പഴയ തറവാട് പൊളിച്ച് പുതിയതു പണിതപ്പോൾ തൊട്ടടുത്തുള്ള ജ്യേഷ്ഠന്റെയും മലപ്പുറം വെളുത്തൂരിലെ ബഷീറിന്റെയും വീടുകൾക്ക് ഒറ്റ പോർച്ച് മാത്രം. കുട്ടികൾക്ക് കൂട്ടുകൂടാൻ ഒരു മുറ്റം. പെട്ടെന്ന് ഒന്നു വിളിക്കേണ്ടിവരികയാണെങ്കിൽ എളുപ്പത്തിന് ബെഡ്റൂമുകൾ പോലും ഒരേ കോണിലാക്കി.
എക്സ്റ്റീരിയർ
പറമ്പിൽ നിന്ന് കിട്ടിയ 10,000 വെട്ടുകല്ലുകൾ കൊണ്ടാണ് വീടിന്റെ നിർമാണം. സുഹൃത്തായ ആർക്കിടെക്ട് അഫ്സൽ ആണ് പ്ലാൻ വരച്ചത്. പിന്നീട് ഡിസൈനർമാരായ ജംഷീറും അബിനും വീടിന് മോടികൂട്ടി. തടി ഫ്രെയിമും അലുമിനിയം ഷട്ടറുകളുമാണ് ജനലുകൾക്ക്. ചാരനിറത്തിൽ പൗഡർ കോട്ട് ചെയ്ത ജനലുകൾ മെറൂൺ–ആഷ് പെയിന്റിന് നല്ല ചേർച്ച കൊടുക്കുന്നു. ലാൻഡ്സ്കേപ്പിൽ കോട്ട സ്റ്റോൺ വിരിച്ചു. ഷോവോളുകൾക്ക് ഭംഗി കൂട്ടിയത് ക്ലാഡിങ് സ്റ്റോൺ ഒട്ടിച്ചാണ്. മഴവെള്ള പാത്തി പോലും പുറമേക്ക് കാണാത്ത രീതിയിൽ ഡിസൈനിൽ ലയിച്ചു കിടക്കുന്നു. 2800 ചതുരശ്രയടിയാണ് വിസ്തീർണം.

സിറ്റ്ഔട്ട്
അകത്തേക്ക് കയറുന്ന ഭാഗത്ത് കോട്ട സ്റ്റോൺ വിരിച്ചിടത്ത് ഇരിക്കുന്നതാണ് വീട്ടുകാർക്ക് ഏറെ ഇഷ്ടം. പടികൾ കയറിവരുമ്പോൾ ഇറ്റാലിയൻ മാർബിൾ ആണ് ഫ്ലോറിങ്ങിന്. തടിയുടെ ബെഞ്ച് ഒരു വശത്ത് കൊടുത്തിട്ടുണ്ട്. സിറ്റ്ഒൗട്ടിലേക്ക് തുറക്കുന്നത് അകത്തെ കോർട്‌യാർഡിലുള്ള ജനാലയാണ്. ഗൾഫിൽ എക്സ്റ്റീരിയർ ഫർണിച്ചറിന് ഉപയോഗിക്കുന്ന ‘ഇറോക്’ എന്ന തടിയിലാണ് പ്രധാന വാതിൽ.

ലിവിങ് ഏരിയ
ബഷീർ ആഗ്രഹിച്ചപോലെ, സാധനങ്ങൾ കുത്തിനിറയ്ക്കാത്ത ഇന്റീരിയർ ആണിവിടെ. ലിവിങ്ങിനോട് ചേർന്ന് വെളിച്ചം വിതറുന്ന കോർട്‌യാർഡ്. ദുബായിൽ കസ്റ്റമൈസ്ഡ് ഫർണിച്ചർ നിർമാണ കമ്പനിയിൽ ജോലി ചെയ്യുന്നതിനാൽ ഫർണിച്ചറിനെപ്പറ്റി ബഷീറിന് നല്ല അവഗാഹമുണ്ട്. സ്വന്തം വീട്ടിലെ ഫർണിച്ചറും അവിടെ നിന്നു തന്നെ പണിയിപ്പിച്ചെടുത്തു.

ഇരട്ടി പൊക്കത്തിലുള്ള ബാൽക്കണിക്ക് ആറ് എംഎം അലുമിനിയം ഷീറ്റിൽ സിഎൻസി കട്ടിങ് ചെയ്ത ഫ്രെയിം കൊടുത്തത് സുരക്ഷയ്ക്കും ഭംഗിക്കും വേണ്ടിയാണ്. ഡൈനിങ്ങിനെ പാതി മറച്ചുകൊണ്ട് വെർട്ടിക്കൽ പർഗോളകൾ. ഫ്ലോറിന് ഇറ്റാലിയൻ മാർബിൾ ചന്തം. നടുമുറ്റത്തോട് ചേർന്ന് തടിയിൽ പൊതിഞ്ഞ ഇൻബിൽറ്റ് ഇരിപ്പിടം. തടിയും സ്റ്റീലും ഉപയോഗിച്ചാണ് സ്റ്റെയറിന്റെ റെയ്‌ലിങ്.

ഡൈനിങ് ഏരിയ
ഡൈനിങ് ടേബിളിന്റെ കസേരകൾക്കും പ്രത്യേക ഭംഗിയാണ്. ഡൈനിങ്ങിനോട് ചേർന്ന് ടിവി ഏരിയയും അവിടെ ‘എൽ’ ആകൃതിയിലുള്ള സോഫയും കാണാം. ഇരട്ടിപ്പൊക്കത്തിലാണ് ഇവിടത്തെ സീലിങ്ങും. ഡൈനിങ്ങിനു സമീപത്തായി ഒരു ക്രോക്കറി ഷെൽഫുമുണ്ട്. കർട്ടനുകൾ നല്ല നീളത്തിൽ കൊടുത്തിരിക്കുന്നതിനാൽ മുറികൾക്ക് ആഢ്യത്വം തോന്നും.

കിച്ചൻ
കിച്ചന്റെ സ്ഥാനം പോലും ബഷീറിന്റെ കുടുംബസ്നേഹത്തിന്റെ അടിസ്ഥാനത്തിലാണ്. തന്റെ കിച്ചൻ തൊട്ടടുത്ത സഹോദരന്റെ വീട്ടിലേക്ക് ശല്യമാവരുത് എന്ന കരുതലോടെയാണ് സ്ഥാനം കണ്ടത്. ടഫൻഡ് ഗ്ലാസ് ആണ് കിച്ചനിൽ ഉപയോഗിച്ചിരിക്കുന്നത്.

ബെഡ്റൂമുകൾ
താഴെയും മുകളിലുമായി നാല് ബെഡ്റൂമുകൾ. ഹെഡ്ബോർഡുകൾക്ക് ലെതർ ഉപയോഗിച്ചു. 2X1 വലുപ്പത്തിലുള്ള ടൈലുകളാണ് കിടപ്പുമുറിയിൽ. ഒരു ഭാഗത്തായി വായന/ പ്രാർഥന ഏരിയ. ഫെറോസിമന്റ് കബോർഡുകൾക്ക് പ്ലൈയും വെനീറും ഉപയോഗിച്ച് ഷട്ടറുകൾ ചെയ്തു. എല്ലാ മുറികളിലും എക്സോസ്റ്റ് ഫാൻ പിടിപ്പിച്ചിരിക്കുന്നു. സീലിങ് വർക്കിന് ഉള്ളിലേക്കിരിക്കുന്ന രീതിയിലാണ് കർട്ടനുകൾ.

ഡിസൈൻ: സ്തൂപ, കോഴിക്കോട്