Monday 13 September 2021 04:29 PM IST

ഈ ചെടികൾ വീട്ടിലുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ട്രെൻഡിനൊപ്പമാണ്

Sreedevi

Sr. Subeditor, Vanitha veedu

sree

എത്ര സ്ഥലമില്ലെന്ന് പറഞ്ഞാലും രണ്ടോ മൂന്നോ ചെടിച്ചട്ടികൾ അകത്തളത്തിലെങ്കിലും ഇല്ലാത്ത ഒരു വീടും ഇപ്പോൾ കാണില്ല. കഴിഞ്ഞ രണ്ട് വർഷമായി നമ്മുടെ മുറ്റവും അകത്തളവും കീഴടക്കിയത് വളരെ പുതിയ ചെടികൾ ഒന്നുമല്ല. നേരത്തെ ഉണ്ടായിരുന്നെങ്കിലും കോവിഡ് കാലത്തിനുശേഷം ട്രെൻഡ് ആയ ചെടികൾ ഏതെല്ലാമാണെന്ന് നോക്കാം. 

അഗ്ലോണിമ

sree3

വീടിനകത്തും പുറത്തും വയ്ക്കാവുന്ന അലങ്കാരച്ചെടിയാണ് അഗ്ലോണിമ. ഇക്കാലത്ത് നഴ്സറികളിൽ ഏറ്റവും വിറ്റുപോകുന്ന ചെടികളിൽ ഒന്നാണ് ഇത്. ഇരുപതിലേറെ ഇനങ്ങൾ വിപണിയിൽ ഉണ്ട്. പച്ച, പച്ചയിൽ വെള്ള ഡിസൈനുകൾ ഉള്ളത്, ചുവന്ന ഇലകളോടു കൂടിയവ എന്നിങ്ങനെ ഇലകളിലെ വൈവിദ്ധ്യമാണ് അഗ്ലോണിമയുടെ ഭംഗി. ചെടിയുടെ ചുവട്ടിൽ ഉണ്ടായിവരുന്ന തൈയോ തണ്ടുകളോ ഉപയോഗിച്ച് പുതിയ ചെടി ഉണ്ടാക്കാം. കൂടുതൽ മഴയോ കൂടുതൽ വെയിലോ ഇഷ്ടപ്പെടുന്നില്ല ഈ ചെടി. എന്നാൽ സൂര്യപ്രകാശവും ഈർപ്പവും വേണം താനും. സിറ്റ്ഔട്ട്, സൺഷേഡ് എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കാം.

പോത്തോസ്

mon2

ഒരു കുപ്പി വെള്ളത്തിൽ ഇട്ട മണിപ്ലാന്റ് കാണാതെ വീടോ ഓഫിസോ ഉണ്ടാകില്ല. മണിപ്ലാന്റിന്റെ മറ്റൊരു പേരാണ് പോത്തോസ്. മണ്ണിലും വെള്ളത്തിലും വളരും. പൊതുവേ വീടിനകത്തേക്കാണ് എല്ലാവരും തിരഞ്ഞെടുക്കുക. കാര്യമായ പരിചരണം ആവശ്യമില്ല. സൂര്യപ്രകാശം കിട്ടാത്ത സ്ഥലത്തും നന്നായി വളരും എന്നീ പ്രത്യേകതകൾ ഉണ്ട്. കിങ് പോത്തോസ്, നിയോൺ പോത്തോസ്, വൈറ്റ് പോത്തോസ് എന്നിവയ്ക്ക് ഡിമാന്റ് കൂടുതലാണെന്ന് കോഴിക്കോട് ഡ്യൂഡ്രോപ്സ് എന്ന അലങ്കാരച്ചെടികളുടെ കട നടത്തുന്ന കാർത്തിക ആകാശ് പറയുന്നു. 

സീസീപ്ലാന്റ്

zee1

ഏറ്റവും കുറവ് സൂര്യപ്രകാശത്തിലും നന്നായി വളരുന്ന ചെടികളിൽ ഒന്നാണ് സീസീ പ്ലാന്റ്. ഇന്റീരിയറിൽ മാത്രമല്ല, നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത സിറ്റ്ഔട്ട്, കോർട് യാർഡ് എന്നിവിടങ്ങളിലും ഈ ചെടി നന്നായി വളരും. പുതിയ പൊടിപ്പുകളിൽ നിന്നും തണ്ടിൽ നിന്നും പുതിയ ചെടി ഉണ്ടാക്കാം. രണ്ട് ആഴ്ചയിൽ ഒരിക്കൽ മതി നന. ഇടയ്ക്കിടെ ഇലകൾ തുടച്ചു കൊടുത്താൽ മതി. കാര്യമായ കീടബാധയില്ല.

ഫിലോഡെൻഡ്രോൺ

sree5

മണിപ്ലാന്റുമായി സാമ്യമുള്ള ചിലയിനം ഫിലോഡെൻഡ്രോണാണ് നമ്മുടെ നാട്ടിൽ ഏറ്റവും പ്രചാരത്തിലുള്ളത്. പ്ലാന്റർബോക്സുകളിൽ നിറച്ചു വയ്ക്കാനും വെള്ളത്തിൽ ഇട്ടു വളർത്താനുമൊക്കെ ഒരുപോലെ അനുയോജ്യമായ ചെടിയാണിത്. സ്റ്റിക്കിൽ പിടിച്ചു പടർന്ന് നിൽക്കുന്ന ഈ ചെടി സുന്ദരമായ കാഴ്ചയാണ്. വലുപ്പമുള്ള പച്ച ഇലകളോടു കൂടിയ ഈ ചെടികൾ മിതമായ സൂര്യപ്രകാശം ഇഷ്ടപ്പെടുന്നു. നന ആവശ്യമാണ്. കൂടുതൽ പരിചരണമൊന്നും വേണ്ട. വീടിനകത്തും പുറത്തെ ഷേഡിലും നന്നായി വളരും. 

മോൺസ്റ്റേറ പ്ലാന്റ്

sree4

ട്രോപ്പിക്കൽ, സബ് ട്രോപ്പിക്കൽ സ്ഥലങ്ങളുടെ പ്രതിനിധിയാണ് മോൺസ്റ്റേറ. ഇടയിൽ വിടവുകളോടു കൂടിയ ഇലകളുള്ള മോൺസ്റ്റേറ സാധാരണ തെങ്ങിലും വലിയ മരങ്ങളിലും പടർന്നു കയറുന്ന പതിവുണ്ട്. എന്നാൽ നന്നായി വെയിൽ ലഭിക്കുന്ന മുറ്റത്തും അത്യാവശ്യം സൂര്യപ്രകാശമെത്തുന്ന അകത്തളങ്ങളിലും മോൺസ്റ്റേറ ഇടംപിടിച്ചു കഴിഞ്ഞു. കാര്യമായ പരിചരണം ആവശ്യമില്ല എന്നതുതന്നെയാണ് മോൺസ്റ്റേറയ്ക്ക് ആരാധകർ കൂടുന്നതിനു പിന്നിൽ. തണ്ടിൽ തന്നെ വളരുന്ന വേരുകൾ ഉള്ള ഭാഗം മുറിച്ചു നട്ടു പുതിയ ചെടി ഉണ്ടാക്കാം. മോൺസ്റ്റേറയുടെ പത്തിലധികം ഇനങ്ങൾ വിപണിയിൽ ഉണ്ട്.