Tuesday 07 March 2023 12:20 PM IST : By സ്വന്തം ലേഖകൻ

‘ചുരിദാറിനുള്ളിലൂടെ കയ്യിട്ടു പിടിച്ചു, പിടഞ്ഞ് എഴുന്നേൽക്കുമ്പോൾ കണ്ട മുഖം ഞെട്ടിച്ചു’: ഏത് സ്ത്രീയാണ് ചൂഷണം ആസ്വദിക്കുന്നത്?

ancy-vishnu-womens-day

സ്ത്രീകൾക്കു നേരെയുള്ള ചൂഷണങ്ങളെ നിസാരവൽക്കരിക്കുന്ന സമൂഹത്തെക്കുറിച്ച് തുറന്നെഴുതുകയാണ് എഴുത്തുകാരിയായ അൻസി വിഷ്ണു. ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടൊരു സ്ത്രീ, ശരീരത്തിനും മനസിനും ഏറ്റ മുറിവ് കഴുകി കളയുവാൻ വർഷങ്ങൾ എടുക്കുമെന്ന് അൻസി ഓർമിപ്പിക്കുന്നു. നടി ഖുശ്ബു ചെറിയ പ്രായത്തിൽ പിതാവിനാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന തുറന്ന് പറച്ചിലിനെ നീചമായി നേരിട്ട സോഷ്യൽ ലോകത്തോടും അൻസി തന്റെ എതിർപ്പ് രേഖപ്പെടുത്തുന്നുണ്ട്. ചെറുപ്പകാലത്ത് തനിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ചും അൻസി തുറന്നെഴുതുന്നുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

നടി ഖുശ്ബു ചെറിയ പ്രായത്തിൽ പിതാവിനാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നൊരു തുറന്ന് പറച്ചിലിനെ ഈ സമൂഹം നേരിട്ടത് എത്ര നീചമായാണ്. "ഇത്രയും നാൾ എന്തെ മിണ്ടാത്തത് " എന്നാണ് ആ വാർത്തക്ക് കീഴിൽ കണ്ട കൂടുതൽ കമ്മന്റ്. ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടൊരു സ്ത്രീ, ശരീരത്തിനും മനസിനും ഏറ്റ മുറിവ് കഴുകി കളയുവാൻ വർഷങ്ങൾ എടുക്കും, ചൂഷണം ചെയ്യപ്പെട്ടു എന്ന് പറയുവാൻ ആ സ്ത്രീക്ക് ഒരൊറ്റ ദിവസം മതിയാകില്ല. ഈ വാർത്ത കണ്ടപ്പൊഴാണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്, കുറെ നാളുകൾക്കു മുൻപ് ഒരു വാർത്തയോ എഴുത്തോ മറ്റോ കണ്ടത്.

ഒരു സ്ത്രീയെ ബലാൽസംഘം ചെയ്താലും, ആ സ്ത്രീ തുടക്കത്തിൽ മാത്രമേ എതിർക്കുകയുള്ളു പിന്നീട് അവൾ വഴങ്ങി തരുമെത്രെ. എന്നായിരുന്നു ആ എഴുത്ത്, ഇങ്ങനെയൊരു സംസാരം പലപ്പോഴും പല സുഹൃത്ത് വലയത്തിൽ കേട്ടിട്ടുമുണ്ട്. അപ്പോഴൊക്കെ അവരോട് തർക്കിച്ചിട്ടുണ്ട്. പിന്നീട് ഒരിക്കലും ആ സുഹൃത്തുക്കൾക്ക് മുന്നിൽ ച്ചെന്ന് നിൽക്കുവാനോ അവരോട് സംസാരിക്കുവാനോ എനിക്ക് ധൈര്യം വന്നിട്ടില്ല.

ഏത് സ്ത്രീയാണ് ശാരീരിക ചൂഷണം ആസ്വദിച്ചിട്ടുണ്ടാകുക, ഇത്തരത്തിൽ സംസാരിച്ച് സ്വയം ഇക്കിളിപെടുത്തി നിർവൃതിപെട്ടവരെ നിങ്ങൾ ചോദിക്കുക നിങ്ങളോട് തന്നെ ഏത് സ്ത്രീയാണ് ശാരീരിക ചൂഷണം ആസ്വദിക്കുകയെന്ന്? സിനിമകളിലെ double meaning തമാശകൾ , ചില റിയാലിറ്റി ഷോകൾ, നമ്മുടെയൊക്കെ സുഹൃത്ത് വലയങ്ങളിൽ അറപ്പില്ലാതെ വിളിച്ച് പറയുന്ന ലൈംഗികചുവയുള്ള സംസാരങ്ങൾ, ഏത് കാലവും സ്ത്രീ ചൂഷണം ചെയ്യപ്പെടുകയാണ്.

കൗമാരത്തിൽ അത്യാവശ്യം തടിച്ച ശരീരമുള്ള പെൺകുട്ടിയായിരുന്നു ഞാൻ ആ കാലത്ത് ഞാൻ നേരിട്ട തുറിച്ച് നോക്കലുകളെ അതിജീവിക്കാൻ ഇന്നും കഴിയാത്ത ഒരാളാണ് ഞാൻ. ഏകദേശം പതിനഞ്ചോ പതിനാറോ വയസിലാണ്, കുടുംബത്തിൽ എന്തോ ഒരു ചടങ്ങ് നടക്കുന്നു, വളരെ ചെറിയ വീടാണ് സൗകര്യങ്ങൾ കുറഞ്ഞ ആ വീട്ടിൽ ഞങ്ങൾ പെൺകുട്ടികൾ എല്ലാം ഒരുമിച്ച് കിടന്നുറങ്ങിയ ഒരു രാത്രിയിൽ ചുരിദാറിനുള്ളിലൂടെ, വളരെ ശക്തിയിൽ മാറിടത്തിലെ ഒരു പിടുത്തം അനുഭവപ്പെട്ട് വളെരെ വേദനയോടെ ഞെട്ടി എഴുന്നേൽക്കുമ്പോൾ മങ്ങിയ വെളിച്ചത്തിൽ ഞാൻ കണ്ട മുഖമാണ് എന്നെ കൂടുതൽ ഞെട്ടിച്ചത്, ബന്ധത്തിലുള്ള ഒരാൾ തന്നെ.

വർഷങ്ങൾ എത്ര കഴിഞ്ഞാണ് ഇത് എഴുതുവാനെങ്കിലും ഞാൻ ധൈര്യപെട്ടത്. ഇപ്പോഴും ആ രാത്രിയെ കുറിച്ചോർക്കുമ്പോൾ നെഞ്ച് വേദനിക്കും, എനിക്ക് ശ്വാസം നിലച്ച് പോകും. അന്നത്തെ ആ രാത്രിക്ക് ശേഷം അതിരാവിലെ എഴുന്നേറ്റ് കുളിച്ചതും, അന്ന് ധരിച്ചിരുന്ന ചുരിദാറും അടിവസ്ത്രങ്ങളും കത്തിച്ചതും, അയാളുടെ മുഖം കാണുമ്പോഴൊക്കെ കഴിച്ച ഭക്ഷണം തികട്ടി വന്നതും, ശ്വാസം മുട്ടിയതും തൊണ്ടകുഴിയിൽ ശബ്‌ദം കെട്ടി നിന്നതും ഓർക്കുന്നു. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും എനിക്ക് രാത്രിയിൽ ഒറ്റക്ക് ഉറങ്ങുവാൻ പേടിയാണ്, രാത്രികളിൽ പിച്ചും പേയും പറയാറുണ്ട്.

ശാരീരികബന്ധത്തോട് അറപ്പോ വെറുപ്പോ പേടിയോ തോന്നിയ നാളുകളും എനിക്ക് ഉണ്ടായിട്ടുണ്ട്. ശാരീരികമായി ചൂഷണം ചെയ്യപ്പെട്ട സ്ത്രീകളൊക്കെ അത്തരമൊരു ചൂഷണത്തെ പറ്റി തുറന്ന് പറയുവാനും അതിജീവിക്കാനും സമയമെടുക്കും. മാസങ്ങളോ വർഷങ്ങളോ എടുക്കും. ഈ പെണ്ണുങ്ങൾക്ക് ശരീരം കൊടുത്താൽ എന്താ തേഞ്ഞു പോകുമോ എന്ന് ചോദിച്ച സുഹൃത്തായ പൊലീസുകാരനോടും. ചോദിച്ചാൽ കിട്ടുമോ എന്ന് വളെരെ നിസാരമായി ചോദിച്ച് ഒരു സ്ത്രീയുടെ സ്വാകാര്യതയിലേക്ക് ഇറങ്ങി ചെല്ലുന്ന ആണുങ്ങളോടും അത്ര എളുപ്പമല്ല ഒരു സ്ത്രീക്ക് ലൈംഗികത. എങ്കിലും ഒന്ന് ഡെറ്റോൾ ഒഴിച്ച് കുളിച്ചാൽ തീരുന്ന അറപ്പാണ് നിങ്ങൾ എന്ന് വീണ്ടും പറയുന്നു. അൻസി വിഷ്ണു