റോമിയോയും ജൂലിയറ്റും പ്രണയകഥയാണ്. ഈ സ്നേഹഗാഥയിലും നായകൻ റോമിയോയാണ്. മുത്തശ്ശിയെ ജീവനു തുല്യം സ്നേഹിക്കുന്ന റോമിയോ.
മുത്തശ്ശിയെ ഒരു നോക്കു കാണാൻ പതിനൊന്നു വയസ്സുകാരൻ നടന്നതു രണ്ടായിരത്തി എണ്ണൂറു കിലോമീറ്റർ. കാടും മലയും താണ്ടി മുത്തശ്ശിയെ കണ്ടപ്പോൾ അവന്റെ മിഴികൾ നിറഞ്ഞു. കൊച്ചുമകനെ ആശ്ലേഷിച്ചുകൊണ്ട് മുത്തശ്ശി തേങ്ങി. ബന്ധങ്ങൾക്ക് ആഴം നഷ്ടപ്പെട്ടവരുടെ ലോകത്ത് ഇവരുടെ സ്നേഹം മാതൃകാ ചിത്രമായി. സ്നേഹസംഗമം പാശ്ചാത്യ മാധ്യമങ്ങളിൽ മുഖചിത്രമായി പ്രത്യക്ഷപ്പെട്ടു.
എഴുപത്തേഴു വയസ്സുകാരി റോസ്മേരി താമസിക്കുന്നത് ബ്രിട്ടനിലെ ഒക്സ്ഫോഡ്ഷയറിലുള്ള വിട്നിയിൽ. റോസ്മേരിയുടെ മകൻ ഫിൽകോക്സ് ഭാര്യ ജ്യോവന്നയ്ക്കും മകൻ റോമിയോയ്ക്കുമൊപ്പം കഴിഞ്ഞ വർഷം ഇറ്റലിയിലെ സിസിലിയിലുള്ള പലെർമോ നഗരത്തിലേക്കു കുടിയേറി. റോമിയോ അതിനു ശേഷം മുത്തശ്ശിയെ കണ്ടിട്ടില്ല.
ലണ്ടനിൽ പോയി മുത്തശ്ശിയെ കാണണമെന്നു നിരന്തരം അവൻ അച്ഛനോട് ആവശ്യപ്പെട്ടു. അവധിക്കാലത്തു കൊണ്ടു പോകാമെന്ന് ഫിൽകോക്സ് വാക്കു നൽകി. പക്ഷേ, കോവിഡ് മഹാമാരിയെ തുടർന്നു സ്കൂൾ അടച്ചതോടെ റോമിയോയുടെ കാത്തിരിപ്പ് അനിശ്ചിതമായി. രാജ്യാതിർത്തി അടച്ചതും ഗതാഗതം നിലച്ചതും മുത്തശ്ശിയെ കാണുകയെന്ന മോഹം ചിന്നഭിന്നമാക്കി. അവൻ മുറിക്കുള്ളിൽ അടച്ചിരിപ്പായി.
നടന്നു പോയാലോ?
മുത്തശ്ശിയെ കാണാതെ ഒരു നിമിഷം പോലും ഇരിക്കാനാവില്ലെന്നു തോന്നിയപ്പോൾ അവൻ തന്റെ ആഗ്രഹം അച്ഛനോടു തുറന്നു പറഞ്ഞു. ‘മുത്തശ്ശിയെ കാണാൻ ലണ്ടനിലേക്ക് നടന്നു പോകാം...’ പതിനൊന്നു വയസ്സുകാരൻ പറഞ്ഞതു ഫിൽകോക്സിനു വിശ്വസിക്കാനായില്ല. 2735കി.മീ നടക്കാനുള്ള ശക്തി കുഞ്ഞിക്കാലുകൾക്ക് ഉണ്ടോ എന്ന കാര്യത്തിൽ ഫില്ലിനു സംശയം തോന്നി. എന്നാൽ അവന്റെ ലക്ഷ്യബോധത്തിനു മുന്നിൽ അച്ഛൻ തോറ്റു. സിനിമാ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഫിൽകോക്സ് പലെർമോയിൽ നിന്നു ലണ്ടനിലേക്കു നടക്കാനുള്ള റൂട്ട് മാപ്പ് തയാറാക്കി – പലെർമോയിൽ നിന്നു മിലനിലൂടെ സ്വിറ്റ്സർലൻഡ്. അവിടെ നിന്നു ഫ്രാൻസിലെത്തിയ ശേഷം കടൽ താണ്ടി ഇംഗ്ലണ്ട്.
‘റോമിയോസ് ബിഗ് ജേണി ഹോം’
അന്തിയുറങ്ങാനുള്ള ടെന്റ്, വസ്ത്രം, ഭക്ഷണം തയാറാക്കാനുള്ള പാത്രം എന്നിവ ബാഗിലാക്കി അച്ഛനും മകനും നടന്നു. ഗൂഗിൾ മാപ്പിൽ തെളിഞ്ഞ പാതയിലൂടെയായിരുന്നു നടത്തം. റോമിയോയുടെ സഞ്ചാരപാതകൾ ഫിൽഫോക്സ് ക്യാമറയിൽ പകർത്തി. ‘റോമിയോസ് ബിഗ് ജേണി ഹോം’ എന്നൊരു ഫേസ്ബുക്ക് പേജുണ്ടാക്കി അതിൽ അപ്ഡേറ്റ് ചെയ്തു. ആളുകൾ പേജിനു താഴെ ആശംസകൾ അർപ്പിച്ചു. അച്ഛനും മകനും താമസമൊരുക്കാൻ വഴിനീളെ ജനം കാത്തു നിന്നു.
കാട്ടിലൂടെയുള്ള യാത്രയിൽ റോമിൽ വച്ച് ഫില്ലിനേയും റോമിയോയേയും കാട്ടുനായ്ക്കൾ ആക്രമിച്ചു. അവർ ധൈര്യം കൈവിടാതെ നായ്ക്കളെ തുരത്തി. അതേ കാടിനുള്ളിൽ നിന്നു പിടികൂടിയ കഴുതയെ മെരുക്കിയെടുത്ത് ബാഗും സാധനങ്ങളും അതിന്റെ മുതുകിൽ കെട്ടിവച്ച് അവർ നടത്തം തുടർന്നു.
ഓരോ സ്ഥലത്തു ചെല്ലുമ്പോഴും റോമിയോ തന്റെ അമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയെ കുറിച്ച് വിശദീകരിച്ചു. തൊണ്ണൂറ്റി മൂന്നു ദിവസത്തിനൊടുവിൽ ലണ്ടനിൽ എത്തിയപ്പോഴേക്കും 13731 യൂറോ ചാരിറ്റി സംഘടനയിലേക്കു സംഭാവനയായി ലഭിച്ചു. അഭയാർഥികളുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിനു ടാബ്, വൈഫൈ എന്നിവ വാങ്ങാനായി ആ പണം റോമിയോ തന്റെ അമ്മയെ ഏൽപിച്ചു.
ഒക്ടോബർ 21ന് ലണ്ടനിലെത്തിയ റോമിയോയും അച്ഛൻ ഫിൽകോക്സും പതിനാലു ദിവസം ക്വാറന്റീനു ശേഷം റോസ് മേരിയെ കാണാൻ ചെന്നു. ഏറെ നാളുകൾക്കു ശേഷം മകനേയും കൊച്ചുമകനേയും കണ്ടതിന്റെ സന്തോഷത്തിൽ റോസ്മേരിയുടെ മിഴികൾ ഈറനണിഞ്ഞു. ‘ലോകത്തുള്ള എല്ലാ മുത്തശ്ശിമാർക്കുമായി ഈ നിമിഷം സമർപ്പിക്കുന്നു’’ – റോമിയോയെ ആശ്ലേഷിച്ചുകൊണ്ട് റോസ് മേരി വിതുമ്പി.