ഇത്തവണ പുതുവത്സര ദിനം ആഘോഷിക്കാൻ കൊച്ചിയിൽ പോകുന്നവർ നിരാശപ്പെടാൻ ഇടവരരുത്. കഴിഞ്ഞ വർഷത്തേതു പോലെ ഗതാഗതക്കുരുക്കിൽപ്പെട്ട് കഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാകരുത്. കൊച്ചിയിലെത്തുന്നവരെല്ലാം കാർണിവൽ കാണണം, പോർച്ചുഗീസുകാരുടെ ശേഷിപ്പുകൾ സന്ദർശിക്കണം, പപ്പാഞ്ഞിയെ കത്തിക്കുന്നതിനു സാക്ഷ്യം വഹിക്കണം, ഹാപ്പി ന്യൂ ഇയർ പറയണം... ഇങ്ങനെയൊരു സഞ്ചാര സൗഹൃദ സാഹചര്യം അന്വേഷിച്ചു. ഡിടിപിസിയിൽ പോയി; പുതുവത്സരാഘോഷത്തിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് അവർ പറഞ്ഞു. മറൈൻ ഡ്രൈവിൽ കറങ്ങി; ബോട്ട് ഏജന്റുമാരുടെ വാചകക്കസർത്ത് കേട്ടു. ടാക്സിക്കാരോടു ചോദിച്ചു; ഡിസംബർ 31ാം തീയതി ഫോർട്ട് കൊച്ചിയിലേക്ക് വരില്ലെന്നു പറഞ്ഞു. ഇതെല്ലാം കേട്ട് ചുറ്റിത്തിരിഞ്ഞ് ബോട്ട് ജെട്ടിയിലെത്തിയപ്പോഴാണ് ടൂറിസ്റ്റ് ഹെൽപ്പ് ഡെസ്കിലുള്ള വർഗീസിനെ കണ്ടത്.
‘‘I reommend you to choose public boat. Enjoy Kochi by public ferries’’ ഫോർട്ട് കൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കും സർവീസ് നടത്തുന്ന സർക്കാ ർ ബോട്ടുകൾ ചൂണ്ടിക്കാട്ടി വർഗീസ് പറഞ്ഞു. നാലു രൂപയ്ക്ക് എറണാകുളം – ഫോർട്ട് കൊച്ചി ബോട്ട് യാത്ര. വൈപ്പിൻ, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കും ബോട്ട് യാത്രയ്ക്ക് നാലു രൂപ. അവിടെ നിന്ന് എറണാകുളത്തേക്ക് തിരിച്ചു വ രാൻ അര മണിക്കൂർ ഇടവിട്ട് ബോട്ട് സർവീസുണ്ട്. യാത്രാക്കൂലി പകുതി, ഗതാഗതക്കുരുക്കില്ല... മറ്റൊന്നും ആലോചിക്കാതെ ഈ യാത്ര തിരഞ്ഞെടുത്തു.
പൂരത്തിരക്ക്
രാവിലെ 9.20ന് ഫോർട്ട് കൊച്ചിക്കുള്ള ബോട്ടിൽ കയറി. കപ്പലുകളും ഷിപ്പ് യാഡും കണ്ട് 30 മിനിറ്റിനുള്ളിൽ ഫോർട്ട് കൊച്ചിയിലെ ജെട്ടിയിലെത്തി. വാസ്കോഡഗാമാ സ്ക്വയറിലിറങ്ങിയപ്പോൾ തൃശൂർപ്പൂരം പോലെ ജ നത്തിരക്ക്. കാർണിവലിനെ വരവേൽക്കാൻ ഫോർട്ട് കൊച്ചിയിൽ വന്നിറങ്ങിയവരിൽ പകുതിയും വിദേശികളാണ്. ഡച്ചുകാരും പോർച്ചുഗീസുകാരും പടുത്തുയർത്തിയ പള്ളിയും കൊട്ടാരവും പാതകളും അവർക്ക് ഈ നാടുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നു. നവംബർ അവസാനിച്ചപ്പോഴേക്കും ഇതാണ് സ്ഥിതിയെങ്കിൽ ഡിസംബർ 25 കഴിഞ്ഞുള്ള തിരക്ക് ചിന്തിക്കാൻ വയ്യ.
ചാന്തും കൺമഷിയും വളയും പൊട്ടുമായി പാർക്കിന്റെ ഇരുവശത്തും ക ച്ചവടക്കാർ. പച്ചമീൻകച്ചവടം, ഇളനീർ സ്റ്റാൾ, ചിന്തുകട, ചാന്തുകട, സ്റ്റിക്കർ കട, ഐസ്ക്രീം, മാങ്ങ ഉപ്പിലിട്ടത്... നടപ്പാതയുടെ ഇരുവശത്തും വാസ്കോ ചത്വരത്തിലും വഴിയോര വാണിഭക്കാർ. അ വർക്കിടയിലൂടെ പല ഭാഷകളുമായി വിദേശികൾ.
നവംബർ മാസം ഫോർട്ട് കൊച്ചിയിൽ താമസിച്ച് ന്യൂ ഇയർ ഗോവയിൽ ആഘോഷിക്കാൻ പദ്ധതിയിട്ട് കേരളത്തിലെത്തിയ മറിയം ആഗ്നസ് എന്ന പോർച്ചുഗീസുകാരിയെ പരിചയപ്പെട്ടു. സൈക്കിൾ വാടകയ്ക്കെടുത്ത് കൊച്ചി മുഴുവൻ കറങ്ങിയ ജോർജിനോടും കാമിലയോടും സംസാരിച്ചു. കാർണിവൽ സീസണിൽ കൊച്ചിയിലൊന്നു വന്നുപോയില്ലെങ്കിൽ പുതുവർഷം ഭംഗിയാവില്ലെന്നാണ് സഞ്ചാരികളായ ഡച്ച് ദമ്പതികൾ പറഞ്ഞത്.
വാസ്കോ സ്ക്വയർ മുതൽ ബീച്ച് വരെയുള്ള വോക്‌വേയിൽ നടക്കാൻ ഇടമില്ലാത്ത വിധം സഞ്ചാരികളുടെ തിരക്ക്. കടലിലേക്കു ചായ്ച്ചു കെട്ടിയ ചീനവലകളുടെ കയർ വലിക്കാൻ യാത്രികർ തിക്കിത്തിരക്കി. ബീച്ചിലിറങ്ങി തിരമാലകളോടു മല്ലടിക്കുന്നവർ ഉത്തരേന്ത്യക്കാർ. കടലിലും കരയിലും ക്യാമറയ്ക്കു പറ്റിയ സീനറി തേടുകയാണ് വിദേശികൾ. ഈ രണ്ടു കൂട്ടരും എന്താണു ചെയ്യുന്നതെന്നു നോക്കി മലയാളികൾ കാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നു. ഭാഷ ഏതായാലും, രാജ്യം വെവ്വേറെയാണെങ്കിലും സെൽഫിയുടെ കാര്യത്തിൽ ആഗോള ജനസമൂഹം ഐക്യത്തോടെ പ്രവർത്തിക്കുന്നു; ഫോർട്ട് കൊച്ചിയിലെ ദൃശ്യങ്ങളിൽ വ്യക്തം.
ബീച്ചിലെ തിരക്കിൽ നിന്നിറങ്ങി നേരേ ഇടത്തോട്ടു തിരിഞ്ഞ് ഡച്ച് സെമിത്തേരിയുടെ മുന്നിലൂടെ നടന്നു, 1974ന്റെ ഓർമക ൾ. ഫോർട്ട് കൊച്ചിയിൽ ജീവിച്ചിരുന്ന ഡച്ചുകാർ അന്ത്യവിശ്രമം കൊള്ളുന്ന മതിലിനടുത്ത് അൽപ്പ നേരം നിന്നു. ഡച്ച് സെമിത്തേരി എന്നെഴുതിയ ഗെയ്റ്റിന്റെ വിടവിൽക്കൂടി ക്യാമറ നീട്ടി കുറച്ചു ചിത്രങ്ങളെടുത്തു. ലോകം മുഴുവൻ സാമ്രാജ്യത്തിനു കീഴിലാക്കാൻ നിശ്ചയിച്ചിറങ്ങിയ ഡച്ചുകാരുടെ സ്മൃതികൂടീരങ്ങൾ രണ്ടു നൂറ്റാണ്ടിനിപ്പുറം വിസ്മയക്കാഴ്ചയായി അവശേഷിക്കുന്നു.
‘ബോബ് മാർലി’ കഫേയുടെ എതിർഭാഗത്തുള്ള വഴിയിലൂടെ ഡേവിഡ് ഹാളിനു മുന്നിലേക്കു നീങ്ങി. ‘ഹോർത്തുസ് മലബാറിക്കൂസ്’ എന്ന മഹദ്ഗ്രന്ഥം രചിച്ച ഹെൻഡ്രിക് അഡ്രിയാൻ വാൻ റീഡ്ടോട് എന്ന ഡച്ചുകാരനുമായി ബന്ധപ്പെട്ടതാണ് ഡേവിഡ് ഹാൾ എന്ന ബംഗ്ലാവ്. ഈ കെട്ടിടത്തിൽ ഇപ്പോൾ ആർട് ഗാലറിയും കഫേയും പ്രവർത്തിക്കുന്നു. 500 വർഷം മുമ്പ് പോർച്ചുഗീസുകാർ നിർമിച്ച സെന്റ് ഫ്രാൻസിസ് പള്ളി കാണാൻ പോകുന്നവർ ഡേവിഡ് ഹാളിൽ കയറിയിറങ്ങി.
സെന്റ് ഫ്രാൻസിസ് സേവ്യറുടെ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ഗോവയിലെ ബോം ജീസസ് പ ള്ളിയുടെ മാതൃകയിലാണ് ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ദേവാലയവും. അൾത്താരയും പള്ളിമേടയും ഗോപുരവുമെല്ലാം വാസ്തുശൈലിയിൽ ഗോവയെപ്പോലെ. വാസ്കോഡ ഗാമ അന്തരിച്ചത് ഇവിടെ വച്ചാണ്. പോർച്ചുഗീസ് നാവികന്റെ ഓർമകളുറങ്ങുന്ന മണ്ണിനെ നമിച്ച് സഞ്ചാരികൾ സായുജ്യമടയുന്നു.
ജൂതത്തെരുവുകൾ
ഒക്ടോബർ മുതൽ ജനുവരി അവസാനം വരെ ഫോർട്ട് കൊച്ചിയിൽ ഗൈഡുമാരുടെ വസന്തകാലമാണ്. എട്ടു ഭാഷ വരെ സംസാരിക്കുന്ന ഗൈഡുകളുണ്ട്. ഫോർട്ട് കൊച്ചിയുടെ പരിണാമ ചിത്രങ്ങൾ, ചരിത്ര കേന്ദ്രങ്ങളുടെ ഫോട്ടോകൾ, ടൂറിസം മാപ്പ്, വിശറി തുടങ്ങി പലവിധ സാധനങ്ങൾ വിറ്റും വിദേശികൾക്കു വഴി കാണിച്ചും വഴികാട്ടികൾ ഫോർട്ട് കൊച്ചിയുടെ വീഥി നിറയുന്നു. മലയാളികൾക്കും ഉത്തരേന്ത്യക്കാർക്കും അവർ വഴി കാണിക്കാറില്ല; അനുഭവം ഗുരു.
പ്രിൻസസ് സ്ട്രീറ്റ്, റോസ് സ്ട്രീറ്റ്, റിഡ്സ്ഡെയ്ൽ റോഡ്, ക്വിറോസ് സ്ട്രീറ്റ്, പീറ്റർസെലി സ്ട്രീറ്റ്, നേപ്പിയർ സ്ട്രീറ്റ്, ലില്ലി സ്ട്രീറ്റ്, എൽഫിൻസ്റ്റൺ റോഡ്, പരേഡ് പാലസ്,
ബ്രിേസ്റ്റാ ബംഗ്ലാവ് – ഇത്രയുമാണ് ഫോ ർട്ട് കൊച്ചി. ഗോവയിലെ പോർച്ചുഗീസ് കേന്ദ്രങ്ങൾ കിലോമീറ്ററുകൾ പരന്നു കിടക്കുന്നുവെങ്കിൽ, ഫോർട്ട് കൊച്ചിയിൽ അതു വിരലിൽ എണ്ണാവുന്ന തെരുവുകളിൽ ഒതുങ്ങുന്നു. ഈ തെരുവുകളിൽ നിന്ന് ഫോട്ടൊയെടുക്കാൻ വിദേശികളെപ്പോലെ മലയാളികൾ മത്സരിക്കുന്നില്ല. അഥവാ സ്ട്രീറ്റിന്റെ പേരിൽ എന്തിരിക്കുന്നു എന്ന ഭാവത്തിൽ ഒന്നുമറിയാത്തവരെപ്പോലെ നടന്നു നീങ്ങുന്നു.
മട്ടാഞ്ചേരിയിൽ ഡച്ചുകാർ നിർമിച്ച സിനഗോഗ്, കൊട്ടാരം എന്നീ സ്ഥലങ്ങളിൽ എക്കാലത്തും സഞ്ചാരികളുണ്ട്. സിനഗോഗിനു മുൻപിൽ സ്ഥാപിച്ച ക്ലോക്ക് ടവർ ഇന്നും ജൂത പാരമ്പര്യത്തിന്റെ പ്രതീകമായി നിലനിൽക്കുന്നു. അഞ്ച് നൂറ്റാണ്ടു പഴക്കമുള്ള പള്ളിയുടെ അൾത്താരയെ മതഭേദമില്ലാതെ സഞ്ചാരികൾ വണങ്ങുന്നു. ജൂതരുടെ നാല് പിൻഗാമികൾ ജന്മദേശത്തേക്കു മടങ്ങാതെ സിനഗോഗിന്റെ മേൽനോട്ടവുമായി ഫോർട്ട് കൊച്ചിയിൽ ജീവിക്കുന്നുണ്ട്.
സിനഗോഗിൽ നിന്ന് ഇറങ്ങുന്നവർ ജൂതത്തെരുവിന്റെ വ്യാപാര ശാലകളിലേക്കാണു കയറുന്നത്. കരകൗശല വസ്തുക്കളുടെയും തുണിക്കടകളുടെയും മുന്നി ൽ നിന്നു വിലപേശുന്നവരിൽ അന്തിക്കാടു നിന്നുള്ളവർ മുതൽ അമേരിക്കക്കാർ വരെയുണ്ട്. സിനഗോഗിന്റെ ഭംഗിയാസ്വദിച്ച് ഷോപ്പിങ് കഴിഞ്ഞ് അവർ ഡച്ച് കൊട്ടാരത്തിലേക്കു കയറി. ടിക്കറ്റെടുത്തവർ ഗോവണി കയറി മ്യൂസിയത്തിലേക്കു പ്രവേശിച്ചു. പോർച്ചുഗീസുകാർ നിർമിച്ച് കൈമാറിയതാണെങ്കിലും ഡച്ച് കൊട്ടാരമെന്ന് അറിയപ്പെടുന്ന ‘നാലുകെട്ടി’ൽ കൊച്ചിരാജാക്കന്മാരുടെ ശേഷിപ്പുകളാണ് സൂക്ഷിച്ചിട്ടുള്ളത്.
കാർണിവൽ
നേരം നട്ടുച്ച. നടുറോഡിലേക്ക് ഇറങ്ങി. വിശപ്പു മാറ്റാൻ കായിക്കയുടെ ബിരിയാണിക്കടയിൽ കയറി. കോഴി ബിരിയാണിയും ഈന്തപ്പഴം അച്ചാറും ചേർത്ത് നന്നായൊന്നു പെരുക്കി. കാലം എത്ര വേണമെങ്കിലും കഴിഞ്ഞോട്ടെ, കായിക്കയുടെ ബിരിയാണിയുടെ സ്വാദ് ജോറായി തുടരും.
ഡിസംബർ മുപ്പത്തൊന്നിന് രാവിലെ ഫോ ർട്ട് കൊച്ചിയിൽ എത്തിയാൽ വൈകിട്ട് കാർണിവൽ തുടങ്ങുന്നതുവരെ ഇത്രയും സ്ഥലങ്ങൾ സന്ദർശിക്കാം. ശേഷിക്കുന്ന രണ്ടു മണിക്കൂർ എന്തു ചെയ്യും? തേവരയ്ക്കു വിടാൻ വർഗീസിന്റെ നിർദേശം. കേരളത്തിന്റെ തനതു കലാപാരമ്പര്യം പ്രദർശിപ്പിച്ചിട്ടുള്ള കേരള ഫോക്‌ലോർ മ്യൂസിയത്തിലേക്കു നീങ്ങി. ഏഴു വർഷം മുൻപ് തേവരയിൽ തുടങ്ങിയ കൊട്ടാരസദൃശമായ കെട്ടിടത്തിൽ ക്ഷേത്രകലകളും പാരമ്പര്യ കലാരൂപങ്ങളും ആചാരപരമ്പരയിലെ ഉപകരണങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.
കെട്ടിടത്തിന്റെ താഴത്തെ നില മലബാർ ശൈലിയിലും ഒന്നാം നില കൊച്ചി ശൈലിയിലും രണ്ടാം നില തിരുവിതാംകൂർ ശൈലിയിലുമാണ് നിർമിച്ചിട്ടുള്ളത്. കേരളത്തിന്റെ മൂന്നു പ്രദേശങ്ങളെയും യോജിപ്പിച്ച് എല്ലായിടങ്ങളിലെയും കലാപാരമ്പര്യത്തെ ഒരുമിച്ച് പ്രദർശിപ്പിച്ചിരിക്കുന്നു. നാൽപ്പതു വർഷങ്ങളായി കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നു ശേഖരിച്ച പുരാതന വസ്തുക്കളാണ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ളത്. കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ് തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണ് ഏറ്റവും മുകളിലത്തെ നിലയിലുള്ളത്. സഞ്ചാരികളുടെ ആവശ്യ പ്രകാരം ഇവിടെ കലാപരിപാടികൾ അവതരിപ്പിക്കുന്നു.
സമയം വൈകിട്ട് അഞ്ചു മണി. തോപ്പുംപടിയിലെ ഗതാഗതക്കുരുക്ക് താണ്ടി ഫോർട്ട് കൊച്ചിയിലെത്തി. അറബിക്കടലിലെ ഓളങ്ങൾക്കു മീതെ പോക്കുവെയിൽ ചുവക്കുന്നതു കുറച്ചു നേരം കണ്ടു നിന്നു. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ളയാളുകൾ ആ ദൃശ്യം ക്യാമറയിൽ പകർത്തി.
ഈ യാത്ര ഇവിടെ അവസാനിപ്പിക്കുന്നു. നാലാഴ്ച കഴിഞ്ഞുള്ള സായാഹ്നം മറ്റൊരു പകലിനോട് വിടപറയുമ്പോൾ കലണ്ടറിൽ 2017 എന്ന പുതുവർഷം തെളിയും. ഡിസംബർ 31ന് അർധരാത്രിയുടെ വിരിമാറിലേക്ക് മാലപ്പടക്കം വാരിയെറിഞ്ഞ് ഫോർട്ട്കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കും. പുതുവർഷപ്പിറവിയുടെ ആഘോഷം കാണാൻ അന്നു വരാം, തത്ക്കാലം വിട. ആറരയ്ക്കുള്ള ബോട്ട് എറണാകുളം ലക്ഷ്യമാക്കി നീങ്ങി...
GETTING HERE
എറണാകുളം – ഫോർട്ട് കൊച്ചി ബോട്ടുകൾ : രാവിലെ 4.40 മുതൽ രാത്രി 9.30 വരെ 20 മിനിറ്റ് ഇടവിട്ട് എറണാകുളം ജെട്ടിയിൽ നിന്നു പുറപ്പെടും. ഫോർട്ട്കൊച്ചി – എറണാകുളം: രാവിലെ 5 മുതൽ രാത്രി 9.50 വരെ 20 മിനിറ്റ് ഇടവേളകളിൽ ഫോർട്ട് കൊച്ചി ഫെറിയിൽ നിന്നു പുറപ്പെടും. എറണാകുളം – മട്ടാഞ്ചേരി : രാവിലെ 5.55 മുതൽ വൈകിട്ട് 6.45 വരെ എറണാകുളം ജെട്ടിയിൽ നിന്നു പുറപ്പെടും.
മട്ടാഞ്ചേരി – എറണാകുളം : രാവിലെ 6.40 മുതൽ രാത്രി 7.30 വരെ 30 മിനിറ്റ് ഇടവേളകളിൽ മട്ടാഞ്ചേരി ഫെറിയിൽ നിന്നു പുറപ്പെടും.
ഫോർട്ട് കൊച്ചിയിലെ പകൽക്കാഴ്ചകൾ:ചീനവല, വാസ്കോ ഡ ഗാമ സ്ക്വയർ, ഡേവിഡ് ഹാൾ, ബീച്ച്, വോക്‌വെ, സൺസെറ്റ് വ്യൂ, സെന്റ് ഫ്രാൻസിസ് പള്ളി, ഡച്ച് സെമിത്തേരി, സ്ട്രീറ്റ് മാർക്കറ്റ്.
മട്ടാഞ്ചേരി : സിനഗോഗ് (രാവിലെ 10 – ഉച്ചയ്ക്ക് 1 മണി, ഉച്ചയ്ക്ക് 3 – വൈകിട്ട് 5, വെള്ളിയാഴ്ച വൈകിട്ട് അവധി). ഡച്ച് കൊട്ടാരം (രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1, ഉച്ചയ്ക്ക് 3 – വൈകിട്ട് 5).
കേരള ഫോക്‌ലോർ മ്യൂസിയം (തേവര ഫെറി ജംക്‌ഷൻ) : സന്ദർശന സമയം – രാവിലെ 9 മുതൽ വൈകിട്ട് 6 വരെ(0484 2665452).
ഫോർട്ട് കൊച്ചി യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക് : 0484 2371761 (ടൂറിസ്റ്റ് ഡെസ്ക്)