ഫ്ലാറ്റിൽ താമസിച്ചിരുന്ന ജോയ് ടി. ആന്റണിക്കും അനിത ചെറിയാനും മുറ്റവും പൂന്തോട്ടവുമൊക്കെ വേണമെന്ന് തോന്നിയത് ലോക്ഡൗൺ കാലത്താണ്. വാങ്ങാനായി കുറേ വീടുകൾ കണ്ടുനോക്കി. അപ്പോഴാണ് യാദൃച്ഛികമായി കൊച്ചി കലൂരിലെ ഫ്ലാറ്റ് കാണുന്നത്. 1750 ചതുരശ്രയടിയാണ് ഫ്ലാറ്റിന്റെ വിസ്തീർണം. ഗാർഡൻ സ്പേസ് 1200 ചതുരശ്രയടിയും. പിന്നെ ഒന്നും ആലോചിച്ചില്ല. മനസ്സിലാഗ്രഹിച്ചതെല്ലാം ഉണ്ടെന്നറിഞ്ഞതോടെ ഇഷ്ടംപോലെ പൂന്തോട്ടവും ബാക്‌യാർഡുമൊക്കെയുള്ള ഫ്ലാറ്റ് വാങ്ങി. ഭാര്യ വക്കീലായ അനിതയാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയത്. വിക്ടോറിയൻ, ബൊഹീമിയൻ എന്നിങ്ങനെ പല ശൈലികളുടെയും മിശ്രണം ഇന്റീരിയറിൽ കാണാം.
ഫ്ലാറ്റിന്റെ വിശേഷങ്ങളിലൂടെ യാത്ര ചെയ്യാം...
ലിവിങ് സ്പേസ്
വൃത്തിയാക്കാനുള്ള എളുപ്പത്തിനും മുറിക്ക് വിശാലത തോന്നിക്കാനും ലളിതമായ ഡിസൈനിലുള്ള ഫർണിച്ചറാണ് നൽകിയത്. മഹാഗണി തടി കൊണ്ടുള്ള സോഫയ്ക്കും കസേരകൾക്കും വെള്ള നിറം നൽകി. വിക്ടോറിയൻ ഡിസൈനിലുള്ള വോൾ ടൈൽ ആണ് ചുമരിൽ. ജോയ്‌യുടെ പുരസ്കാരങ്ങൾ വയ്ക്കാൻ ‘അച്ചീവ്മെന്റ് കോർണർ’ എന്നു പേരിട്ട ഇടവുമുണ്ട് ലിവിങ്ങിൽ. ഇന്ത്യന്‍ ബാഡ്മിന്റൻ ടീമിന്റെ കോച്ചാണ് ജോയ് ടി. ആന്റണി. ജോയ് പരിശീലിപ്പിച്ച ടീമാണ് അടുത്തിടെ തോമസ് കപ്പ് നേടിയത്. ജോയ് മുൻപ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടുണ്ട്.
ഡൈനിങ് സ്പേസ്
വലിയ ഹാളിന്റെ ഭാഗമാണ് ലിവിങ്ങും ഡൈനിങ്ങും. ഊണുമേശയും കസേരകളും തേക്കിൻതടിയിൽ പണികഴിപ്പിച്ചു. ഒരു വശത്ത് ബെഞ്ച് ആണ്. സ്ഥലം അധികം നഷ്ടപ്പെടുത്താത്ത രീതിയിലുളള ഡിസൈൻ ആണ് മേശയ്ക്കും കസേരകൾക്കും. മേശയ്ക്കു പിന്നിലായി മുഴുനീളൻ കണ്ണാടി നൽകി. ഭംഗിക്കൊപ്പം വിശാലത തോന്നിക്കാനും കൂടിയാണ് ഇത്. ലിവിങ്ങിനും ഡൈനിങ്ങിനും നടുവിലായി പ്രെയർ ഏരിയയും നൽകി.

ഗാർഡൻ സ്പേസ്
അപാർട്മെന്റിന്റെ ഹൈലൈറ്റായ ഗാർഡൻ സ്പേസിൽ പല നിറത്തിലുള്ള മൊറോക്കൻ ടൈൽ നൽകി. വെള്ള നിറത്തിലുള്ള ഫർണിച്ചർ ഇട്ടു. വാക് വേയിൽ കല്ല് പാകി. നിലത്ത് കൃത്രിമപ്പുല്ല് വിരിച്ചത് ഫ്ലാറ്റ് ആയതിനാൽ താഴേക്ക് വെള്ളമിറങ്ങുമ്പോഴുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണ്. ഗാർഡൻ സ്പേസിലേക്ക് പുറത്തുനിന്ന് നേരിട്ട് പ്രവേശിക്കാൻ ഗെയ്റ്റുമുണ്ട്. ഇതു കൂടാതെ ബാക്‌യാർഡുമുണ്ട്. അവിടെ പച്ചക്കറി നട്ടുപിടിപ്പിച്ചു. .

അടുക്കള
കൊളോണിയൽ ശൈലിയിലാണ് കിച്ചൻ ഒരുക്കിയത്. വെള്ള നിറം ബാലൻസ് ചെയ്യാൻ നീല നിറത്തിലുള്ള മൊറോക്കൻ ടൈലിനെ കൂട്ടുപിടിച്ചു. വെള്ള–നീല കോംബിനേഷനിലാണ് കിച്ചൻ. ഗർജൻ പ്ലൈ കൊണ്ടാണ് കാബിനറ്റുകൾ. നനഞ്ഞാലും കുഴപ്പമില്ല. ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കാമെന്ന് അനിത പറയുന്നു. കാബിനറ്റുകൾക്ക് വെള്ളനിറത്തിൽ മാറ്റ് ഫിനിഷിൽ പിയു പെയിന്റ് ചെയ്തു. നാനോ വൈറ്റ് കൊണ്ടാണ് കൗണ്ടർടോപ്.

എന്റർടെയ്ൻമെന്റ് റൂം
മൂന്നു ബെഡ്റൂമുകളായിരുന്നു. അതിൽ ഒന്ന് എന്റർടെയ്ൻമെന്റ് റൂം ആക്കി. കാരണം, ലിവിങ് റൂമിൽ ടിവി വയ്ക്കുന്നതിനോട് താൽപര്യമുണ്ടായിരുന്നില്ല. ബൊഹീമിയൻ ശൈലിയിലാണ് ഇവിടം ഒരുക്കിയത്. ചെടികൾ നൽകിയിട്ടുണ്ട്. ചുമരിൽ മസ്റ്റാർഡ് യെല്ലോ നിറത്തിൽ ടെക്സ്ചർ പെയിന്റ് ചെയ്തു. ആക്സസറികളിൽ നീലയുടെ സ്പർശം നൽകി ഭംഗിയേകി. കസ്റ്റമൈസ് ചെയ്ത സോഫ കം ബെഡ് അതിഥികൾ വരുമ്പോൾ കിടക്കാനും ഉപയോഗിക്കാം.
കിടപ്പുമുറികൾ
മാസ്റ്റർ ബെഡ്റൂമിലെ ഡ്രസ്സിങ് ടേബിൾ ആന്റിക് വിപണിയിൽ നിന്ന് കണ്ടെത്തിയതാണ്. വെള്ള നിറമടിച്ച് തീമിന് ഇണങ്ങിയതാക്കി. ചുമരിൽ ടെക്സ്ചർ പെയിന്റ് ചെയ്തു.
കിഡ്സ് ബെഡ്റൂമിന്റെ തീം നീലയാണ്. വെള്ള–നീല കോംബിനേഷനിലാണ് ഇത്. ചുമരിൽ ടെക്സ്ചർ പെയിന്റ് ചെയ്തു. അനിതയും ഒരു പണിക്കാരനും കൂടിയാണ് ചുമരുകളിലെ ടെക്സ്ചർ പെയിന്റ് ചെയ്തത്.

ഒരു കിടപ്പുമുറിയിലെ വാഡ്രോബിന്റെ ഷട്ടറിന് അക്രിലിക് നൽകി. മറ്റുള്ളതിൽ മാറ്റ് ഫിനിഷിൽ വെള്ള പെയിന്റ് കൊടുത്തു.
ക്ലേ ആർട്ടിസ്റ്റ് കൂടിയായ അനിത ചെയ്ത ക്ലേ ആർട്ടുകളും വീടിന് അലങ്കാരമേകുന്നു.