Friday 08 January 2021 03:28 PM IST

ചെടികളെയും പച്ചപ്പിനെയും സ്നേഹിക്കുന്നവർക്ക് ഇത് മാതൃകാ വീട്, ട്രോപ്പിക്കൽ കാലവസ്ഥയ്ക്കു യോജിക്കുന്ന മോഡേൺ ഡിസൈൻ

Sreedevi

Sr. Subeditor, Vanitha veedu

manuraj 1

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ റബർ തോട്ടത്തിനു നടുവിൽ, പെട്ടെന്ന് കണ്ണിൽപെടാത്ത സ്ഥലത്താണ് വീട്. ട്രോപ്പിക്കൽ കാലാവസ്ഥയുടെ എല്ലാ പ്രത്യേകതകളും ഉൾക്കൊള്ളുന്ന സ്ഥലത്തേക്ക് ഇത്തരമൊരു വീട് തിരഞ്ഞെടുത്തതിനു കാരണമുണ്ട്. കന്റെംപ്രറി ശൈലിയിലുള്ള വീട് വേണമെന്ന ആവശ്യവുമായാണ് വിദേശത്തു ജോലി ചെയ്യുന്ന ജെറിൻ സക്കറിയയും കുടുംബവും തൃശൂരിലെ i2a ആർക്കിടെക്ചർ സ്റ്റുഡിയോയിലെത്തിയത്. ചെടികളെയും മരങ്ങളെയും സ്നേഹിക്കുന്നവരാണ് ജെറിന്റെ മാതാപിതാക്കളായ ക്യാപ്റ്റൻ പി.സി. സക്കറിയയും പൊന്നമ്മയും. അവർക്കുവേണ്ടി ചുറ്റും മരങ്ങളുള്ള പ്ലോട്ട് പ്രത്യേകം നോക്കി വാങ്ങിയതാണ്. എന്നാൽ വീട് മോഡേൺ ആകണമെന്നാണ് ആഗ്രഹം. വീട്ടുകാരുടെ ആഗ്രഹത്തിലുള്ളതുപോലെയൊരു കന്റെംപ്രറി ശൈലിയിലുള്ള വീടിനെ നാടൻ ചുറ്റുപാടിലേക്ക് ഇണക്കിയെടുക്കുകയായിരുന്നു ഡിസൈനർ ടീമിന്റെ ആദ്യ ഉദ്യമം.

manuraj5

ജെറിൻ വിദേശത്ത് ജോലി ചെയ്യുന്നതിനാൽ മിക്ക സമയത്തും മാതാപിതാക്കൾ മാത്രമായിരിക്കും വീട്ടിൽ. അതുകൊണ്ട്, വീടിന് അനാവശ്യ വലുപ്പവും കൂടുതൽ മുറികളും വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചു. മാത്രമല്ല, താഴത്തെ നിലയിലെ മുറികൾ, എളുപ്പത്തിൽ പരസ്പരം സംവദിക്കാൻ സാധിക്കുന്ന രീതിയിൽ ക്രമീകരിക്കണം. ഓപൺ സ്ട്രക്ചർ ആണ് അതിന് ഏറ്റവും അനുയോജ്യം. ഭിത്തികൾ കുറച്ചും സങ്കീർണതകൾ ഒഴിവാക്കിയുമാണ് മുറികൾ ക്രമീകരിച്ചത്.അടുക്കളയും മറ്റു മുറികളുമായുള്ള ബന്ധവും ഇതു മനസ്സിൽ വച്ചാണ് രൂപപ്പെടുത്തിയത്. ഡൈനിങ്ങിലേക്കു തുറന്ന അടുക്കളയിൽനിന്ന് മാസ്റ്റർ ബെഡ്റൂമിലേക്കും കാഴ്ചയെത്തും.

manuraj 2

മാസ്റ്റർ ബെഡ്റൂമിൽ നിന്നാൽ സിറ്റ്ഔട്ടിൽ വരുന്നവരെ കാണാം.താഴെ മാസ്റ്റർ ബെഡ്റൂമും ഗെസ്റ്റ് റൂമും ആണ് ഉള്ളത്. മുകളിലാണ് ജെറിന്റെ ബെഡ്റൂം. മാത്രമല്ല, കോമൺ ഏരിയയും പ്രൈവറ്റ് ഏരിയയും കൃത്യമായി വേർതിരിച്ചിട്ടുമുണ്ട്. കോമൺ ഏരിയയിൽ എല്ലാ മുറികളും പരസ്പരം തുറന്നു കിടക്കുമ്പോൾതന്നെ പ്രൈവറ്റ് ഏരിയയിലേക്ക് ഫോയറിലൂടെയാണ് പ്രവേശനം.വെന്റിലേഷനാണ് ഡിസൈൻ ടീം ശ്രദ്ധ കേന്ദ്രീകരിച്ച മറ്റൊരു പ്രധാന വിഭാഗം.ക്രോസ് വെന്റിലേഷൻ പരമാവധി സാധിക്കുംവിധം ജനലുകളും വാതിലുകളും ക്രമീകരിച്ചു. കിഴക്കും പടിഞ്ഞാറും ദിക്കുകളിൽ ജാളികൾ നിർമിച്ച് ക്രോസ് വെന്റിലേഷൻ സജീവമാക്കിയതാണ് അതിൽ ശ്രദ്ധേയം.

manuraj3

പ്ലോട്ടിൽ ഏറ്റവും മരങ്ങൾ നിറഞ്ഞു നിൽക്കുന്നത് പടിഞ്ഞാറാണ്. ഇവിടെ ഡൈനിങ്ങിലെ വാഷ് ഏരിയയോടു ചേർന്ന് കോർട്‌യാർഡ് നിർമിച്ചു. പുറത്തെ മരങ്ങൾ നൽകുന്ന സമൃദ്ധമായ ഓക്സിജൻ അടങ്ങിയ വായു, ജാളികളിലൂടെ കടന്ന് കോർട്‌യാർഡിലെ ചെടികളിൽ തട്ടി അകത്തെത്തുന്നു. ഇതിന്റെ നേരെ എതിർവശത്തെ ഭിത്തിയുടെ മുകൾ ഭാഗത്താണ് ജാളികൾ സജ്ജീകരിച്ചിരിക്കുന്നത്.അകത്തെ വായു ചൂടായി ഇതിലൂടെ പുറത്തേക്ക് പോകും. ജനലുകളുടെ വലുപ്പവും സ്ഥാനവും ഇത്തരത്തിൽ കാറ്റിന്റെ ഗതിയനുസരിച്ചാണ് ക്രമീകരിച്ചത്. കനത്ത വെയിലിനെയും മഴയെയും തടുക്കാൻ കഴിയുന്ന രീതിയിലാണ് ജനൽ ഷേഡുകൾ.

manuraj4

കാർ പോർച്ചിനെയും സിറ്റ്ഔട്ടിനെയും വേർതിരിക്കാനും ടെറാക്കോട്ട ജാളി കൊണ്ടുള്ള ഭിത്തി ഉപയോഗിച്ചിരിക്കുന്നു. ഇവിടത്തെ ചെറിയ ജലാശയവും ജാളിയും പ്രകൃതിക്കും വീടിനും ഇടയിലുള്ള മധ്യവർത്തികൂടിയാണ്. വെള്ള, ചാര, ചുവപ്പ് നിറങ്ങളാണ് വീടിനു നൽകിയിരിക്കുന്നത്. പുറത്തെ സമൃദ്ധമായ പച്ചപ്പിനെ മൃദുവാക്കാനും പതുങ്ങി നിൽക്കുന്ന നിറങ്ങളായ വെള്ളയെയും ചാരനിറത്തെയും പ്രകാശിപ്പിക്കാനും ടെറാക്കോട്ടയുടെ ചുവപ്പിനാകും. വീടിന്റെ ചുറ്റുമുള്ള മുറ്റത്ത് കന്റെംപ്രറി വീടിനു യോജിക്കുന്ന രീതിയിലുള്ള പച്ചപ്പ് നൽകി വീട്ടുമുറ്റവും ചുറ്റുവട്ടത്തെ പറമ്പുകളും തമ്മിൽ ചേർത്തു.

manuraj 6

ഡിസൈൻ: സി. ആർ. മനുരാജ്, ആർക്കിടെക്ട്

സ്ട്രക്ചറൽ എൻജിനീയർ: അമൽ സൂരേഷ്

ചിത്രങ്ങൾ: ടർട്ടിൽ ആർട്സ്

Tags:
  • Vanitha Veedu