Thursday 11 February 2021 03:44 PM IST

വീടിന് ലളിതമായ ഡിസൈൻ തേടി നടക്കുന്നവരാണോ? ഇഷ്ടികയുടെ നിറവും ഗ്ലാസിന്റെ സാന്നിധ്യവും കൊണ്ട് ആകർഷകമായ എക്സ്റ്റീരിയർ, ശുദ്ധവായുവും സൂര്യപ്രകാശവും നിറയുന്ന ഇന്റീരിയർ

Sreedevi

Sr. Subeditor, Vanitha veedu

chittoor1

ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ദമ്പതികള്‍ക്കും അവരുടെ പ്രായമായ അച്ഛനും വേണ്ടി നിർമിച്ച ഒരു കൊച്ചു വീടാണിത്. വീട്ടുകാരുടെ ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട് ഈ വീടിന്റെ ഓരോ അംശത്തിലും. കാറ്റും വെളിച്ചവും കയറിയിറങ്ങുന്ന അകത്തളങ്ങളോടു കൂടിയ ലളിതമായ പ്ലാൻ ആണ്. ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അടുക്കള, വർക്ഏരിയ എന്നിവയ്ക്കു പുറമേ, താഴെ രണ്ട് കിടപ്പുമുറികളും വിദേശത്തുള്ള മക്കൾ നാട്ടിലെത്തുമ്പോൾ താമസിക്കാൻ മുകളിൽ ഒരു കിടപ്പുമുറിയും ഒരുക്കി. നേർരേഖകൾക്കു പ്രാധാന്യം നൽകിയതിനാൽ വീട് പരിചരണം പ്രയാസമേറിയ കാര്യമാകുന്നില്ല എന്നതാണ് ഇവിടെ പ്രസക്തം. 1800 സ്ക്വയർഫീറ്റാണ് ആകെ വിസ്തീർണ്ണം.

chitto3

കന്റെംപ്രറി മിനിമലിസ്റ്റിക് ശൈലിയിലുള്ള വീട് വേണം എന്ന ആവശ്യവുമായാണ് ശിവകുമാറും അനിതയും ആർക്കിടെക്ട് ജോർജ് ജെ. ചിറ്റൂരിനെ സമീപിച്ചത്. നിർമാണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരായിരുന്നു വീട്ടുകാർ. ലളിതമാണെങ്കിലും വീടിന്റെ വ്യക്തിത്വം വ്യക്തമാക്കുന്ന എക്സ്റ്റീരിയർ ആണ്. വെളുത്ത നിറമുള്ള ഭിത്തികളാണ് പ്രധാന റോൾ കയ്യടക്കുന്നതെങ്കിലും ഇഷ്ടികയുടെ നിറവും ഗ്ലാസിന്റെ സാന്നിധ്യവും എക്സ്റ്റീരിയർ കാഴ്ചയുടെ ആഴം കൂട്ടുന്നു. വീടിന്റെ അകത്തളത്തെ ഏറ്റവും ഭംഗിയാക്കുന്നത് എന്ത് എന്നു ചോദിച്ചാൽ ‘അനുസ്യൂതം ഒഴുകിയെത്തുന്ന ശുദ്ധവായുവും സൂര്യപ്രകാശവും’ എന്നായിരിക്കും ഉത്തരം. കോമണ്‍ ഏരിയയിലെ വലിയ ജനലുകൾ അകത്ത് കാറ്റും വെളിച്ചവും നിറയ്ക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ഡൈനിങ്ങിൽ നിന്ന് പുറത്തെ പൂന്തോട്ടത്തിലേക്കുള്ള ഭിത്തി മുഴുവൻ നിരക്കി നീക്കാവുന്ന ജനലുകളാണ്. കൂടാതെ ഡൈനിങ്ങിലെ ഒരു ഭിത്തിയോടു ചേർന്ന് സീലിങ്ങിൽ ഗ്ലാസ് ഇട്ട് പ്രകാശസ്രോതസ്സും സൃഷ്ടിച്ചിട്ടുണ്ട്. ഗോവണിയോടു ചേർന്ന ഭിത്തിയിലും അകത്തളത്തെ പ്രകാശപൂരിതമാക്കാൻ പര്യാപ്തമായ വലിയ ജനൽ ആണ്.

chittoor4

ജനൽപ്പാളികൾ എല്ലാം അലുമിനിയം കൊണ്ടു നിർമിച്ചവയാണ്. തന്റെ പ്രോജക്ടുകളിൽ അലുമിനിയം, യുപിവിസി എന്നിവയാണ് കൂടുതൽ ഉപയോഗിക്കുന്നതെന്ന് ആർക്കിടെക്ട് ജോർജ് ജെ. ചിറ്റൂർ പറയുന്നു. ‘‘തടിയുടെ ഉപയോഗം കുറയ്ക്കാം എന്ന ചിന്തയാണ് മെറ്റൽ ജനലുകൾ തിരഞ്ഞെടുക്കാൻ ഒരു കാരണം. തടി ജനലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ വെളിച്ചം കയറിവരാൻ സൗകര്യമുള്ളത് അലുമിനിയം ജനലുകളിലാണ്. മാത്രമല്ല, ഈയിടെയായി നമ്മുടെ നാട്ടിൽ കാലാവസ്ഥാ വ്യതിയാനം വളരെ കൂടതലാണ്. ഇത് തടിയെ ബാധിക്കുന്നുണ്ട്. അപ്പോൾ മെയിന്റനൻസ് കൂടുതൽ വരും. ഇതെല്ലാം മെറ്റൽ ജനലിലേക്കു മാറാൻ കാരണമായി.’’

chittoor3

പ്രകൃതിയിലേക്ക് പൂർണമായും തുറക്കുന്ന ഡിസൈനാണ് വീടിന്. കൂടുതൽ സമയം വീട്ടിൽ ചെലവഴിക്കുന്ന വീട്ടുകാരുടെ മാനസികമായ ഉല്ലാസത്തിന് അത് വളരെ സഹായിക്കും. ലിവിങ് ഏരിയയിൽ നിന്നും ഡൈനിങ് ഏരിയയിൽ നിന്നും ഗാർഡൻ സ്പേസിലേക്ക് തുറക്കുന്ന രണ്ട് വാതിലുകളാണ് പച്ചപ്പിന്റെ കാഴ്ചകളെ അകത്തേക്ക് എത്തിക്കുന്നത്. കൂടാതെ വലിയ ജനലുകളാണ് നിർമിച്ചത്. ഈ ജനലുകൾ വീടിന്റെ അകവും പുറവും തമ്മിലുള്ള അതിർത്തികളെ മായ്ച്ചുകളയാൻ സഹായിക്കുന്നു. ചില ജനലുകൾ പൂർണമായി നിരക്കി നീക്കാവുന്നവയാണ്.താഴത്തെ നിലയാണ് വീട്ടുകാർ കൂടുതൽ ഉപയോഗിക്കുന്നത്. എല്ലാം പെട്ടെന്ന് കയ്യെത്താവുന്ന വിധത്തിൽ ആയിരിക്കണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. അതുകൊണ്ടുതന്നെ സങ്കീർണമായ ഒന്നും തന്നെ ഇവിടെയില്ല. ഫർണിച്ചറിലും ജനൽ–വാതിലുകളിലുമെല്ലാം ഈ ലാളിത്യം പ്രകടമാണ്. അകത്തളത്തിന് പ്രസന്നഭാവം നൽകുന്നതിൽ വെളുത്ത പെയിന്റും മികച്ച പിന്തുണ നൽകുന്നു.

chittoor2

കോർട്‌യാർഡുകൾക്കും ചെടികൾക്കും വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. വീടിന്റെ മുന്നിലും ഒരു വശത്തുമുള്ള ഗാർഡൻ സ്പേസുകളെ വീടിന്റെ സത്ത് എന്നു വിശേഷിപ്പിക്കാം. വീടിനു ചുറ്റുമുള്ള ചെടികൾ കൂടാതെ ഇന്റീരിയർ ചെടികളും വീട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. ഗോവണിയുടെ താഴെയുള്ള ഭാഗം ഇന്റീരിയർ കോർട്‌യാർഡ് എന്ന രീതിയിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പ്ലോട്ടിൽ ഉണ്ടായിരുന്ന ചില മരങ്ങളും വെട്ടാതെ സംരക്ഷിച്ചു.വീടിന്റെ അലങ്കാരത്തിനുവേണ്ടി ഒന്നും പ്രത്യേകമായി ചെയ്തില്ല. ഫോൾസ് സീലിങ് പോലെ കൃത്രിമമായ ഒന്നും തന്നെ വേണ്ട എന്ന് നേരത്തേ തീരുമാനിച്ചിരുന്നു. സീറ്റിങ്, ലൈറ്റിങ് എല്ലാം ആർക്കിടെക്ചറിന്റെ ഭാഗമാക്കി മാറ്റി. ഫ്ലോട്ടിങ് സ്വഭാവം പ്രകടിപ്പിക്കുന്ന രീതിയിലാണ് സ്പേസ് ക്രമീകരിച്ചിരിക്കുന്നത്. ഡൈനിങ്ങ് ഡബിൾ ഹൈറ്റിൽ നിർമിച്ചു. മുകളിലെ നിലയിലെ മുറികളുമായുള്ള വിനിമയത്തെ സഹായിക്കുന്നു ഈ ഡബിൾ ഹൈറ്റ്. ഡൈനിങ്ങിലെ ഭിത്തികളുടെ വ്യത്യസ്തമായ ക്രമീകരണത്തിലൂടെ വെളിച്ചത്തിന്റെ നാടകീയത സൃഷ്ടിക്കാൻ ശ്രമിച്ചു.

ഇഷ്ടിക കൊണ്ടാണ് ഭിത്തികളുടെ നിർമാണം. വാതിലുകളുടെ നിർമാണത്തിനു മാത്രം തടി ഉപയോഗിച്ചു. അത്യാവശ്യ ഫർണിച്ചർ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഫാബ്രിക് അപ്ഹോൾസ്റ്ററി ചെയ്ത സോഫയും ഡൈനിങ് ടേബിളും ലളിതമായ ഘടനയുള്ള കട്ടിലുകളുമെല്ലാം മെയിന്റനൻസ് കുറവ് മനസ്സിൽ വച്ച് എടുത്തതാണ്.ആഡംബരങ്ങൾ ഇല്ലെങ്കിൽ വീടിന്റെ ഭംഗി കുറയും എന്ന ധാരണയിൽ നിന്ന് സാധാരണക്കാരെ അകറ്റി നിർത്താൻ ഇത്തരം ലളിതമായ വീടുകൾ സഹായിക്കും. ഇനിയുള്ള കാലം ചെറിയ, ലളിതമായ വീടുകളുടേത് ആകുമെന്ന് പ്രതീക്ഷിക്കാം.

chitoor 5

ഡിസൈൻ: ആർക്കിടെക്ട് ജോർ‌ജ് ജെ ചിറ്റൂർ

ജോർജ് ജെ ചിറ്റൂർ ഡിസൈൻ‌സ്

georgejchittoor@gmail.com

Tags:
  • Vanitha Veedu