഒരേ നേരത്തുള്ള ഭക്ഷണത്തിൽ തന്നെ ഈ രണ്ടുതരം പ്രോട്ടീനും വേണമെന്നില്ല. ദിവസം പല നേരങ്ങളിലായി ലഭിച്ചാൽ മതിയാകും. എന്നും ഒരേ ഭക്ഷണം കഴിക്കാതെ വ്യത്യസ്തത പുലർത്തണമെന്നു സാരം.

കൊഴുപ്പു ചേർത്തു കഴിക്കാം

ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം ജേണലിൽ വന്ന പഠനത്തിൽ കൊഴുപ്പുകൾ ദഹനപ്രക്രിയയെ സാവധാനത്തിലാക്കുമെന്നു കണ്ടു. അതിനാൽ സാലഡുകൾക്കും മറ്റും ഭക്ഷണങ്ങൾക്കുമൊപ്പം അൽപ്പം എണ്ണയോ കൊഴുപ്പോ ചേർത്തു കഴിക്കുന്നതു നല്ലതാണ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. പി. സുരേഷ് കുമാർ

ഡയാബ് കെയർ ഇന്ത്യ

കോഴിക്കോട്

Tags:
  • Manorama Arogyam
  • Diet Tips