മഴ പെയ്യുകയാണ്, പുറത്തിറങ്ങാൻ തന്നെ മടി. കാലത്ത് വൈകി എഴുന്നേറ്റ് ചൂടു ചായയും കുടിച്ച് മഴയും കണ്ടിരിക്കാൻ നല്ല രസം. പക്ഷേ, പൂന്തോട്ടസ്നേഹികൾക്ക് മഴക്കാലത്ത് ഇങ്ങനെ ഇരിപ്പുറയ്ക്കില്ല. ചെടികൾക്കൊക്കെ ആവശ്യത്തിനു വെള്ളം കിട്ടുന്നുണ്ടല്ലോ എന്നു കരുതി വെറുതെയിരിക്കാനുള്ള കാലമല്ല മഴക്കാലം. ചെടികൾ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന കാലമാണിത്. മഴക്കാലത്ത് പൂന്തോട്ടം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും എന്തെല്ലാമാണെന്നു നോക്കാം.
മഴവെള്ളത്തിലൂടെ എത്തുന്ന പൂപ്പൽ പല ചെടികളെയും ആക്രമിക്കാം. കീടങ്ങളുടെ ആക്രമണം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സമയവും മഴക്കാലം തന്നെ. ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് ഇതിന്റെ പ്രധാന പരിഹാരം. ഏതുതരം ചെടികൾക്കും ശരിയായ നീർവാർച്ച ആവശ്യമാണ്. പെട്ടെന്ന് തണ്ട് ചീയുന്ന ചെടികൾക്ക് പ്രത്യേക ശ്രദ്ധവേണം. നിലത്തു നട്ട ചെടികളുടെ ചുവട്ടിൽ ആവശ്യമെങ്കിൽ മണ്ണിട്ട് ഉയർത്തണം. ചട്ടിയിൽ വച്ച ചെടികൾ വേണ്ടിവന്നാൽ മഴയിൽ നിന്ന് മാറ്റിവയ്ക്കണം.

ചില ചെടികളുടെ തണ്ടിന് ആവശ്യത്തിന് ബലമുണ്ടാകില്ല. കാറ്റും മഴയും വരുമ്പോൾ തണ്ട് ഒടിഞ്ഞുപോകാൻ സാധ്യതയുണ്ട്. മഴ തുടങ്ങുന്നതിനു മുമ്പുതന്നെ കൊമ്പുകോതി നിർത്തിയാൽ ആ പ്രശ്നം വലിയൊരു പരിധിവരെ പരിഹരിക്കാം. മഴ തുടങ്ങിയ ശേഷവും വേണമെങ്കിൽ കമ്പ് വെട്ടി വൃത്തിയാക്കി നിർത്തണം.
കമ്പുകോതുന്നത് ചെടിക്ക് പുതിയ ഉണർവ് നൽകാനും സഹായിക്കും. പുതിയ മുകുളങ്ങൾ വരും, ഇലകളും ചില ചെടികളിൽ പൂക്കളും വരും. പൊതുവേ മഴക്കാലത്ത് പൂക്കൾ കുറവായിരിക്കും. എങ്കിലും ചില ചെടികളിൽ പൂക്കളുണ്ടാകും. പൂക്കുന്ന ചെടികൾക്ക് പരമാവധി വെയിൽ കിട്ടുവാൻ ശ്രദ്ധിക്കണം.
മഴക്കാലത്ത് പൂപ്പൽ, പായൽ അണുബാധ എന്നിവയൊക്കെ തടയാൻ മരുന്നടിക്കേണ്ടിവരാറുണ്ട്. മഴ വന്ന് ഇലകളിൽ പതിക്കുമ്പോൾ മരുന്ന് ഒഴുകിപ്പോകാൻ ഇടയുണ്ട്. പെട്ടെന്നുതന്നെ ചെടി വലിച്ചെടുക്കുന്ന മരുന്നുകൾ പ്രയോഗിക്കുന്നതാണ് ഈ സമയത്ത് നല്ലത്. മഴയില്ലാത്ത സമയത്തുവേണം മരുന്നടിക്കാൻ.

മഴക്കാലത്ത് ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താൻ അൽപം വളം കൂടി ചേർത്തു കൊടുക്കുന്നതു നല്ലതാണ്. മഴക്കാലത്ത് ചാണകപ്പെടി പൂപ്പലിന്റെ വാഹകനാകാൻ സാധ്യത കൂടുതലാണ്. സ്റ്റെറാമീൽ, പിണ്ണാക്ക് വളം തുടങ്ങിയ വളങ്ങളാണ് മഴക്കാലത്തേക്ക് കൂടുതൽ നല്ലത്. മണ്ണിന്റെ pH മൂല്യം തുലനം ചെയ്യാൻ ചെറിയ തോതിൽ കുമ്മായം ചേർത്തു കൊടുക്കുന്നത് നല്ലതാണ്. കുമ്മായം കൂടിയാൽ ചെടികൾ നശിച്ചുപോകാൻ സാധ്യതയുണ്ട്.
കളകളുടെ ശല്യം ഏറ്റവും കൂടുതൽ ഉണ്ടാകുന്ന സമയം കൂടിയാണ് മഴക്കാലം. ചെടിയുടെ ചുവട്ടിൽ ചാണകം ഇട്ടാൻ കളയുടെ അളവു കൂടാൻ സാധ്യതയുണ്ട്. ഓരോ ദിവസവും കളകൾ പിഴുതുമാറ്റാൻ സാധിച്ചാൽ അതാണ് നല്ലത്. കുറഞ്ഞത് ആഴ്ചയിൽ ഒരിക്കലെങ്കിലും കളകൾ പിഴുതിമാറ്റി പൂന്തോട്ടം വൃത്തിയാക്കിയിട്ടാൽ പിന്നീടുള്ള പരിചരണം എളുപ്പമാകും.
വിവരങ്ങൾക്കു കടപ്പാട്: കൃഷ്ണകുമാർ, ലാൻഡ്ക്രാഫ്ട് ലാൻഡ്സ്കേപ്പിങ്, തിരുവനന്തപുരം. ഫോൺ: 8304943267