പാലക്കാടു നിന്നു ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ കൈലാസ് നാഥ് ലോക്ഡൗണിനെ തുടര്‍ന്നു ചെന്നൈയില്‍ കുടുങ്ങി. നാഗ്പുരില്‍ വച്ചു പരിചയപ്പെട്ട തൃശൂര്‍ സ്വദേശി ഗോകുലും കൂടെയുണ്ട്. ഇന്ത്യ മുഴുവന്‍ ബൈക്കില്‍ സഞ്ചരിക്കാനുള്ള മോഹം പതിനഞ്ചു സംസ്ഥാനങ്ങളില്‍ ഒതുക്കേണ്ടി വന്നതിന്റെ സങ്കടത്തിലാണ് ഇരുവരും. പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസം കൈലാസും ഗോകുലും ഗുജറാത്തിലേക്കു പോകാനുള്ള പദ്ധതി ഉപേക്ഷിച്ചു. നാഗ്പുരില്‍ നിന്നു ഹൈദരാബാദ് വഴി മടക്ക യാത്ര ആരംഭിച്ചു. പോലീസുകാരുടെ ഔദാര്യത്തില്‍ ചെന്നൈയില്‍ എത്തിയെങ്കിലും മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായി. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി വിട്ടു പോകാന്‍ തമിഴ്‌നാട് പോലീസ് അനുമതി നല്‍കിയില്ല. സൗദി അറേബ്യയിലുള്ള അച്ഛനെ വിളിച്ച് കൈലാസ് വിവരം പറഞ്ഞു. വിദേശ മലയാളി സംഘടനയുമായി ബന്ധപ്പെട്ട് അദ്ദേഹം ചെന്നൈയിലെ പൊതു പ്രവര്‍ത്തകനെ വിവരം അറിയിച്ചു. മലപ്പുറം സ്വദേശി അഷ്‌റഫ് സഹായവുമായി കൈലാസിനെ തേടിയെത്തി. അഷ്‌റഫ് ഏര്‍പ്പാടാക്കിയ താമസ സ്ഥലത്തിരുന്ന് കൊറോണക്കാലത്തെ ഇന്ത്യ പര്യടനത്തിന്റെ സംഭവബഹുലമായ മൂഹൂര്‍ത്തങ്ങളെ കുറിച്ച് കൈലാസ് സംസാരിക്കുന്നു.
കൊടുംചൂടില്‍ തുടക്കം
ബൈക്കില്‍ ഇന്ത്യ ചുറ്റണമെന്ന് ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു. ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് വീട്ടിലെത്തിയ ശേഷം ഗള്‍ഫില്‍ അവസരം തിരയുന്ന സമയത്ത് യാത്ര ചെയ്യാമെന്നു തീരുമാനിച്ചു. ഫെബ്രുവരി പതിനാറിന് പാലക്കാടു നിന്നു പുറപ്പെട്ടു. ഇരുപതു സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യാനായിരുന്നു പദ്ധതി. ഹോണ്ട ഹോര്‍നറ്റില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാന്‍ പറ്റുമോ എന്നു പലരും ആശങ്ക പ്രകടിപ്പിച്ചു. ഈ വണ്ടിയില്‍ എനിക്കു വിശ്വാസമുണ്ടെന്ന് അവരോടു മറുപടി പറഞ്ഞു.
പാലക്കാടു നിന്നു ചെന്നൈ വഴി ആന്ധ്രയിലെത്തി. കടുത്ത വെയില്‍ മാത്രമായിരുന്നു അപ്പോള്‍ പ്രതിസന്ധി. ഒഡീഷ, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ കടന്ന് ഉത്തര്‍പ്രദേശില്‍ എത്തി.
ഹോട്ടലുകളില്‍ മുറിയെടുത്തായിരുന്നു താമസം. ചെലവു കുറഞ്ഞ റസ്റ്ററന്റുകള്‍ ഓണ്‍ലൈനില്‍ നോക്കി മനസ്സിലാക്കിയിരുന്നു. യുപിയില്‍ എത്തിയ സമയത്താണ് ചൈനയില്‍ കൊറോണ പടര്‍ന്ന വിവരം അറിഞ്ഞത്. അപ്പോഴും നമ്മുടെ നാട്ടില്‍ അതു ബാധിക്കുമെന്നു കരുതിയില്ല. ഡല്‍ഹിയില്‍ കറങ്ങിയ ശേഷം പഞ്ചാബില്‍ എത്തിയപ്പോഴേക്കും സ്ഥിതി മാറി. ചായക്കടയിലും ഹോട്ടല്‍ റിസപ്ഷനിലും ആളുകള്‍ പേടിയോടെ സംസാരിക്കുന്നതു കേട്ടു. പഞ്ചാബ്, കശ്മീര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ താണ്ടിയപ്പോഴേക്കും നമ്മുടെ നാട്ടില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത വിവരം അറിഞ്ഞു. മുന്നോട്ടുള്ള യാത്ര എളുപ്പമാകില്ലെന്നു മനസ്സിലായെങ്കിലും പകുതിക്കു വച്ചു യാത്ര ഉപേക്ഷിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ല.
പട്ടിണിയുടെ രാത്രി
നാഗ്പുരില്‍ എത്തിയ സമയത്ത് തൃശൂര്‍ കണ്ടശ്ശാംകടവു സ്വദേശി ഗോകുലിനെ പരിചയപ്പെട്ടു. പാഷന്‍ പ്രോയില്‍ ഇന്ത്യ ചുറ്റാനിറങ്ങിയതാണു കക്ഷി. പിന്നീട് രണ്ടാളും ഒരുമിച്ചു മുന്നോട്ടു നീങ്ങി. റസ്റ്ററന്റുകള്‍ അടച്ചതോടെ ഭക്ഷണം പ്രശ്‌നമായി. ഓറഞ്ച് മാത്രം കഴിച്ച് ഒരു പകല്‍ വിശപ്പടക്കി. ക്ഷീണം സഹിച്ച് ഹൈദരാബാദില്‍ എത്തിയപ്പോള്‍ ഹോട്ടല്‍ മുറി കിട്ടിയില്ല. കൊറോണ പ്രതിരോധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അപരിചിതര്‍ക്കു മുറി നല്‍കരുതെന്നാണു പോലീസ് നിര്‍ദേശം. അന്നു രാത്രി കടത്തിണ്ണയില്‍ കിടന്നുറങ്ങി.
ഇനിയും വൈകിയാല്‍ പട്ടിണിയാകുമെന്നു മനസ്സിലായി. പിറ്റേന്നു പുലര്‍ച്ചെ തമിഴ്‌നാട്ടിലേക്ക് തിരിച്ചു. അതിര്‍ത്തിയില്‍ പരിശോധനയ്ക്കു നിന്ന പോലീസുകാരെ കാര്യം പറഞ്ഞു മനസ്സിലാക്കി ചെന്നൈയില്‍ എത്തി. ആയിരം രൂപ വാടകയ്ക്ക് ഒരു മുറിയെടുത്തു. പക്ഷേ പിറ്റേന്നു രാവിലെ മുറിയൊഴിയാന്‍ ഹോട്ടല്‍ ജോലിക്കാര്‍ ആവശ്യപ്പെട്ടു. സൗദിയില്‍ ജോലി ചെയ്യുന്ന അച്ഛനെ വിളിച്ച് സാഹചര്യം വിശദീകരിച്ചു. സൗദിയിലെ പ്രവാസി സംഘടനയുമായി ബന്ധപ്പെട്ട് അച്ഛന്‍ ചെന്നൈയിലെ ഒരു ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. ആ നമ്പറില്‍ വിളിച്ചപ്പോള്‍ മലപ്പുറം സ്വദേശി അഷ്‌റഫ് ഓടിയെത്തി. അദ്ദേഹം ഏര്‍പ്പാടാക്കിയ മുറിയിലാണ് ഇപ്പോള്‍ താമസം. മൂന്നു നേരവും ഭക്ഷണം എത്തിച്ചു തരുന്നുണ്ട്. കൊറോണ എന്ന മഹാമാരിയേയും നമ്മള്‍ മറികടക്കുമെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ബോധ്യപ്പെട്ടു. ലോക്ഡൗണില്‍ ഇളവു കിട്ടിയാല്‍ ഉടനെ നാട്ടിലേക്കു തിരിക്കും - കൈലാസ് പറഞ്ഞു നിര്‍ത്തി.