Friday 11 November 2022 05:03 PM IST : By Sinu Cherian

വീട് പൂർത്തിയാകാൻ മൂന്ന് മാസം, എപ്പോൾ വേണമെങ്കിലും അഴിച്ചെടുക്കാം; സ്റ്റീൽ വീടിന്റെ നിർമാണം പടിപടിയായി കണ്ടുപഠിക്കാം

Untitled

സൂപ്പർ വീട്... വയനാട് സുൽത്താൻ ബത്തേരിയിലെ മോബിഷ് തോമസിന്റെയും ജെയ്സിയുടെയും വീട് കാണുന്നവരെല്ലാം അങ്ങനെയേ പറയൂ. ആരുടെയും ഇഷ്ടം നേടുന്ന ‘ക്യൂട്ട്’ ഡിസൈൻ കൂടാതെ വീട് സൂപ്പർ ആകാൻ മറ്റൊരു കാരണം കൂടിയുണ്ട്. സാധാരണപോലെ കട്ടയും സിമന്റുമല്ല, ‘സ്റ്റീൽ ഫ്രെയിം’ ഉപയോഗിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്. വീടുപണി തീരാനെടുത്തതാകട്ടെ വെറും മൂന്ന് മാസവും.

‘ഇതൊരു തട്ടിക്കൂട്ട് വീടാണോ’ എന്ന സംശയമൊന്നും വേണ്ട. സാധാരണ വീടുകളെപ്പോലെ ഉറപ്പും ബലവുമെല്ലാം ഉള്ള രീതിയിലാണ് വീടിന്റെ നിർമാണം. 1400 ചതുരശ്രയടി വിസ്തീർണമുള്ള ഇരുനിലവീട്ടിൽ മൂന്ന് കിടപ്പുമുറിയടക്കമുള്ള സൗകര്യങ്ങളുണ്ട്. ഭംഗിക്കും യാതൊരു കുറവുമില്ല. കണ്ടാൽ സാധാരണവീടു പോലെയേ തോന്നൂ. സ്റ്റീൽ ഫ്രെയിമിൽ നിർമിച്ച വീടാണെന്ന് പറഞ്ഞാലല്ലാതെ മനസ്സിലാകില്ല.

steel2

‘എൽജിഎസ്എഫ്എസ്’അഥവാ ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം സ്ട്രക്ചർ രീതിയിലാണ് വീട് നിർമിച്ചിരിക്കുന്നത്. കട്ട കെട്ടി ചുമര് നിർമിച്ച് അതിനു മുകളിൽ കോൺക്രീറ്റ് ചെയ്യുന്നതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ‘എൽജിഎസ്എഫ്എസ്’ രീതിയിലുള്ള നിർമാണം. ഭിത്തി നിർമിക്കുന്ന പരിപാടി ഇവിടില്ല എന്നതാണ് പ്രത്യേകത. സ്റ്റീൽ ഫ്രെയിമിലാണ് വീട് തയാറാക്കുന്നത്. സ്റ്റീൽ ഫ്രെയിം ആങ്കർ ബോൾട്ട് ഉപയോഗിച്ച് അടിത്തറയിൽ ഉറപ്പിച്ച ശേഷം അതിൽ ഫൈബർ സിമന്റ് ബോർഡ് ഉറപ്പിച്ച് ഭിത്തി തയാറാക്കുകയും സ്റ്റീൽ ഫ്രെയിമിൽ ഡെക്കിങ് ഷീറ്റ് പിടിപ്പിച്ച് അതിനു മുകളിൽ കോൺക്രീറ്റ് ചെയ്ത് ഒന്നാം നിലയുടെ തറ തയാറാക്കുകയും ചെയ്യുന്ന രീതിയിലാണ് നിർമാണം. സാധാരണപോലെ ട്രസ്സ് റൂഫ് പിടിപ്പിച്ച് അതിൽ ഓടോ ഷീറ്റോ മേഞ്ഞ് മേൽക്കൂര തയാറാക്കുകയും ചെയ്യാം.

steel 2

വീടുപണി പെട്ടെന്ന് പൂർത്തിയാക്കാം എന്നതാണ് ഇത്തരത്തിലുള്ള നിർമാണം കൊണ്ടുള്ള പ്രധാന നേട്ടം. തൊഴിലാളികളുടെ എണ്ണം കുറയ്ക്കാം എന്നതിനാൽ ചെലവ് ഒരു പരിധി വരെ നിയന്ത്രിക്കാനാകും. സാധാരണ കെട്ടിടവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ട്രക്ചറിനു ഭാരം കുറവായതിനാൽ അടിത്തറ ചെലവുകുറഞ്ഞ രീതിയിൽ നിർമിക്കാം. പിന്നീട് വേണമെങ്കിൽ വീട് ‘റീഡിസൈൻ’ ചെയ്യുകയോ മറ്റെവിടേക്കെങ്കിലും മാറ്റി നിർമിക്കുകയോ ചെയ്യാം. ഇതിനായി ഉപയോഗിച്ചിരിക്കുന്ന സാധനങ്ങൾ അഴിച്ചെടുത്ത് പുനരുപയോഗിക്കാം.

1. സ്റ്റീൽ വോൾ ഫ്രെയിം ഉറപ്പിക്കുന്നു

st1

വീടിന്റെ ഡിസൈൻ അനുസരിച്ച് അടിത്തറ നിർമിച്ച ശേഷം ഓരോ ഭിത്തിയുടെയും അളവിലുള്ള സ്റ്റീൽ വോൾ ഫ്രെയിം തയാറാക്കും. ഒൻപത് െസമീ, 15 സെമീ അളവിലുള്ള ജിഐ ചാനൽ ഉപയോഗിച്ചാണ് വോൾ ഫ്രെയിം തയാറാക്കുന്നത്. ഈ സ്റ്റീൽ ഫ്രെയിമിലെ പൈപ്പുകൾ ആങ്കർ ബോൾട്ട് ഉപയോഗിച്ച് ഓരോ രണ്ട് അടി അകലത്തിലും അടിത്തറയിൽ ഉറപ്പിക്കും. ഇതാണ് നിർമാണത്തിന്റെ ആദ്യഘട്ടം.

2. ഒന്നാംനിലയ്ക്കു മുകളിൽ ഡെക്കിങ് ഷീറ്റ് പിടിപ്പിക്കുന്നു

st2

ഒന്നാംനിലയ്ക്കു മുകളിലായി സ്റ്റീൽ ഫ്രെയിമിൽ ഡെക്കിങ് ഷീറ്റ് പിടിപ്പിക്കുന്നതാണ് അടുത്തപടി. മുറികളുടെ വലുപ്പം അനുസരിച്ച് 0.8 എംഎം മുതൽ രണ്ട് എംഎം വരെ കനമുള്ള ഡെക്കിങ് ഷീറ്റ് ഇതിനായി ഉപയോഗിക്കാം. സ്ക്രൂ ചെയ്താണ് ഡെക്കിങ് ഷീറ്റ് ഉറപ്പിക്കുന്നത്. രണ്ടുനിലയാണെങ്കിൽ ഡെക്കിങ് ഷീറ്റ് പിടിപ്പിച്ച ശേഷം അടുത്ത നിലയുടെ സ്റ്റീൽ വോൾ ഫ്രെയിം ഉറപ്പിക്കും.

3. തറ കോൺക്രീറ്റ് ചെയ്യുന്നു

st3

‌ഡെക്കിങ് ഷീറ്റിനു മുകളിൽ കനം കുറച്ച് കോൺക്രീറ്റ് ചെയ്താണ് രണ്ടാംനിലയുടെ തറയൊരുക്കുന്നത്. ഇവിടെ സാധാരണപോലെ ടൈലോ ഗ്രാനൈറ്റോ ഒക്കെ വിരിച്ച് ഫ്ലോറിങ് പൂർത്തിയാക്കാം. കോൺക്രീറ്റ് ചെയ്യുന്നതിനു പകരം ഡെക്കിങ് ഷീറ്റിൽ ഫൈബർ സിമന്റ് ബോർഡ് പിടിപ്പിച്ച് അതിനു മുകളിൽ ടൈൽ ഒട്ടിച്ചും തറയൊരുക്കാം.

4. വയറിങ്Ðപ്ലമിങ് ജോലികൾ

st5

വോൾ ഫ്രെയിമിനുള്ളിലൂടെ വയറിങ്, പ്ലമിങ് എന്നിവയുടെ പൈപ്പുകൾ നൽകുന്നതാണ് അടുത്തഘട്ടം. തുടക്കത്തിലേ ഇതു രണ്ടിന്റെയും ലേഔട്ട് തയാറാക്കുന്നതിനാൽ ഏതുവഴിയെല്ലാമാണ് കേബിളുകൾ പോകുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാനാകും. അതനുസരിച്ച് ആവശ്യമുള്ളിടത്ത് സുഷിരങ്ങൾ ഇട്ടാണ് സ്റ്റീൽ വോൾ ഫ്രെയിം തയാറാക്കുന്നതു തന്നെ. ഭിത്തി മുറിച്ച് വയറിങ് ചെയ്യുന്നതുപോലെയുള്ള പ്രവൃത്തികൾ ഇവിടെ ആവശ്യമായി വരുന്നില്ല.

5. ഫൈബർ സിമന്റ് ബോർഡ് പിടിപ്പിക്കുന്നു

st4

സ്റ്റീൽ വോൾ ഫ്രെയിമിൽ ഫൈബർ സിമന്റ് ബോർഡ് പിടിപ്പിക്കുന്നതോടെ ചുമരുകൾ തയാറാകും. 12 എംഎം കനമുള്ള ബോർഡ് ആണ് പിടിപ്പിക്കുന്നത്. 8x4 അടി അളവിലാണ് ഫൈബർ സിമന്റ് ബോർഡ് ലഭിക്കുക. വോൾ ഫ്രെയിമിന്റെ രണ്ട് വശത്തും ഇത് പിടിപ്പിക്കും. ഇതുവഴി ഉളളിൽ ‘വാക്വം സ്പേസ്’ ലഭിക്കുന്നതിനാൽ വീടിനുള്ളിലെ ചൂട് കുറയും. ശബ്ദനിയന്ത്രണം, ചൂട് കുറയ്ക്കൽ എന്നിവയ്ക്കായുള്ള ഇൻസുലേഷൻ മെറ്റീരിയൽ വേണമെങ്കിൽ ഈ ഭാഗത്ത് നിറയ്ക്കുകയുമാകാം.

6. മേൽക്കൂരയ്ക്ക് ജിഐ ട്രസ്സ്

st6

രണ്ടാംനിലയുടെ മുകളിൽ ജിഐ ട്രസ്സ് പിടിപ്പിച്ച് അതിൽ ഓടോ ഷീറ്റോ മേയുന്നതാണ് നിർമാണത്തിന്റെ അവസാനഘട്ടം. ഷിംഗിൾസ് പോലെയുള്ള മെറ്റീരിയലും വിരിക്കാനാകും. ഫൈബർസിമന്റ് ബോർഡിൽ പുട്ടിയിട്ട് പെയിന്റ് ചെയ്യുന്നതോടെ ചുമര് സാധാരണപോലെയാകും. അതിനു ശേഷം ലൈറ്റ് ഫിക്സചറുകളും സാനിറ്ററിവെയറും പിടിപ്പിക്കാം.

Area: 1400 sqft

Owner: മോബിഷ് & ജെയ്സി

Location: സുൽത്താൻ ബത്തേരി

Design: ഹാഷിം മുഹമ്മദ് Construction: ODF ഗ്രൂപ്പ് പ്രീഫാബ്, കോഴിക്കോട് info@odfgrouup.in