രണ്ടാം ലോകയുദ്ധം നടക്കുമ്പോൾ അമേരിക്കയിൽ നിന്നു പുറപ്പെട്ട സൈനിക വിമാനം ഇന്ത്യ – ബർമ (മ്യാൻമർ) അതിർത്തിയിൽ തകർന്നു വീണു. പാങ്സൗ ഗ്രാമത്തിലെ ഒരു തടാകത്തിലാണു വിമാനം പതിച്ചത്. സൈനികരുടെ മൃതദേഹം കിട്ടിയില്ല. കുറച്ചു മാസങ്ങൾക്കു ശേഷം യുദ്ധത്തിനു നിയോഗിക്കപ്പെട്ട ജാപ്പനീസ് സൈനികർ വഴി തെറ്റി ഇതേ തടാകത്തിന്റെ സമീപത്ത് എത്തി. മലേറിയ രോഗം ബാധിച്ച് അവരെല്ലാം മരിച്ചു. രണ്ടു ദുരന്തങ്ങളും അക്കാലത്ത് സൈനിക കേന്ദ്രങ്ങളെ ഞെട്ടിച്ചു.
പിന്നീട് 1942ൽ ബ്രിട്ടിഷ് സംഘത്തെയും തടാകത്തിനു സമീപത്തുവച്ചു കാണാതായി. തടാകത്തിൽ എന്തെങ്കിലും നിഗൂഢതയുണ്ടോ എന്നു കണ്ടെത്താൻ അമേരിക്കൻ സൈനികർ നോങ് യോങ് തടാകത്തിന്റെ തീരത്തേക്കു തിരിച്ചു. രഹസ്യം തേടിയിറങ്ങിയ പട്ടാളക്കാരെല്ലാം തടാകത്തിൽ മുങ്ങി മരിച്ചു. അതോടെ തടാകത്തിനു കുപ്രസിദ്ധിയേറി. ഇന്ത്യ – മ്യാൻമർ അതിർത്തിയിലുള്ള തടാകത്തിന് അമേരിക്കക്കാർ ‘ലേക് ഓഫ് നോ റിട്ടേൺ’ എന്നു പേരിട്ടു.
അരുണാചൽ പ്രദേശിലെ ചാങ്‌ലാങ് ജില്ലയിലാണ് നോങ് ലാങ് തടാകം. സഞ്ചാരികൾക്കു പ്രിയപ്പെട്ട ലിഡോ റോഡിൽ നിന്നു 25 കി.മീ അകലെയുള്ള തടാകത്തിന്റെ നീളം 1.4 കി.മീ. വീതി മുക്കാൽ കിലോമീറ്റർ. ചതുപ്പു നിലവും മണൽക്കൂനയുമാണ് തീരഭൂമി. ചുറ്റുമുള്ള സ്ഥലങ്ങൾ അതിമനോഹരം. പക്ഷേ, പ്രേതകഥകളെ പേടിച്ച് ആ വഴിയാരും പോകാറില്ല. അമാനുഷിക ശക്തികളും കാണാതായ പട്ടാളക്കാരുടെ ദുരാത്മാക്കളും രക്തദാഹികളായി അലഞ്ഞു നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ‘ഇന്ത്യൻ ബർമൂഡ ട്രയാംഗിൾ’ എന്നു നോങ് യാങ് തടാകത്തെ പാശ്ചാത്യ മാധ്യമങ്ങൾ ചുരുക്കിയെഴുതി.
ഇന്ത്യയും മ്യാൻമറും നയതന്ത്രബന്ധം മെച്ചപ്പെടുത്തിയ ശേഷം ഇരു രാജ്യങ്ങളുടെയും അതിർത്തിയിലുള്ള മലനിരകളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകി. നിഗൂഢതയുടെ ‘പ്രശസ്തി’യിൽ അപ്പോഴും നോങ് യാങ് തടാകം അകന്നു നിന്നു. അവിടെ പോയാൽ തിരിച്ചു വരാനാവില്ലെന്ന് സഞ്ചാരികൾ ഇപ്പോഴും ഭയക്കുന്നു. അന്ധവിശ്വാസങ്ങൾ നീക്കാനായി സാഹസിക യാത്രികരിൽ ചിലർ തടാകം സന്ദർശിച്ചു.
കെട്ടുകഥകൾക്കു പിന്നിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള തന്ത്രമാണെന്നു അവർ പറയുന്നു. അവർ സമൂഹ മാധ്യമങ്ങളിൽ ബോധവത്കരണത്തിനായി കുറിപ്പെഴുതി. പക്ഷേ യുക്തിയുടെ പോസ്റ്റുകൾക്ക് ദീർഘകാലമായി നിലനിൽക്കുന്ന പേടിയകറ്റാൻ കഴിഞ്ഞിട്ടില്ല. അരുണാചൽപ്രദേശ് സന്ദർശിക്കുന്നവർ ഇപ്പോഴും നോങ് യാങ് തടാകം ഒഴിവാക്കിയാണ് ഡെസ്റ്റിനേഷൻ ലിസ്റ്റ് തയാറാക്കുന്നത്.