സ്വന്തം വീടിന്റെ ഇന്റീരിയർ മനോഹരമായി ഒരുക്കിയതിന്റെ കഥ പറയുകയാണ് കണ്ണൂർ മണൽ സ്വദേശികളായ സജ്ജാദും അനിതയും. ‘‘എട്ട് വില്ലകൾ അടങ്ങിയ കോംപൗണ്ടിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുന്നത്. സാധാരണ ഒറ്റനില വീട്. സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, കിടപ്പുമുറി, കിച്ചൻ... അങ്ങനെ ചെറിയ കുടുംബത്തിന് വേണ്ട സൗകര്യങ്ങൾ. ഇതിൽ ഇനി എന്ത് ചെയ്യാമെന്ന് ആലോചിച്ചു. കുറച്ച് തേക്കിൻ തടി പഴയത് കൈയിലുണ്ട്. അതുകൊണ്ട് ഇന്റീരിയർ ഒരുക്കിയെടുക്കാമെന്ന് തീരുമാനിച്ചു. മനസ്സിൽ ഒരു ഐഡിയയുണ്ടാക്കി. അകത്തളം പ്രത്യേക തീമിൽ ഒരുക്കാമെന്നും പ്ലാന്‍ ചെയ്തു. കയ്യിലുണ്ടായിരുന്ന ശേഖരത്തിന് അകത്തളത്തിൽ പ്രത്യേക ഇടം നൽകി ഒരുക്കാമല്ലോ എന്നു കരുതി ഇന്റീരിയർ ഡിസൈനറെ സമീപിച്ചു.

ഇന്റീരിയർ ഡിസൈനർ വന്നു, ജോലി തുടങ്ങി. നമ്മൾ ഉദ്ദേശിച്ച പോലെയല്ല കാര്യങ്ങൾ നടക്കുന്നതെന്ന് മനസ്സിലായി. കഥയിലെ വലിയ ട്വിസ്റ്റ് നടക്കുന്നത് അവിടെ വച്ചാണ്. ഇന്റീരിയർ ഡിസൈനറെ വേണ്ടെന്ന് തീരുമാനിച്ചു. വീട് മുഴുവനായും മനസ്സിലുണ്ടല്ലോ. അങ്ങനെ ഡിസൈനറുടെ കുപ്പായം ഞങ്ങളിട്ടു. പണ്ടു മുതലേ വീട്ടിലെ തടിപ്പണികളെല്ലാം ചെയ്തിരുന്ന സുഹൃത്തായ ആശാരിയെ പണി ഏൽപിച്ചു. വീട്ടുകാരുടെ മനസ്സിൽ ആണല്ലോ വീടിന് രൂപവും ഭാവവും ഉണ്ടാവുന്നത്. പുറമെയുള്ള കാഴ്ചയ്ക്കപ്പുറം അകത്തളം ഒരുക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ കൂടുതലും. കാരണം, വീട്ടുകാരുടെ ഇടം അകത്തളമാണല്ലോ. മനസ്സില്‍ ആഗ്രഹിച്ചതുപോലെ തന്നെ ഓരോ ഇടവും പ്രത്യേകം പ്രത്യേകം ക്രമീകരിച്ചു.

തീം അനുസരിച്ച് വീടൊരുക്കണമെന്ന് ആദ്യമേ മനസ്സിലുണ്ടല്ലോ. ‘കൗബോയി ഹട്ട്’ എന്ന തീമിൽ ഒരുക്കാമെന്ന് തീരുമാനിച്ചു. വീടിന്റെ വിവിധ ഇടങ്ങളിൽ ചക്രത്തിന്റെ രൂപം നൽകി ഒരു ക്യാരക്ടർ നൽകി. എക്സ്റ്റീരിയർ ക്ലാഡിങ് ചെയ്തു ഭംഗിയാക്കി. കയ്യിലുണ്ടായിരുന്ന തേക്കിൻതടി എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന് ആലോചിച്ചു വിഷമിക്കേണ്ടി വന്നില്ല. വർഷങ്ങളായി തടി അങ്ങനെ കിടക്കുന്നു. പുതിയ വീട് പണിയുമ്പോൾ പ്രയോജനപ്പെടുത്താൻ വേണ്ടി സൂക്ഷിച്ച് വച്ചതായിരുന്നു. വീടിന്റെ അകത്തളത്തിൽ കൂടുതലും പ്രയോജനപ്പെടുത്തിയത് ഇതുതന്നെയായിരുന്നു. ഭിത്തിക്ക് പാനലിങ്ങിനായി ട്രീറ്റ് ചെയ്ത് അതുപോലെ തന്നെ ഉപയോഗിച്ചു. ചീകി മിനുക്കിയില്ല. റസ്റ്റിക് ഫീൽ ലഭിക്കാനാണ് ഇങ്ങനെ ചെയ്തത്. തടി കയ്യിലുണ്ടായിരുന്നതുകൊണ്ടുതന്നെ പണിക്കൂലി മാത്രമേ വേണ്ടി വന്നുള്ളൂ. ആന്റിക് ലുക്ക് കിട്ടാൻ വേണ്ടി നിറം നൽകി. ഓപൻ കിച്ചന്‍ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. തടി കൊണ്ടു തന്നെ ഒരുക്കാമെന്നായിരുന്നു വിചാരിച്ചത്. ലോക്ഡൗൺ വന്നതോടെ പണിക്കാരെ കിട്ടാതായി, ആശയം മാറ്റി.

തെയ്യക്കോലം, തടി അലങ്കാരങ്ങൾ, ആന്റിക് ഉൽപന്നങ്ങൾ, മറ്റെങ്ങും അധികം കണ്ടിട്ടില്ലാത്ത ഫർണിച്ചർ... ഇന്റീരിയറിലെത്തുമ്പോൾ മറ്റൊരിടത്ത് എത്തിയ ഫീൽ കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. അകത്തളത്തിൽ സുഖകരമായ അന്തരീക്ഷം നിറയണമെന്നും ഉറപ്പിച്ചു. ഒരു കിടപ്പുമുറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിച്ചനെ കിടപ്പുമുറിയാക്കി മാറ്റുകയും കിച്ചൻ വേറൊന്ന് പണിയുകയും ചെയ്തു. ടെറസ്സിനു മുകളിൽ ട്രസ്സ് ഇട്ട് ഷീറ്റ് വിരിച്ചു ചൂടിനെ തടഞ്ഞു. സീലിങ്ങായി തടി തന്നെയാണ് നൽകിയത്. ലിവിങ് ഏരിയയിൽ വീട്ടിയിലാണ് സീലിങ്ങ്. ഇവിടത്തെ സോഫ, ടിവി പാനലിങ് എല്ലാം വീട്ടിയിൽ ആയിരുന്നു. അതിൽ ബാക്കി വന്ന തടിയാണ് സീലിങ്ങിനായി ഉപയോഗിച്ചത്. രണ്ട് നിറങ്ങൾ ഇടവിട്ടു നൽകി ആകർഷകമാക്കി.

പല സമയങ്ങളിൽ പല ഇടങ്ങളിൽ നിന്നായി കയ്യിലെത്തപ്പെട്ട വസ്തുക്കൾക്കും വീടിനുള്ളിൽ കൃത്യമായ ഇടം ഒരുക്കിയിട്ടുണ്ട്. തടി പാനലിങ് ചെയ്ത ഭിത്തിയിൽ ഫോട്ടോ ഫ്രെയിമുകൾക്കും ക്യൂരിയോസിനും ഇടം ഒരുക്കി. തെയ്യങ്ങളുടെ നാടാണല്ലോ കണ്ണൂർ. വീടിന്റെ തീം ആലോചിക്കുമ്പോൾ അതുകൂടി മുന്നിൽ കണ്ടിരുന്നു. തറവാട് കുലദൈവമായ കതിവന്നൂർ വീരൻ തെയ്യക്കോലമാണ് ലിവിങ്ങിലെ ഭിത്തിയിൽ നൽകിയത്. സുഹൃത്ത് വരച്ചു സമ്മാനിച്ചതാണ്. സോഫയിലെ കുഷനിലും ഇത് നൽകിയിട്ടുണ്ട്.

തേക്കിന്റെ വേരുകൾ പോളിഷ് ചെയ്ത് മുകളിൽ ഗ്ലാസ് ടോപ് നൽകി ടീപോയ് ഒരുക്കി. ഫർണിച്ചർ, കാർപറ്റ്, കർട്ടൻ, കുഷൻ തുടങ്ങി എല്ലാം വീടിന്റെ പൊതുവായ തീമിനോട് യോജിക്കുന്നത് തിരഞ്ഞെടുത്തു. പലതിനും ഒരുപാട് അലഞ്ഞു. ഉദ്ദേശിച്ച ലൈറ്റുകൾ കിട്ടാനായിരുന്നു പ്രയാസം. മനസ്സിൽ ഉദ്ദേശിച്ചതുതന്നെ ലഭിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു.സ്ഥലപരിമിതി കണക്കിലെടുത്ത് ഡൈനിങ് ടേബിൾ മടക്കി വയ്ക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചത്.

ബാർകൗണ്ടർ പോലെ ഒന്ന് ഒരുക്കിയിട്ടുണ്ട്. വീട്ടുകാർ മാത്രമാവുമ്പോൾ ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാം. വിരുന്നുകാർ ഉണ്ടെങ്കിൽ മടക്കി വച്ചിരിക്കുന്ന ടേബിൾ നിവർത്താം. ഡൈനിങ്ങിലെ കസേരകളിലും ചക്രത്തിന്റെ രൂപം നൽകിയിട്ടുണ്ട്. തടി നൽകി പറഞ്ഞു ചെയ്യിപ്പിച്ചതുകൊണ്ട് ഉദ്ദേശിച്ച പോലെ സാധ്യമായി. എറണാകുളത്താണ് ജോലി. ലീവിന് നാട്ടിൽ വരുമ്പോഴാണ് കൂടുതലും പണി നടന്നിരുന്നത്. വീടുപണി കൂടുതൽ സമയം നീണ്ടു പോയതിലും വിഷമമുണ്ടായില്ല. മനസ്സിൽ കണ്ടത് യാഥാർഥ്യമാക്കണമെന്നേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ.’’