Monday 13 January 2020 04:35 PM IST : By ഈശ്വരൻ ശീരവള്ളി

ചെങ്കുത്തായ മല, കാലൊന്നു തെന്നിയാൽ ആഴങ്ങളിലേക്ക്; മഞ്ഞിലെ ഭീകരനെ തേടി സ്പിതി താഴ്‌വരയിൽ!

leo990 Photo: Pradeep Soman

ഹിമാലയത്തിലേക്ക് സഞ്ചാരിക്കുന്ന യാത്രികർ ഓരോരുത്തരുടെയും ലക്ഷ്യം ഓരോന്നായിരിക്കും. അവർക്ക് ഓരോരുത്തർക്കും പർവതനിരകൾ കാത്തുവയ്ക്കുന്ന അനുഭവവും വ്യത്യസ്തമാണ്. എന്നാൽ ആരെയും ഈ മോഹനഭൂമി നിരാശരാക്കാറില്ല. ഹിമാലയത്തിൽ തന്നെ അപൂർവസ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്ന ഹിമപ്പുലിയുടെ ചിത്രം പകർത്താൻ കഴിഞ്ഞ വർഷം കടുത്ത ശൈത്യകാലത്ത് സ്പിതിയിലേക്ക് സഞ്ചരിച്ച വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ പ്രദീപ് സോമന്റെ അനുഭവം സൂചിപ്പിക്കുന്നതും ഇതുതന്നെ. 

വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർമാരുടെ സ്വപ്നമാണ് ഹിമപ്പുലി അഥവ സ്നോ ലെപേഡിന്റെ ചിത്രം. ഇന്ത്യയിൽ ഹിമാലയൻ മഞ്ഞുഭൂമിയുടെ വളരെ ഉയർന്ന പ്രദേശങ്ങളിൽ മാത്രം ജീവിക്കുന്ന ഇവയെ സാധാരണഗതിയിൽ കാണാൻ പറ്റുക ശൈത്യകാലത്തിന്റെ മൂർധന്യത്തിൽ മാത്രമാണ്. ആ സമയത്ത് ഉയർന്ന പ്രദേശങ്ങൾ മുഴുവൻ മഞ്ഞുവീണു കിടക്കുമ്പോൾ ഹിമപ്പുലികളുടെ ഭക്ഷണമായ ഭരാൽ, ഹിമാലയൻ വരയാട് എന്നിവ താഴോട്ടിറങ്ങുന്നു. അവയ്ക്കു പിന്നാലെ ഭക്ഷണംതേടി ഇവയും കുറച്ചൊന്നു താഴോട്ടു വരും. പീറ്റർ മത്തീസൻ എന്ന അമേരിക്കൻ നാച്ചുറലിസ്റ്റിന്റെ സ്നോ ലെപേഡ് എന്ന ഗ്രന്ഥം എക്കാലത്തെയും ഒരു ക്ലാസിക് കൃതിയാണ്. 1973ൽ ഹിമപ്പുലിയെ തേടി രണ്ടു മാസം ഹിമാലയത്തിൽ അലഞ്ഞുതിരിഞ്ഞ അനുഭവങ്ങളാണ് ഇതിവൃത്തം. മഞ്ഞുകാലത്ത് ഇന്ത്യക്കകത്തും പുറത്തുമുള്ള ഒട്ടേറെ വന്യജീവി ഫൊട്ടോഗ്രഫർമാർ ഹിമപ്പുലികളെ തേടി സ്പിതി താഴ്‌വരയിലും പിൻ വാലിയിലും ഹെമിസ് നാഷണൽ പാർക്കിലും ദിബാങ് വൈൽഡ് ലൈഫ് സാങ്ച്വറിയിലും എത്തുക പതിവാണ്. അധികം ആളുകളും നിരാശരായി മടങ്ങാറാണ് പതിവ്.  

Red-Fox_kibber-vilalge-(1)

കിബ്ബറിലേക്ക് 

ഇന്ത്യയിൽതന്നെ ആണെങ്കിലും ഒരു വിദേശയാത്ര നടത്തുന്നതുപോലെ പണച്ചിലവാണ് ഹിമപ്പുലിയെ കാണാനുള്ള യാത്രയ്ക്ക്. പ്രധാനമായും അതിശൈത്യത്തെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും മറ്റും കരുതണം.  എതായാലും ഫൊട്ടോഗ്രഫർമാരായ മൂന്നു സുഹൃത്തുക്കൾക്കൊപ്പം സ്പിതി യാത്രയെപ്പറ്റി ചില അന്വേഷണങ്ങൾ നടത്തി. പാക്കേജ് ടൂറുകളുണ്ടെങ്കിലും അവയൊക്കെ അടുക്കാനാകാത്ത തുകയാണ് പറയുന്നത്. ഏറെ തിരഞ്ഞശേഷം ഒരു  ഡ്രൈവർ കം ടൂർ ഓപറേറ്ററെ കിട്ടി–സ്പിതി സ്വദേശികൂടിയായ കസാങ് റാപ്ചിക്. ന്യായമായ നിരക്കാണെന്ന് ബോധ്യപ്പെട്ടപ്പോൾ യാത്ര നിശ്ചയിച്ചു. 

ഡൽഹി വഴി സിംലയിൽ എത്തി. ഇവിടെ നിന്ന് സ്പിതിയിലേക്ക് റാപ്ചിക്ക് കൂട്ടിക്കൊണ്ടുപോകും എന്നാണ് അറിയിച്ചിട്ടുള്ളത്. സമയം പാലിച്ച് റാപ്ചിക് എത്തി. രാംപൂർ, നാർക്കോണ്ട, താബോ വഴി 411 കി മീ ദൂരമുണ്ട്. സ്പിതിയിലേക്ക്. മഞ്ഞും മലയിടിച്ചിലും വഴുക്കുന്ന, വീതികുറഞ്ഞ റോഡുകളും എല്ലാം ചേർന്ന് സാഹസിക യാത്ര. അടുത്ത ദിവസം ഉച്ചയോടെ കാസയിലെത്തി. ഇവിടെനിന്ന് 14 കി മീ ഉണ്ട് കിബ്ബർ ഗ്രാമത്തിലേക്ക്. കാസയില്‍ എത്തിയപ്പോൾ  മുന്നോട്ട് പോകാനാകാത്തവിധം മഞ്ഞു വീഴ്ച. 

Snow-Leopard--Kibber-Village_04

കിബ്ബറിൽ എത്തിയപ്പോൾ ഒരുദിവസം കൂടി കഴിഞ്ഞു. അപ്പോഴേക്ക് ഒരു കാര്യം വ്യക്തമായി, പറഞ്ഞറിയിക്കാൻ ആകാത്ത ഹിമാലയൻ ശൈത്യത്തെ പ്രതിരോധിക്കാൻ ഈ കൂട്ടത്തിൽ ആരും വേണ്ടവിധം തയ്യാറായിട്ടില്ല! ഞങ്ങളുടെ ജാക്കറ്റുകളോ ഗ്ലൗസുകളോ ഒന്നും ഇവിടത്തെ ആവശ്യത്തിന് പോര. ഡൽഹിയിലെ മാർക്കറ്റിൽനിന്ന് യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങളും സ്ഥലവും പറഞ്ഞ് മേടിച്ചതാണെങ്കിലും വസ്ത്രങ്ങൾ വിൽപന നടത്തിയവരും മേടിച്ച ഞങ്ങളും പ്രതീക്ഷിച്ചതിനൊക്കെ അപ്പുറമാണ് മഞ്ഞിൽ പുതച്ച് കിടക്കുന്ന ഇവിടത്തെ തണുപ്പ്. കസാങ് റാപ്ചിക്ക് തന്റെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചു. 

കിബ്ബർ ഗ്രാമത്തിൽ ഇത് വിനോദസഞ്ചാര സീസണല്ല. ഗ്രാമീണർതന്നെ വളരെ കുറവ്. എന്നാൽ ഹിമപ്പുലിയെ കാണാൻ എത്തിയവർ കുറച്ചുപേർ ഉണ്ട്. കിബ്ബറിലെ ജനവാസകേന്ദ്രത്തിൽനിന്ന് കുറച്ച് അകലെയാണ് ഹിമപ്പുലിയുടെ സൈറ്റിങ് ഉണ്ടായിട്ടുള്ളത്. രാവിലെ ഭക്ഷണമൊക്കെ പൊതിഞ്ഞെടുത്ത് ക്യാമറയും അനുബന്ധ ഉപകരണങ്ങളുടെ കിറ്റും തോളിലേറ്റി ഇറങ്ങണം. 

Blue-Sheep--Kibber-Village-

ആദ്യ ദിവസം ഏറെ നേരം മഞ്ഞിൽ കുത്തിയിരുന്നെങ്കിലും ഹിമപ്പുലിയെ കണ്ടില്ല. കാത്തിരുന്ന സ്ഥലത്ത് കഴിഞ്ഞ ദിവസങ്ങളിൽ സൈറ്റിങ് ഉണ്ടായിരുന്നു അത്രേ... നല്ല കട്ടിയിൽ മഞ്ഞുവീണു കിടക്കുന്നതിനു മുകളിലാണ് പുലിയെ കാത്തിരിക്കുന്നത്. അധികം അകലത്തിലൊന്നുമല്ലാതെ വേറെയും ഫൊട്ടോഗ്രഫർമാർ ഉണ്ട്. വിദേശികളെ തണുപ്പിന്റെ കാഠിന്യം വലുതായി ബാധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. പലരും ശൈത്യവും മഞ്ഞുവീഴ്ചയുമൊക്കെയുള്ള പ്രദേശത്തുനിന്ന് വരുന്നവർ, ഇവിടത്തെ തണുപ്പിനോട് പൊരുതിനിൽക്കാൻ തക്ക വസ്ത്രം ധരിച്ചവർ‍, കാലിൽ സോക്സിനകത്തും കയ്യിൽ ഗ്ലൗസിനുള്ളിലും വാമർ പാക്കറ്റുകൾ സൂക്ഷിച്ചിട്ടുള്ളവർ... മഞ്ഞും തണുപ്പുമൊന്നും കാര്യമായി അനുഭവപ്പെടാത്ത കേരളത്തിൽനിന്ന് സ്പിതിയിലെത്തുമ്പോൾ നമുക്കു പലതും പുതുകാഴ്ചകൾ.

Snow-Leopard--Kibber-Village_01

ഹിമപ്പുലിയെ കാത്ത്

സായാഹ്നത്തോടെ കാത്തിരിപ്പ് അവസാനിപ്പിച്ച് തിരികെപ്പോന്നു. കിബ്ബർ ഗ്രാമത്തിൽ താമസസൗകര്യം കിട്ടാത്തതിനാൽ കാസയിലേക്ക് മടങ്ങി. കാസയിൽ എത്തിയ ഉടനെ ഗ്രാമീണരിൽ ഒരാളുടെ ഫോൺ വന്നു, ഹിമപ്പുലി ഇറങ്ങിയിട്ടുണ്ടെന്ന്. തണുപ്പും ക്ഷീണവും വകവയ്ക്കാതെ തിരിച്ച് പോകാം എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. ഇരുപതു കി മീ മാത്രമേ ദൂരം ഉള്ളു എങ്കിലും ഒരു മണിക്കൂറിലധികം സമയം എടുക്കും സഞ്ചരിക്കാൻ.

വഴിയിൽനിന്നുതന്നെ ദൂരെ ഒരു മലമുകളിൽ ആളുകൾ കൂടി നിൽക്കുന്നതുകണ്ടു. അങ്ങോട്ടേക്കാണ് പോകുന്നതെന്നു അറിഞ്ഞപ്പോൾ ഉള്ളൊന്നു കിടുങ്ങി, അത്ര ചെങ്കുത്തായ മല,  തീരെ വീതിയില്ലാത്ത വഴിയും. കാലൊന്നു തെന്നിയാൽ താഴെ ആഴമെത്രയെന്ന് അറിയാത്ത മഞ്ഞിലേക്ക്.....

Snow-Leopard--Kibber-Village_05

അവിടെ എത്തിയപ്പോൾ മറുവശത്തെ മലയിലാണ് കഥാനായകൻ ഇരിക്കുന്നത്.  ഒരു തള്ളപ്പുലിയും രണ്ടു കുട്ടികളും. നഗ്നനേത്രങ്ങൾകൊണ്ട് കാണാനാകില്ല. ദൂരം മാത്രമല്ല, മഞ്ഞുൂടാത്ത പാറക്കെട്ടുകൾ നിറഞ്ഞ ആ പരിസരത്തോട് അത്രമാത്രം ചേർന്നാണ് അവ ഇരിക്കുന്നത്. യാന്ത്രികമായി ക്യാമറയുടെ ബട്ടണിൽ വിരൽ അമർന്നു, നല്ല ചിത്രമൊന്നും കിട്ടിയില്ല. പിറ്റേന്നും ഇതുപോലെതന്നെ അവസ്ഥ. ഇതിനിടയിൽ റെഡ് ഫോക്സ്, ഭരാൽ (ഹിമാലയൻ ബ്ലൂഷീപ്), ഹിമാലയൻ വരയാട് (ഐബക്സ്) തുടങ്ങിയവ ക്യാമറയിൽ പതിഞ്ഞു.

Snow-Leopard--Kibber-Village_02

കിബ്ബർ ഗ്രാമത്തിലെ മൂന്നാം ദിവസം വൈകിട്ട് ട്രാക്കർമാർ വിവരം തന്നു. സമീപത്ത് ഒരിടത്ത് ഹിമപ്പുലി ഒരു വേട്ട നടത്തിയിട്ടുണ്ട്. കൊന്നിട്ട ആടിനെ തിന്നാൻ അടുത്ത ദിവസവും അതവിടെ വരും, നല്ല ചിത്രം കിട്ടും ഉറപ്പ്... അതനുസരിച്ച് രാവിലെ 10 മണിക്ക് മഞ്ഞിൽ ചെന്ന് സ്ഥാനം പിടിച്ചു, ആകാംക്ഷകൊണ്ട് ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. ഉച്ചയായിട്ടും പുലിയുടെ ലക്ഷണമൊന്നുമില്ല. അങ്ങ് ദൂരെ പാൽക്കടൽപോലെ വെളുത്തു പരന്ന് കിടക്കുന്ന മഞ്ഞിൽ ഒരു കറുത്തപൊട്ട് പോലെ തലേന്ന് പുലി ബാക്കിവച്ച ആടിന്റെ ശവശരീരം കിടപ്പുണ്ട്. ഉദ്ദേശം ഒരു മൂന്നുമണി ആയപ്പോൾ കുറച്ച് മുകളിൽനിന്ന് എന്തോ ഒരു അനക്കം താഴേക്ക് കണ്ടു. സാവധാനം അതൊരു മൃഗത്തിന്റെ രൂപത്തിലെത്തി... അതേ, കാത്തിരുന്ന നിമിഷം അടുക്കുന്നു. 

തളികയിൽ വിളമ്പിവച്ച ഭക്ഷണം എടുത്തു കഴിക്കുന്ന ലാഘവത്തോടെ, തന്നെ ഫോക്കസു ചെയ്ത് നിൽക്കുന്ന ഒരു കൂട്ടം ക്യാമറകളെ കണ്ട ഭാവമേതുമില്ലാതെ അന്നത്തേക്കുവേണ്ട ആഹാരം കഴിച്ച് നാവുകൊണ്ട് മുഖം തുടച്ച് ഹിമപ്പുലി വീണ്ടും മുകളിലേക്കു കയറിപ്പോയി. മഞ്ഞും തണുപ്പും യാത്രയും തുടങ്ങി എല്ലാ  കടുത്ത സാഹചര്യങ്ങളെയും അതിജീവിച്ച് കാത്തിരുന്നതിന് സമ്മാനമെന്നോണം ചില നല്ല ചിത്രങ്ങൾ പകർത്താൻ ഞങ്ങൾക്ക് അവസരവുമായി...

Ibex---Kibber-Village-(2)
Tags:
  • Manorama Traveller
  • Travel India
  • Wild Destination