എന്തൊക്കെ ചെയ്തിട്ടും എന്റെ വീട്ടിൽ മാത്രമെന്താ സുഗന്ധം പരക്കാത്തത്’ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകില്ലേ? നല്ല മണവും വൃത്തിയുമുള്ള വീടും പരിസരവും നമുക്ക് ഉണർവും ഊർജവും സമ്മാനിക്കുന്നു. വീടിനുള്ളിൽ ദുർഗന്ധം പരത്തുന്ന വസ്തുക്കൾ നീക്കം ചെയ്യുകയാണ് ആദ്യത്തെ ജോലി. സേവനവാരം ആരംഭിക്കാം.
നീക്കാം, മാലിന്യം
അടുക്കളയിലെയും ബാത്റൂമിലെയും ഡസ്റ്റ് ബിന്നുകളകാം മുഖ്യപ്രതികൾ. കളയാൻ കൂട്ടിവച്ചിരിക്കുന്ന മാലിന്യങ്ങള്‍ കയ്യോടെ കളയുക. ഡസ്റ്റ് ബിന്നില്‍ കവറോ മറ്റൊ ഇടുന്ന ശീലമുണ്ടെങ്കിൽ അവ കൃത്യമായി മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. മാലിന്യം നീക്കം ചെയ്തശേഷം ഡസ്റ്റ് ബിന്നുകൾ ലിക്വിഡ് ഡിറ്റർജന്റോ മറ്റോ ഉപയോഗിച്ചു കഴുകി വെയിലത്തുവച്ച് ഉണക്കിയശേഷം അകത്തെടുത്തു വയ്ക്കാം.
വീടിനുള്ളിൽ ദുർഗന്ധം പരത്തുന്നതിൽ ഫ്രിജിനും പ ങ്കുണ്ട്. നിർബന്ധമായും ആഴ്ചയിലൊരിക്കലെങ്കിലും ഫ്രിജ് വൃത്തിയാക്കുക. ചീത്തയായ ഭക്ഷണങ്ങളും ചില്ലറിൽ വീഴുന്ന വെള്ളവുമെല്ലാം നീക്കിയ ശേഷം വൃത്തിയുള്ള തുണിയുപയോഗിച്ചു തുടയ്ക്കാം
മുറികൾ തൂത്തു വൃത്തിയാക്കുന്നതിനൊപ്പം തറ നന്നായി തുടയ്ക്കുകയും വേണം. ഇതിനായി പുൽത്തൈലം പോ ലെ സുഗന്ധമുള്ള ലോഷൻ തിരഞ്ഞെടുക്കാം. ബെഡ്ഷീറ്റിലും പില്ലോ കേസിലും തുളസിയില വിതറുകയോ പെർഫ്യൂം പൂശുകയോ ചെയ്യുന്നത് കിടപ്പു മുറിക്കു സുഗന്ധം നൽകും. ഓറഞ്ച്, നാരങ്ങ എന്നിവ നടുവേ മുറിച്ച് അല്ലികള്‍ നീക്കിയശേഷം, ഉള്ളിൽ ഉപ്പു നിറച്ച് മുറിയുടെ മൂലകളിൽ വയ്ക്കാം. ഉപ്പ് ദുർഗന്ധം നീക്കുമ്പോൾ നാരങ്ങയും ഓറഞ്ചും സുഗന്ധം പരത്തുന്നു.
ആ ജനാലകളൊന്നു തുറക്കൂ...
വലിയ മഴയും വെയിലും ഒന്നുമില്ലെങ്കിൽ അൽപനേരം ആ ജനലൊന്നു തുറന്നിടൂ. വീടിനുള്ളില്‍ അടഞ്ഞു നിൽക്കുന്ന വായുവിനെ പുറന്തള്ളി, മുറികൾക്കുള്ളിൽ ഫ്രഷ്നസ് നിറയ്ക്കാൻ സഹായകമാണ് ഈ മാർഗം.
ദിവസവും ഒന്നോ രണ്ടോ മണിക്കൂറെങ്കിലും ഇങ്ങനെ ചെയ്ത് മുറിക്കുള്ളിൽ വായുസഞ്ചാരം ഉറപ്പുവരുത്തണം. കർപ്പൂരമോ രാമച്ചമോ കിഴികെട്ടി കബോർഡിനുള്ളിൽ വയ്ക്കുന്നതും നല്ലതാണ്.
മുറികളെല്ലാം വൃത്തിയാക്കിയശേഷം നറുമണമുള്ള എയർ പ്യൂരിഫയർ സ്പ്രേ ചെയ്യാം. സെന്റഡ് കാൻഡിലുകൾ കത്തിക്കുന്നതും മുറിക്കുള്ളിൽ നല്ല മണം നിറയ്ക്കും.
കുന്തിരിക്കം പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ പുകയ്ക്കുന്നതു വീടിനുള്ളിൽ സുഗന്ധം നിറയ്ക്കുന്നതിനൊപ്പം കൊതുക്, ഈച്ച മുതലായ പ്രാണികളെ തുരത്തുകയും ചെയ്യും.