ഒന്നാം നിലയിലെ ഈ പൂന്തോട്ടത്തിൽ ഇല്ലാത്തതായി ഒന്നുമില്ല. ആന്തൂറിയം, ഓർക്കിഡ്, അഡീനിയം, കണ്ണാടിച്ചെടി, ചെമ്പകം, ബൊഗെയ്ൻ വില്ല, പലതരം ഇലച്ചെടികൾ തുടങ്ങിയവയെല്ലാം കൊച്ചി തോപ്പുംപടിയിലെ എലിസബത്ത് നൈനാന്റെ ഊർജ സ്രോതസ്സുകളാണ്. ബേബി മറൈൻ ഗ്രൂപ്പിലെ കെ.സി. നൈനാന്റെ ഭാര്യയാണ് എലിസബത്ത്. 19 വർഷത്തോളമായി എലിസബത്ത് ഈ ഉദ്യാനം നട്ടുവളർത്തി പരിപാലിക്കാൻ തുടങ്ങിയിട്ട്. ഇവിടെയെത്തുന്ന ആരും ഈ പൂന്തോട്ടത്തിന്റെ മനോഹാരിതയെ പ്രശംസിക്കാതെ മടങ്ങാറില്ല.

ഒന്നാം നിലയിലാണ് ഇവർ താമസം. അതുകൊണ്ടാണ് ഇവിടെ പൂന്തോട്ടമൊരുക്കിയത്. താഴത്തെ നിലയിൽ കാർ പാർക്കിങ്ങിനോടു ചേർന്നും ചെറിയ ഗാർഡൻ ഉണ്ട്. ഒന്നാം നിലയിൽ ലോണും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടുത്തെ പച്ചപ്പിനു നടുവിലിരുന്ന് തൊട്ടടുത്തുള്ള കായൽക്കാഴ്ചകൾ ആസ്വദിക്കുമ്പോഴുള്ള സുഖമൊന്നു വേറെ തന്നെയെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.

രാസവളങ്ങളോ കീടനാശിനികളോ എലിസബത്ത് ഉപയോഗിക്കാറില്ല. ചാണകം, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങളാണ് ഈ ഗാർഡന്റെ ഭംഗിക്കു പിന്നിൽ. എല്ലാ സമ്മർദങ്ങളിൽ നിന്നും മനസ്സിനെ രക്ഷപ്പെടുത്താനുള്ള മാർഗമാണിതെന്ന് എലിസബത്ത് പറയുന്നു. മാത്രമല്ല, പ്രായമായിക്കഴിഞ്ഞാൽ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കേണ്ട ആവശ്യമില്ല; നമ്മുടെ ഇഷ്ടങ്ങൾക്ക് പ്രായമില്ല എന്ന സന്ദേശമാണ് എലിസബത്ത് സ്വന്തം ജീവിതത്തിലൂടെ പകർന്നു നൽകുന്നത്. പ്രത്യേകിച്ചും ഈ കൊറോണക്കാലത്ത്, ചെടികളെ പരിപാലിക്കുമ്പോഴും അവയ്ക്കായി സമയം നീക്കി വയ്ക്കുമ്പോഴും ലഭിക്കുന്ന പോസിറ്റീവ് എനർജി ചെറുതല്ല. ഗാർഡനിലെ പൂക്കൾ ഉപയോഗിച്ച് മുറികൾ അലങ്കരിക്കുന്നതും എലിസബത്തിന്റെ ഇഷ്ട വിനോദമാണ്.