കൊട്ടാരത്തേക്കാൾ വമ്പൻ! പയ്യോളിയിലെ തെനങ്കാലിൽ വീടിന് ഇതിലും ഇണങ്ങുന്നൊരു വിശേഷണമില്ല. നാല് നിലകളിലായി 45000 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. അറേബ്യൻ ശൈലിയുടെ പ്രൗഢിയും മനോഹാരിതയും ഒരേപോലെ ആവാഹിച്ച രൂപം. അതിശയിപ്പിക്കുന്ന വലുപ്പത്തിനൊപ്പം അകത്തളത്തിൽ നിറയുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ!
ഖത്തർ ആസ്ഥാനമായ പാരിസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ തലവൻ ഇസ്മായിൽ തെനങ്കാലിൽ ആണ് വീടിന്റെ ഉടമ. കോഴിക്കോട് അമദ് ആർക്കിടെക്ട്സിലെ പി. വി. മുഹമ്മദ് ഷഹീനായിരുന്നു രൂപകൽപനയും നിർമാണ മേൽനോട്ടവും. 2018 ൽ ആരംഭിച്ച വീടുപണി 2024 ലാണ് പൂർത്തിയായത്. ഒക്ടോബറിലായിരുന്നു പാലുകാച്ചൽ.
അറേബ്യൻ പ്രൗഢി
‘അറബിക്കൊട്ടാരങ്ങളുടെ മാതൃകയിൽ ഒരു വീട്.’ ദീർഘനാളത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ വീടുപണിയുമ്പോൾ ഇസ്മായിൽ തെനങ്കാലിന്റെ ആവശ്യമതായിരുന്നു. താഴികക്കുടവും കമാനാകൃതിയിലുള്ള വാതിലുകളും ഗാംഭീര്യം തുടിക്കുന്ന തലപ്പൊക്കവുമായി ‘അറേബ്യൻ റോയൽ സ്റ്റൈൽ’ ഡിസൈൻ തന്നെയാണ് മുഹമ്മദ് ഷഹീ ൻ പിന്തുടർന്നത്.
തുടക്കത്തിൽ 20000 ചതുരശ്രയടി വ ലുപ്പമുള്ള രണ്ടുനില വീടാണ് പ്ലാൻ ചെയ്തത്. പാർട്ടി ഏരിയയും മജ്‍ലിസും വരുന്ന മൂന്നാംനിലയും കൊമേഴ്സ്യൽ കിച്ചണിനായി ബേസ്മെന്റ് ഫ്ലോറും ഉൾപ്പെടുത്തിയതോടെ വലുപ്പം 45000 ചതുരശ്രയടിയായി. ആദ്യം തയാറാക്കിയ പ്ലാനിൽ മാറ്റം വരുത്താതെ ഇവ കൂട്ടിച്ചേർത്തു.
സ്വീകരണം ഗംഭീരം
പോർട്ടിക്കോയും ഇരട്ടിപ്പൊക്കത്തിലുള്ള നെടുനീളൻ സിറ്റ്ഔട്ടുമാണ് ഏറ്റവും മുന്നിൽ. അപൂർവ ഡിസൈനിലുള്ള ഇറ്റാലിയൻ മാർബിൾ വിരിച്ച നിലം. ഒനിക്സ് മാർബിൾ പൊതിഞ്ഞ തൂണുകൾ, 69 ലൈറ്റുകളും 680 കിലോ ഭാരവുമുള്ള ഷാന്റ്ലിയർ. മൂന്നിടങ്ങളിലായി ഇരിപ്പിടങ്ങൾ... വീടിന്റെ മുഴുവൻ പ്രൗഢിയും സിറ്റ്ഔട്ട് വിളിച്ചോതും. 2000 ചതുരശ്രയടിയാണ് സിറ്റ്ഔട്ടിന്റെ മാത്രം വിസ്തീർണം. അടുക്കളയോട് ചേർന്നുള്ള ഡൈനിങ് സ്പേസിലേക്ക് ഇവിടെ നിന്ന് നേരിട്ടെത്താം.
തനി അറേബ്യൻ ശൈലിയിൽ ‘മജ്‌ലിസ് ’
ഹുക്ക വലിച്ചും പരമ്പരാഗത ‘കാവ’ ചായ കുടിച്ചും നാട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുകയും ചർച്ച നടത്തുകയും ചെയ്യുന്ന ഇടം; അതാണ് ‘മജ്‌ലിസ്.’ അറേബ്യൻ വീടുകളുടെ അതേ മാതൃകയിൽ തന്നെയാണ് ഇവിടെ മജ്‌ലിസ് ഒരുക്കിയത്. പൊക്കം കുറഞ്ഞ ഇരിപ്പിടമാണ് മജ്‌ലിസിന്റെ സവിശേഷത. അറേബ്യൻ ഡിസൈനിലുള്ള സോഫയും ടീപോയ്‌യുമാണ് ഇവിടെയുള്ളത്. നൂറുപേർക്ക് ഇരിക്കാം. നടുവി ൽ ഒരു തൂൺ പോലും വരുന്നില്ല എന്നതാണ് പ്രത്യേകത.
പൊരുതി നേടിയ വിജയം
എട്ടാം ക്ലാസിൽ പഠനം നിർത്തി പല ജോലികളും ചെയ്ത ശേഷം ഇരുപതാം വയസിലാണ് ഇസ്മായിൽ ഖത്തറിലെത്തുന്നത്. 1994 ൽ പാരിസ് യുണൈറ്റഡ് ഗ്രൂപ്പ് സ്ഥാപിച്ചു. ഹൈപ്പർ മാർക്കറ്റ്, ഗ്രോസറി സ്റ്റോർ, ഫൂഡ് പ്രോഡക്ട്സ് എന്നിവയിലെ മുൻനിരക്കാരാണ് പാരിസ് ഗ്രൂപ്പ്.
‘‘മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം സന്തോഷമായി കഴിയാൻ നല്ലൊരു വീട് വേണം എന്ന് തോന്നി. വലുപ്പത്തെക്കുറിച്ച് അധികമൊന്നും ചിന്തിച്ചിരുന്നില്ല. സൗകര്യങ്ങളെല്ലാം കൂട്ടി വന്നപ്പോൾ ഈ വലുപ്പത്തിലായി,’’ ഇസ്മായിൽ പറയുന്നു.
ആറ് മക്കളാണ് ഇസ്മായീൽ റൊക്കിയ ദമ്പതികൾക്ക്. മക്കളെ ബിസിനസ് ചുമതല ഏൽപിച്ച് വിശ്രമജീവിതം നയിക്കുകയാണ് ഇസ്മായിൽ.
അതിവിശാലം ഊണുമുറി
റസ്റ്ററന്റ് ശൈലിയിൽ ഇരിപ്പിടമൊരുക്കിയ പാർട്ടി ഏരിയയിൽ ഒരേ സമയം നൂറുപേർക്ക് ഭക്ഷണം കഴിക്കാം. വിദേശത്തു നിന്ന് അടക്കം അതിഥികൾ എത്തിയതിനാൽ ഒരു മാസത്തിനുള്ളിൽ ഇവിടെ പല വിരുന്നുകൾ നടന്നു കഴിഞ്ഞു. നാലാം നിലയിൽ മജ്‌ലിസിന് അടുത്തായാണ് പാർട്ടി ഏരിയ. ഇത്രയധികം ആളുകൾക്കു വേണ്ട ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യങ്ങളെല്ലാം ബേസ്മെന്റ് ഫ്ലോറിലുള്ള കൊമേഴ്സ്യൽ കിച്ചണിലുണ്ട്. ഇതുകൂടാതെ മൂന്ന് അടുക്കളയും നാല് ഡൈനിങ് സ്പേസും വേറെയുണ്ട്.
ഇന്തൊനീഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്നാണ് ഫർണിച്ചർ മുഴുവൻ വാങ്ങിയത്. ഡിസൈൻ നൽകി അതുപോലെ പണിയിപ്പിച്ച് വാങ്ങുകയായിരുന്നു. ഇതിനായി വീട്ടുകാരും എൻജിനീയറും പല തവണ ഇന്തൊനീഷ്യയിലും ചൈനയിലും പോയി.
നടുമുറ്റത്തിന് അഴകായി ചൈനീസ് ഫൗണ്ടൻ
ഒനിക്സ് സ്റ്റോൺ കൊണ്ടുള്ള ഫൗണ്ടനാണ് ഈ നടുമുറ്റത്തെ താരം. ഉള്ളിൽ ലൈറ്റുകൾ വരുന്ന ഒനിക്സ് സ്തൂപം നടുവിൽ വരുന്ന രീതിയിലാണ് ഇതിന്റെ ഡിസൈൻ. ഒനിക്സ് പോലെ നാച്ചുറൽ സ്റ്റോൺ കൊണ്ടുള്ളതാണ് ഷാന്റ്ലിയറിനുള്ളിലേത് ഉൾപ്പെടെ വീട്ടിലെ മുഴുവൻ ലാംപ് ഷേഡുകളും.
ഗ്രൗണ്ട് ഫ്ലോറിലെ ലിവിങ് സ്പേസ്, അടുക്കള എന്നിവയോടു ചേർന്ന് രണ്ട് കോർട്‌യാർഡുകളാണ് വീട്ടിലുള്ളത്. ഡബിൾ ഹൈറ്റിലാണ് രണ്ടും. പൊതു ഇടങ്ങൾ ഇവയ്ക്കു ചുറ്റുമായി വരുന്നു.
ജിമ്മും മിടുമിടുക്കൻ!
പ്രഫഷനൽ ഹെൽത് ക്ലബ്ബിനെ വെല്ലുന്ന സൗകര്യങ്ങളാണ് ഫസ്റ്റ് ഫ്ലോറിലെ ജിമ്മിലുള്ളത്. ട്രെഡ്മിൽ അടക്കം എല്ലാ ആധുനിക ഉപകരണങ്ങളും ഇവിടെ ഹാജരുണ്ട്. ‘കോർക്ക് വുഡ്’ ഉപയോഗിച്ചാണ് ഫ്ലോറിങ്. സീലിങ്ങിൽ കണ്ണാടി പതിപ്പിച്ചു. സോന ബാത്, സ്റ്റീം ബാത് സൗകര്യങ്ങളുള്ള മുറികളും ഇതിനോട് ചേർന്നുണ്ട്. ഇവിടെയടക്കം വീടിനുള്ളിൽ മുഴുവൻ െസൻട്രലൈസ്ഡ് എസി സംവിധാനവുമുണ്ട്.
സ്വിമിങ് പൂൾ വീടിനുള്ളിൽ
കിടപ്പുമുറികൾക്കു നടുവിലായി വീടിനുള്ളിൽത്തന്നെയാണ് സ്വിമിങ് പൂൾ. അതിഥികൾ ഉള്ളപ്പോൾ പോലും വീട്ടുകാർക്ക് ഇവിടം ഉപയോഗിക്കാൻ കഴിയും. 12 മീറ്റർ നീളവും ആറ് മീറ്റർ വീതിയുമുള്ള പൂളിന് ബാഡ്മിന്റൺ കോർട്ടിനെക്കാൾ വലുപ്പമുണ്ട്. പൂൾ ടോയ്‍ലറ്റ്, വസ്ത്രം മാറാനുള്ള മുറി എന്നിവയും അടുത്തായുണ്ട്. ഡബിൾ ഹൈറ്റിലുള്ള പൂളിന്റെ മുകളിലായി കിടപ്പുമുറികളോടു ചേർന്ന് വിശാലമായ ബാൽക്കണിയുമുണ്ട്.
10 കിടപ്പുമുറി; ഓരോന്നും 650 ചതുരശ്രയടി
ആകെ 10 കിടപ്പുമുറികൾ; ഒൻപതെണ്ണം വീട്ടുകാർക്കും ഒരെണ്ണം അതിഥികൾക്കും. അസുഖം വരുമ്പോൾ കഴിയാനായി ഒരു മുറി പ്രത്യേകം ഒരുക്കിയിട്ടുണ്ട്. വോക്ക് ഇൻ വാഡ്രോബ്, റീഡിങ് സ്പേസ്, സിറ്റിങ് ഏരിയ എന്നിവയുൾപ്പെടെ അതിവിശാലമാണ് കിടപ്പുമുറികളെല്ലാം. 650 ചതുരശ്രയടിയാണ് ശരാശരി വലുപ്പം. മാസ്റ്റർ ബെഡ്റൂം 770 ചതുരശ്രയടിയുണ്ട്!
എക്സ്റ്റീരിയറിലും പബ്ലിക് സെമി പബ്ലിക് ഏരിയയിലും ബെയ്ജ് നിറം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. എന്നാൽ, ഓരോരുത്തരുടെയും ഇഷ്ടനിറം നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയത്. പേസ്റ്റൽ നിറങ്ങളോടായിരുന്നു മിക്കവർക്കും പ്രിയം. ഫർണിച്ചർ, സോഫ്ട് ഫർണിഷിങ് എന്നിവയിലും ‘കളർ തീം’ പിന്തുടർന്നു. ജക്കാർത്തയിൽ നിന്നാണ് സോഫ്ട് ഫർണിഷിങ് മെറ്റീരിയൽ വരുത്തിയത്.
ലളിതമായ രീതിയിലായിരുന്നു പാലുകാച്ചൽ. അടുത്ത ബ ന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ. ഡിസംബറിലാണ് മൂന്നാമത്തെ മകന്റെ വിവാഹം. പതിനായിരം പേരെയാണ് വീട്ടിൽ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഇതുവരെ കാണാത്ത ആഘോഷങ്ങളുടെ വിസ്മയക്കാഴ്ചകൾക്കായി ഒരുങ്ങുകയാണ് തെനങ്കാലിൽ വീട്.
ചിത്രങ്ങൾ: ഹരികൃഷ്ണൻ
Area:45000 sqft Owner: ഇസ്മായിൽ & റൊക്കിയ, തെനങ്കാലിൽ Location: പയ്യോളി, കോഴിക്കോട്
Design: Ar. Muhammad Shaheen, Amad Architets, കോഴിക്കോട് Email:info@amadarchitects.com, Phone: 91155 55222