Friday 29 March 2019 11:00 AM IST : By സ്വന്തം ലേഖകൻ

ചട്ടിയിലെ റോസാച്ചെടികൾ നന്നായി പൂവിടാൻ ഇതാ ചില പൊടിക്കൈകൾ!

rose-853

നഴ്സറിയിൽ നിൽക്കുന്ന റോസാച്ചെടി കണ്ടാൽ ആഹാ... വീട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞാൽ ഓഹോ... ഇതാണ് മിക്ക പൂച്ചെടികളുടെയും അവസ്ഥ. പൂക്കാനും കായ്ക്കാനും വളരാനും നഴ്സറിയിലെ രാസപരിചരണം കിട്ടാതെ ആണ്ടിലൊരിക്കൽ‍ പൂക്കുന്ന ചെടിയാകും പിന്നെ അവ. ഇങ്ങനെ പൂവില്ലാതെ നിൽക്കുന്ന അവസ്ഥ മാറ്റിയെടുക്കാനാണീ വഴികൾ. അടുക്കളയിൽ നിന്നും തൊടിയിൽ നിന്നും മികച്ച വളമുണ്ടാക്കാം, മുറ്റത്ത് റോസാപ്പൂക്കൾ വിരിയട്ടെ.

∙ മീൻ, ഇറച്ചി എന്നിവ കഴുകുന്ന വെള്ളം എടുത്തുവച്ച് റോസാച്ചെടിയുടെ ചുവട്ടിൽ ഒഴിക്കാം. ചെടിക്കു നല്ല വളർച്ചയും കരുത്തും കിട്ടും. ധാരാളം പൂക്കളുമുണ്ടാകും.

∙ വീട്ടിൽ കുളത്തിലോ അക്വേറിയത്തിലോ മത്സ്യങ്ങളെ വളർത്തുന്നുണ്ടെങ്കില്‍ അവയുടെ വിസർജ്യം കലർന്ന വെള്ളം ചെടികൾക്ക് ഒഴിക്കാം. മികച്ച വളമാണിത്.

∙ ചാണകവും ആട്ടിൻകാഷ്ഠവും കോഴിയുടെയും കാടയുടെയും കാഷ്ഠവുമൊക്കെ ചെടികൾക്കു വളമാണ്. ചാണകമൊഴികെയുള്ളവ നന്നായി ഉണക്കിപ്പൊടിച്ചു ചേർക്കാൻ ശ്രദ്ധിക്കണം. ചൂട് അധികമുള്ള ഇവ ഉണങ്ങാതെ ഉപയോഗിച്ചാലും അളവിലധികമായാലും ചെടി വാടിപ്പോകും.

∙ ചായയും കാപ്പിയും തയാറാക്കിയ ശേഷമുള്ള മട്ട്/ചണ്ടി, മുട്ടത്തോട് പൊടിച്ചത് എന്നിവ റോസാച്ചെടിയുടെ ചുവട്ടിലിട്ടോളൂ. ചെടി നന്നായി പൂവിടും. ഇവയിട്ട ശേഷം മണ്ണ് ഒന്നിളക്കി കൊടുക്കണം. മുട്ടത്തോട് നന്നായി പൊടിച്ചിടുന്നതാണ് വേരുകൾ വഴി വേഗം ആഗിരണം ചെയ്യാൻ നല്ലത്.

∙ തേയിലമട്ട്, ഏത്തപ്പഴത്തിന്റെ തൊലി, മുട്ടത്തോട് എന്നിവ അരച്ച് കുഴമ്പു രൂപത്തിലാക്കി ആഴ്ചയിലൊരിക്കൽ അൽപം വീതം റോസാച്ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം.

∙ കടലപ്പിണ്ണാക്കും ചാണകവും തുല്യ അളവിലെടുത്ത് ഇരട്ടി വെള്ളമൊഴിച്ച് മൂന്നു ദിവസം പുളിപ്പിക്കാനായി വയ്ക്കുക. ദിവസേന ഇളക്കികൊടുക്കണം. മൂന്നാം ദിവസം ഇതിൽ പത്തിരട്ടി വെള്ളം കൂടി ചേർത്ത് ചെടിയുടെ ചുവട്ടിൽ നിന്ന് അൽപം അകറ്റി ഒഴിച്ചു കൊടുക്കാം.

∙ കീടശല്യമുണ്ടെങ്കിൽ തളിർപ്പും പൂമൊട്ടുമൊക്കെ കേടു ബാധിച്ചുപോകും. കീടങ്ങൾക്കെതിരായി പുളിപ്പിച്ച കഞ്ഞിവെള്ളം റോസാച്ചെടിയിൽ സ്പ്രേ ചെയ്തു കൊടുക്കാം. സവാളത്തൊലിയും വെളുത്തുള്ളിത്തോടും ചെടിച്ചുവട്ടിൽ ഇട്ടാൽ ഇവയുടെ ദുർഗന്ധം മൂലം കീടങ്ങൾ അടുക്കില്ല.