ഒരു വർഷം ഒരു കോടിയിലേറെ വിനോദ സഞ്ചാരികൾ അവിടെ എത്തിയിരുന്നു. രാപകലെന്നു വേർതിരിവില്ലാതെ തെരുവ് ജനസമുദ്രമായിരുന്നു. വഴിയോര കച്ചവടക്കാരും വൻകിട ബിസിനസുകാരും ഒരേപോലെ ആഡംബര ജീവിതമാണു നയിച്ചിരുന്നത്. നാലു മാസംകൊണ്ട് എല്ലാം തകിടം മറിഞ്ഞു. ‘‘വൈറസ് ഇല്ലാതാകും വരെ കാത്തിരുന്നാൽ നമ്മുടെ രാജ്യം പാപ്പരാകും. ഇനിയും ടൂറിസത്തിന്റെ വാതിൽ അടച്ചിടുന്നതു ബുദ്ധിയല്ല. ബാറുകളും ഡാൻസ് ക്ലബ്ബുകളും തുറക്കുകയാണ്’’ – ടിഹ്വാന ടൂറിസം കൺവൻഷൻ കമ്മിറ്റി ഡയറക്ടർ പെപ്പേ അവെലാർ അറിയിച്ചു. അമേരിക്കയിലെ ലാസ് വെഗാസിലേക്കു നോക്കുക. ആളുകൾ വിനോദ സഞ്ചാരത്തിന്റെ കാൽപനിക സൗന്ദര്യം ആസ്വദിക്കുന്നു. ‘സെക്ഷ്വൽ ഡെസ്റ്റിനേഷൻ’ അവർ വിനോദ സഞ്ചാരത്തിന്റെ മുഖമായി അവതരിപ്പിച്ചു. അതിഥികൾക്ക് എല്ലാം ആസ്വദിക്കാൻ അവസരമൊരുക്കലാണ് ടൂറിസം. – കൊവിഡ് പടരുന്നതിനിടെ അവെലാർ നടത്തിയ പ്രഖ്യാപനം ടിഹ്വാനയുടെ ടൂറിസം മേഖലയിൽ ഉണർവുണ്ടാക്കി.
മെക്സിക്കോയിലെ ബാഹ കാലിഫോർണിയ സംസ്ഥാനത്താണു ടിഹ്വാന. മലയാളികൾക്കു ഗോവ പോലെയാണ് അമേരിക്കയിലുള്ളവർക്ക് ടിഹ്വാന നഗരം. കലിഫോർണിയയിൽ നിന്ന് ഒരു മണിക്കൂർ ഡ്രൈവ്. അമേരിക്കയിൽ നിരോധിക്കപ്പെട്ടതെല്ലാം ടിഹ്വാനയിൽ സുലഭമാണ്. അതിനാൽ തന്നെ ജീവിതം ‘ആഘോഷിക്കാൻ’ ആളുകൾ അതിർത്തി കടക്കുന്നു. ടൂറിസ്റ്റുകൾ ഒഴുക്കുന്ന പണത്തിന്റെ പിന്നാമ്പുറം പറ്റി ടിഹ്വാനയിൽ അധോലോക സംഘങ്ങൾ രൂപംകൊണ്ടു. നൂറിലേറെ ഹോളിവുഡ് സിനിമകൾക്കു കഥാപശ്ചാത്തലമായിട്ടുണ്ട് ടിഹ്വാനയിലെ ഗ്യാങ്് വാറുകൾ. മനോഹരമായ കെട്ടിടങ്ങളും ഭംഗിയുള്ള മലഞ്ചെരിവും സ്വാദിഷ്ടമായ വിഭവങ്ങളും ലഭിക്കുന്ന നാടാണ് ടിഹ്വാന. അവിടെ ആദ്യമായി ചെന്നിറങ്ങുമ്പോൾ രക്തച്ചൊരിച്ചിലിന്റെ നാടാണ് അതെന്നു തോന്നില്ല. എന്നാൽ, തോക്കിനു മുൻപിൽ നിന്നു കഷ്ടിച്ചു രക്ഷപെട്ടതിന്റെ അനുഭവങ്ങളാണ് പോയി വന്നവർ പങ്കുവയ്ക്കുന്നത്. അതൊന്നും സഞ്ചാരികളുടെ ഒഴുക്കിന് യാതൊരു കുറവും വരുത്തിയില്ല – കോവിഡ് വൈറസ് വ്യാപിക്കുന്നതു വരെ. ഇപ്പോൾ ടിഹ്വാനയിലെ റോഡുകൾ വിജനം. വിനോദസഞ്ചാര കേന്ദ്രങ്ങൾ ശൂന്യം. ഹോട്ടലുകളും ടൂറിസം ഡെസ്റ്റിനേഷനുകളും ആളൊഴിഞ്ഞ മൈതാനം പോലെ.
ചൂതാട്ടം, നിശാനൃത്തം
അമേരിക്കയിലെ കലിഫോർണിയയിലുള്ള സാൻ ഡിയാഗോയിൽ നിന്ന് മെക്സിക്കോയിലെ ടിഹ്വാനയിലേക്ക് ഇരുപതു മൈൽ. ചെക്പോസ്റ്റ് കടന്ന് ഒരോ ദിവസവും ഇരുരാജ്യങ്ങളിലേക്കും പോകുന്നവരുടെ എണ്ണം അഞ്ചു ലക്ഷം. എല്ലാവരുടേയും മേൽവിലാസം ‘ടൂറിസ്റ്റ്’. ടിഹ്വാന നദിയുടെ തീരത്താണ് യുവാക്കൾ ക്യാംപ് ചെയ്യാറുള്ളത്. പ്രണയ സല്ലാപത്തിനായി പോകുന്നവർ മെക്സിക്കാലി നഗരത്തിലെ ഹോട്ടലിൽ തങ്ങുന്നു. ചൂതാട്ടവും നൈറ്റ് ക്ലബ്ബുകളും നിശാനൃത്തവുമാണ് ഇൻഡോർ വിനോദങ്ങൾ. സ്ട്രീറ്റ് ഫൂഡ് മുതൽ ഓപ്പൺ ഓഡിറ്റോറിയം പ്രോഗ്രാം വരെ ഔട് ഡോർ ആക്ടിവിറ്റീസ്. ഉച്ചയ്ക്കാണ് നഗരം ഉണരുക. പുലരും വരെ പാട്ടും നൃത്തവും മേളവും.
അമേരിക്കയിൽ എന്തെല്ലാം നിരോധിക്കുന്നുവോ അവയെല്ലാം ടിഹ്വാനയിൽ സുലഭം. പത്തിരട്ടി വില കൊടുക്കണമെന്നു മാത്രം. ഈ സാഹചര്യമാണ് ടിഹ്വാനയെ കള്ളക്കടത്തിന്റെയും അധോലോക സംഘങ്ങളുടെയും കേന്ദ്രമാക്കി മാറ്റിയത്. മയക്കുമരുന്നു കച്ചവടം ആദ്യമൊക്കെ അധികൃതർ കണ്ടില്ലെന്നു നടിച്ചു. ടൂറിസ്റ്റുകളെ ആകർഷിക്കുമെന്നും രാജ്യത്തിന്റെ വരുമാനം വർധിക്കുമെന്നും മാത്രമേ അന്ന് അവർ ചിന്തിച്ചുള്ളൂ. കാലക്രമേണ മയക്കുമരുന്നു കച്ചവടക്കാരും സെക്സ് റാക്കറ്റുകളും ശക്തരായി. പൊലീസും രാഷ്ട്രീയക്കാരും അധോലോകത്തിന്റെ നിയന്ത്രണത്തിലായി. അധോലോകങ്ങൾക്കു നേരേ വിരൽ ചൂണ്ടിയവർ വധിക്കപ്പെട്ടു. പൊലീസ് മേധാവികളും രാഷ്ട്രീയക്കാരും ബിസിനസുകാരും പട്ടാപ്പകൽ കിഡ്നാപ്പ് ചെയ്യപ്പെട്ടു. പ്രതിഫലം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകൽ പതിവായി. ഹോട്ടലുകളും ടൂറിസം കേന്ദ്രങ്ങളും മയക്കുമരുന്നിന്റെയും സെക്സ് റാക്കറ്റുകളുടെയും ഓപ്പൺ ബിസിനസ് പോയിന്റുകളായി മാറി. എന്നാൽ ആദ്യമായി അവിടെ ചെന്നിറങ്ങുന്നവർക്ക് ടിഹ്വാന നഗരം സ്വപ്നലോകം പോലെ അനുഭവപ്പെടും. സ്വാതന്ത്ര്യത്തിന്റെ അവസാന വാക്കാണ് ആ സ്ഥലമെന്നു തോന്നും.
ഗ്യാങ് വാർ
സ്പാനിഷ് വംശജരാണ് മെക്സിക്കോയിൽ ആദ്യമെത്തിയ വിദേശികൾ, 1542ൽ. പൈ പൈ, കുക്കുപ, കുമിയ ഗോത്രവാസികളാണ് അപ്പോൾ അവിടെ ഉണ്ടായിരുന്നത്. പിൽക്കാലത്ത് അമേരിക്കയിൽ നിന്ന് ആളുകൾ അവധി ആഘോഷിക്കാനായി ടിഹ്വാനയിൽ എത്തി. അതൊരു വരുമാന മാർഗമായതോടെ മയക്കു മരുന്നും സെക്സ് ടൂറിസവും പ്രത്സാഹിപ്പിക്കപ്പെട്ടു. സെക്സ് റാക്കറ്റുകൾ വളർന്നു. ടിഹ്വാന, മോസ്റ്റ് ഡെയ്ഞ്ചറസ് പ്ലേസ് എന്നു കുപ്രസിദ്ധിയാർജിച്ചു.
മയക്കുമരുന്നിന്റെയും മനുഷ്യക്കടത്തിന്റെയും ഹോൾ സെയിൽ കയ്യടക്കാനായി അധോലോക സംഘങ്ങൾ തമ്മിൽ തെരുവു യുദ്ധം പതിവായി. സിനാലോവ, അരെലാനോ–ഫെലിക്സ് ഗ്രൂപ്പുകളാണ് ഇപ്പോഴത്തെ ശക്തരായ ഗ്യാങ്ങുകൾ. മെക്സിക്കോയിലെ ഏറ്റവും അപകടകാരികളാണ് അരെലാനോ–ഫെലിക്സ് ഓർഗനൈസേഷൻ. സിനാലോവയുടെ തലവനായിരുന്ന എൽ ചാപോയുമായുള്ള ഏറ്റുമുട്ടലിൽ ഇരുവശത്തുമായി ഒട്ടേറെ പേർ വെടിയേറ്റു വീണു. മെക്സിക്കോ പൊലീസ് റെക്കോഡ് പ്രകാരം 2019ൽ കൊലപാതകങ്ങളുടെ എണ്ണം 34608. രജിസ്റ്ററിൽ ചേർക്കപ്പെടാത്ത കൊലപാതകങ്ങൾ ഇതിലേറെയുണ്ടെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിയേറ്റു മരിക്കുന്നതോ തട്ടിക്കൊണ്ടു പോകുന്നതോ ടിഹ്വാനയിൽ വലിയ വാർത്തയല്ല. ‘അതൊക്കെ ഇവിടെ സാധാരണ സംഭവിക്കാറുള്ളതാണ്. നിങ്ങൾ ജാഗ്രത പാലിക്കുക’ – പരാതിയുമായി എത്തുന്നവർക്കു പൊലീസ് ഓഫിസർമാർ ഉപദേശം നൽകും. ടിഹ്വാനയിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവു വരുത്താൻ ഒരിക്കലും അത്തരം പ്രശ്നങ്ങൾ കാരണമായില്ല. ആദ്യമായി ആളുകളുടെ ഒഴുക്കില്ലാതായത് കൊറോണ വ്യാപിച്ചപ്പോഴാണ്. ഹോട്ടലുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടയ്ക്കേണ്ടി വന്നു. രാജ്യത്തെ അൻപതു ശതമാനം ആളുകൾ തൊഴിലില്ലാത്തവരായി. പ്രശ്നം മറികടക്കാൻ വീണ്ടും വാതിൽ തുറക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. തെരുവുകൾ പതുക്കെ ഉണരുന്നു. എല്ലാം ആദ്യം മുതൽ തുടങ്ങണം. എ ന്യൂ ബിഗിനിങ്...