ചെറിയ വീടാണെങ്കിലും ഭംഗിയുള്ളതാവണം, സന്തോഷത്തോടെ അവിടെ ജീവിക്കാനാവണം. വീട്ടിൽ വരുന്നവർക്കും സന്തോഷം തോന്നണം. കോട്ടയം ജില്ലയിലെ നെടുങ്ങാടപ്പള്ളി സ്വദേശികളായ ജയകുമാറിനും മാഗിക്കും വീടിനെക്കുറിച്ച് ഇത്രയൊക്കെ ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. മാത്രവുമല്ല, 1000 ചതുരശ്രയടിക്കു താഴെയുള്ള വീട് മതിയെന്ന നിലപാടായിരുന്നു വീട്ടുകാർക്ക്. ജയകുമാറിന്റെ സുഹൃത്ത് കൂടിയായ ആർക്കിടെക്ട് റെനീഷ് ഗോപാലകൃഷ്ണൻ വീട്ടുകാരുടെ മനസ്സറിഞ്ഞ്, വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു.
ഒറ്റനില വീട് മതിയെന്നതും പതിനഞ്ച് ലക്ഷത്തിൽ ഒതുക്കണമെന്നതുമായിരുന്നു മറ്റ് താൽപര്യങ്ങൾ. ബാത്റൂം അറ്റാച്ഡ് ആയ രണ്ട് കിടപ്പുമുറികളോടു കൂടിയ, മികച്ച സൗകര്യങ്ങളുള്ള വീട് 965 ചതുരശ്രയടിയിൽ ഒതുക്കാൻ ആർക്കിടെക്ട് റെനീഷ് ഗോപാലകൃഷ്ണനു സാധിച്ചു. കോവിഡിനു ശേഷം നിർമാണസാമഗ്രികളുടെയെല്ലാം വില കൂടിയതിനാൽ ചെലവ് അൽപം കൂടി. 17 ലക്ഷത്തിനാണ് വീട് പൂർത്തീകരിച്ചത്.
പ്ലോട്ടിൽ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ച് ആ സ്ഥാനത്താണ് പുതിയ വീടുവയ്ക്കാൻ തീരുമാനിച്ചത്. പഴയ വീടിന്റെ ഉത്തരവും കഴുക്കോലുകളും ജനൽ–വാതിലുകളുമെല്ലാം തടി കൊണ്ടുള്ളതായിരുന്നു. വെള്ളം വലിഞ്ഞു പാകം വന്ന, ഗുണമേന്മയുള്ള ആ തടി ഇവിടെ പൂർണമായി ഉപയോഗിച്ചു. പഴയ വീടിന്റെ ഓടും പ്രയോജനപ്പെടുത്തി. കോൺക്രീറ്റ് ചെയ്ത് എക്സ്റ്റീരിയറിന്റെ ഭംഗിക്കുവേണ്ടി വീടിന്റെ മുൻവശത്തു മാത്രമാണ് ഓടിട്ടത്.

ഇന്റർലോക്ക് സിമന്റ് ബ്രിക് കൊണ്ടാണ് ഭിത്തികൾ നിർമിച്ചത്. തേപ്പ് കഴിവതും ഒഴിവാക്കാം എന്ന ലക്ഷ്യമായിരുന്നു ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചതിനു പിറകിൽ. വീടിന്റെ മുൻവശത്ത് ചെറിയ ഭാഗത്തു മാത്രമേ സിമന്റ് പ്ലാസ്റ്ററിങ് ചെയ്തിട്ടുള്ളൂ. അകത്ത് ജിപ്സം പ്ലാസ്റ്റർ ചെയ്തതിനാൽ ചെലവ് കുറയ്ക്കാൻ കഴിഞ്ഞു. ജിപ്സം പുട്ടിക്ക് പകരമാവുകയും ചെയ്യും. വീടിനുള്ളിലെ ചൂട് കുറയ്ക്കാനും ജിപ്സം സഹായിക്കും. തേക്കാത്ത ഭാഗങ്ങളിൽ കട്ടകളിൽ നേരിട്ട് ഇഷ്ടനിറത്തിലുള്ള പെയിന്റ് അടിക്കുകയായിരുന്നു.

പുതിയ വീടുകളിലെല്ലാംതന്നെ കോർട്‌യാർഡ് നിർമിക്കാറുള്ളത് വീട്ടുകാർ ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്നാൽ ചെറിയ വീടായതിനാൽ സാധ്യമാകുമോ എന്ന ആശങ്കയോടെയാണ് വീട്ടുകാർ കോർട്‌യാർഡ് എന്ന സ്വപ്നം ആർക്കിടെക്ടിനു മുന്നിൽ അവതരിപ്പിച്ചത്. പൂജാഏരിയയ്ക്ക് ഒരു സ്ഥാനം കണ്ടെത്തണമായിരുന്നതിനാൽ അതോടു ചേർന്നുതന്നെയാവാം കോർട്‌യാർഡ് എന്ന തീരുമാനത്തിലെത്തി. സ്വീകരണമുറിയുടെ ഒരു വശത്ത് ഒരു നീളൻ ഭാഗം കോർട്‌യാർഡിനു മാറ്റിവച്ചു.

ഓപ്പൻ പ്ലാൻ ആണെങ്കിലും സ്വീകരണമുറിയിൽ ഇരിക്കുന്നവർക്ക് ഡൈനിങ്ങിലേക്ക് പെട്ടെന്ന് കണ്ണെത്താത്ത വിധത്തിൽ ഒരു സ്ക്രീൻ കൊടുത്തിട്ടുണ്ട്. മൾട്ടിവുഡ് കൊണ്ടുള്ള ഈ സ്ക്രീനിനു പിറകിലാണ് വാഷ്ഏരിയ. അകത്തളത്തിന് അലങ്കാരം കൂടിയാണ് ഗണപതി രൂപം സിഎൻസി കട്ടിങ് ചെയ്ത സ്ക്രീൻ.
ചെറിയ അടുക്കളയാണ്. ഇംഗ്ലിഷ് അക്ഷരം ‘L’ ആകൃതിയിൽ കബോർഡുകൾ ക്രമീകരിച്ചു. 80 സെന്റിമീറ്ററാണ് സാധാരണ കൗണ്ടർടോപ്പിന്റെ ഉയരം. ഇവിടെ വീട്ടമ്മയുടെ ഉയരത്തിനനുസരിച്ച് സ്റ്റൗ വയ്ക്കുന്ന ഭാഗം അൽപം താഴ്ത്തി നിർമിച്ചു.

ഓവർഹെഡ് കബോർഡുകൾ തുറന്നു നിർമിച്ചത് കാണാനുള്ള ഭംഗിയും ചെലവു നിയന്ത്രണവും കണക്കിലെടുത്താണ്. ഉപയോഗിക്കാതെ പൊടി പിടിച്ചുകിടക്കുന്ന ഒരിടവും വീട്ടിലില്ല എന്നതാണ് വീട്ടുകാരുടെ സന്തോഷം. ഭംഗിയുള്ള കൊച്ചുവീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സംതൃപ്തി ആർക്കിടെക്ടിനും.
Area: 965 sqft
Owner: ജയകുമാർ & മാഗി
Location: നെടുങ്ങാടപ്പള്ളി, കോട്ടയം
Design: സ്താമാ ആർക്കിടെക്ട്സ്, കോട്ടയം
sthaamaarchitects@gmail.com