Wednesday 11 April 2018 04:35 PM IST

വേനൽചൂടിൽ ദാഹമകറ്റാൻ കുടിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകളും ടെട്രാപായ്ക്കുകളും സുരക്ഷിതമാണോ?

Santhosh Sisupal

Senior Sub Editor

soft_01

യുവാവ് കുഴഞ്ഞുവീണു മരിച്ചു.’ ഇത്തരത്തിലൊരു വാർത്താതലക്കെട്ട് നമുക്കിന്ന് സുപരിചിതമാണ്. അൽപകാലം മുൻപ് കൊച്ചിയിൽ 36 കാരനായ യുവാവ് കുഴഞ്ഞുവീണു മരിക്കുകയുണ്ടായി. പെട്ടെന്നുണ്ടായ ശക്തമായ ഹൃദയാഘാതമായിരുന്നു സുമിത് എന്ന യുവാവിന്റെ മരണകാരണം. കൊച്ചിയിലെ ഒരു ഐടി കമ്പനിയിൽ ജീവനക്കാരനായിരുന്ന സുമിത്തിന് കഴിഞ്ഞ എട്ടു വർഷമായി പ്രമേഹമുണ്ടായിരുന്നു. ഒരിക്കൽ കഠിനമായ ക്ഷീണത്തെ തുടർന്നു രക്തം പരിശോധിച്ചപ്പോഴാണ് പ്രമേഹമുണ്ടെന്നറിഞ്ഞത്. അച്ഛനമ്മമാർക്കൊന്നും പ്രമേഹമുണ്ടായിരുന്നില്ല. എന്നിട്ടും ഇത്ര ചെറുപ്പത്തിലേ െെടപ്പ് 2 പ്രമേഹം വന്ന രോഗിയുടെ രോഗചരിത്രം അന്വേഷിച്ച ഡോക്ടറോട് സുമിത്തിന്റെ അച്ഛൻ പറഞ്ഞു: ‘‘ഡോക്ടറേ... ഇവന്റെ കോള കുടിയാണ് അസുഖം വരുത്തിവച്ചത്; എത്ര പറഞ്ഞാലും കേൾക്കില്ല. എന്തു കഴിക്കുമ്പോഴും കോള വേ ണം. വെള്ളത്തിനു പകരം കോളയാ കുടിക്കുന്നത്.’’


ഹോട്ടൽ ഭക്ഷണവും കെ എഫ് സി ചിക്കനുമൊക്കെ ധാരാളം കഴിക്കുന്ന സുമിത്തിന് കോളകളും സോഫ്റ്റ് ഡ്രിങ്കുകളും ഏതു ഭക്ഷണത്തിനൊപ്പവും വേണമായിരുന്നു. എനർജി ഡ്രിങ്കുകളും ശീലമായിരുന്നു. തുടക്കത്തിൽ പ്രമേഹം കൃത്യമായി ചികിത്സിച്ചെങ്കിലും പിന്നെ മരുന്നുകൾ നിർത്തി. ഭക്ഷണവും കോളകുടിയും പഴയതുപോലെയായി. ഒടുവിൽ ഗുരുതര ഹൃദയാഘാതം വന്നു കുഴഞ്ഞുവീണു മരിച്ചു.


സുമിത്തിന്റേത് അപൂർവമായതോ ഒറ്റപ്പെട്ടതോ ആയ സംഭവമല്ല. ഒരു കാലത്തു മധ്യവയസ്സു കഴിഞ്ഞവരിൽ മാത്രം കൂടുതൽ കണ്ടിരുന്ന പ്രമേഹം മുതൽ കാൻസർ വരെയുള്ള രോഗങ്ങൾ 30 വയസ്സിനു താഴെ പ്രായമുള്ളവരിൽ പോലും എത്തുന്നതിനു പിന്നിൽ ന്യൂജനറേഷൻ ഹരങ്ങളിലൊന്നായ സോഫ്റ്റ് ഡ്രിങ്കുകൾക്കുള്ള പങ്കു നാം കരുതുന്നതിലും വലുതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

മൃദുവല്ല ഈ പാനീയം


കുപ്പിയിലടച്ചുവരുന്ന മൃദുപാനീയങ്ങളും വെള്ളവും വേനലിലെ കൊടിയ ചൂടിൽ താൽക്കാലികമായെങ്കിലും നൽകുന്നതു വലിയ ആശ്വാസമാണ്. വൃത്തിയും ശുചിത്വവും പൊതുവേ കൂടുതലുള്ള മലയാളികൾ സുരക്ഷിതമെന്ന വിശ്വാസത്തിലാണ് കുപ്പിവെള്ളത്തെ ആശ്രയിക്കുന്നത്. ക്ഷീണവും ദാഹവുമകറ്റാൻ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ചുവരുന്ന പല നിറത്തിലുള്ളവയും രുചികരവും വശീകരിക്കുന്ന ഗന്ധവുമുള്ള കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകളെയും പായ്ക്കറ്റ് ജ്യൂസുകളെയും കണ്ണുമടച്ച് ആശ്രയിക്കുന്നു. അവയിലെ ഘടകങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഏറെയാണ്. എന്നാൽ ഗൗരവമായ കാര്യം ഇത്തരം പ്ലാസ്റ്റിക് കുപ്പികൾ സൂക്ഷിക്കുന്നതിലെ അപാകതമൂലം വരുന്ന മാരകമായ ആരോഗ്യപ്രശ്നങ്ങളാണ്.

soft_03


വെയിലത്തിരുന്നാൽ അപകടം


പ്ലാസ്റ്റിക്കിൽനിന്നും ഭക്ഷണ–പാനീയങ്ങളിലേക്കു പ്രവേശിക്കുന്ന രാസഘടകമാണ് ബിപിഎ (ബിസ്ഫിനോൾ–എ). കടുപ്പമേറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലാണ് ഈ ഘടകം പൊതുവേ കാണുന്നത്. എന്നാൽ കുടിവെള്ളവും സോഫ്റ്റ് ഡ്രിങ്കുകളും നിറച്ചുവരുന്ന പെറ്റ് (PET–പോളി എത്തിലിൻ ടെറിഫ്തലേറ്റ്) ബോട്ടിലുകളിൽ സാധാരണ നിലയിൽ ബിപിഎ ഇല്ല. എന്നാൽ റീെെസക്കിൾഡ് പ്രക്രിയയിലൂടെ നിർമിച്ച പെറ്റ് ബോട്ടിലുകളിൽ ഈ ഘടകം കാണാം. അത്തരം കുപ്പികൾ സൂര്യപ്രകാശവും ചൂടും ഏൽക്കാൻ ഇടയായാൽ ഈ രാസവസ്തു പാനീയത്തിലേക്കു ലയിച്ചുചേരും. വന്ധ്യതാസാധ്യത 20 ശതമാനത്തോളം കൂട്ടുന്നതു മുതൽ സ്തനാർബുദമുൾപ്പെടെയുള്ള പല അർബുദങ്ങൾക്കും കാരണമാകാവുന്ന കാർസിനോജൻ സ്വഭാവമുള്ള രാസവസ്തുവാണ് ബിപിഎ.


ബിപിഎ പൂർണമായും ഇല്ലെന്നുറപ്പുള്ള, ഗുണമേന്മയുള്ള പെറ്റ് ബോട്ടിലുകളായാൽ പോലും സൂര്യപ്രകാശത്തിലിരുന്നാലോ ചൂടേറ്റാലോ ബിപിഎയ്ക്കു സമാനമായ നിലയിൽ ഹാനികരമായ ആന്റിമണി എന്ന ഘനലോഹമുൾപ്പെടെയുള്ള വിവിധ രാസവസ്തുക്കൾ പാനീയത്തിൽ ലയിച്ചു ചേരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചൂടേൽക്കാതിരുന്നാൽ പോലും ദീർഘകാലം പ്ലാസ്റ്റിക് കുപ്പികളിലിരിക്കുന്ന പാനീയങ്ങളിൽ ഈ രാസവസ്തുക്കൾ അലിഞ്ഞുചേരുന്നുണ്ട്. അതിനാൽ ഉപയോഗകാലപരിധി (എക്സ്പയറി) കഴിഞ്ഞ സോഫ്റ്റ് ഡ്രിങ്കുകൾ ഒരു കാരണവശാലും കുടിക്കരുത്.


പല ദിവസങ്ങൾ കടയുടെ പുറത്തു മാലപോലെ തൂക്കിയതോ നിരത്തിവച്ചതോ ആയ കുപ്പികൾ ദിവസങ്ങളോളം വെയിലേറ്റു കഴിഞ്ഞവയാകും. എന്നാൽ അവ പിന്നീട് തണുപ്പിച്ചു തരുമ്പോൾ കുടിക്കുന്നവർക്ക് അതിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയില്ല.സൂര്യപ്രകാശമേൽക്കുന്നതുമൂലം പ്ലാസ്റ്റിക്കിന്റെ ദോഷങ്ങൾ മാത്രമല്ല, പാനീയങ്ങളിൽ കലർത്തിയിട്ടുള്ള രാസഘടകങ്ങളിലും മാറ്റം വരും. പാനീയങ്ങൾ കേടാകാതിരിക്കാനായി ചേർക്കുന്ന പ്രിസർവേറ്റീവുകൾ, നിറത്തിനും മണത്തിനുമായി ചേർക്കുന്നവയൊക്കെ താപനില കൂടുമ്പോൾ ഹാനികരമായി മാറും. പാനീയം ചൂടാകുന്നത് ബാക്ടീരിയ വളർച്ചയ്ക്കും കാരണമാകും.
ഇക്കാര്യങ്ങൾ മുൻനിർത്തി, കുപ്പിവെള്ളവും  സോഫ്റ്റ് ഡ്രിങ്കുകളും ഒരു കാരണവശാലും വെയിലേൽക്കുന്നവിധം സൂക്ഷിക്കാനോ മേൽമൂടിയില്ലാത്ത വാഹനങ്ങളിൽ കൊണ്ടുപോകാനോ പാടില്ലെന്ന് സംസ്ഥാന ഫൂഡ് സേഫ്റ്റി കമ്മിഷണർ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.

ടെട്രാ പായ്ക്കിങ് സുരക്ഷിതമോ?


ടെട്രാ പായ്ക്കിങ് അഥവാ പേപ്പർ കാർട്ടണുകളിൽ പായ്ക്കു ചെയ്ത ജ്യൂസുകളും പാനീയങ്ങളും കൂടുതൽ സുരക്ഷിതമെന്നു കരുതുന്നവരുണ്ട്. എന്നാൽ വെയിലേറ്റാൽ പ്ലാസ്റ്റിക് കുപ്പികളെക്കാൾ ദോഷകരമാണ് ഇവ. കാർട്ടൺ പായ്ക്കിങ്ങുകളാണെങ്കിലും ഉള്ളിൽ പ്ലാസ്റ്റിക് പാളിയുണ്ടാകും. പാനീയം ഈ പാളിക്കുള്ളിലായതിനാൽ വെയിലേറ്റാൽ പ്ലാസ്റ്റിക് കെമിക്കലുകൾ ലയിക്കുന്നതിൽ കുറവുവരില്ല. വളരെ എളുപ്പത്തിൽ കേടുവരാവുന്ന ഫ്രൂട്ട് ജ്യൂസുകളാണ് ഇവയിലധികവും വരുന്നത്.  അതിൽ പ്രിസർവേറ്റീവ് കെമിക്കലുകൾ കൂടുതലുണ്ടാകാം. അതു ചൂട് ഏൽക്കുന്ന സാഹചര്യത്തിൽ ഹാനികരമായി മാറാം. ഒപ്പം ബാക്ടീരിയ വളർച്ചയ്ക്കുള്ള സാധ്യതയും കൂടുതലാണ്. പായ്ക്കറ്റിനുള്ളിലെ പാനീയത്തിന്റെ നിറം മാറ്റമോ ഒന്നും തിരിച്ചറിയാനാകാത്തതും ഈ പായ്ക്കിങ്ങിന്റെ പരിമിതിയാണ്.

പതിവാക്കിയാൽ ‘പണി’ കിട്ടും


കാർബണേറ്റഡ് ഡ്രിങ്ക്, ഫിസ്സി ഡ്രിങ്ക്, പോപ്പ് ഡ്രിങ്ക്, കൂൾ ഡ്രിങ്ക് തുടങ്ങിയ പേരുകളിൽ ന്യൂജനറേഷന് ഹരമായ േസാഫ്ട് ഡ്രിങ്കുകൾ എത്ര സുരക്ഷിതമായി കൈകാര്യം ചെയ്താലും പതിവായി കുടിച്ചാൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിൽ ഒരു തർക്കവുമില്ല. സാധാരണ ഭക്ഷണത്തിനു പുറമേ കഴിക്കുന്ന ഈ ഡ്രിങ്കുകളെല്ലാം തന്നെ മധുരത്തിന്റെ കലവറയാണ്. ഊർജസമ്പുഷ്ടമായ ഇവ അമിതവണ്ണത്തിലേക്കു നമ്മളറിയാതെ തന്നെ നയിക്കും. അമിതവണ്ണം മാത്രമല്ല മറ്റു വിവിധ ഗുരുതര രോഗങ്ങളാണ് ഈ സോഫ്റ്റ് ഡ്രിങ്കുകൾ വരുത്തുന്നത്.

soft_02


ആസ്മയും ചർമപ്രശ്നങ്ങളും: മൃദുശീതളപാനീയങ്ങളിൽ പൊതുവേ ചേർക്കുന്ന പ്രിസർവേറ്റീവാണ് സോഡിയം ബെൻസോയേറ്റ്. സോഡിയം പ്രിസർവേറ്റീവുകൾ പതിവായി ഉള്ളിലെത്തുന്നതും ഉയർന്ന അളവിൽ കഴിക്കുന്നതും ആസ്മയിലേക്കു നയിക്കാം. ചർമത്തിൽ ചുവന്നുതടിക്കൽ, എക്സിമ പോലുള്ള ചർമപ്രശ്നങ്ങൾക്കും കാരണമാകാം.
വൃക്കരോഗം: കോളകളിലും മറ്റും പുളിപ്പുരുചി ഉണ്ടാക്കുന്നത് ഫോസ്ഫോറിക് ആസിഡാണ്. ഇതു വൃക്കയിലെ കല്ലിനു സാധ്യത കൂട്ടും. പ്രത്യേകിച്ചും അമിതവണ്ണമുള്ള പുരുഷന്മാരിൽ.
പ്രമേഹം: പഞ്ചസാര മുതൽ െെഹ ഫ്രക്ടോസ് കോൺ സിറപ്പു വരെയുള്ള മധുരവസ്തുക്കളാണ് ഇത്തരം പാനീയങ്ങളിൽ മധുരത്തിനായി ചേർക്കുന്നത്. ഉയർന്ന അളവിൽ മധുരമുള്ള ഈ പാനീയങ്ങൾ പതിവായി കഴിക്കുന്നത് പാൻക്രിയാസിന്റെ പ്രവർത്തനം താളംതെറ്റിക്കാനും അതിലൂടെ പ്രമേഹമായി മാറുകയും ചെയ്യും. മാത്രമല്ല, ഉത്സവസമയങ്ങളിലും മറ്റും ലൈസൻസോ മറ്റ് അനുമതിയോ ഇല്ലാതെ പ്രാദേശികമായി നിർമിച്ചുവിടുന്ന പാനീയങ്ങളിൽ ഡൾസിൻ പോലെ നിരോധിക്കപ്പെട്ട മധുരവസ്തുക്കൾ വരെ ചേർത്തുകാണാറുണ്ട്.
അസ്ഥിക്ഷയം:   സോഫ്റ്റ് ഡ്രിങ്കുകളിൽ ഉയർന്ന അളവിൽ അടങ്ങിയ ഫോസ്ഫോറിക് ആസിഡ് അസ്ഥികളിലെ കാൽസ്യത്തെ മൂത്രത്തിലൂടെ പുറന്തള്ളാൻ കാരണമാക്കും. ഇത് അസ്ഥിയുടെ ബലക്കുറവുണ്ടാക്കുന്ന ഒാസ്റ്റിയോപൊറോസിസിലേക്കു നയിക്കും.
നേരത്തേ പ്രായപൂർത്തി: പാനീയങ്ങളിലെ ബിപിഎ സാന്നിധ്യം ശരീരത്തിലെ എൻഡോെെക്രൻ സംവിധാനത്തെ ബാധിക്കുന്നതിലൂടെ കുട്ടികൾ നേരത്തേ പ്രായപൂർത്തിയാകുന്നതടക്കം (പ്രിക്വോഷ്യസ് പുബർടി) പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരുത്തുന്നു.
പല്ലിനും കേട്: കാർബണേറ്റഡ് ഡ്രിങ്കുകൾ പല്ലുകളിലെഇനാമലിനെ ദുർബലമാക്കാൻ ശേഷിയുള്ളതാണ്. ഈ പാനീയങ്ങൾ പതിവാക്കിയവരിൽ ക്രമേണ പല്ലുകളുെട ആരോഗ്യം നഷ്ടപ്പെടും.


ദാഹം തീരില്ല, വെള്ളം തന്നെ നല്ലത്


ദാഹം ശമിപ്പിക്കാനാണ് മിക്കവരും സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുന്നത്. വാസ്തവത്തിൽ അമിതമധുരമുള്ള ഈ പാനീയങ്ങൾ ദാഹം  കൂട്ടുകയേ ഉള്ളൂ. പാനീയത്തിന്റെ തണുപ്പും അവയിൽ അടങ്ങിയിരിക്കുന്ന കഫീൻ പോലുള്ള ഉന്മേഷദായക വസ്തുക്കളും കുറച്ചുനേരത്തേക്ക് ഉന്മേഷം നൽകുന്നതിനാലും പാനീയമായി ശരീരത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനാലും ദാഹം അറിയാതെപോകുന്നു എന്നേയുള്ളൂ. ഈ പാനീയങ്ങളിലൂടെ ഉള്ളിലെത്തുന്ന മധുരത്തെയും നിറങ്ങളെയും ദഹിപ്പിക്കാനോ പുറന്തള്ളാനോ വേണ്ടി ശരീരത്തിന് കൂടുതൽ ഫ്ലൂയിഡ് ഉണ്ടാക്കേണ്ടിവരും. ഇതു ശരീരത്തിലെ ജലാംശം കുറയ്ക്കുകയേയുള്ളൂ. അതിനാൽ ദാഹം തീർക്കാൻ ശുദ്ധജലം തന്നെയാണ് ഏറ്റവും ഉത്തമം. മോര്, നാരങ്ങാവെള്ളം, മധുരം ചേർക്കാത്ത ജ്യൂസുകൾ, കരിക്കിൻവെള്ളം തുടങ്ങിയവ ഈ കൃത്രിമപാനീയങ്ങളെക്കാൾ നല്ലതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


∙ പാനീയത്തിന് രുചിവ്യത്യാസം തോന്നിയാൽ അത് ഒരു കാരണവശാലും കുടിക്കരുത്
∙ ടെട്രാപായ്ക്കിലെ പാനീയങ്ങൾ ചില്ലുഗ്ലാസിലേക്കു പകർന്ന് അസാധാരണസ്വഭാവം ഇല്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം  കുടിക്കുക.
∙ നിറവ്യത്യാസമോ, കുപ്പിയുെട ചുവട്ടിൽ അടിഞ്ഞതോ ആയവ ഉപയോഗിക്കാതിരിക്കുക.
∙ െവയിലേൽക്കാതെ സുരക്ഷിതമായി സൂക്ഷിച്ചവയാണ് എന്ന് ഉറപ്പാക്കിയശേഷമേ പാനീയങ്ങൾ കുടിക്കാവൂ.
∙ഫ്രഷ് ജ്യൂസുകളിൽ ചേർക്കുന്ന െഎസ് ഗുണമേന്മയുള്ളതാണോ എന്ന് ഉറപ്പാക്കണം. െഎസ് ക്യൂബ്, ഐസ് ചിപ്സ് എന്നിവയേക്കാൾ ശ്രദ്ധ പൊട്ടിച്ചെടുത്ത് ഉപയോഗിക്കുന്ന െഎസിന്റെ കാര്യത്തിൽ വേണം.
∙കുട്ടികൾക്ക് കാർബണേറ്റഡ് ഡ്രിങ്കുകൾ ഒഴിവാക്കുക.
∙ പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെടുന്നതോ പരിചയമില്ലാത്തതോ ആയ സോഫ്റ്റ് ഡ്രിങ്കുകൾ കഴിക്കുമ്പോൾ കുപ്പിക്കു പുറത്ത് ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർ‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI)യുെട ലൈസൻസ് നമ്പർ ഉണ്ടെന്ന് ഉറപ്പാക്കുക.


മോര് കുടിക്കുമ്പോൾ


ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒരു വേനൽക്കാല പാനീയമാണ് മോര്. ദഹനം മെച്ചപ്പെടുത്തുന്നു, അസിഡിറ്റി കുറയ്ക്കുന്നു, വിശപ്പു കൂട്ടുന്നു, കൊളസ്ടെറോളും രക്തസമ്മർദവും കുറയ്ക്കാൻ സഹായിക്കുന്നു തുടങ്ങി വിവിധ ഗുണങ്ങൾ മോരിനുണ്ട്. അധികം പുളിക്കാത്ത, പഴകാത്ത മോരാണ് ഉത്തമം. ഉപ്പ് അൽപം കുറഞ്ഞു നിൽക്കുന്നതാണ് ആരോഗ്യകരം. പെട്ടന്ന് ക്ഷീണമകറ്റുന്നവയാണ് മോരിലെ പോഷകങ്ങൾ. മോരിന്റെ നിറം, ഗന്ധം, ഘടന(ടെക്സ്ചർ) എന്നിവയിൽ സാധാരണമല്ലാത്ത മാറ്റം കണ്ടാൽ അത് കുടിക്കരുത്. അണുബാധയുണ്ട്.

കരിക്കും കരുതലോടെ

soft_04


സുരക്ഷിത പാനീയമെന്നു കരുതുന്ന കരിക്ക് റോഡരികിൽ നിന്നും വാങ്ങി ഉപയോഗിക്കുമ്പോൾ പലപ്പോഴും അത് ആരോഗ്യകരമാകാറില്ല. വെറും നിലത്താണ് മിക്കപ്പോഴും കരിക്ക് കൂട്ടിയിട്ടിരിക്കുക. വെട്ടിത്തരുന്ന വെട്ടുകത്തി കഴുകി വൃത്തിയാക്കിയതല്ല. കുടിക്കാനായി കരിക്കിനൊപ്പം നൽകുന്ന സ്ട്രോ, റോഡിലെ പൊടിയും പുകയുമേറ്റ് ദീർഘനേരമിരുന്ന ശേഷമാണ് നമുക്കു കിട്ടുക. കരിക്ക് കോരിക്കുടിക്കാനുപയോഗിക്കുന്ന, തൊണ്ടിൽ നിന്നും തയാറാക്കുന്ന സ്പൂൺ രോഗാണു വിമുക്തവുമല്ല. ഇക്കാര്യത്തിലെല്ലാം കരുതലെടുത്തില്ലെങ്കിൽ ബാക്ടീരിയ, പൊടി, രാസവസ്തുക്കൾ എന്നിവ കരിക്കിനൊപ്പം ഉള്ളിലെത്തും.


എനർജി ഡ്രിങ്കിലെ അപകടം


മുൻപ് നഗരങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും മാളുകളിലും മാത്രം ലഭ്യമായിരുന്ന എനർജി ഡ്രിങ്കുകൾ ഇന്നു ഗ്രാമങ്ങളിലും സുലഭം. കായിക മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നവർ ഉപയോഗിച്ചിരുന്ന ഈ പാനീയം ഇന്ന് കൗമാരക്കാർക്ക് പ്രിയങ്കരമാണ്. പെട്ടെന്ന് ഉൻമേഷം പകരാൻ കഫീൻ ഈ ഡ്രിങ്കുകളിൽ ഉയർന്ന ഡോസിൽ ചേർത്തിരിക്കും. നെഞ്ചിടിപ്പു കൂട്ടുക, അമിത രക്തസമ്മർദം, ഓക്കാനം, ഛർദി, ഹൃദ്രോഗം മുതൽ ചിലരിൽ മരണം വരെ  ഉയർന്ന അളവിലുള്ള കഫീൻ വരുത്താം. പതിവായി ഈ പാനീയം കഴിക്കുന്നവരുടെ ഇൻസുലിൻ സെൻസിറ്റിവിറ്റി കുറയുന്നതിനാൽ പ്രമേഹം  ഉറപ്പാണ്. സ്ത്രീകളിൽ
ഗർഭം അലസാനുള്ള സാധ്യത മുതൽ ഹൃദ്രോഗങ്ങൾ വരെ വരുത്താം.