Saturday 22 February 2020 06:34 PM IST : By Jacob Varghese Kunthara

അൽപം പച്ചപ്പും നീന്തിത്തുടിക്കുന്ന അലങ്കാരമത്സ്യവും; വീട് സുന്ദരമാക്കാൻ വൺഫിഷ് – വൺ പ്ലാന്റ് അക്വാപോണിക്സ്! അറിയേണ്ടതെല്ലാം...

one-fish005 Jacob Varghese Kunthara, റിട്ടയേഡ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, കൊച്ചി

അൽപം പച്ചപ്പും നീന്തിത്തുടിക്കുന്ന അലങ്കാരമത്സ്യവും ഒന്നിച്ച് അകത്തളത്തിന് ഭംഗിയേകിയാേലാ? വൺ ഫിഷ് – വൺ പ്ലാന്റ് അക്വാപോണിക്സ് രീതിയെക്കുറിച്ച് അറിയാം.

അക്വാേപാണിക്സ് മിനിയേച്ചർ

വലിയ ടാങ്കിൽ ഭക്ഷ്യാവശ്യത്തിനുള്ള മീനുകളും അതിനൊപ്പം പച്ചക്കറി ചെടികളും  വളർത്തുന്ന രീതിയാണ് അക്വാപോണിക്സ്. മീനുകൾക്കായുള്ള ടാങ്കിലെ മാലിന്യവും ഭക്ഷ്യാവശിഷ്ടവും ഉപയോഗിച്ചു ചെടികൾ വളരുകയും വെള്ളം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇതേ സജ്ജീകരണം തന്നെ അലങ്കാരത്തിനായി ഉപയോഗിക്കാം. ഒരു അലങ്കാരമത്സ്യം മാത്രം ഉള്ള അക്വേറിയത്തിനു മുകളിൽ ഒരു ചെടി  വളർത്തുന്ന മിനിയേച്ചർ അക്വാപോണിക്സ് കാലക്രമേണ സ്വയംപര്യാപ്തതയുള്ള ആവാസവ്യവസ്ഥയായി മാറും. ഈ രീതിയിൽ വളർത്തുന്ന ചെടി ദിവസവും നനയ്ക്കുകയോ വളം നൽകുകയോ വേണ്ട എന്ന ഗുണമുണ്ട്. ഇത്തരം ചെടി നട്ട അക്വേറിയം കൊണ്ട്  ടീപോയും മേശയും വീടിനകവും അലങ്കരിക്കാം. കുട്ടികൾക്ക് സമ്മാനം നൽകാനും യോജിച്ചതാണ് ഇത്തരം മിനിയേച്ചർ അക്വാപോണിക്സ്.

അലങ്കാരമത്സ്യം മാത്രമുള്ള അക്വേറിയത്തിലെ വെള്ളം വേഗത്തിൽ മലിനമാകുന്നതുകൊണ്ടു കൂടെക്കൂടെ അക്വേറിയം വൃത്തിയാക്കേണ്ടി വരും. അക്വേറിയത്തിലേക്ക് ഇറങ്ങി വളരുന്ന ചെടികൾ കൂടിയുണ്ടെങ്കിൽ  വേരുകൾ വെള്ളത്തിൽ കലരുന്ന മീനിന്റെ ഭക്ഷ്യാവശിഷ്ടവും വിസർജ്യവസ്തുക്കളും ആഗീരണം ചെയ്തു വൃത്തിയാക്കും. മീനിന്റെ ഭക്ഷ്യ അവശിഷ്ടത്തിലും വിസർജ്യ വസ്തുക്കളിലും അമോണിയ ഉൾപ്പെടെയുള്ള െെനട്രജൻ സംയുക്തങ്ങളുണ്ട്. ചെടിയുടെ വേരുകളിലും െപബ്ബിളിലും വളരുന്ന ബാക്ടീരിയ ഇത്തരം സംയുക്തങ്ങളെ വിഘടിപ്പിച്ചു വേരുകൾക്ക് ഇവയെ അനായാസം ആഗീരണം ചെയ്യാൻ സഹായിക്കുന്നു. ഇതുവഴി ജലത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യം നിർമാർജനം ചെയ്യുന്നു. ഇതിനാൽ അക്വാപോണിക്സ് രീതിയിലെ ബൗൾ ഇടയ്ക്കിടെ വൃത്തിയാക്കേണ്ട ആവശ്യമില്ല.

ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ധാതുലവണങ്ങളും വെള്ളവും അക്വേറിയത്തിൽ നിന്നും ആവശ്യം പോലെ ലഭിക്കും.അക്വേറിയത്തിനൊപ്പം വളരുന്ന പല അകത്തള ചെടികളും മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കുകയും ചെയ്യുന്നു.  

തയാറാക്കുന്ന വിധം

മീൻ  വളരാൻ ആവശ്യത്തിനു വലുപ്പമുള്ള ഗ്ലാസ് ബൗ ൾ, ബീറ്റാ ഫിഷ് അഥവാ െെഫറ്റർ ഫിഷ്, അകത്തളച്ചെടി (പീസ് ലില്ലി, സ്െെപഡർ പ്ലാന്റ്, ബോസ്റ്റൺ ഫേൺ ഇവയിലേതെങ്കിലും), ചെടി നടാനുള്ള നെറ്റ് പോട്ട്, പെബ്ബിൾ, ടെറാക്കോട്ട ബോൾ അല്ലെങ്കിൽ ബേബി മെറ്റൽ ഇവയാണ് വൺ ഫിഷ് – വൺ പ്ലാന്റ് അക്വാപോണിക്സ് തയാറാക്കാൻ വേണ്ടത്. അധികം വളർച്ച ആകാത്തതും ആവശ്യത്തിന് ആരോഗ്യമുള്ള വേരുകൾ ഉള്ളതുമായ ചെടി വേണം  തിരഞ്ഞെടുക്കാൻ. െെഫറ്റർ ഫിഷിന് വളരാൻ ആവശ്യത്തിന് വലുപ്പമുള്ളതും നല്ല വായ് വട്ടമുള്ളതുമായ ഗ്ലാസ് ബൗൾ ആണ് വേണ്ടത്. ഇതിന്റെ വായ് വട്ടത്തിൽ ഇ റക്കിവയ്ക്കാൻ അനുയോജ്യമായ നെറ്റ് പോട്ട് തിരഞ്ഞെടുക്കാം. ഇവ ഒരുമിച്ച് വിപണിയിൽ ലഭിക്കും.

ചട്ടിയിലെ നടീൽ മിശ്രിതത്തിൽ നിന്ന് വേരുകൾക്ക് കേട് വരാത്ത വിധം ചെടി പുറത്തെടുക്കണം. വേരുകൾക്കു ചുറ്റുമുള്ള  മണ്ണ് മുഴുവൻ നീക്കി, നന്നായി കഴുകി വൃത്തിയാക്കി, കേടു വന്നവ മുറിച്ചു നീക്കിയശേഷം ബൗളിനു മുകളിൽ വയ്ക്കുന്ന നെറ്റ്പോട്ടിൽ നടുക. അധിക നീളമുള്ള വേരുകൾ ആവശ്യാനുസരണം മുറിച്ചു നീളം കുറയ്ക്കണം. നെറ്റ് പോട്ടിന്റെ അടിഭാഗത്തുള്ള ദ്വാരങ്ങളിലൂടെ ചെടിയുടെ പറ്റുന്നത്ര വേരുകൾ താഴേക്ക് ഇറങ്ങിക്കിടക്കണം.  

മണ്ണിനും  മണലിനും പകരം  െപബിൾ, ടെറാക്കോട്ട ബോളുകൾ ഇവയിലേതെങ്കിലും വേരുകൾക്കു ചുറ്റും നിറച്ചാണ് ചെടിയെ മറിയാതെ നിവർത്തി നിർത്തേണ്ടത്. ചെടിയുടെ വേരുകളുടെ അഗ്രഭാഗം നെറ്റ്പോട്ടിന്റെ ദ്വാരങ്ങളിലൂടെ താഴേക്ക് ഇറങ്ങി ബൗളിലെ വെള്ളത്തിൽ നന്നായി മുട്ടിനിൽക്കുന്ന വിധത്തിൽ നെറ്റ്പോട്ട് ബൗളിനു മുകളിൽ വയ്ക്കണം. ബൗളിന്റെ 15–20 ശതമാനം മാത്രമേ വേരുകൾ ആകാവൂ. ബാക്കി സ്ഥലം മീനിനു സ്വസ്ഥമായി വിഹരിക്കാൻ വേണ്ടി  മാറ്റിവയ്ക്കാം.

വൃത്തിയാക്കിയ വെള്ളാരംകല്ലുകളോ മാർബിൾ ചിപ്പുകളോ  ബൗളിന്റെ അടിഭാഗത്തു നേരിയ കനത്തിൽ നിറയ്ക്കാം. തുടർന്ന് ബൗളിന്റെ വക്കോളം ശുദ്ധജലം നിറയ്ക്കണം. ഈ വെള്ളത്തിലേക്ക് അലങ്കാരമത്സ്യത്തെ ഇറക്കിവിടാം. നെറ്റ്പോട്ടിൽ നട്ട ചെടി ബൗളിനു മുകളിൽ ഇറക്കിവയ്ക്കുക. ബൗളിൽ മുഴുവനായി വെള്ളം നിറയ്ക്കാതെ മുകളിൽ അൽപം സ്ഥലം വെറുതെയിടുന്നതു മീനിന് ആവശ്യമായ ശുദ്ധവായു ലഭിക്കാൻ ഉപകരിക്കും. ശുദ്ധവായു കുറവാണെങ്കിൽ എയ്റേറ്റർ സംവിധാനം പ്രയോജനപ്പെടുത്താം.

one-fish009

ഈ അക്വാപോണിക്സ് സംവിധാനത്തിന് അക്വേറിയത്തെ അപേക്ഷിച്ചു ലളിതമായ പരിപാലനം മതി. ബൗളിലെ ജലം ബാഷ്പീകരണം വഴി നഷ്ടപ്പെടുന്നതിനു പകരം വെള്ളം നിറയ്ക്കണം. മീനിന് ആവശ്യാനുസരണം മാത്രം തീറ്റ നൽകുക. മുകളിലെ നെറ്റ് പോട്ട് ഉയർത്തി മാറ്റിവേണം തീറ്റ നൽകാൻ. അലങ്കാര മത്സ്യത്തിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിന് ആഴ്ചയിലൊരിക്കലോ പത്ത് ദിവസം കൂടുമ്പോഴോ ബൗളി ലെ വെള്ളം മാറ്റി പകരം ശുദ്ധജലം നിറയ്ക്കണം. ഒപ്പം ചെടിയുടെ വേരുകൾ ശുദ്ധജലത്തിൽ വൃത്തിക്കുകയും വേണം.

പീസ് ലില്ലി, ബോസ്റ്റൺ ഫേൺ, സ്െെപഡർ പ്ലാന്റ് ഇവയുടെ വേരുകൾ െെഫറ്റർ ഫിഷ് തിന്നു നശിപ്പിക്കില്ല. ഇത്തരം അകത്തളം ചെടികൾ അത്ര അധികം വെളിച്ചം കിട്ടാത്ത ഇടങ്ങളിലും നന്നായി വളരും. െബഡ്റൂമിലും അടുക്കളയിലും െെഡനിങ് ഹാളിലും ലിവിങ് റൂമിലുമെല്ലാം അക്വാപോണിക്സ് രീതിയിലെ ബൗൾ ലളിതമായി പരിപാലിക്കാൻ കഴിയും.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

∙ ഫൈറ്റർ ഫിഷ് ആണെങ്കിൽ ഒരെണ്ണം മാത്രം ബൗളിൽ വളർത്തുക. മറ്റ് അലങ്കാര മീനുകൾ ബൗളിനുള്ളിലെ സ്ഥലസൗകര്യമനുസരിച്ച് ഒന്നിൽക്കൂടുതൽ പരിപാലിക്കാം.

∙ പുറ്റ് പോലെ ധാരാളം വേരുകൾ ഉള്ള അകത്തള ചെടി ഇനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എങ്കിലേ ഇവയിൽ കുറേ വേരുകൾ കാലക്രമേണ വെള്ളത്തിലേക്ക് ഇറങ്ങി വളരൂ.

∙ ഗ്ലാസ് ബൗളിന്റെ ഭിത്തിയിൽ പച്ച നിറത്തിൽ പാട പോലെ പായൽ വളരുന്നതായി കാണാറുണ്ട്. അക്വാപോണിക്സ്  വച്ചിരിക്കുന്നിടത്ത് സൂര്യപ്രകാശം അധികമായേതാ വെള്ളത്തിൽ മാലിന്യം കൂടിയതോ ആകാം കാരണം.

പുൽത്തകിടിയിൽ ചിതൽ

കാർപെറ്റ് ഗ്രാസ് കൊണ്ട് തയാറാക്കിയ പുൽത്തകിടിയിൽ ചിത ൽ വന്നു പുല്ല് നശിച്ചു പോകുന്നു. എന്താണ് പ്രതിവിധി?

പുൽത്തകിടി നിർമിക്കാൻ ഉപയോഗിക്കുന്ന പുല്ലിനങ്ങളിൽ കാർപെറ്റ് ഗ്രാസിലാണ് ചിതൽ അധികമായി ശല്യം ചെയ്യുക. പുല്ലിന്റെ മണ്ണിനടിയിലുള്ള വേരുകൾ ചിതൽ തിന്നു നശിപ്പിക്കുക വഴി പുല്ല് കൂട്ടമായി ഉണങ്ങി നശിച്ചു പോകും. പുൽത്തകിടി തയാറാക്കുമ്പോൾ നടീൽ മിശ്രിതത്തിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് ഒരു പരിധി വരെ ചിതലിന്റെ ശല്യം ഒഴിവാക്കാൻ ഉപകരിക്കും. കൂടാതെ മിശ്രിതത്തിൽ ചകിരിച്ചോറ് ഉപയോഗിക്കരുത്.

 കീടബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ വിപണിയിൽ ലഭ്യമായ ടെർമെക്സ് ചിതൽനാശിനി (ഒ രു മില്ലി ലീറ്റർ  ഒരു ലീറ്റർവെള്ളത്തിൽ)കേട് വന്ന ഭാഗത്തും ചുറ്റുമുള്ള പുല്ലിലും തളിച്ചു നൽകണം. ഈ പ്രയോഗം ഒരാഴ്ച കഴിഞ്ഞ് ഒരിക്കൽക്കൂടി ആവർത്തിക്കണം. ചിതൽ ശല്യം നിയന്ത്രണത്തിലായാൽ പുല്ല് പോയ ഭാഗത്ത് പുതിയ പുല്ല് നട്ട് നൽകാം.

Tags:
  • Gardening