ഒരുപാട് പൂക്കൾ ഉണ്ടെങ്കിലേ തോട്ടം ഭംഗിയാകൂ എന്നാണ് പലരുടെയും ധാരണ. എന്നാൽ ചെടികൾ ഭംഗിയായി ഒരുക്കുന്നതാണ് തോട്ടത്തിന്റെ സൗന്ദര്യം എന്നു വിശ്വസിക്കുന്നവരുമുണ്ട്. കൊല്ലം തില്ലേരിനഗർ സ്വദേശി ജോൺ ഗോമസിന്റെ വീട്ടുമുറ്റം പച്ചപ്പുകൊണ്ട് സമൃദ്ധമാണ്. ജോണിന്റെ വീട്ടുമുറ്റത്തെത്തുന്നവർ ആർക്കുംതന്നെ ആ സൗന്ദര്യം ആസ്വദിക്കാതിരിക്കാൻ കഴിയില്ല.
നഗരത്തിനുള്ളിലായതിനാൽ ചെറിയ സ്ഥലത്താണ് ജോണിന്റെ വീട്. സ്കൂട്ടർ മാത്രം കടന്നുവരുന്ന വഴി അവസാനിക്കുന്നിടത്തുള്ള, വള്ളിച്ചെടികൾ കൊണ്ട് അലങ്കരിച്ച ഗേറ്റ് തന്നെ അകത്തെ കാഴ്ചകളുടെ ഏകദേശരൂപം പറഞ്ഞുതരും.

പോത്തോസിന്റെ വിവിധയിനങ്ങളും ഫിലോഡെൻഡ്രോണിന്റെ ചിലയിനങ്ങളുമാണ് മുറ്റത്തേക്കു കയറിയാൽ പ്രധാനമായി കാണുക. പച്ചനിറത്തിന്റെ വിവിധ ഷേഡുകളും വെള്ളയും തമ്മിലുള്ള കോംബിനേഷൻ എത്ര ഭംഗിയാണ്! മഞ്ഞ കലർന്ന പച്ചയോടു കൂടിയ ഗോൾഡൻ പോത്തോസ്, വെള്ളയും പച്ചയും ഇടകലർന്ന മാർബിൾ ക്യൂൻ പോത്തോസ്, വെള്ളയും പച്ചയും കലർന്ന മറ്റൊരിനമായ എൻജോയ് പോത്തോസ്, മഞ്ജുള പോത്തോസ്, ഇളം മഞ്ഞയുടെ സൗന്ദര്യവുമായി നിയോൺ പോത്തോസ്... മണിപ്ലാന്റിന്റെ ഇലകളുടെ സൗന്ദര്യം പറഞ്ഞറിയാക്കാൻ പ്രയാസമാണ്.
മഞ്ഞയിൽ പച്ച അരികോടു കൂടിയ റിബൺ പ്ലാന്റാണ് തോട്ടത്തിന്റെ മറ്റൊരു ആകർഷണം. ഫിലോഡെൻഡ്രോണിന്റെ ചിലയിനങ്ങൾ ഭിത്തിയിലെ ടെറാക്കോട്ട പോട്ടിലിരിക്കുന്നു. ടെറാക്കോട്ട ചട്ടിയോ വെള്ള ഫൈബർ പോട്ടോ ആണ് ചെടികൾ വയ്ക്കാൻ പ്രധാനമായി ഉപയോഗിച്ചിട്ടുള്ളത്.
ചെറുപ്പം മുതലേ ചെടികളോട് ഭ്രമമാണ് ജോണിന്. കൂടാതെ കിളികൾ, പേർഷ്യൻ പൂച്ച, വിവിധയിനം നായ്ക്കൾ എന്നീ വളർത്തു മൃഗങ്ങളുടെ പരിപാലനവും ജോണിന്റെ പ്രിയപ്പെട്ട ഹോബിയാണ്. ഇപ്പോൾ അതൊരു ജീവിതമാർഗം കൂടിയാണ്. കിളികളെയും വളർത്തുമൃഗങ്ങളെയും വാങ്ങാൻ വരുന്നവർ ചെടിയുടെ അഴകിൽ ആകൃഷ്ടരായി വാങ്ങിപ്പോകാറുണ്ടെന്ന് ജോൺ പറയുന്നു. വിവാഹം, മാമോദീസ തുടങ്ങിയ വിശേഷദിവസങ്ങളിൽ വീട് അലങ്കരിക്കാൻ ചെടികൾ സെറ്റ് ചെയ്തു കൊടുക്കാറുമുണ്ട്.

ചെടികൾ ഭംഗിയായി വയ്ക്കുന്നതിൽ കുടുംബത്തിന്റെ ശക്തമായ പിൻതുണയുണ്ടെങ്കിലും വെള്ളമൊഴിക്കലും വളമിടലുമെല്ലാം ജോൺ തന്നെയാണ് പ്രധാനമായി ചെയ്യുന്നത്. വീട് പുതുക്കിപ്പണിതപ്പോൾ മുൻവശത്ത് ചരിച്ച് ഷീറ്റിട്ടത് ചെടി പടർത്താൻ വേണ്ടിയായിരുന്നു. അവിടെ പടർന്നു നിൽക്കുന്ന ‘ക്യാറ്റ്സ് ക്ലോ’ വേനൽക്കാലത്ത് പുരപ്പുറത്ത് മഞ്ഞവസന്തം തീർക്കും. മുൻവശത്തെ ഭിത്തിയോടു ചേർന്ന് പണിത ഫിഷ് ടാങ്കിനു ചുറ്റുമുണ്ട് ചെടികൾ. ഫിഷ് ടാങ്ക് കൂടാതെ, ഒരു വാട്ടർ ബോഡി പണിത് അതിൽ ആമസോൺ സ്വേഡ് പ്ലാന്റ്, പീസ് ലില്ലി തുടങ്ങിയ ചെടികൾ വച്ച് ഭംഗിയാക്കി. കോൺക്രീറ്റ് കൊണ്ട് ഒരു മരം ചെയ്ത് അതിന്റെ വേരുകൾക്കിടയിൽ വെള്ളം കെട്ടിനിൽക്കുന്നതുപോലെയാണ് അലങ്കാരക്കുളം സൃഷ്ടിച്ചത്.
ദ്രവിച്ച തടി എവിടെക്കണ്ടാലും വിട്ടുകളയാറില്ലെന്ന് ജോൺ പറയുന്നു. ‘‘അഴുകി ദ്രവിച്ച തടി നന്നായി ഉരച്ചുകഴുകി അതിൽ അണുനാശിനി പുരട്ടും. കുറച്ചു ദിവസങ്ങൾക്കു ശേഷം അതിൽ ചെടി വച്ച് ഭംഗിയാക്കും.’’ തടി മാത്രമല്ല, ഉപയോഗശൂന്യമായ എന്തിലും ചെടിവയ്ക്കുന്ന സ്വഭാവം ജോണിനുണ്ട്. കുറച്ചു നാൾ മുൻപ് വരെ കുപ്പികളിൽ വെള്ളം നിറച്ച് മണിപ്ലാന്റ് വയ്ക്കുന്ന പതിവുണ്ടായിരുന്നു. ഇൻഡോർ പ്ലാന്റ്സ് ആയതിനാൽ അകത്തും പുറത്തുമുള്ള ചെടികളെ എപ്പോഴും സ്ഥാനം മാറ്റിക്കൊണ്ടിരിക്കാറുണ്ട്.

ഇൻഡോർ പ്ലാന്റ്സ് ആണ് കൂടുതലെങ്കിലും ബ്ലീഡിങ് ഹാർട് പോലുള്ള ചില പൂച്ചെടികൾ പച്ചപ്പിനിടയിൽ പൂക്കൂടകളുമായി എത്തിനോക്കാറുണ്ട്.
ഉണങ്ങിയതോ മഞ്ഞനിറമായതോ പുഴുക്കുത്തുള്ളതോ ആയ ഒരൊറ്റ ഇല പോലും ഇവിടെ കാണില്ല. ചെടികളെല്ലാം എപ്പോഴും ഉഷാറോടെ ഇരിക്കും. അഴകുള്ള തോട്ടത്തിന് കൃത്യമായ പരിപാലനം എന്നതു മാത്രമാണ് ജോണിന്റെ വിജയമന്ത്രം.