Saturday 15 June 2019 04:08 PM IST : By

ബജറ്റ് ഹോം എന്നാൽ ചെറിയ വീടെന്നല്ല; ആവശ്യങ്ങൾ അനുസരിച്ച് മതി വീട് നിർമ്മാണം

budget

കുറഞ്ഞ മുതൽമുടക്കിൽ സുഖപ്രദമായ അന്തരീക്ഷവും പരമാവധി സൗകര്യങ്ങളും ഉൾക്കൊള്ളിക്കുന്നതാണ് ക്രിയാത്മകമായ ചെലവ് ചുരുക്കൽ. ഇത്തരത്തിൽ നിർമിക്കുന്ന വീടുകളെ ‘ബജറ്റ് ഹോം’ എന്നു വിളിക്കാം. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്തല്ല ഇവ നിർമിക്കുന്നത്. ‘ബജറ്റ് ഹോം’ എന്നാൽ ‘ചെറിയ വീട്’ ആകണം എന്നുമില്ല. എന്തൊക്കെ സൗകര്യങ്ങൾ വേണമെന്നും എത്ര പണം ചെലവഴിക്കണം എന്നും മുൻകൂട്ടി തീരുമാനിച്ച് നിശ്ചിത തുകയ്ക്കുള്ളിൽ വീടു പൂർത്തിയാക്കുന്ന രീതിയാണത്. കൃത്യമായ പ്ലാനിങ്, സാമ്പത്തിക അച്ചടക്കം, സമയബന്ധിതമായ നിർമാണം എന്നിവയിലൂടെയേ ‘ബജറ്റ് ഹോം’ യാഥാർഥ്യമാകൂ.

എന്തൊക്കെയാണ് ആവശ്യങ്ങൾ എന്നു കൃത്യമായി കണ്ടെത്തി അതനുസരിച്ചു വീട് ഡിസൈൻ ചെയ്യുന്നതാണ് ചെലവ് നിയന്ത്രിക്കാനുളള പ്രഥമവും പ്രധാനവുമായ മാർഗം. ആവശ്യങ്ങളെപ്പറ്റി ആർക്കിടെക്ടിനോട് പറയണം. വീട്ടുകാരുമൊത്ത് കൂട്ടായ ചർച്ചയും ആകാം. പുതിയ വീടിന്റെ കാര്യത്തിൽ വൈകാരിക സമീപനം കൈക്കൊള്ളുന്നതാണ് പലർക്കും പറ്റുന്ന പാളിച്ച. യാഥാർഥ്യബോധത്തോടെയുള്ള തീരുമാനങ്ങളാണ് വേണ്ടത്. ഗെസ്റ്റ് ബെഡ് റൂം, വരാന്ത... ഇതൊക്കെ അത്യാവശ്യമുള്ളതാണോ എന്ന് പലവട്ടം ചിന്തിക്കണം. മുംബൈയിലെ എത്ര കോടീശ്വരന്മാരുടെ വീട്ടിൽ ഗെസ്റ്റ് ബെഡ് റൂം ഉണ്ട് എന്ന് അന്വേഷിച്ചാൽ നാം നടത്തുന്ന ധൂർത്തിനെപ്പറ്റി ഏകദേശ ധാരണ ലഭിക്കും.

ആവശ്യങ്ങളെപ്പറ്റി മാത്രമല്ല, മുടക്കാവുന്ന തുകയെപ്പറ്റിയും ആർക്കിടെക്ടിനോട് പറയണം. ആ തുകയ്ക്കുള്ളിൽ ഒതുങ്ങുന്ന വീട് രൂപകൽപന ചെയ്തു തരിക എന്നത് ആർക്കിടെക്ടിന്റെ ഉത്തരവാദിത്തമാണ്. അടിത്തറ: 10 %, സൂപ്പർ സ്ട്രക്ചർ: 20 - 25%, വാതിൽ, ജനൽ: 15 – 20 %, മേൽക്കൂര: 15 - 20 %, ഇലക്ട്രിഫിക്കേഷൻ : 7 %, പ്ലമിങ് : 8 %, ഫ്ലോറിങ് ആൻഡ് ഫിനിഷിങ്: 10% എന്നിങ്ങനെയാണ് വീടുനിർമാണത്തിന്റെ ഓരോ മേഖലയിലും വേണ്ടിവരുന്ന ചെലവ്. ഓരോ മേഖലയിലും അഞ്ച് ശതമാനമെങ്കിലും ലാഭിക്കാനായാൽ ആകെ നിർമാണച്ചെലവ് 30 ശതമാനം വരെ കുറയ്ക്കാം.

ചെങ്കല്ല് സുലഭമായ പ്രദേശങ്ങളിൽ കരിങ്കല്ലിനു പകരം ‘ലാറ്ററൈറ്റ് റബിൾ മേസനറി ഇൻ മഡ് മോർട്ടർ’ (ക്വാറിയിൽ നിന്നു ലഭിക്കുന്ന ചെങ്കൽ പാളികളും മണ്ണും) ഉപയോഗിച്ചാൽ അടിത്തറയുടെ നിർമാണച്ചെലവ് 20 ശതമാനം വരെ കുറയ്ക്കാം. ഇതിന്റെ ഉറപ്പിനോ ബലത്തിനോ കുറവൊന്നുമില്ല.

ഭിത്തികെട്ടാൻ ‘എസ്എംബി’ അഥവാ ‘സ്റ്റെബിലൈസ്ഡ് മഡ് ബ്ലോക്ക്’ ഉപയോഗിച്ചാൽ സൂപ്പർ സ്ട്രക്ചറിന്റെ നിർമാണച്ചെലവിൽ 20 ശതമാനത്തോളം ലാഭം നേടാം. സാധാരണഗതിയിൽ കട്ടിളയ്ക്കും മറ്റും 12 X 7 സെമീ കനം നൽകുകയാണ് പതിവ്. എന്നാൽ, 6 X 3.5 സെമീ കനത്തിലും നല്ല ഉറപ്പുള്ള കട്ടിള നിർമിക്കാം. തടിയുടെ അളവിൽ ഗണ്യമായ ലാഭം നേടാൻ ഇതു സഹായിക്കും.

ഇലക്ട്രിക്കൽ ഫിറ്റിങ്ങുകളുടെ തിരഞ്ഞെടുപ്പിൽ അൽപം ബുദ്ധി പ്രയോഗിച്ചാൽ 40 ശതമാനത്തോളം പണം ലാഭിക്കാം. സ്വിച്ച്, പ്ലേറ്റ്, ബോക്സ് എന്നിവയുടെ കാര്യമാണ് ഏറ്റവും നിർണായകം. ഗുണനിലവാരവും ഈടുമുണ്ടെന്ന് ബോധ്യമുള്ള കമ്പനിയുടെ സാധാരണ മോഡൽ ഉൽപന്നങ്ങൾ വാങ്ങുകയാണ് ഉചിതം. കമ്പനികൾ പൊതുവെ ഹൈ എൻഡ് മോഡലുകളായിരിക്കും ഉയർത്തിക്കാട്ടുക. ഇവയും സാധാരണ മോഡലും തമ്മിൽ വിലയിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിലും ഗുണനിലവാരത്തിൽ വലിയ അന്തരമുണ്ടാകില്ല. സാനിറ്ററിവെയറിന്റെ കാര്യത്തിലും അൽപം കൗശലം പ്രയോഗിച്ചാൽ നല്ല ലാഭം നേടാം. മിക്ക കമ്പനികളും വർഷത്തിലൊരിക്കൽ വിറ്റൊഴിക്കൽ മേളകൾ നടത്താറുണ്ട്. 40 ശതമാനം വരെ വിലക്കുറവാണ് ലഭിക്കുക. ഇതു കണക്കാക്കി വേണം ഉൽപന്നങ്ങൾ വാങ്ങാൻ. ■

വിവരങ്ങൾക്ക് കടപ്പാട്;

പ്രവീൺ ചന്ദ്ര

ആർക്കിടെക്ട്

പ്രവീൺ ചന്ദ്ര ആൻഡ് അസോഷ്യേറ്റ്സ്

കണ്ണൂർ