Monday 01 March 2021 02:43 PM IST

ദിവസവും വെള്ളമൊഴിക്കേണ്ട, ചട്ടിയിലെ ഈർപ്പത്തിന്റെ അളവ് വീട്ടുകാരനെ അറിയിക്കും: സ്മാർട്ട് ചട്ടികൾ 150 രൂപ മുതൽ

Sreedevi

Sr. Subeditor, Vanitha veedu

pot6

മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണകരമാണ് ചെടികളുടെ സാന്നിധ്യം എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഒാക്സിജന്റെ അളവ് കൂട്ടും, ചൂട് കുറച്ച് കുളിർമ പകരും, ഇന്റീരിയറിന് വിശാലത തോന്നിപ്പിക്കും എന്നിവയെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. ‘നാസ’യുടെ പഠന റിപ്പോർട്ട് പ്രകാരം ബെൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങി വായുവിലെ ടോക്സിനുകളെ ഇല്ലാതാക്കാൻ സസ്യങ്ങൾക്ക് കഴിയുമത്രെ. ഇംഗ്ലിഷ് ഐവി, സ്പൈഡർ പ്ലാന്റ്, ഡെവിൾസ് ഐവി, പീസ് ലില്ലി, സാൻസവേരിയ, ബാംബൂ പാം തുടങ്ങിയ ചെടികൾ വായുവിനെ ശുദ്ധീകരിക്കാൻ കഴിവുള്ളവയാണ്. ചെടികളുടെ സാന്നിധ്യമുള്ളപ്പോൾ ഏകാഗ്രത, ഉൽപാദനക്ഷമത എന്നിവ 15 ശതമാനത്തോളം വർധിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ചെടിച്ചട്ടി സുന്ദരി

ചെടി പോലെ കണ്ണിനു വിരുന്നാകുകയാണ് ചെടിച്ചട്ടിയും. ‘െചടിച്ചട്ടി അഥവാ പ്ലാന്റർ ബോക്സ് എന്നത് ‘ഡെക്കറേറ്റീവ് ഐറ്റം’ ആയി മാറിക്കഴിഞ്ഞു. ഇന്റീരിയറിന് ഇണങ്ങുന്ന നിറത്തിലും ആകൃതിയിലുമുള്ള ചെടിച്ചട്ടി തിരഞ്ഞെടുക്കാൻ ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പണ്ട് കോർട്‌യാർഡിലോ മുറിയുടെ മൂലകളിലോ മാത്രമായിരുന്നു ചെടിച്ചട്ടികൾ ഇടംപിടിച്ചിരുന്നത്. ഇന്നതല്ല സ്ഥിതി. പാർട്ടീഷൻ, ടീപോയ്, സ്റ്റഡി ടേബിൾ എന്നുവേണ്ട അടുക്കളയിലെ കൗണ്ടർടോപ്പിൽ വരെ ചെടിച്ചട്ടികൾ നിരക്കുന്നതാണ് പുതിയ കാഴ്ച. ഓരോ ഇടത്തിനും യോജിച്ച വലുപ്പത്തിലും ആകൃതിയിലുമുള്ള ചെടിച്ചട്ടികൾ ഇന്റീരിയറിന്റെ അഴക് ഇരട്ടിപ്പിക്കുന്നു. ചിരട്ടയുടെ വലുപ്പത്തിലുള്ളതു മുതൽ വീപ്പയുടെ അത്ര വലുപ്പമുള്ള ചെടിച്ചട്ടി വരെ വിപണിയിൽ സുലഭമാണ്. അതിലും വലുത് വേണമെങ്കിൽ നിർമിച്ചു ലഭിക്കുമെന്ന സൗകര്യവുമുണ്ട്. വില 30 രൂപ മുതൽ ലക്ഷങ്ങൾ വരെ നീളും. ഏതു നിറത്തിലുള്ളതു വേണമെങ്കിലും കിട്ടും. ആകൃതിയുടെ കാര്യവും അങ്ങനെതന്നെ.

pot1

പണ്ട് കളിമൺചട്ടികൾക്കായിരുന്നു ഡിമാൻഡ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പൊട്ടിപ്പോകാം എന്നതും കുറേക്കാലം കഴിയുമ്പോൾ വെള്ളനിറത്തിൽ പൂപ്പൽ പിടിച്ചപോലെ പാടുവീഴുന്നതുമെല്ലാം കളിമൺചട്ടിയോടുള്ള താൽപര്യം കുറയാൻ കാരണമായി. എഫ്ആർപി (ഫൈബർ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്), എബിഎസ് (ഒരുതരം തെർമോ പ്ലാസ്റ്റിക്) എന്നിവയുടെ ചട്ടികൾക്കാണ് ഇപ്പോൾ ഏറ്റവും ഡിമാൻഡ്. ഭാരക്കുറവ്, പൊട്ടിപ്പോകില്ല, ഏത് നിറത്തിലും ആകൃതിയിലും ലഭിക്കും തുടങ്ങിയവയാണ് സവിശേഷതകൾ. ക്ലാസ് ലുക്ക് മുഖമുദ്രയായ സെറാമിക് ചട്ടികൾക്കും ആവശ്യക്കാരേറെയാണ്. സ്റ്റീൽ, ചെമ്പ്, പിത്തള തുടങ്ങിയവ കൊണ്ടുള്ള മെറ്റൽ പ്ലാന്റർ ബോക്സിനും ഡിമാൻഡുണ്ട്.

pot5

കാലം മാറി... സ്മാർട്ടായി

വീടിനുള്ളിൽ വയ്ക്കുന്ന ചെടിച്ചട്ടിയുടെ അടിയിൽ വെള്ളം ശേഖരിക്കാനായി ഒരു പാത്രം (ബേസ് പ്ലേറ്റ്) കൂടി വയ്ക്കുന്ന ഏർപ്പാടൊന്നും ഇപ്പോഴില്ല. വെള്ളം താഴേക്ക് ഒലിച്ചിറങ്ങില്ല എന്നുമാത്രമല്ല, ചട്ടിയിലെ വെള്ളത്തിന്റെയും ഈർപ്പത്തിന്റെയുമൊക്കെ അളവ് വീട്ടുകാരനെ അറിയിക്കുക കൂടി ചെയ്യുന്ന ‘സ്മാർട് ചട്ടി’കളാണ് ഇപ്പോൾ രംഗത്തുള്ളത്. ഇത്തരം ‘വാട്ടർ റിറ്റെൻഷൻ’ ചട്ടികളിൽ ഇൻവെർട്ടർ ബാറ്ററിയിൽ ജലനിരപ്പ് അറിയിക്കുന്നതു പോലെയുള്ള ‘വാട്ടർ ലെവൽ ഇൻഡിക്കേഷൻ’ സംവിധാനം ഉണ്ടാകും. ചട്ടിയുടെ അടിഭാഗത്തുള്ള റിസർവേഷൻ പ്ലോട്ടിലെ ജലനിരപ്പ് അനുസരിച്ചാണ് ഇത് വിവരം നൽകുക. ഇത്തരം ചട്ടികളിൽ എല്ലാ ദിവസവും വെള്ളം ഒഴിക്കേണ്ട കാര്യമില്ല. ആഴ്ചയിൽ ഒരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ വെള്ളം ഒഴിച്ചാൽ മതി. അതിനാൽ വീട്ടുകാർക്കും തലവേദനയില്ല. 150 രൂപ മുതലാണ് ഇത്തരം ചട്ടിയുടെ വില. സാമാന്യം വലിയ ചട്ടി 600 രൂപയ്ക്ക് ലഭിക്കും. സാധാരണ ചട്ടിയുടെ അടിയിൽ കുറച്ച് മെറ്റൽ ഇട്ട ശേഷം മുകളിൽ ജിപ്സം പൗഡർ തേച്ചുപിടിപ്പിച്ചാലും ഈർപ്പം നിലനിർത്താൻ കഴിയും.

pot2

നൽകാം ഇഷ്ടരൂപം

കോർട്‌യാർഡ്, ബാൽക്കണി, ടെറസ് ഗാർഡൻ തുടങ്ങിയ ഇടങ്ങളിലേക്ക് വലിയ ചട്ടി വേണമെന്നുണ്ടെങ്കിൽ ഇഷ്ടപ്പെട്ട ആകൃതിയിലും ഡിസൈനിലും നിർമിച്ചു തരുന്ന ഏജൻസികളുണ്ട്. എബിഎസ്, എഫ്ആർപി എന്നിവ കൊണ്ടുള്ള ചട്ടികളാണ് കൂടുതലായും ലഭിക്കുക. രണ്ട് മീറ്റർ വ്യാസമുള്ള ചട്ടി വരെ ഇത്തരത്തിൽ ലഭിക്കും. ഒരു മീറ്റർ വ്യാസമുള്ളതിന്ഏകദേശം 3,500 രൂപ മുതലാണ് വില. ഫെറോസിമന്റ് ഉപയോഗിച്ച് വീട്ടുകാർക്ക് തന്നെ വലിയ ചട്ടി നിർമിക്കാം. ചട്ടിയുടെ പുറത്ത് ഇലകളുടെയും മറ്റും ഡിസൈൻ പതിപ്പിച്ച് ആകർഷകമാക്കുകയും ചെയ്യാം. ടെറസ്, ബാൽക്കണി തുടങ്ങി വയ്ക്കാൻ ഉദ്ദേശിക്കുന്നിടത്തു വച്ചുതന്നെ ചട്ടി നിർമിക്കുന്നതാണ് ഉത്തമം.

pot4

വലുപ്പം കുറഞ്ഞ ചെടികൾ

ഇടത്തരം വലുപ്പമുള്ളതും വലുപ്പം കുറഞ്ഞതുമായ ചെടികളാണ് പ്ലാന്റർ ബോക്സുകളിൽ വയ്ക്കാനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. കൈകാര്യം ചെയ്യാനുള്ള സൗകര്യത്തിനാണ് മുൻഗണന. ആകർഷകമായ രൂപഭംഗിയുള്ളതും വളരെക്കുറച്ച് പരിചരണം ആവശ്യമുള്ളതുമായ ഇനം ചെടികൾക്കാണ് ഡിമാൻഡ് കൂടുതൽ. മിനിയേച്ചർ അഗ്ലോണിമ, ക്ലോറോഫൈറ്റം, മിനിയേച്ചർ ഒഫിയോപോഗൻ, പന്റാനസ്, റിയോ, സിംഗോണിയം എന്നിവയൊക്കെ ഇക്കൂട്ടത്തിൽപ്പെടും. അധികമായി ഇലപൊഴിയാത്തതും വെള്ളം ആവശ്യമുള്ളതുമായ വിഭാഗത്തിൽപെട്ടവ വീട്ടുകാരുടെ പ്രിയപ്പെട്ട ഇനങ്ങളാണ്.

pot6

വരാന്തയിലും ബാൽക്കണിയിലും മറ്റും മേൽക്കൂരയിൽ ചെടിച്ചട്ടി തൂക്കിയിടുന്ന പ്രവണത കുറയുന്നു എന്നതാണ് മറ്റൊരു വാർത്ത. പരിചരണത്തിനുള്ള പ്രയാസമാണ് കാരണം. വെർട്ടിക്കൽ ഗാർഡൻ ആണ് ഇതിനു പകരമായി ഉദിച്ചുയരുന്ന താരം. ഒരു സ്ഥലം മാത്രമായി ശ്രദ്ധിച്ചാൽ മതി എന്നതാണ് മെച്ചം. പാർട്ടീഷൻ ആയോ ഏതെങ്കിലും ഒരിടം ഹൈലൈറ്റ് ചെയ്യാനായോ ഒക്കെ വെർട്ടിക്കൽ ഗാർഡൻ ഉപകരിക്കും. എന്തെങ്കിലും മറയ്ക്കണം എങ്കിൽ അതുമാകാം. ഇത്തരത്തിൽ ചെടികൾ വളർത്താനായി പ്രത്യേകതരം ‘ബയോപോഡ്’ വരെ ഇപ്പോൾ ലഭ്യമാണ്. ആകർഷകമായ രൂപവും വളരെക്കുറച്ച് പരിചരണം ആവശ്യപ്പെടുന്ന ഡിസൈനുമാണ് ഇതിന്റെ പ്രത്യേകത.

Tags:
  • Vanitha Veedu