Friday 02 July 2021 02:37 PM IST : By സ്വന്തം ലേഖകൻ

വീട് സ്വന്തമായി ഡിസൈൻ ചെയ്യാൻ ആഗ്രഹമുള്ളവർക്കിത് നല്ല മാതൃക, സ്വന്തമായി ഡിസൈൻ ചെയ്‌താൽ ഗുണങ്ങൾ പലതാണ്

sreeni 1

സ്വന്തം വീട് ഡിസൈൻ ചെയ്യുന്നത് ഒരേ സമയം വെല്ലുവിളി നിറഞ്ഞതും ത്രില്ല് തരുന്നതുമായ കാര്യമാണ്. മനസ്സിൽ കണ്ട വീട് സ്വയം യാഥാർഥ്യമാക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് ഡോ. ശ്രീനിയും ഭാര്യ ഡോ. പ്രിയയും.

sreeni 8

‘‘വീട് സ്വപ്നമായി കണ്ട് മനസ്സിൽ ആസൂത്രണം നടത്തിയ നാളുകളിലൊന്നും സ്വയംവീട് ഡിസൈൻ ചെയ്യേണ്ടി വരുമെന്നു വിചാരിച്ചില്ല. അതൊക്കെ അങ്ങനെ സംഭവിച്ചതാണ്. സാഹചര്യത്തിന്റെ സമ്മർദമാണല്ലോ നമ്മെക്കൊണ്ട് ഓരോന്നു ചെയ്യിപ്പിക്കുന്നത്. നഗരമധ്യത്തിൽ വീട് എന്ന ആഗ്രഹവുമായാണു പ്ലോട്ടുകൾ‌ കണ്ടത്. പഴയ മുസ്‌ലിം തറവാട് നിന്ന ഒന്‍പത് സെന്റ് ഉറപ്പിച്ചു. ഒരു കിണർ മാത്രമെ അവശേഷിച്ചിരുന്നുള്ളൂ. നഗരമധ്യത്തിലായതുകൊണ്ട് മറുചിന്തയുണ്ടായില്ല. എല്ലാം ആർക്കിടെക്ടിനെ ഏൽപിച്ച് സ്വസ്ഥമായി ഇരിക്കാമെന്ന് ആഗ്രഹിച്ചില്ല. മനസ്സിലുള്ള വീടിനെപ്പറ്റി പറഞ്ഞു. പ്ലാൻ വരയ്ക്കുകയും ചെയ്തു. പിന്നെയാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്. എല്ലാം സ്വയം ചെയ്യേണ്ട അവസ്ഥയിലെത്തി.

sreeni 2

വീടിനെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പ്ലാനില്‍ മാറ്റങ്ങൾ വരുത്തി. പിന്നീടങ്ങോട്ട് മനസ്സിലുള്ളതു പ്രാവർത്തികമാക്കാനുള്ള ഓട്ടമായിരുന്നു. ഓരോ ഇടത്തിനും വേണ്ടത് എന്താണെന്ന് പരസ്പരം ചർച്ച ചെയ്ത് കോൺട്രാക്ടറോട് പറഞ്ഞു. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും അതിലെ വിദഗ്ദരെ തന്നെ ജോലി ഏൽപിച്ചു. ആവശ്യങ്ങൾ പറഞ്ഞ് അവരെ ബോധ്യപ്പെടുത്തി. പല കാര്യങ്ങളിലും ജോലിക്കാരുമായി തർക്കിക്കേണ്ടി വന്നു. ഉദ്ദേശിച്ചപോലെ യാഥാർഥ്യമാക്കണമെന്നു മാത്രമെ ആ സമയത്ത് ചിന്തിച്ചുള്ളൂ. ഒൻപതു സെന്റ് പ്ലോട്ട് മുഴുവൻ വീട് നിൽക്കുന്നു, അധികം മുറ്റമില്ല. എങ്കിലും ചെടി കളോടുള്ള ഞങ്ങളുടെ ഇഷ്ടം ചെറിയ മുറ്റത്ത് പ്രാവർത്തികമാക്കി.

sreeni 4

രണ്ട് കാർ പാർക്ക് ചെയ്യാനുള്ള പോ ർച്ചിനും സ്ഥലം മാറ്റിവച്ചു. സ്വിമ്മിങ് പൂൾ മുറ്റത്തു വലതു വശത്തായി നൽകി. വീടിനകത്തുനിന്ന് നിര ക്കി നീക്കാവുന്ന ഗ്ലാസ് വാതില്‍ കടന്നും പൂളിലേക്കു പ്രവേശിക്കാം. പൂളിന്റെ ഒരു ഭാഗത്ത് തുളസിത്തറ നൽകി. ലിവിങ്ങിനോടു ചേർന്നുള്ള പൂജാമുറിയുടെ അടുത്താണ് തുളസിത്തറ. പൂജാമുറിയിലേക്കു പ്രവേശിക്കുന്നിടത്തു തറയിൽ ടഫൻഡ് ഗ്ലാസിട്ട ജലാശയം നൽകി. പൂജാമുറിയിലേക്കുള്ളപ്രവേശനം വെള്ളത്തിനു മുകളിലൂടെയും തുളസിത്തറയിലേക്കു വെള്ളത്തിൽ‌ ചവിട്ടിയും കടക്കാനാണ് ഈ രീതിയിൽ ഒരുക്കിയത്.

sreeni 3

അംഗങ്ങള‍്‍ കൂടുതൽ സമയം ചെലവഴിക്കുന്ന വീട്ടിലെ ഒരു സ്ഥലത്തേക്ക് ആവശ്യമായവയെല്ലാം കേന്ദ്രീകരിക്കണമെന്ന് വീടിന്റെ ആലോചനാഘട്ടത്തിൽ തന്നെ എടുത്ത തീരുമാനമാണ്. അങ്ങനെയാണ് ഓപൻ കിച്ചൻ, ഫാമിലി ലിവിങ്, സ്റ്റഡി ടേബിൾ, ഡൈനിങ് ടേബിൾ, അയേണ്‍ ടേബിൾ എന്നിവ ഒരിടത്തു തന്നെ ക്രമീകരിച്ചത്. ഓരോ കാര്യങ്ങൾക്കും ഓടി നടക്കേണ്ടല്ലോ? മോളുടെ കിടപ്പുമുറിയും ഇതിനടുത്താണ് ഒരുക്കിയത്. വാസ്തു അനുസരിച്ച് അവളുടെ മുറിയിൽ സ്റ്റഡി ഏരിയയുടെ സ്ഥാനം പ്രധാന വാതിലിനു നേരെയാണ് വരേണ്ടത്. പ്രധാന വാതിൽ കടന്നു കയറി വരുമ്പോൾ സ്റ്റ‍ഡി ടേബിൾ കാണുന്നതിന്റെ അഭംഗി മറികടക്കാൻ മുറിയിൽ റിസപ്ഷൻ കൗണ്ടർ പോലെ ടേബിൾ ഒരുക്കി.

sreeni 5

മാസ്റ്റർ ബെഡ്റൂമിൽ ഇൻ‍ഡോർ ഗാർഡൻ വേണമെന്നായിരുന്നു മറ്റൊരു ആഗ്രഹം. പ്രിയയുടെ ആഗ്രഹം അതിരു കടന്നതെന്നായിരുന്നു കോൺട്രാക്ടർ പറഞ്ഞത്. ചെടികൾ നൽകിയാൽ അവയ്ക്ക് സൂര്യപ്രകാശം ലഭിക്കണം, അങ്ങനെ വന്നാൽ എസിയുടെ തണുപ്പ് പുറത്തു പോവും, കൊതുക് അകത്തേക്കു കയറും. അവസാനം ചെടികൾ വ യ്ക്കാൻ മാർഗം കണ്ടെത്തി. നിരക്കി നീക്കാവുന്ന യുപിവിസി ഗ്ലാസ് ഡോറുകൾ നൽകി ഗാർഡൻ ഒ രുക്കി. സൂര്യപ്രകാശത്തിനായി പർ‌ഗോളയും നെറ്റും നൽകി.

sreeni 6

രണ്ടാം നിലയിൽ നിന്നു പ്രവേശിക്കുന്ന ഓപൻ ടെറസ്സിനെ യൂട്ടിലിറ്റി ഏരിയയാക്കി മാറ്റിയെടുക്കണമെന്നതായിരുന്നു മറ്റൊരാശയം. വീടിനു ചുറ്റും അധികം മുറ്റം ഇല്ലാത്തതു കൊണ്ടു തന്നെ ടെറസ്സ് കൂടുതൽ ഉപയോഗപ്രദമാക്കാമെന്ന് ആദ്യമെ ആലോചിച്ചിരുന്നു. തടിയെന്നു തോന്നിക്കാൻ ജിഐ പൈപ്പ് കൊണ്ട് ഗ്രിൽ നൽകി. ഇവയ്ക്ക് മുകളിലായി സ്റ്റീൽ സ്ട്രക്ചറിൽ തന്നെ ഷീറ്റ് കൊണ്ട് മേൽക്കൂര പണിതു. ഷീറ്റ് സാൻഡ്‌വിച്ചായി അവയ്ക്കിടയിൽ തെർമോക്കോൾ നൽകിയതിനാൽ ചൂട് അടുപ്പിക്കുന്നില്ല. ഡൈനിങ് ടേബിളും ഇരിപ്പിടങ്ങളും നൽകിയ ഇവിടം ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം കൂടിയാണ്. കുടുംബങ്ങളുടെ ഒത്തുകൂടലുകൾക്ക് സാക്ഷിയാവുന്നതും ഇതു തന്നെ.

sreeni 7

ഹോംതിയറ്റർ അതിന്റെ പുതുമ കഴിഞ്ഞാല‍്‍ അടഞ്ഞുകിടക്കരുതെന്നു ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ ക്രമീകരണത്തില്‍ ചില മാറ്റങ്ങൾ വരുത്തി. ഗ്ലാസ് ഭിത്തിയും അകത്ത് കർട്ടനും നൽകി. കർട്ടൻ നീക്കിയാൽ പ്രകാശ സമൃദ്ധമായ ഫാമിലി ലിവിങ്ങായി മാറുന്ന വിധത്തിലാണ് ക്രമീകരിച്ചത്. വീട്ടിലേക്കാവശ്യമായ ഫർണിച്ചർ, ലൈറ്റ് എന്നിവയെല്ലാം ചൈനയിൽ നിന്നുള്ളതാണ്. ഓരോ ഇടത്തിനും ആവശ്യമായവ ചൈനയിൽ നേരിട്ടു പോയി തിരഞ്ഞെടുത്തു. മുറി അളവുകൾ പറഞ്ഞു കൊടുത്ത് വാഡ്രോബുകള്‍ വരുത്തിച്ചു. ചൈനയിൽ നിന്നു കൊണ്ടുവന്ന വെള്ളച്ചാട്ടത്തിന്റെ ചെറിയ രൂപങ്ങൾ വീട്ടിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചു. വുഡൻ ഗ്ലാസ്– സ്റ്റീൽ കോംബിനേഷനിലുള്ള സ്റ്റെയറും വുഡൻ ഫ്ലോറിങ്ങുമുള്ള ലിഫ്റ്റുമാണ് വീടിന്റെ മുകൾ നിലയിലേക്ക് ഞങ്ങളെ എത്തിക്കുന്നത്. വർക്ഏരിയയിൽ നിന്ന് പ്രവേശിക്കാവുന്ന രീതിയിൽ മെറ്റൽ ഗോവണി നൽകി അ ടുക്കളയിലെ സഹായിക്ക് ഒന്നാം നിലയിൽ മുറി ഒരുക്കി. ശരിക്കും വീട് ഞങ്ങളുടെ മനസ്സിലായിരുന്നു. അ തുകൊണ്ട് ഉദ്ദേശിച്ചപോലെ പ്രാവർത്തികമാക്കാൻ കഴിഞ്ഞു.

Tags:
  • Vanitha Veedu