Friday 04 June 2021 04:49 PM IST : By സ്വന്തം ലേഖകൻ

‘പത്ത് സെന്റ് ഉണ്ടെന്ന് പറഞ്ഞിട്ടെന്താ വീട് വയ്ക്കാൻ പറ്റുന്നത് അഞ്ച് സെന്റിൽ’, പിന്നെ നടന്നത് മാജിക്, 2000 ചതുരശ്രയടിയിൽ നാല് കിടപ്പുമുറി വീടുണ്ടായത് ഇങ്ങനെ

aji

 10 സെന്റ് ഉണ്ടെങ്കിലും ഏതാണ്ടൊരു ‘ L ’ ആകൃതിയിൽ രണ്ട് അറ്റത്തും വാലുപോലെ നീണ്ടു കിടക്കുന്ന രീതിയിലാണ്. അവിടെ നല്ലൊരു വീട് പണിയുക അത്ര എളുപ്പമല്ല. വീടുവയ്ക്കാൻ വേറെ സ്ഥലം അന്വേഷിക്കുകയേ വഴിയുള്ളൂ എന്നു കരുതി വിഷമിച്ചിരിക്കുമ്പോഴാണ് അജി ശമുവേൽ ഡിസൈനർ അനൂപ് കുമാറിനെ പരിചയപ്പെടുന്നത്.  2000 ചതുരശ്രയടിയുള്ള വീട് വയ്ക്കാം എന്ന് അനൂപ് ഉറപ്പുനൽകിയതോടെ അജിക്ക് സന്തോഷമായി.

aji 5

എടത്വ നീരേറ്റുപുറത്തിനടുത്ത് നെടുമ്പ്രത്തുള്ള പ്ലോട്ടിന്റെ നടുവിൽ ചതുരാകൃതിയിൽ അഞ്ച് സെന്റ് കണ്ടെത്തി അവിടെയാണ് പുതിയ വീടിനു സ്ഥാനം കണ്ടത്. ഇതിനായി പഴയ വീട് പൂർണമായി പൊളിച്ചുമാറ്റുകയും അതിര് കെട്ടി സ്ഥലം നിരപ്പാക്കിയെടുക്കുകയും ചെയ്തു. വെള്ളം കയറുന്ന സ്ഥലം ആയതിനാൽ റോഡ് നിരപ്പിൽ നിന്ന് രണ്ട് അടി പൊക്കിയാണ് സ്ഥലം ഒരുക്കിയത്. പ്ലോട്ടിന്റെ പ്രത്യേകമായ ആകൃതി കാരണം വീടിനോട് ചേർന്ന് പോർച്ച് നൽകുവാൻ കഴിയുമായിരുന്നില്ല. അതിനാൽ വീടിനു വലതുവശത്തായി മതിലിനോടു ചേർന്ന് വരുന്ന രീതിയിലാണ് പോർച്ചിന്റെ ഡിസൈൻ.

aji 2

രണ്ട് നിലകളിലായി നാല് കിടപ്പുമുറിയും എല്ലാ അനുബന്ധ സൗകര്യങ്ങളും ഒത്തുവരും വിധമാണ് അനൂപ് കുമാർ വീടൊരുക്കിയത്. സ്ഥലപരിമിതി മറികടക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തിയായിരുന്നു രൂപകൽപന. സാമാന്യം വലുപ്പമുള്ള സിറ്റ്ഔട്ട്, സ്വീകരണമുറി, ഡൈനിങ് സ്പേസ്, കോർട്‌യാർഡ്, അ ടുക്കള, വർക്ഏരിയ, രണ്ട് കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിൽ. സ്വീകരണമുറിക്കും സ്റ്റെയർകെയ്സിനും നടുവിലായി ഡൈനിങ് സ്പേസിനോട് ചേർന്നുള്ള നടുമുറ്റമാണ് അകത്തളത്തിനു വിശാലത തോന്നിപ്പിക്കുന്ന പ്രധാന ഘടകം. രണ്ട് നിലകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ നടുമുറ്റത്തിനു മുകളിൽ പർഗോള ഡിസൈനിൽ മേൽക്കൂര നൽകി അതിൽ ഗ്ലാസ് പിടിപ്പിച്ചിരിക്കുകയാണ്. ഇതുവഴി വീടിനുള്ളിലേക്കു സൂര്യപ്രകാശമെത്തും. നടുമുറ്റത്തു വച്ചിരിക്കുന്ന ചെടികൾ അകത്തളത്തിനു കുളിർമ പകരും. ഇതിനടുത്തായി തൂക്കിയിട്ടുള്ള ആട്ടുകട്ടിലിൽ വിശ്രമിക്കുകയും പുസ്തകം വായിച്ച് ഇരിക്കുകയുമാകാം.

aji 3

കോൺക്രീറ്റ് ഒഴിവാക്കി തടിയും സ്റ്റെയിൻലെസ് സ്റ്റീലും ഉപയോഗിച്ചു നിർമിച്ച സ്റ്റെയർകെയ്സും സ്ഥലപരിമിതി മറികടക്കാൻ കാര്യമായി സഹായിക്കുന്നുണ്ട്. തേക്ക് കൊണ്ടുള്ള പടികളാണ് സ്റ്റെയർകെയ്സിന്. സ്റ്റെയർ കയറിയെത്തുന്നത് മുകൾനിലയിലെ ഫാമിലി ലിവിങ് റൂമിലേക്കാണ്. ഇതുകൂടാതെ ര ണ്ട് കിടപ്പുമുറി, ബാൽക്കണി എന്നിവയാണ് മുകളിലുള്ളത്. മുറ്റം കുറവായതിനാൽ തുണിയും മറ്റും ഉണക്കിയെടുക്കാനുള്ള സൗകര്യത്തിന് ഓപൻ ടെറസും നൽകിയിട്ടുണ്ട്.

aji 1

എലിവേഷന്റെ ഭംഗിക്കായി രണ്ടാംനിലയ്ക്കു മുകളിലായി ചെറിയൊരു മുറി കൂടി നൽകിയിട്ടുണ്ട്. കന്റെംപ്രറി സ്റ്റൈലിൽ ക്യൂബ് ആകൃതിയിലുള്ള സ്ട്രക്ചറിന് വ്യത്യസ്തത പകരുന്നത് ത്രികോണാകൃതിയിലുള്ള ഈ മുറിയാണ്. ഇതിനു മുൻഭാഗത്തായി ചുമരിൽ പകുതിയോളം സ്ഥലത്ത് ഗ്ലാസ് നൽകിയത് എക്സ്റ്റീരിയറിന്റെ മോടികൂട്ടി. ടെറസിൽ നിന്ന് ജിഐ സ്റ്റെയർ വഴി ഇവിടേക്കെത്താം. ഈ മുറിയുടെ മേൽക്കൂര വാർത്തിട്ടില്ല. ട്രസ്സ് റൂഫ് ന ൽകി അതിൽ ഓടു മേയുകയാണ് ചെയ്തിട്ടുള്ളത്. എപ്പോഴും ആവശ്യമില്ലാത്ത സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടമായാണ് വീട്ടുകാർ ഇവിടം പ്രയോജനപ്പെടുത്തുക.

aji 4
Tags:
  • Vanitha Veedu