Saturday 09 April 2022 11:56 AM IST : By സ്വന്തം ലേഖകൻ

പാർക്കിൻസൺസ് രോഗം ; കാരണങ്ങളും ചികിത്സയും

parkinson-reasons-care-cover

കൂനിക്കൂടിയ ശരീരവും കൈവിറയലും സാവധാനത്തിലുള്ള പ്രവർത്തനങ്ങളും വാർധക്യത്തിന്റെ ലക്ഷണങ്ങളുമായിട്ടാണ് പലരും കരുതുന്നത്. പക്ഷേ, ഈ അവസ്ഥ 50 വയസ്സിനോടടുത്ത് ഒരാളിൽ കണ്ടാൽ, പാർക്കൻസൺസ് രോഗമാണെന്നു മനസ്സിലാക്കുക. വളരെ മന്ദഗതിയിൽ പ്രവൃത്തികൾ ചെയ്യുക. കൈകാലുകൾക്ക് വിറയൽ ഉണ്ടാകുക. പേശികൾക്ക് അസാധാരണ പിടുത്തം ഉണ്ടാവുക എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

തലച്ചോറിൽ സംഭവിക്കുന്നത്

ഇച്ഛാശക്തിക്കരനുസരിച്ചു നാം ചലനങ്ങൾ നടത്തുന്നതു സെറിബ്രം അഥവാ തലച്ചോറിന്റെ നിർദ്ദേശാനുസരണമാണെങ്കിലും ചലനങ്ങളെ നിയന്ത്രിക്കുന്നത് ഉള്ളിലുള്ള ബെസൽ ഗാംഗ്ലിയ (Basal Ganglia) എന്ന ഭാഗമാണ്. ഈ ഭാഗത്തേക്കു നിർദ്ദേശങ്ങൾ വരുന്നതു തലച്ചോറിന്റെ കാണ്ഠഭാഗമായ മധ്യമസ്തിഷ്കമായ മിഡ്ബ്രയിനിൽ നിന്നാണ്. ഇതിന്റെ തന്നെ സബ്സ്റ്റാൻഷ്യ നൈഗ്ര (Substantia Nigra) എന്ന ഭാഗത്തെ നാഡീകോശങ്ങളുടെ ചുരുക്കം മൂലമാണ്, പാർക്കിൻസൺ രോഗം ഉണ്ടാകുന്നത്. നാഡീകോശങ്ങളുടെ ചുരുക്കം മൂലം കൈകാലുകളുടെ ചലനത്തിനാവശ്യമായ ഡോപ്പമിന്റെ (Dopamine) അളവു കുറയുകയും മറ്റു രാസവസ്തുക്കളുമായുള്ള തുലനാവസ്ഥയിൽ വ്യതിയാനം വരുകയും ചെയ്യുന്നു.

നാഡീവ്യൂഹത്തിന് അകാലത്തിലുള്ള ചുരുക്കം ഉണ്ടാകുന്നതിനു ഭൂരിപക്ഷം രോഗികളിലും പ്രത്യേകിച്ചു കാരണങ്ങളൊന്നും കാണാറില്ല. ജനിതകമായും ചിലപ്പോൾ ഈ രോഗം കാണാറുണ്ട്. സാധാരണ ലാബ് പരിശോധനകളിൽ തകരാറുകളൊന്നും കണ്ടെത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ ഡോക്ടറുടെ പരിശോധനയിലൂടെ മാത്രമാണു രോഗനിർണയം നടത്തുന്നത്. സാധാരണയായി പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കണ്ടുവുരന്നത്.

നാല് ലക്ഷണങ്ങൾ

പ്രധാനമായും നാലു ലക്ഷണങ്ങളാണു രോഗനിർണയത്തിന് അവലംബിക്കുന്നത്. 1. വിറയൽ (Tremor) 2. പേശീപിടുത്തം (Rigidity) 3. പ്രവർത്തന മന്ദത (Akinesia) 4. വിഴുമെന്ന തോന്നൽ (Postural instability) എന്നിവയാണ് ലക്ഷണങ്ങൾ.

1. വിറയൽ

70% രോഗികളിലും വിറയൽ അഥവാ ട്രെമർ ആണ് ഏറ്റവും കൂടുതലായി കണ്ടുവരുന്ന ലക്ഷണം. രോഗിയുടെ ശ്രദ്ധയിൽപ്പെടുന്ന ആദ്യലക്ഷണവും ഇതുതന്നെ. വിശ്രമാവസ്ഥയിലാണു വിറയൽ കൂടുതലായി കണ്ടുവരുന്നത്. തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയിൽ പയർമണി വച്ച് ഉരുട്ടിക്കൊണ്ടിരിക്കുന്ന രീതിയിൽ ആയിരിക്കും കൂടുതൽ പേരിലും വിറയൽ കാണുക. മാനസ്സിക സംഘർഷമുള്ളപ്പോൾ വിറയൽ അധികമാകാം. നശ്ചലാവസ്ഥയിലുണ്ടാകുന്ന ഈ വിറയൽ, പ്രവൃത്തികൾ ചെയ്യുമ്പോഴുണ്ടാകുന്ന പാരമ്പര്യമായുണ്ടാകുന്ന വിറയിലിൽ നിന്നും വേർതിരിച്ചറിയേണ്ടതുണ്ട്. ആങ്ങനെയുള്ള വിറയൽ മാത്രം, മറ്റു ലക്ഷണങ്ങളില്ലാതെ ഉണ്ടാകുന്നതിനെ ഫമിലിയൽ ഇൻസൻഷ്യൽ ട്രെമർ (Familiar Essential tremor) എന്നറിയപ്പെടുന്നു. ഇതു പാർക്കൻസൺ രോഗമല്ല. പാർക്കിൻസൺ രോഗത്തിൽ താഴെ പറയുന്ന മറ്റു മൂന്നു ലക്ഷണങ്ങൾ കൂടി കാണും.

parkinson-reasons-care

2. പേശീപിടിത്തം

മാംസപേശികളുടെ പിടുത്തം അഥവാ റിജിഡിറ്റി ആണ് അടുത്ത പ്രധാന ലക്ഷണം. സന്ധികൾ മടക്കാൻ ശ്രമിക്കുമ്പോൾ സുഗമമായി ചലിപ്പിക്കാൻ സാധിക്കാതെ വരുന്നതാണു ലക്ഷണം. കൈകാലുകളുടെ സന്ധികളിലാണ് ഈ പേശീപിടുത്തം കാണുന്നത്. ഇതുകൊണ്ടുതന്നെ രോഗി നിൽക്കുമ്പോൾ കഴുത്തു വളച്ച്, ശരീരം കൂനി, കൈമുട്ടും കാൽമുട്ടും വളച്ച് കൂനി നിൽക്കുന്ന അവസ്ഥ ഉണ്ടാകും. ഇതു രോഗികളെ തിരിച്ചറിയാൻ വളരെ സഹായിക്കും.

വ്യത്യാസം അറിയാം

പാർക്കിൻസൺസ് രോഗം പ്രത്യേകിച്ച് കാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണെങ്കിലും 45 വയസ്സിനു മുമ്പു ചിലരിൽ കാണാം. ഇതാണു പാർക്കിൻസൺസ് സിൻ‌ഡ്രോം അല്ലെങ്കിൽ പാർക്കിൻസോണിസം പ്ലസ് എന്നറിയപ്പെടുന്നത്. ഇതിന്റെ കാരണങ്ങൾ ∙ മാനസ്സിക രോഗചികിത്സയ്ക്കുള്ള മരുന്നുകളുടെ ഉപയോഗം മൂലം

∙ മറ്റു ലോഹങ്ങളുടെ വിഷബാധ

∙ വിൽസൺ രോഗം–ശരീരത്തിന്റെ ചെമ്പിന്റെ അളവു കൂടുന്നതുകൊണ്ടുണ്ടാകുന്ന അസുഖം. പാർക്കിൻസൺസ് രോഗലക്ഷണങ്ങൾ കൂടാതെ, ബൗദ്ധിക തകരാറുകൾ, അനൈശ്ചിക നാഡീവ്യൂഹത്തകരാറുകൾ, ശാരീരിക ബലക്കുറവ്, പക്ഷാഘാതം, മറ്റ് അവയവത്തകരാറുകൾ എന്നിവയും ഇത്തരക്കാരിൽ കാണാം.

3. പ്രവർത്തന മന്ദത

parkinson-reasons-care-2

സാധാരണ ചെയ്യുന്ന പ്രവൃത്തികളായ നടത്തം, പല്ലുതേപ്പ്, എഴുത്ത് എന്നിവപോലും അതീവ മന്ദഗതിയിലാകും. ഇതുമൂലം വസ്ത്രധാരണം, ഭക്ഷണം കഴിക്കൽ തുടങ്ങിയ നിത്യജീവിതത്തിലെ പ്രവർത്തനങ്ങൾ ക്രമാതീതമായി ദീർഘിക്കുന്നു. മാംസപേശികളിലെ സാധാരണ ചലനം കുറയുക വഴി മുഖത്തെ ഭാവഭേദങ്ങളും കുറയുന്നതായി കാണാം. കൂടാതെ, നടക്കുമ്പോഴുള്ള സ്വാഭാവിക കരചലനങ്ങളും ഇരിക്കുമ്പോഴുള്ള ശാരീരിക അഡ്ജസ്റ്റുമെന്റുകളും കുറയും. ചുരുങ്ങിച്ചുരുങ്ങിപ്പോകുന്ന കൈയക്ഷരം, വളരെ നേർത്ത സംസാരം, ഉമിനീരൊലിപ്പ് എന്നിവയും പിൽക്കാലത്തു കാണാം.

4. അധിക വീഴ്ച

ശരീരതുലനാവല്ഥയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മൂലം ഇവർ മുന്നോട്ടോ പുറകോട്ടോ വീഴാനുള്ള സാധ്യത കൂടുതലായിരിക്കും. പ്രായമായവരിലുണ്ടാകുന്ന വീഴ്ചയ്ക്ക് ഇതൊരു കാരണമാകാം. ഇവർ നടക്കുമ്പോൾ വളരെ സാവധാനം പാദങ്ങൾ മുന്നോട്ടു വച്ചു തുടങ്ങുമെങ്കിലും പടവുകൾ തെറ്റുകയും മുന്നോട്ട് ആഞ്ഞുപോവുകയും ചെയ്യും. ചിലപ്പോൾ നടത്തം തന്നെ തുടങ്ങാൻ ബുദ്ധിമുട്ടുമാകും. ഈ അവസ്ഥയെ നിശ്ചലാവസ്ഥ അഥവാ ഫ്ലീസിങ്ങ് (Freezing) എന്നാണു പറയുന്നത്.

ചികിത്സ എപ്പോൾ വേണം

നാഡീകോശങ്ങളുടെ ചുരുക്കം മൂലമുണ്ടാകുന്ന അസുഖം മരുന്നുകൊണ്ടു ചികിത്സിക്കാമെന്ന അറിവ് ആദ്യമായി പാർക്കിൻസൺസ് രോഗചികിത്സയിലൂടെയാണു വൈദ്യശാസ്ത്രത്തിനു ലഭിച്ചത്.

രോഗലക്ഷണങ്ങൾ നിത്യജീവിതത്തെ ബാധിച്ചു തുടങ്ങിയാൽ ചികിത്സ വേണം. ലീവോഡോപ്പ (Levodopa) എന്ന മരുന്നാണു പ്രധാനമായും നൽകുന്നത്. ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിൽ ലീവോഡോപ്പ വളരെ സഹായിക്കും. ആദ്യഘട്ടത്തിൽ രോഗം പുരോഗമിക്കുന്നതു തടയുന്നതിന് നാഡീസംരക്ഷണ മരുന്നുകളും ഇന്നു ലഭ്യമാണ്. വിറ്റമിൻ ഇ ഉൾപ്പെടെയുള്ള ഈ മരുന്നുകൾ നാഡീചുരുക്കം തടയാൻ ഫലപ്രദമാണ്.

ലിവോഡോപ്പയുടെ പരിമിതി

ആദ്യ ഘട്ടങ്ങളിൽ ലിവോഡോപ്പ വിറയലും ചലനമന്ദതയും നിയന്ത്രിക്കാൻ വളരയേറെ ഫലപ്രദമാകുമെങ്കിലും കാലം ചെല്ലുന്തോറും മരുന്നിന്റെ പ്രയോജനം കുറഞ്ഞുവരാം. ചികിത്സ സുഗമമായ ആദ്യ ഘട്ടത്തെ ചികിത്സയുടെ മധുവിധുകാലം എന്നുപറയുന്നു. ഈ സ്ഥിതിയിൽ രോഗലക്ഷണങ്ങൾ വളരെ മിതവും മരുന്നിനോടുള്ള പ്രതികരണം പ്രോത്സാഹജനകവുമായിരിക്കും. ഒന്നോ രണ്ടോ ഡോസ് മരുന്നുകൊണ്ടു രോഗിക്കു 24 മണിക്കൂറും രോഗശമനം ലഭിക്കുന്നു. ലിവോഡോപ്പയുടെ അളവ് ഒന്നുരണ്ടു മണിക്കൂറിനുള്ളിൽ കുറയുമെങ്കിലും അവശേഷിച്ച കോശങ്ങൾ അവ സംഭരിച്ചു തലച്ചോറിൽ തുടർച്ചയായി നൽകിക്കൊണ്ടിരിക്കും. ഈ കാലഘട്ടം വളരെക്കാലം നീണ്ടു നിൽക്കും. മരുന്നിന്റെ ഡോസ് ഗുണം അനുസരിച്ചു രോഗി തന്നെ ക്രമീകരിക്കുകയാണ് ചെയ്യുക.

parkinson-reasons-care-3

രണ്ടാമത്തെ ഘട്ടത്തിൽ ഒരു ഡോസ് മരുന്നിന്റെ ഗുണം വളരെ പെട്ടെന്നു കുറയും. ഈ അവസരത്തിൽ മരുന്നിന്റെ അളവ് ഉയർത്തേണ്ടതായി വരുന്നു. കൂടാതെ മരുന്നിന്റെ ഉപയോഗം കൊണ്ടു മറ്റു ചലനങ്ങളും വരാം. ഈ കാലഘട്ടത്തിൽ ലിവോഡോപ്പയുടെ കൂടെ മറ്റു മരുന്നുകളും ഉപയോഗിക്കേണ്ടിവരും. കൂടാതെ, ശസ്ത്രക്രിയ, തലച്ചോറിന്റെ ഉത്തേജന ചികിത്സ എന്നിവയും ആവശ്യമായി വരാം.

നേരത്തെ രോഗത്തെ മനസ്സിലാക്കുകയും പടിപടിയായി ചികിത്സിക്കുകയും ചെയ്താൽ പാർക്കിൻസൺസ് രോഗമുള്ളവർക്കു ദിർഘകാലം രോഗമുക്തി നേടി ജീവിക്കാൻ കഴിയും.

രോഗത്തിന്റെ വിവിധ ഘട്ടങ്ങൾ

ഒന്നാം ഘട്ടം

ദൈനംദിന കാര്യങ്ങളിലെ മന്ദഗതിയും ചെറിയ തോതിലുള്ള വിറയലും ഒരു വശത്തു മാത്രമാണ് കൂടുതൽ.

രണ്ടാംഘട്ടം

ശരീരത്തിന്റെ ഇരു ഭാഗത്തും രോഗലക്ഷണങ്ങൾ കാണാം. നടക്കുന്നതിനും ശരീര ബാലൻസിനും തടസ്സം നേരിടും. കുനിഞ്ഞ അവസ്ഥ, മുഖചലനങ്ങളിലെ കുറവ് എന്നിവയും കാണാം.

‌മൂന്നാം ഘട്ടം

കഠിന സ്ഥിതിയിലെത്തിയ രോഗിക്കു നേർദിശയിൽ നടക്കുന്നിതനും നേരെ നിൽക്കുന്നതിനും ബുദ്ധിമുട്ടനുഭവപ്പെടും,

നാലാം ഘട്ടം

ദിനചര്യകൾ പൂർത്തീകരിക്കുന്നതിനുള്ള കഴിവില്ലായ്മ, അമിത വിറയൽ എന്നിവയുണ്ടാകുന്നു. പരസഹായം അത്യാവശ്യമാകുന്നു. അവസാനം പരസഹായമില്ലാതെ ബുദ്ധിമുട്ടാകും.