Thursday 27 January 2022 03:42 PM IST : By സ്വന്തം ലേഖകൻ

കാഴ്ചയിൽ കിളിപറത്തും വീട്; ഇതുപോലൊന്ന് കേരളത്തിൽ ആദ്യം

vinu 1

സംശയങ്ങൾ ഒരുപാടുണ്ടാകും. ഉറപ്പുണ്ടോ, മഴ നനഞ്ഞാൽ പ്രശ്നമാകില്ലേ, സ്വകാര്യതയുണ്ടാകുമോ... എന്നുവേണ്ട ‘ഇതൊരു വീടാണോ’ എന്നുവരെ ചോദ്യങ്ങളുണ്ടാകാം. ഇതിനെല്ലാമുള്ള മറുപടി ആദ്യമേ കേൾക്കാം. വീട്ടുകാരുടെ നാവിൽനിന്നുതന്നെ.

‘‘ആദ്യമായി കാണുമ്പോൾ ഉൾക്കൊള്ളാൻ പ്രയാസമുണ്ടാകാം. കാരണം, ഇത് സാധാരണ കാണുന്നതുപോലെ ഒരു വീടല്ല. എന്നാൽ, ഉള്ളിൽ കുറച്ചു സമയം ചെലവഴിക്കുന്നതോടെ എല്ലാ സംശയങ്ങളും മാറും. എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് ബോധ്യമാകും,’’ വീട്ടുകാരായ ജോർജ് മനുവും അൻസു സൂസനും പറയുന്നു.

vinu 2

പീരുമേട് താലൂക്ക് ഓഫിസിന് എതിർവശത്തുള്ള മലമുകളിലാണ് ജോർജിന്റെയും സൂസന്റെയും പുതിയ വീട്. റോഡിൽ നിന്നു നോക്കുമ്പോൾ മലയുടെ മുനമ്പിൽ ഒരു പാറക്കഷണം ഉന്തിനിൽക്കുന്നു എന്നേ തോന്നൂ. കേരളത്തിൽ ഇങ്ങനെയൊരു വീട് ആദ്യമെന്ന് നിസ്സംശയം പറയാം.

vinu  5

മാവേലിക്കരക്കാരാണ് ജോർജും അൻസുവും. ഇടുക്കിയിൽ കുറച്ചു സ്ഥലം വേണമെന്ന വളരെ നാളത്തെ ആഗ്രഹത്താൽ 2017 ൽ ഇവിടെ രണ്ട് എക്കർ വാങ്ങി. കുറച്ച് കാപ്പിച്ചെടികൾ മാത്രമുണ്ടായിരുന്ന മല‍ഞ്ചെരുവിൽ ഓറഞ്ച്, പേര, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചു. രണ്ടു വർഷത്തിനു ശേഷമാണ് ഒരു വീടു വച്ചാലോ എന്ന ചിന്ത വരുന്നത്. രണ്ടു തവണ ഡിസൈൻ തയാറാക്കിച്ചു. എന്തുകൊണ്ടോ രണ്ടും ഇഷ്ടമായില്ല. വസ്തുവിന്റെ നടുഭാഗം നിരപ്പാക്കി അവിടെ രണ്ടുനില പണിയുന്ന രീതിയിലുള്ളതായിരുന്നു രണ്ടു ഡിസൈനും. അപ്പോഴാണ് ആർക്കിടെക്ട് വിനു ദാനിയേലിനെ പരിചയപ്പെടുന്നത്.

വിനു പീരുമേട്ടിലെത്തി സ്ഥലം കണ്ടു. കുറെയേറെ സമയം അവിടെ ചെലവഴിച്ചു. പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം പ്ലാൻ നൽകി. വീട്ടുകാർക്കത് നന്നേ ബോധിച്ചു. ഒരു തിരുത്തൽപോലും വേണ്ടിവന്നില്ല!

vinu 6

മലയുടെ ഒരറ്റത്ത് കുത്തനെ ചരിവുള്ള ഭാഗമാണ് വിനു വീടിനായി തിരഞ്ഞെടുത്തത്. അതുകൊണ്ട് പ്രയോജനങ്ങൾ പലതുണ്ടായി. വീട്ടിലിരുന്നാൽ വസ്തുവിന്റെ നാല് അതിരുകളിലും നോട്ടമെത്തും. ഒപ്പം പീരുമേട് കവലയും കോട്ടയം - കുമളി റോഡുമെല്ലാം കാണാനാകും.

‘‘വേണമെങ്കിൽ കുറച്ചുകൂടി നിരപ്പായ സ്ഥലത്ത് വീടിന് സ്ഥാനം കാണാമായിരുന്നു. അപ്പോൾ ഈ ചരിവുഭാഗം ഒരുവിധത്തിലും ഉപയോഗപ്പെടുത്താനാകാത്ത സ്ഥലമായി മാറിപ്പോകും. അതുകൂടാതെ നട്ടുപിടിപ്പിച്ച മരങ്ങളൊക്കെ മുറിച്ചുമാറ്റേണ്ടിയും വന്നേനെ,’’ ആർക്കിടെക്ട് വിനു ദാനിയേൽ വിശദീകരിക്കുന്നു.

vinu 4

ആണ്ടിൽ മൂന്നൂറു ദിവസവും മഴയും നല്ല തണുപ്പുമുള്ള കാലാവസ്ഥയാണ് ഇവിടെ. ചുറ്റുവട്ടത്തെ കാഴ്ചകൾ മാത്രമല്ല, മഴയും മഞ്ഞും കാറ്റും വെളിച്ചവുമെല്ലാം നന്നായി ആസ്വദിക്കാൻ കഴിയുന്നരീതിയിലാകണം വീട് എന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. ഇതിനെല്ലാം വഴിതുറന്നാണ് വിനു വീട് ഡിസൈൻ ചെയ്തത്. ജെസിബി കൊണ്ടുവന്ന് സ്ഥലം ഇടിച്ചുനിരപ്പാക്കുന്നതും വീട്ടുകാർക്ക് വിഷമമുള്ള കാര്യമായിരുന്നു. സ്ഥലത്തിന്റെ സ്വാഭാവിക ചരിവിനിണങ്ങും വിധം പല തട്ടുകളിലായി മുറികളൊരുക്കി ഇതിനും പരിഹാരം കണ്ടു.

കണ്ടാൽ പണ്ടുതൊട്ടേ ഇവിടെ ഉണ്ടായിരുന്നതാണെന്നേ തോന്നൂ. അതാണ് വീടിന്റെ പ്രത്യേകത. രൂപകൽപനയിൽ അനുവർത്തിച്ചിരിക്കുന്ന ‘പ്രകൃതിയോട് ചേർന്നുനിൽക്കൽ’ നയം തന്നെ നിർമാണവസ്തുക്കളിലും അവയുടെ അവതരണത്തിലുമെല്ലാം കാണാം.

vinu 3

ഇവിടത്തെ പറമ്പിൽനിന്നു ശേഖരിച്ച മണ്ണും ചെറിയ പാറക്കല്ലുകളും ഉപയോഗിച്ച് ‘ഷട്ടേർഡ് ഡെബ്രിവോൾ’ (Shuttered Debris Wall) രീതിയിലാണ് വീടിന്റെ ചുമരുകൾ. അത്യാവശ്യ ഇടങ്ങളിൽ മാത്രമേ കോൺക്രീറ്റ് പില്ലറും ബീമും നൽകിയിട്ടുള്ളൂ. കനംകുറഞ്ഞ ഫെറോസിമന്റ് സ്ലാബ് കൊണ്ടാണ് മേൽക്കൂര. ഫെറോസിമന്റ് മറയ്ക്കാനും ചൂട് കുറയ്ക്കാനുമായി മേൽക്കൂരയ്ക്കു മുകളിലും താഴെയുമായി കാറ്റാടിക്കഴകൾ നിരത്തി. അതോടെ മണ്ണിന്റെയും പാറയുടെയും അതേ നിറം തന്നെ മേൽക്കൂരയ്ക്കും ലഭിച്ചു. കാറ്റാടിക്കഴകൾ ട്രീറ്റ് ചെയ്തതിനാൽ ദീർഘനാൾ കേടുകൂടാതെ നിൽക്കും.

തടിമില്ലിൽ പ്രധാന ഉരുപ്പടികൾ അറത്ത ശേഷം ബാക്കിവരുന്ന കഷണങ്ങൾ ചെറിയ പലകരൂപത്തിലാക്കി നിലത്തു വിരിച്ചാണ് തറയൊരുക്കിയത്. ഇരിപ്പിടങ്ങൾ, കട്ടിൽ, അടുക്കളയിലെ കൗണ്ടർടോപ്പ് എന്നിവ ‘ഇൻ ബിൽറ്റ്’ ആയി തയാറാക്കി ഒാക്സൈഡ് പൂശി മനോഹരമാക്കി.

vinu 7

‘‘മലകളിലും കുന്നിൻചരിവുകളിലും കെട്ടിടം നിർമിക്കുമ്പോൾ പരിസ്ഥിതി ആഘാതം കഴിയുന്നത്ര കുറയ്ക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു വളരെ പ്രധാനമാണ്. ഫൂട്പ്രിന്റ് പരമാവധി കുറച്ചും സമീപത്തുനിന്നുള്ള നിർമാണ വസ്തുക്കൾ ഉപയോഗിച്ചുമാണ് ഈ വീടു പണിതത്,’’ വിനു ദാനിയേൽ വ്യക്തമാക്കുന്നു.

‘ദ് ലെജ്’ (The Ledge) എന്നാണ് ആർക്കിടെക്ട് ടീം വീടിനിട്ടിരിക്കുന്ന പേര്. ‘തട്ട്’ എന്നാണിതിനർഥം. മലയുടെയും കുന്നിന്റെയുമൊക്കെ നെറുകയിലെത്തിയാൽ മേഘങ്ങൾക്കരികിലേക്കു പറക്കാൻ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നാറില്ലേ? ഭൂമിക്കും ആകാശത്തിനും ഇടയിലുള്ള ഒരു കുഞ്ഞു തട്ടാണ് ഈ വീട്. സ്വപ്നങ്ങൾക്ക് ചിറകു നൽകുന്ന മനോഹരയിടം.  ചിത്രങ്ങൾ: ശ്യാം ശ്രീശൈലം

Tags:
  • Vanitha Veedu
  • Architecture